ആരോഗ്യകരമായ കുടുംബജീവിതത്തിന് വഴക്കിട്ടോളൂ!

arguments-make-relationships-stronger
പ്രതീകാത്മക ചിത്രം
SHARE

വഴക്കും വാഗ്വാദവുമൊക്കെ പൊതുവേ കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന കാര്യങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വലിയ ഒച്ചയും ബഹളവും ഇല്ലാത്ത കുടുംബങ്ങള്‍ സംതൃപ്തവും സന്തോഷവും നിറഞ്ഞവയായി നാം കരുതും. പക്ഷേ, ഇടയ്‌ക്കൊരു വഴക്കും വാഗ്വാദവുമൊന്നുമില്ലെങ്കിൽ കുടുംബജീവിതത്തിന് ശക്തിയുണ്ടാവില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തർക്കങ്ങളും അതു കഴിഞ്ഞ് വരുന്ന ഇണക്കങ്ങളുമൊക്കെയാണ് ബന്ധങ്ങളുടെ ഇഴകളെ കൂടുതൽ അടുപ്പിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ പറയാനും പങ്കാളിയുടെ ചിന്തകളും ആഗ്രഹങ്ങളും മനസ്സിലാക്കാനും ഇത്തരം സാഹചര്യങ്ങള്‍ അവസരമൊരുക്കും. 

എന്നാൽ വഴക്കും വാഗ്വാദവുമൊക്കെ ആരോഗ്യകരമായിരിക്കണം എന്നതും വളരെ പ്രധാനമാണ്.  കുത്തിനോവിക്കാനും തോന്നുന്നതെല്ലാം വിളിച്ചു പറയാനും ശാരീരികമായ ആക്രമിക്കാനുമുള്ള അവസരമാണ് നിങ്ങൾക്ക് തർക്കങ്ങൾ എങ്കിൽ ബന്ധങ്ങൾ തകരുന്നതിലേക്കാണ് കാര്യങ്ങൾ എത്തുക. പങ്കാളിക്ക് ആഘാതമുണ്ടാക്കാത്ത തരത്തില്‍ ക്രിയാത്മകമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

വഴക്കിന്റെ സമയം പ്രധാനം

രാത്രി ജോലി കഴിഞ്ഞ് വിശന്നു വലഞ്ഞ്, ക്ഷീണിച്ചു വരുന്ന പങ്കാളിയോട് വഴക്കിടാന്‍ നില്‍ക്കരുത്. ആ സമയത്ത് ക്രിയാത്മകമായി ഒന്നും പ്രതീക്ഷിക്കണ്ട. അവധി ദിവസങ്ങളോ, ശാന്തമായിരിക്കുന്ന സമയത്തോ വിയോജിപ്പുള്ള കാര്യങ്ങളിൽ തർക്കിക്കാം.

വികാരങ്ങളെ നിയന്ത്രിക്കണം

തര്‍ക്കിക്കുന്ന സമയത്ത് വികാരാധീനരായി പ്രവർത്തിക്കരുത്. എതിര്‍പ്പുകൾ പറയുക എന്നാൽ അലമുറയിടലും സാധനങ്ങൾ തല്ലിപ്പൊട്ടിക്കലുമല്ല. വഴക്കിടുമ്പോൾ ശബ്ദമുയർത്തുന്നത് പങ്കാളി കേൾക്കാനാകണം, അല്ലാതെ ലോകത്തെ മുഴുവൻ കേൾപ്പിക്കാനും അതിലൂടെ അവരെ അപമാനിക്കാനുമല്ല ശ്രമിക്കേണ്ടത്. വികാരങ്ങളെ ഊതിപ്പെരുപ്പിക്കുന്നതിനു പകരം അവയ്ക്കു പിന്നിലുള്ള കാരണങ്ങൾ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.

വാക്കുകളെ ‘സൂക്ഷിക്കൂ’

തൊടുത്ത അമ്പും പറഞ്ഞ വാക്കുമെല്ലാം ഒരു പോലെയാണെന്ന് പറയാറുണ്ട്. വാക്കുകളുണ്ടാക്കുന്ന മുറിവ് അത്രയെളുപ്പം ഉണങ്ങിയെന്ന് വരില്ല. അതിനാല്‍ വളരെ സൂക്ഷിച്ച് മാത്രം വാക്കുകള്‍ തിരഞ്ഞെടുക്കുക. പുച്ഛവും അല്‍പ്പത്തരവും നിന്ദയുമെല്ലാം സംസാരത്തില്‍ നിന്ന് ഒഴിവാക്കുക. തര്‍ക്കത്തിനുള്ള കാരണങ്ങളില്‍ മാത്രം ഊന്നി നിന്ന്, നിങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും കുറിച്ച് സംസാരിക്കുക. 

കഴിഞ്ഞത് ‘ഇനി വേണ്ട’

ഇപ്പോഴത്തെ പ്രശ്നം മുൻനിർത്തി മാത്രം തർക്കിക്കുക. അതിനിടയിലേക്ക് പഴയ കാര്യങ്ങൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. കാരണം, പഴയ കാര്യങ്ങളിൽ ഊന്നുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. വഴക്ക് അനിയന്ത്രിതമാക്കാനോ ഇത് സഹായിക്കൂ.

തോൽവിയും ജയവുമില്ല

തര്‍ക്കങ്ങള്‍ ആര് ശരി, ആര് തെറ്റ് എന്ന് കണ്ടെത്താനുള്ളതല്ല. കാഴ്ചപ്പാടുകളുടെ വ്യത്യാസത്തിലാണ് തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നത് തന്നെ. അതിനാല്‍ തന്നെ ഒരാള്‍ ജയിക്കുകയും മറ്റൊരാള്‍ തോല്‍ക്കുകയും ചെയ്യുന്നതല്ല അവയുടെ പരിഹാരം. രണ്ടു പേര്‍ക്കും അവരുടെ പൊരുത്തക്കേടുകള്‍ മാറ്റി വച്ച് പരസ്പര സമ്മതമുള്ള ഒരു തീരുമാനത്തിലെത്താനാണ് സാധിക്കേണ്ടത്.

തർക്കിച്ച് കൂടുതൽ അടുക്കാം

ആരോഗ്യകരമായ സംവാദങ്ങള്‍ ആത്മാര്‍ത്ഥതയും വിശ്വാസവും ആശയവിനിമയവും വളര്‍ത്തും. പ്രഷര്‍ കുക്കറില്‍ നിന്ന് കാറ്റ് പോകുന്നത് പോലെ നിങ്ങളുടെ നെഗറ്റീവ് ചിന്തകള്‍ കളയാനും ഇതിലൂടെ സാധിക്കും. പങ്കാളിയെ കൂടുതലായി അറിയാനും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും ഇതിലൂടെ അവരുമായി കൂടുതൽ അടുക്കാനും സാധിക്കും.

പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരുന്നാല്‍

വഴക്കിനൊന്നും നില്‍ക്കാതെ പ്രശ്‌നങ്ങള്‍ അടക്കി വച്ചാല്‍ ഒരു ദിവസം അത് പൊട്ടിത്തെറിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം കുടുംബജീവിതത്തില്‍ ഉണ്ടായാല്‍ അതിനെ അഭിമുഖീകരിക്കുന്നതു തന്നെയാണ് ക്രിയാത്മകമായ വഴി. പ്രശ്‌നങ്ങളെ അവഗണിച്ചാല്‍ അവ ആവർത്തിക്കുകയും സമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യും.

English Summary : Arguments make relationship strong

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA