ആരാണ് നിങ്ങളുടെ സോൾമേറ്റ് ? ; അറിയാം ഇങ്ങനെ

tips-to-identify-your-soulmate
പ്രതീകാത്മക ചിത്രം
SHARE

അതെ, ഒടുവിൽ ഞാൻ എന്റെ സോൾമേറ്റിന്റെ കണ്ടെത്തിയിരുക്കുന്നു–  ആദ്യ പ്രണയത്തിൽ വീഴുന്നവരും കല്യാണം ഉറപ്പിക്കുന്നവരും പതിവായി അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസ്. ചിലർക്ക് ആത്മനാഥനെ, അല്ലെങ്കിൽ നാഥയെ കണ്ടെത്തിയ സന്തോഷം. ചിലർക്ക് തങ്ങൾക്കും ഒരു പങ്കാളിയെക്കിട്ടി എന്നറിയിക്കാനുള്ള സന്തോഷം. എന്തായാലും മലയാളിക്കിടയിൽ ഈ അടുത്ത കാലത്ത് ഇത്രയധികം പ്രാചാരം നേടിയ മറ്റൊരു വാക്കില്ല; സോൾമേറ്റ്!

എന്താണ് സത്യത്തിൽ സോൾ മേറ്റ്? എന്തിനാണ് സോള്‍ മേറ്റിനെ കണ്ടെത്താൻ ആളുകൾ ഇത്ര ബുദ്ധിമുട്ടുന്നത്? എന്തുകൊണ്ടായിരിക്കാം സോൾമേറ്റിനെ കിട്ടിക്കഴിഞ്ഞാൽ ഇത്ര സന്തോഷം. വിദേശികൾ ആഘോഷമാക്കി, ഇപ്പോൾ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി സോൾമേറ്റ് മാറിയിരിക്കുന്നു. 

ആത്മാവിന്റെ പാതി, തനിക്കു വേണ്ടി ജനിച്ച പങ്കാളി എന്നിങ്ങനെ നിരവധി അർഥങ്ങളും നിർവചനങ്ങ‌ളുമുണ്ട് സോൾമേറ്റിന്. സോൾമേറ്റിനെ എങ്ങനെ തിരിച്ചറിയാം എന്നാണ് ചിലരുടെ സംശയം. എന്നാൽ അത്തരം സംശയം പുലർത്തുന്നവർക്ക് ഇതാ ചില സോൾമേറ്റ് ടിപ്സ്....

∙ അത് സംഭവിക്കട്ടെ..

മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചൊന്നും ആർക്കും തങ്ങളുടെ സോൾമേറ്റിനെ കണ്ടത്താൻ സാധിക്കില്ല. വളരെ നാച്വറലായി നടക്കേണ്ട ഒരു പ്രക്രിയയാണത്. ഒരാളെ കാണുമ്പോൾ മനസ്സിലും ശരീരത്തിലും ഇതുവരെയില്ലാത്തൊരു സന്തോഷവും ഉന്മേഷവും തോന്നുക, ഇയാള്‍ക്കു വേണ്ടിയാണ് ഇത്രകാലം അലഞ്ഞതെന്ന തോന്നുക, ഇനി അങ്ങോട്ടുള്ള ജീവിതം ഇയാൾ കൂടെ ഇല്ലെങ്കിൽ അപൂർണമാണെന്ന ചിന്ത തുടങ്ങി അൽപം നാടകീയമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോവുകയാണെങ്കിൽ ഉറപ്പിച്ചോളൂ, ഇതാണ് നിങ്ങളുടെ സോൾ മേറ്റ്. 

∙ കുറവുകളെ ആസ്വദിക്കുമ്പോൾ..

കുറവുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യരില്ല. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യം മറ്റൊരാൾ ചെയ്താൽ നമ്മൾ പ്രതികരിക്കുക സ്വാഭാവികം. എന്നാൽ നമ്മുടെ സോൾ മേറ്റ് ചെയ്യുന്ന ചെറിയ തെറ്റുകളും അവർക്കുള്ള കൊച്ചുകൊച്ചു കുറവുകളും നമ്മൾ പലപ്പോഴും കണ്ടില്ലെന്നു വയ്ക്കും. അവരോടുള്ള അന്ധമായ സ്നേഹവും വിശ്വാസവുമാണ് ഇതിനു കാരണം. ചിലപ്പോൾ അവർക്കുവേണ്ടി നമ്മൾ നമ്മുടെ ഇഷ്ടങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനും തയാറാവും. 

∙മനപ്പൊരുത്തം

ശ്ശെ, ഞാനും അതുതന്നെയാണ് പറയാൻ വന്നത്, ഞാൻ ഇപ്പോ നിന്നെക്കുറിച്ച് അലോചിച്ചേ ഉള്ളൂ തുടങ്ങി പരസ്പരമുള്ള ചിന്തകളിലും ഒന്നിച്ചുള്ള സ്വപ്നങ്ങളിലും മുഴുകിക്കഴിയാൻ ആഗ്രഹിക്കുന്നവരാണ് സോൾ‌മേറ്റ്സ്. പങ്കാളിയുടെ മനസ്സ് മനസ്സിലാക്കാനും അവരുടെ ചിന്തകളെ വായിച്ചെടുക്കാനും കഴിയുമ്പോഴേ അവർ സോൾമേറ്റ്സ് ആകൂ. മനസ്സുവായിക്കാൻ മെൻഡലിസം പഠിക്കണമെന്നില്ല, മറിച്ച് ശുദ്ധ സ്നേഹത്തിന്റെ കാമ്പ് ഉള്ളിലൂണ്ടായാൽ മതിയെന്നു പറയുന്നത് വെറുതെയല്ല...

∙സുരക്ഷിതത്വം

ഈ ലോകത്തുള്ള എന്തിനേയും എതിർക്കാനും നേരിടാനും തനിക്കു കഴിയുമെന്നുള്ള തിരച്ചറിവാണ് സോൾമേറ്റിന്റെ സാന്നിധ്യത്തിലൂടെ നമുക്ക് ലഭിക്കുന്നത്. അതുവരെ നമ്മൾ ആരായിരുന്നെന്നോ എന്തായിരുന്നെന്നോ തുടങ്ങിയ കാര്യങ്ങൾക്ക് അവിടെ പ്രസക്തി ഇല്ല. അവരോടൊപ്പം നിൽക്കുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത മനഃസമാധാനവും സുരക്ഷിതത്വവും അനുഭവപ്പെടും. ഇത് നമ്മളെ ചിലപ്പോൾ ഒരു പുതിയ മനുഷ്യനാക്കിത്തീർത്തേക്കാം.

∙ കണ്ണും കണ്ണു കഥകൾ കൈമാറുമ്പോൾ

കണ്ണിൽ കണ്ണിൽ നോക്കയിരുന്നാൽ കാലങ്ങൾ പോകുന്നതറിയുമോ എന്ന കവിഭാവനയുടെ അത്രയും വരില്ലെങ്കിലും കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അത് നമ്മുടെ സോൾ മേറ്റിന്റെ കണ്ണിലേക്കാണെങ്കിൽ ചിലപ്പോൾ കാലങ്ങൾ കടന്നുപോകുന്നത് നമ്മൾ അറിയില്ല! കണ്ണുകൾ കൊണ്ടു കഥ പറയാനും കണ്ണിൽ കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് കാലങ്ങൾ കഴിച്ചുകൂട്ടാനും ഒരാളെ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്നു വിശ്വസിക്കുന്നവരുണ്ട്. അത്തരം ഭാഗ്യജോഡികളെയാണ് സോൾ മേറ്റ് എന്നു വിളിക്കുന്നതും.

English Summary : How did identify soulmate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA