sections
MORE

‘ഞാൻ തടിച്ചിരുന്നാൽ നിനക്കെന്താ പ്രശ്നം ? ’

do-not-worry-enjoy-your-beauty
പ്രതീകാത്മക ചിത്രം
SHARE

ഓരോ വ്യക്തിയും തന്റെ ശാരീരികമായ പ്രത്യേകതകളുടെ പേരിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കളിയാക്കൽ നേരിട്ടിട്ടുണ്ടാകും. ഈ കളിയാക്കലിനെ ആണ് ബോഡി ഷെയ്മിങ് എന്നു പറയുന്നത്. മെലഞ്ഞിരുന്നാല്‍ പ്രശ്നം, തടി കൂടിയാൽ പ്രശ്നം, കറുത്താലും വെളുത്താലും ഉയരം കൂടിയാലും കുറഞ്ഞാലും പ്രശ്നം. മറ്റുള്ളവരുടെ ശാരീരികമായ വ്യത്യാസങ്ങളെ ചൂണ്ടിക്കാട്ടി കളിയാക്കി അതിൽ ആനന്ദം കണ്ടെത്തുന്നവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. ‘ചുള്ളികമ്പ് പോലെ ആയല്ലോ, നീയെന്താ ഒന്നും കഴിക്കുന്നില്ലേ’ ‘എന്തൊരു തടിയാ, എപ്പോഴും തീറ്റ തന്നെയാണോ’ ‘ടാ, വീട്ടിലുള്ളവരുടെ ഭക്ഷണവും നീ തന്നെയാണോ തിന്നുന്നത്’ ‘കറന്റു പോയാൽ നിന്നെ കാണാന്‍ പറ്റുമോ’.... എന്നിങ്ങനെ തടി കൂടിയാലും കുറഞ്ഞാലും വെളുത്താലും കറുത്താലും ഉയരം കൂടിയാലും കുറഞ്ഞാലും ചോദിക്കാൻ അവരുടെ കയ്യിൽ ചോദ്യങ്ങളുണ്ട്. 

കൂട്ടത്തിൽ ഒരാളെ തിരഞ്ഞു പിടിച്ച് കളിയാക്കുന്ന സുഹൃദ്സംഘങ്ങളും നാട്ടു നടപ്പുപോലെ ഇത്തരം ചോദ്യങ്ങളുമായി എത്തുന്ന ബന്ധുക്കളും നമ്മുടെ പരിചയത്തിലുണ്ടാകും. ചോദിക്കുന്നവർക്ക് ഒരു ‘സുഖം’ കിട്ടുമെങ്കിലും ഉത്തരം പറയുന്നവന്, കളിയാക്കലുകൾക്ക് വിധേയനാകുന്നവന് കാര്യങ്ങൾ അത്ര സുഖകരമായിരിക്കില്ല.‘ഞാനിങ്ങനെ ആയാൽ നിനക്കെന്താ നഷ്ടം’ എന്ന മറുചോദ്യം മാത്രമേ ഇവർ അർഹിക്കുന്നുള്ളൂ. ഇനി അങ്ങനെ ചോദിക്കാനാവാത്ത ബന്ധുക്കളാണെങ്കിൽ അവരുടെ മുഖത്ത് നോക്കി നന്നായി ഒന്നു ചിരിക്കൂ. അതിലൂടെ പറയാനുള്ളതെല്ലാം പറയാം. എത്രയൊക്കെ ശ്രമിച്ചാലും ഈ കളിയാക്കലുകളും ചോദ്യങ്ങളും പലപ്പോഴും മനസ്സിനെ മുറിപ്പെടുത്തും. ഇത്തരം നെഗറ്റിവിറ്റികളോടു ഗുഡ് ബൈ പറയാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ചില പൊടിക്കൈകൾ...

∙ സ്വയം സ്നേഹിച്ചു തുടങ്ങാം

നമ്മുടെ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്നത് നമുക്കുതന്നെയാണ്. ഈ ലോകത്തിൽ പരിപൂർണനായി ഒരാളും ഇല്ല. എല്ലാവർക്കും എന്തെങ്കിലും ശാരീരികമായ വ്യത്യാസങ്ങൾ കാണും. നമ്മുടെ ശാരീരിക പ്രത്യേകതകൾ നമ്മൾ ആസ്വദിക്കുക. ഏതു രൂപത്തിൽ ജനിക്കണമെന്ന് ആർക്കും തീരുമാനിക്കാനാകില്ലല്ലോ. നമുക്ക് ലഭിച്ചതിനെ മനസ്സു നിറഞ്ഞ് അങ്ങ് ആസ്വദിക്കുക. പിന്നെ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നമ്മളെ തരിപോലും ബാധിക്കില്ല. നമ്മൾ എങ്ങനെയാണോ അതാണ് നമ്മുടെ സൗന്ദര്യമെന്നു മനസ്സിലുറപ്പിച്ചാൽ പിന്നെ ‘നോ ടെൻഷൻ’.

∙ ഞാൻ ഒരു വിരൂപനാണോ ?

നമ്മളിൽ പലരും പലപ്പോഴായി സ്വയം ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. സ്വയം വിരൂപനാണെന്നു കരുതി ഒഴിഞ്ഞു നിൽക്കുന്നവരും ധാരാളമുണ്ട്. സൗന്ദര്യം മുഖത്തിനല്ല മനസ്സിനാണെന്നു വാദിക്കുന്നവർപോലും കാര്യത്തോടടുക്കുമ്പോൾ അപകർഷതാബോധം കാരണം മാറി നിൽക്കുന്നു. ഒന്നോർക്കുക, വൈരൂപ്യം എന്ന ധാരണ തന്നെ തെറ്റാണ്. എല്ലാവരും എല്ലാവരുടേയും കണ്ണിൽ സുന്ദരന്മാരായിരിക്കില്ല. അതുപോലെ വിരൂപരും. അതുകൊണ്ടുതന്നെ ‘ഞാൻ സുന്ദരനാണോ’ എന്ന ചോദ്യത്തോട് ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ഗുഡ്ബൈ പറയുക. സൗന്ദര്യമല്ല, പ്രവൃത്തിയുടെ മൂല്യമാണ് മഹാന്മാരെ സൃഷ്ടിച്ചത്.  

∙ ഡെഡ് ലൈനുകള്‍ വേണ്ട

നിറത്തിന്റെ പേരിൽ ഏറ്റവുമധികം മാനസിക സംഘർഷം അനുഭവിക്കുന്നത് പെൺകുട്ടികളാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. വെളുക്കാനായി ഏറ്റവുമധികം സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതും അവർതന്നെ. എന്നാൽ ചിലർ ഇതൊരു ദൗത്യമായിക്കണ്ട് ‘ഡെഡ് ലൈനുകൾ’ വെയ്ക്കും. ഉദാഹരണത്തിന് രണ്ട് മാസം കൊണ്ട് ഞാൻ എന്റെ നിറം വർധിപ്പിക്കും, ഈ വർഷം തീരുമ്പോഴേക്കും ഞാൻ 10 കിലോ കുറയ്ക്കും....തുടങ്ങി ശപഥമെടുക്കുന്നവർ സത്യത്തിൽ നഷ്ടപ്പെടുത്തുന്നത് ആ കാലയളവിലെ സന്തോഷവും സമാധാനവുമാണ്. ടൈംടേബിൾ ഇട്ടു ജീവിക്കാൻ തുടങ്ങിയാൽ പിന്നെ ജീവിതം തന്നെ യാന്ത്രികമായിപ്പോകും. ഇത്തരം ശപഥങ്ങളെടുക്കുന്നത് തെറ്റല്ല, അതുപക്ഷേ നിങ്ങളുടെ സൗന്ദര്യത്തിനു വേണ്ടിയല്ല ആരോഗ്യത്തിനു വേണ്ടിയാകട്ടേ.

∙ജനിക്കാനായത് പുണ്യം 

ആ ചുണ്ടിന് അൽപംകൂടി വലുപ്പം ഉണ്ടായിരുന്നെങ്കിൽ...തുടങ്ങി ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തെ എന്നും കുറ്റപ്പെടുത്തുന്നവർ നിരവധിയാണ്. ശരീരത്തിലെ ഓരോ അവയവവും ആ രൂപത്തിലാകാൻ ജനിതകമായ പല കാരണങ്ങള്‍ ഉണ്ടാകാം. കണ്ണിന് ഭംഗിയല്ല, കാഴ്ചയാണ് വേണ്ടത്. ചെവി നന്നായി കേൾക്കുന്നതാവണം. അങ്ങനെ ശരീരത്തിലെ ഓരോ അവയവത്തേയും അംഗീകരിക്കാനും ആസ്വദിക്കാനും ശീലിക്കുക. ജനിക്കാനായതു തന്നെ ഒരു പുണ്യമെന്ന് വിശ്വസിക്കൂ.

∙ നോ കുറ്റബോധം

അയ്യോ, ഞാൻ ഇന്നു ഡയറ്റിങ് അല്ലേ, ഇപ്പോതന്നെ 6 ചപ്പാത്തിയായി. ശ്ശെ.. ഇങ്ങനെയുള്ള നിരാശപ്പെടലുകളും കുറ്റപ്പെടുത്തലുകളും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ പതിവാണ്. എന്നാൽ നിരാശപ്പെടാൻ‌ വരട്ടെ. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ഡയറ്റിങ് നടത്തി തടി കുറയ്ക്കാൻ കഷ്ടപ്പെടേണ്ട. ഇനി ഡയറ്റിങ് നടത്തുന്നവർ അതു തെറ്റിച്ചാൽ സ്വയം ശപിച്ച് നിരാശരാവേണ്ട കാര്യവും ഇല്ല. ആരോഗ്യമാണ് പ്രധാനം. അല്ലാതെ സൈസ് സീറോ ഫിഗറല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA