ADVERTISEMENT

കോവിഡ് 19 ബാധയുടെ ഏറ്റവും തിക്തവശങ്ങൾ സാമൂഹികമായും സാമ്പത്തികമായും ആദ്യം തൊട്ടേ അനുഭവിച്ചവരാണ് ചൈനീസ് ജനത. വുഹാനിൽ പൊട്ടിപ്പുറപ്പെട്ട് ഇന്ന് ലോക ജനതയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണയ്ക്കു കാരണം നിങ്ങളാണെന്ന കുറ്റപ്പെടുത്തലുകൾ ഒരു വശത്ത്. ഇത് അമേരിക്കയുടെ ജൈവയുദ്ധത്തിന്റെ തുടക്കമാണോ എന്ന ഭീതി മറ്റൊരു വശത്ത്. ഇതിനെയെല്ലാം അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലേക്കു നീങ്ങുന്ന ചൈനയെ കാത്തിരിക്കുന്നത് മറ്റൊരു മഹാവിപത്താണ്; ബേബി ബൂം!

∙ എന്താണ് ബേബി ബൂം

ഒരു പ്രദേശത്ത് നിശ്ചിത കാലയളവിനുള്ളിൽ ജനന നിരക്കിലുണ്ടാവുന്ന അപ്രതീക്ഷിത വർധനവിനെയാണ് പൊതുവേ ബേബി ബൂം എന്നു പറയുന്നത്. ഈ കാലയളവിൽ ജനിച്ച ആളുകളെ ബേബി ബൂമേഴ്സ് എന്നു വിളിക്കുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വ്യത്യസ്തങ്ങളായ കാരണങ്ങളായിരിക്കും ബേബി ബൂമിനെ സ്വാധീനിക്കുക. 

∙ ചൈനയിൽ ഇതിനു മുൻപും

ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ ലോക മഹായുദ്ധങ്ങളുടെ കാലത്താണ് ബേബി ബൂം പ്രതിഭാസം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ സാമ്പത്തികമായും സാമൂഹികമായും ഉണ്ടായ അനിശ്ചിതത്വത്തിന്റെ ഭാഗമായി ജനങ്ങൾ വീടുകളിൽത്തന്നെ കഴിയാൻ നിർബന്ധിതരായി. ഇതായിരുന്നു ആദ്യമായി ബേബി ബൂം ഉണ്ടാവാൻ ഇടയാക്കിയത്. ജനസംഖ്യയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനയെത്തന്നെയാണ് അന്നും ബേബി ബൂം രൂക്ഷമായി ബാധിച്ചത്. പിന്നീട് ഇന്ത്യ – ചൈന യുദ്ധമുണ്ടായ സമയത്തായിരുന്നു വീണ്ടും ചൈനയിൽ ബേബി ബൂമിന് കളമൊരുങ്ങിയത്. എന്നാൽ കാര്യങ്ങൾ മുൻകൂട്ടിക്കണ്ട ചൈനീസ് സർക്കാരിന് ഒരു പരിധി വരെ ഇതിനെ പിടിച്ചു നിർത്താനായി. പിന്നീട് ‘നാമൊന്ന് നമുക്കൊന്ന്’ പദ്ധതി കർശനമായി നടപ്പാക്കിയപ്പോൾ ബേബി ബൂമിനോട് എന്നന്നേക്കുമായി ചൈന ഗുഡ് ബൈ പറഞ്ഞതായി പലരും വിശ്വസിച്ചു.

∙ വീണ്ടും ബേബി ബൂം

എന്നാൽ കഴിഞ്ഞ ദശകത്തിന്റെ പകുതിയോടെ വൺ ചൈൽഡ് പോളിസിയിൽ (ഒരു കുട്ടി മാത്രം) സർക്കാർ അയവു വരുത്തിയതോടെ കാര്യങ്ങൾ വീണ്ടും കൈവിട്ടുപോകുമോ എന്ന ഭയം ചൈനയ്ക്കുണ്ടായിരുന്നെങ്കിലും അതിന്റെ പ്രത്യക്ഷ പ്രതിഫലനങ്ങളൊന്നും പ്രകടമാകാത്തതിനാൽ കാര്യങ്ങൾ വരുതിയിലായെന്ന് അവർ ആശ്വസിച്ചു. എന്നാൽ കൊറോണയുടെ കടന്നുവരവ് എല്ലാം തകിടം മറിച്ചു. കൊറോണയ്ക്കെതിരായ മുന്നൊരുക്കം എന്ന രീതിയിൽ ചൈനയിൽ ബഹുഭൂരിഭാഗം ആളുകളും ഇന്ന് വീടുകളിൽതന്നെ തങ്ങുകയാണ്. വിരസതയും നിരാശയും പിടിപെട്ട ഇവർ ആശ്വാസം കണ്ടെത്തുന്നത് ലൈംഗിക ബന്ധത്തിലാണെന്നാണ് മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ തൽസ്ഥിതി തുടർന്നാൽ ചൈന വീണ്ടുമൊരു ബേബി ബൂമിന് വേദിയാകുമെന്ന് അവർ ഭയപ്പെടുന്നു. 

നിലവിൽ ചൈനയിലെ ഉയർന്ന ഗർഭധാരണ നിരക്കും ഈ സംശയത്തെ ബലപ്പെടുത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഗർഭധാരണം നടത്തിയ സ്ത്രീകളുടെ എണ്ണത്തിൽ ഇരട്ടിയലധികം വർധവുണ്ടായെന്നാണ് ചൈനയിലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത്. സംഗതി സത്യമാണെങ്കിൽ ഈ വർഷം അവസാനത്തോടെ ചൈന വീണ്ടമൊരു ബേബി ബൂമിനെക്കൂടി നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.

∙ ചെകുത്താനും കടലും

ജനങ്ങൾ വീടുകളിൽ അടച്ചിരിക്കുന്നതു കാരണം ചൈനയിൽ വിവാഹമോചന നിരക്ക് ക്രമാതീതമായി വർധിച്ചു എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു വെല്ലുവിളി കൂടി ചൈനയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നത്. ഭാര്യാഭർത്താക്കൻമാർ കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നതായിരുന്നു വിവാഹമോചനം കൂടാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത്. എന്നാൽ അതേ കാരണത്താൽ മറുവശത്ത് ജനനനിരക്കിലും വർധനവുണ്ടായതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ചൈന. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക സ്ഥിരത തിരിച്ചുപിടിക്കാൻ കഷ്ടപ്പെടുന്ന ചൈനയ്ക്ക് കനത്ത വെല്ലുവിളിയാണ് ഈ രണ്ടു പ്രതിഭാസങ്ങളും.

English Summary : Baby boom in china

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com