ADVERTISEMENT

ഏതു തരം ബന്ധത്തിലായാലും ആശയവിനിമയത്തിന് വലിയ പ്രാധാന്യമുണ്ട്. രണ്ടു പേരെ ഒരുപ്പിക്കാനും ഒന്നിച്ച് നിർത്താനും മികച്ച രീതിയിലുള്ള ആശയവിനിമയം ആവശ്യമാണ്. നാം ചിന്തകളും വികാരങ്ങളുമൊക്കെ മറ്റുള്ളവരോട് പ്രകടിപ്പിക്കുന്നത് നമ്മുടെ ആശയവിനിമയ പാടവത്തിന് അനുസരിച്ചായിരിക്കും. അതിലെ മികവ് തീർച്ചയായും ജീവിതത്തിൽ മുന്നേറ്റങ്ങൾ സൃഷ്ടിക്കും.

ഏറ്റവും മികച്ച ആശയവിനിമയം ആവശ്യമുള്ളവരാണ് പങ്കാളികള്‍. ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ടു പോകേണ്ടവർ ആശയവിനിമയത്തിൽ പരാജയപ്പെട്ടാല്‍ ദാമ്പത്യബന്ധം അസ്ഥിരമാകും. ആശയവിനിമയത്തെക്കുറിച്ച് പങ്കാളികൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്. 

രണ്ട് രീതികൾ, രണ്ടും തെറ്റല്ല

സ്ത്രീകള്‍ പൊതുവേ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്തവരാണ്. പറയാനുള്ളതെല്ലാം തുറന്നു പറയും. പ്രശ്നങ്ങൾ പങ്കുവച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. പുരുഷന്മാരാകട്ടെ പ്രശ്നങ്ങൾ പങ്കാളിയിൽ നിന്നു മറച്ചുവയ്ക്കാനും ഏകാന്തതയിലിരിക്കാനും ആകും ശ്രമിക്കുക. ഇതു മനസ്സിലാക്കി ഇരുവരും ആശയവിനിമയം നടത്താന്‍ ശ്രമിക്കണം. പുരുഷൻ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാതിരിക്കുമ്പോള്‍ അത് ഇഷ്ടമില്ലായ്മ കൊണ്ടല്ല എന്ന് മനസ്സിലാക്കുകയും ആശ്വാസവും ധൈര്യവും പകർന്ന് എല്ലാം തുറന്നു പറയിക്കാനുള്ള മികവിലേക്ക് സ്ത്രീകൾ ഉയരുകയും വേണം. ഇതുപോലെ സ്ത്രീകള്‍ വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് പുരുഷനും മനസ്സിലാക്കണം. അവൾ ഹൃദയം തുറക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കാനല്ല, അത്രയേറെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതു കൊണ്ടാണ്. അവൾ തുറന്നു പറയാൻ മാത്രമല്ല, പ്രിയപ്പെട്ടവന്‍ അവളോടു മനസ്സു തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കുക.

പ്രകടിപ്പിക്കാന്‍ ശീലിക്കൂ

പങ്കാളികള്‍ തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും വേനകളും പ്രകടിപ്പിക്കുമ്പോള്‍ ബന്ധങ്ങള്‍ ശക്തമാകും. മനസ്സു തുറന്ന് സംസാരിക്കാന്‍ പഠിക്കുക. നിങ്ങള്‍ക്ക് പങ്കാളിയോടുള്ള ഇഷ്ടം പറയാതെയോ പ്രകടിപ്പിക്കാതെയോ അറിയാനാകില്ല. അതിനാല്‍ കൃത്യമായ ആശയവിനിമത്തിലൂടെ സ്വയം പ്രകടിപ്പിക്കണം. 

