ADVERTISEMENT

പ്രണയവും ദാമ്പത്യവും ആരംഭിക്കുന്നത് എളുപ്പമാണ്. എന്നാല്‍ ആ ബന്ധം നിലനിര്‍ത്തുന്നതാണ് കൂടുതൽ ബുദ്ധിമുട്ടേറിയ കാര്യം. എപ്പോഴും കൂടെയുണ്ടാവുക എന്നതല്ല പ്രണയത്തിന്റെ വിജയ മന്ത്രം. ഒരുപാട് ഘടകങ്ങൾ ഉൾച്ചേരുന്ന ആ മന്ത്രത്തിൽ ചിലപ്പോഴെല്ലാം മാറി നിൽക്കുക എന്നതും പ്രധാനമാണ്. പങ്കാളിക്ക് സ്വന്തമായ ഇടം നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തന്റേതു മാത്രമാണ് എന്ന രീതിയിൽ സ്നേഹവും കരുതലും കൊണ്ട് വീർപ്പുമുട്ടിച്ച്, ഒന്നിനും സ്വാതന്ത്ര്യം നൽകാതെ ഒപ്പം നിൽക്കുന്നത് ബന്ധത്തിൽ ദോഷമാണ് ചെയ്യുക. പങ്കാളിയുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും സ്വകാര്യതയും മാനിക്കണം. അതിനായി അവർക്ക് ഒരിടം നൽകണം. ഈയൊരു സ്ഥലത്തിലേക്ക് കടന്നു കയറാതിരിക്കുക എന്നത് പ്രണയത്തിന്റെ വിജയത്തിൽ പ്രധാനമാണ്.

പങ്കാളിക്ക് അത്തരമൊരു ഇടം നല്‍കേണ്ടത് എങ്ങനെയെന്ന് അറിയാത്തവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസിൽ സൂക്ഷിക്കൂ.

കോളുകളും മെസേജും

പങ്കാളിയെ മിസ് ചെയ്യുമ്പോള്‍ ഫോണെടുത്ത് അവര്‍ക്കൊരു മെസേജ് ചെയ്യും. നമ്മുടെ ജോലിയുടെ ഇടയില്‍ ഒരു അഞ്ച് മിനിട്ട് ഇടവേള കിട്ടുമ്പോഴാകും നാം മെസേജ് ചെയ്യുക. പക്ഷേ, ആ സമയം അവര്‍ക്കും ഇടവേളയാകണം എന്ന് നിര്‍ബന്ധമില്ല. സ്വാഭാവികമായും മറുപടി വൈകാം. ജോലി സമയത്താണ് മെസേജ് ചെയ്യുന്നതെങ്കില്‍ താമസിച്ചുള്ള മറുപടി പ്രതീക്ഷിക്കണം. അല്ലെങ്കില്‍ വലിയ നിരാശ തോന്നും. തന്നെ അവഗണിച്ചു, തന്നെക്കാൾ വലിയതാണ് ജോലി, ഇഷ്ടക്കുറവാണ് ഇതിനു പിന്നിൽ എന്നിങ്ങനെ അനാവശ്യ ചിന്തകൾ കയറി വരും. എന്നാല്‍ തന്റെ സാഹചര്യം മനസ്സിലാക്കാന്‍ പങ്കാളി തയാറാകുന്നില്ല എന്ന വിഷമം ആയിരിക്കും അവർക്ക‌ുണ്ടാവുക. അതുകൊണ്ട് തന്നെ ആഗ്രഹിക്കുമ്പോഴെല്ലാം ഫോൺ എടുക്കണം, മെസേജിന് മറുപടി തരണം എന്നുള്ള പിടിവാശികൾക്ക് ബന്ധത്തില്‍ നിന്നൊഴിവാക്കുക.

കുടുംബവും കൂട്ടുകാരും

ചിലപ്പോള്‍ നിങ്ങളുടെ പങ്കാളിക്ക് അവരുടെ കൂട്ടുകാരുടെയോ ബന്ധുക്കളോടെ ഒപ്പം സമയം ചെലവഴിക്കേണ്ടതായി വരും. എന്നാൽ ചിലർ ഇതൊന്നും അംഗീകരിക്കില്ല. ‘എനിക്കിപ്പോൾ കാണണം എവിടെയായാലും വന്നേ തീരൂ’, ‘ഞാനാണോ സൂഹൃത്തുക്കളാണോ’ എന്നിങ്ങനെ താരതമ്യവും അടിച്ചേൽപ്പിക്കലും അരുത്. പ്രണയം മാത്രമല്ലല്ലോ ജീവിതം. വേറെയും ബന്ധങ്ങളും വിനോദങ്ങളും അവര്‍ക്കുണ്ടാകും. ഇത് എല്ലാവർക്കും അവകാശമുളള കാര്യമെന്ന് മനസ്സിലാക്കുക.

ബുദ്ധിമുട്ടേറിയ സമയങ്ങള്‍

മനസ്സിനൊരു ദുഖമുണ്ടാകുമ്പോഴോ എന്തെങ്കിലും ബുദ്ധിമുട്ടേറിയ സാഹചര്യം വരുമ്പോഴും അതിനെ മറികടക്കാന്‍ പല മാർഗങ്ങളാണ് ഒരോരുത്തരും തേടുന്നത്. ചിലര്‍ ഇഷ്ടപ്പെട്ട വ്യക്തികളോട് സംസാരിക്കാനും അവരുടെ സാന്ത്വനവാക്കുകള്‍ കേള്‍ക്കാനും ശ്രമിക്കും. എന്നാല്‍ ചിലരാകട്ടെ ഉള്‍വലിഞ്ഞ് ഒറ്റയ്ക്കിരിക്കാനാകും ഇഷ്ടപ്പെടുക. നിങ്ങളുടെ പങ്കാളി തന്റെ ദുഃഖത്തിലും വേദനയിലുമൊക്കെ ഇതില്‍ ഏതു തരം സമീപനമാണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കി പ്രവർത്തിക്കുക. ആഗ്രഹിക്കുന്നത് തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക.

നിങ്ങളുടെ കാര്യം നോക്കാം

പങ്കാളിക്ക് സ്വന്തം ഇടം നല്‍കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അവരുടെ കാര്യങ്ങളില്‍ മുഴുകുക എന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുക. അല്ലാതെ പങ്കാളിയുടെ സാന്നിധ്യം എപ്പോഴും വേണമെന്ന് ശാഠ്യം പിടിക്കരുത്. നിങ്ങളുടെ ഹോബികള്‍ പിന്തുടരൂ. കലയോ നൃത്തമോ ഭാഷാപഠനമോ ജോലിയോ ഒക്കെയായി സ്വയം തിരക്കുകളുള്ള ഒരാളാകുക. അല്ലാതെ പങ്കാളിയുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ട് അവരെ മടുപ്പിക്കാനും അസ്വസ്ഥപ്പെടുത്താനും നിൽക്കരുത്.

തുറന്ന് സംസാരിക്കുക

സംസാരിക്കുമ്പോൾ മനസ്സു തുറക്കുക. ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, ആശയങ്ങൾ എന്നിങ്ങനെ സാധ്യമായതെല്ലാം പങ്കുവയ്ക്കുക. എങ്ങനെയുള്ള പെരുമാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് പരസ്പരം പറയുക. കൂടുതൽ മനസ്സിലാക്കുമ്പോള്‍ കൃത്യമായ ‘സ്പേസ്’ പരസ്പരം നല്‍കാനാകും. പ്രണയവും സ്നേഹവുമൊന്നും ഒരു സമ്പൂർണ അധികാരമായല്ല എടുക്കേണ്ടത്. അതൊരു വിശ്വാസവും പങ്കുവയ്ക്കലും മനസ്സിലാക്കലുമാണ് എന്നു തിരച്ചറിഞ്ഞ് മുന്നോട്ട് പോവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com