ADVERTISEMENT

ഇത് പോലുള്ള ദിവസങ്ങൾ ഒരിക്കലും സ്വപ്നത്തിൽ പോലും വന്നിട്ടില്ല. വീട്ടിൽ വെറുതെയിരിക്കണം എന്നൊക്കെ ആഗ്രഹിക്കാറുണ്ടെങ്കിലും മുൻവശത്തെ വാതിൽ തുറന്ന് ഇടത്തോട്ടു നോക്കിയാൽ കാണുന്ന അടുത്ത വീട്ടുകാരെ കൂടി കാണാത്ത ദിവസങ്ങൾ.

എങ്കിലും അകന്നിരിക്കുന്നവരെ കൂടുതൽ കൂടുതൽ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇനി എന്നാണ് കാണുന്നതെന്ന്, ഒന്ന് തൊടുന്നതെന്ന്, എന്നാണ് തമാശകൾ പറഞ്ഞ് ഒരുമിച്ചിരുന്നു ചായ കുടിച്ച്, അത് നീണ്ടു പോയി രാത്രി ഭക്ഷണം വരെ എത്തുന്നതെന്ന് വ്യാകുലപ്പെടാൻ തുടങ്ങിയിരിക്കുന്നു. അകലങ്ങൾ അടുപ്പങ്ങളായി ചുരുങ്ങി വരുന്നു. 

അകന്നിരിക്കാൻ, അടച്ചിരിക്കാൻ വാതിലുകൾ ഇല്ലാത്തവരെ കുറിച്ചോർക്കുമ്പോൾ വ്യാകുലത കൂടി വരുന്നു. എത്ര പേരായിരുന്നു ചുറ്റിലും. സ്ഥിരമായി കൈനീട്ടി  മുഴിഞ്ഞു തുടങ്ങിയ വെളുത്ത സാരി തലയിലൂടെ വലിച്ചിട്ടു നിൽക്കാറുള്ള  വയസ്സായ സ്ത്രീ, വസ്ത്രങ്ങൾ ഉടുക്കാൻ വിസമ്മതിച്ച്‌ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭ്രാന്തി, കഞ്ചാവടിച്ച് കിറുങ്ങി നടക്കുകയാണെന്ന് പറയാറുള്ള ചുവന്ന കണ്ണുകളും വിതിർത്തിട്ട മുടിയുമുള്ള മെലിഞ്ഞുണങ്ങിയ മനുഷ്യൻ, കൊച്ചു കുഞ്ഞിനെയും ഒക്കത്തിടുത്ത് വരുന്ന ഓരോ ബസ്സിലും ചാടിക്കയറി യാത്രക്കാരെ തൊട്ടു വിളിച്ച് കൈനീട്ടുന്ന പ്രായത്തിന്റെ കുതൂഹലങ്ങളെല്ലാം നഷ്ടമായ കൗമാരക്കാരി, അന്ധനായ ഭർത്താവിനെ കൈ പിടിച്ച് അറിയാത്ത ഈണങ്ങളിൽ പാട്ടുകൾ പാടി തെരുവോരങ്ങളിൽ പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന പ്രായം ഏതാണെന്നറിയാത്ത സ്ത്രീ...... അങ്ങനെ എത്ര പേർ. 

ഇവരൊക്കെ എന്തു ചെയ്യുന്നു. എത്ര മാത്രം അകലങ്ങൾ അവർ പാലിക്കുന്നു. അകലങ്ങൾ പാലിച്ച് എത്ര ദിവസങ്ങൾ. വിശപ്പിനേക്കാൾ വലുതായി ഏത് ഭയമാണവർക്ക്,  എന്തകലമാണവർക്ക്. ടെറസിൽ നിന്നുള്ള സന്ധ്യക്കാഴ്ച്ചകളിൽ ശൂന്യമായിരുന്ന തെരുവിൽ ഈയിടെ സന്ധ്യ മയങ്ങുമ്പോൾ തള്ളിക്കൊണ്ടു വന്നിരുന്ന വണ്ടിയില്ലാതെ, നിലത്തു വിരിച്ചിട്ട പ്ലാസ്റ്റിക് ഷീറ്റിൽ ഇത്തിരി പച്ചക്കറികളുമായി ഒരാൾ ഇരിപ്പുണ്ട്. വിശപ്പിന്റെ വിളി സഹിക്കവയ്യാതെ ആയിട്ടുണ്ടാവും.

റോഡവസാനിക്കുന്നതിന് തൊട്ടു മുൻപുള്ള തിരിവിൽ സജീവമായിരുന്ന ഫാസ്റ്റ് ഫുഡ് കട അടഞ്ഞു കിടക്കുന്നു. മുൻപിൽ ഇടാറുള്ള ബെഞ്ചിലും കൈവരിയിലും നിർത്തിയിട്ട ബൈക്കിലും എത്ര ചെറുപ്പക്കാരായിരുന്നു മണിക്കൂറുകളോളം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാറ്.

രാവിലെയും വൈകുന്നേരവും വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ പോകുന്ന സുഹൃത്തുക്കളും വീടിനകത്തിരുന്ന് വീർപ്പുമുട്ടുന്നുണ്ടാവണം. സ്ഥിരമായി അവർ ചായ കുടിക്കാറുണ്ടായിരുന്ന ചായക്കടയും അടഞ്ഞു കിടപ്പാണ്.

ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ നിശബ്ദമായ പുറംലോകത്തെ കാണുമ്പോൾ ആധിയാണ് മനസ്സിൽ :ഇനി എന്നാണ് വീണ്ടും ശബ്ദഘോഷങ്ങളുമായി ഇവിടം സജീവമാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com