എന്തെങ്കിലും പങ്കാളിയോട് പറയുന്നതിന് മുന്‍പ് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും അതിലൂടെ എന്താണ് വിനിമയം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ചിന്തിക്കുക. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യത്തെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തത വേണം. 'എനിക്ക് ഇതാണ് ആവശ്യം', 'എനിക്ക് ഇതാണ് തോന്നുന്നത്' എന്ന രീതിയിൽ സ്വന്തം അഭിപ്രായം വ്യക്തമായി പറയുക. നിങ്ങള്‍ അവരില്‍ കാണുന്ന നല്ല ഗുണങ്ങള്‍, അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍, നിങ്ങള്‍ക്ക് അവർ എത്ര മാത്രം പ്രധാനപ്പെട്ട വ്യക്തിയാണ് തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുക. അഭിനന്ദനത്തില്‍ ഒരിക്കലും പിശുക്ക് വേണ്ട. 

നല്ല കേള്‍വിക്കാരാകുക

മികച്ച ആശയവിനിമയം എന്നത് സംസാരിക്കല്‍ മാത്രമല്ല, കേള്‍ക്കാനുള്ള കഴിവ് കൂടിയാണ്. നല്ല കേള്‍വിക്കാരനായാല്‍ നിങ്ങളുടെ പങ്കാളിക്ക് തുറന്ന് സംസാരിക്കാന്‍ പ്രോത്സാഹനം ലഭിക്കും. ‘മുഖത്തേക്കും കണ്ണിലേക്കും നോക്കി സംസാരിക്കുക, സംസാരിക്കുന്ന കാര്യങ്ങളോട് താത്പര്യം പ്രകടിപ്പിക്കുക, ഒരേ സമതലത്തില്‍ ഇരുന്ന് സംസാരിക്കാൻ ശ്രമിക്കുക. പങ്കാളി സംസാരിക്കുമ്പോള്‍ മൊബൈലും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കുക’ എന്നതെല്ലാം ആശയവിനിമയം ശക്തമാക്കുന്ന കാര്യങ്ങളാണ്.

വാക്കുകള്‍ക്ക് അതീതമാകട്ടെ

നമ്മുടെ വികാരങ്ങൾ‌ പ്രകടിപ്പിക്കാൻ വാക്കുകൾ തികയാതെ വരുന്ന സാഹചര്യങ്ങളുണ്ടാകും. അപ്പോഴെല്ലാം ഒന്നും മിണ്ടാതെ തന്നെ നിരവധി കാര്യങ്ങള്‍ പറഞ്ഞു വയ്ക്കാനാകും. ശരീര ഭാഷ, ശബ്ദം, മുഖ ഭാവം എന്നിവയെല്ലാം ആശയവിനിമയത്തിന് ഉപയോഗിക്കാം. ചിലപ്പോള്‍ ഒരു ആലിംഗനം മാത്രം മതി കരുതലും സ്‌നേഹവും പ്രകടിപ്പിക്കുന്നതിന്. പങ്കാളിയുമായി ഇത്തരം ആശയവിനിമയം സാധ്യമാകുന്നത് ബന്ധത്തിന്റെ കരുത്ത് വർധിപ്പിക്കും.

ആശയവിനിമയം പഠിക്കാം

നിരന്തരം മെച്ചപ്പെടുത്താവുന്ന ഒന്നാണ് പങ്കാളികള്‍ക്ക് ഇടയിലെ ആശയവിനിമയം. അത് ഒരു ജൈവികമായ പ്രക്രിയയാണ്. അനുഭവങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും അതു പഠിക്കാം. ആശയവിനിമയം മെച്ചപ്പെടുത്താന്‍ ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതും നല്ലതാണ്. ‘എന്തിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം ലഭിക്കുന്നത്. ഏതാണ് പങ്കാളിക്ക് ഇഷ്ടപ്പെട്ട വിഷയം. സംസാരിക്കണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കാത്തത് എന്തെല്ലാമാണ്?,  എന്തുകൊണ്ടാണ് അതിനു സാധിക്കാത്തത്?, സംസാരം വഴക്കിലേക്ക് പോകുന്നത് എപ്പോഴാണ്?’ എന്നും സ്വയം ചോദിച്ച് വിലയിരുത്തുക.

English Summary : Importance of communication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com