ADVERTISEMENT

സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് കാലാവധി നിശ്ചയിക്കുന്നതാരാണ് എന്ന ചോദ്യം ഓർമയില്ലേ, ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലെ നിരുപമയുടെ ഡയലോഗ്? ആ ചോദ്യം ഓർമ വരും കണ്ണൂർ ജില്ലയിലെ കണ്ണവം മണന്തേരി ചിറ്റാരിപ്പറമ്പ് എന്ന മലയോരഗ്രാമത്തിലെ ജൻസീത എന്ന കലാകാരിയോടു സംസാരിച്ചാൽ. കാരണം വിവാഹം കഴിഞ്ഞ്, കുഞ്ഞു ജനിച്ച് ഉത്തരവാദിത്തങ്ങളേറെ ചുറ്റുംകൂടി തിക്കിത്തിരക്കുന്ന സമയത്താണ് തനിക്കേറെയിഷ്ടമുള്ള ചിത്രരചനയും ക്രാഫ്റ്റ് വർക്കുകളും ബോട്ടിൽ ആർട്ടും ഒക്കെയുള്ള മീ ടൈം ലോകത്തേക്ക് ജൻസീത തിരിച്ചു നടക്കാൻ തുടങ്ങിയത്. ചെറുപ്പത്തിലേ വരയ്ക്കുമായിരുന്നെങ്കിലും സജീവമായി ചിത്രംവര തുടങ്ങിയത് വിവാഹശേഷമാണെന്നു ജൻസീത പറയുന്നു.

കേരള പ്രസ് അക്കാദമിയിൽ നിന്ന് പബ്ലിക് റിലേഷനിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം രണ്ടര വർഷത്തോളം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു. പിന്നീട് വിവാഹജീവിതവും അതിന്റെ തിരക്കുകളുമായി ബെംഗളൂരുവിലേക്ക് ജീവിതം പറിച്ചു നട്ടു. അങ്ങനെ പോകുമ്പോഴാണ് മകളുടെ ജനനം. ജീവിതത്തിൽ വീണ്ടും തിരക്കു നിറഞ്ഞതിനാൽ ഔദ്യോഗിക ജീവിതത്തിന് താൽക്കാലിക വിരാമം. അപ്പോഴും ഏറെയിഷ്ടമുള്ള ചിത്രംവരയെ ഹൃദയത്തോടു ചേർത്തു നിർത്തി.

ചിത്രരചനയും ബോട്ടിൽ ആർട്ടും പൂന്തോട്ടമൊരുക്കലും ക്യാൻഡിൽ ഫ്ലവർ മേക്കിങ്ങുമൊക്കെയായി ജീവിതത്തിൽ നിറങ്ങളും സുഗന്ധങ്ങളും നിറയ്ക്കുന്നതിനെപ്പറ്റി മനോരമ ഓൺലൈനുമായി സംസാരിക്കുന്നു ജൻസീത.

ടിവി കാണാനിഷ്ടമല്ല, ഏറെയിഷ്ടം ചിത്രരചന

കുട്ടിക്കാലം മുതൽ ടിവി കാണാൻ ഇഷ്ടമില്ലായിരുന്നു. അപ്പോൾ കൈയിൽ ഇഷ്ടം പോലെ സമയമുണ്ട്. ചിത്രരചന ഇഷ്ടമായതുകൊണ്ട് ചെറുപ്പം മുതൽ തന്നെ വരയ്ക്കുമായിരുന്നു. അക്രിലിക് പെയിന്റ് ഉപയോഗിച്ചുള്ള വരയാണ് ഏറെയിഷ്ടം. മനുഷ്യരുടെ മുഖം പകർത്തുന്നതിനേക്കാളേറെയിഷ്ടം പ്രകൃതിയെ കാൻവാസിലാക്കാനാണ്. മറ്റു രാജ്യങ്ങളിലെ മനുഷ്യർ, അവരുടെ ജീവിതം ഒക്കെ വരയ്ക്കാനിഷ്ടമാണ്.

Jenseetha-Sarith-2

ഓയിൽ കാനിൽനിന്ന് ചെടിച്ചെട്ടി

എണ്ണ വാങ്ങുമ്പോൾ ലഭിക്കുന്ന വലിയ വെളുത്ത പ്ലാസ്റ്റിക് ക്യാനുകളെയാണ് ചെടിച്ചട്ടിയായി റീ യൂസ് ചെയ്തുപയോഗിക്കുന്നത്. കുറേ ക്യാനുകൾ ആകുന്നതുവരെ വെയിറ്റ് ചെയ്യും. പിന്നെ അവ ആകർഷകമായ രീതിയിൽ രൂപമാറ്റം വരുത്തി ഇഷ്ടമുള്ള നിറങ്ങളുപയോഗിച്ച് പെയിന്റ് ചെയ്താണ് ചെടിച്ചെട്ടിയാക്കുന്നത്. ഇൻഡോറിലും ഔട്ട്ഡോറിലും ഇവ ഒരുപോലെ ഉപയോഗിക്കാം.

Jenseetha-Sarith-4

പ്രകൃതി സൗഹൃദം ഈ ക്രാഫ്റ്റ് വർക്കുകൾ

പ്രകൃതിദത്തമായ അസംസ്കൃത വസ്തുക്കളാണ് ക്രാഫ്റ്റ് വർക്കുകൾക്ക് കൂടുതലായും ഉപയോഗിക്കുന്നത്. പാള, കവുങ്ങിന്റെ ഓല, മുളന്തണ്ടുകൾ, മെറ്റാലിക് നിറങ്ങൾ, നൂൽ ഇവയുപയോഗിച്ചുണ്ടാക്കുന്ന കരകൗശലവസ്തുക്കൾ വർഷങ്ങളോളം ഒരു കേടുപാടും സംഭവിക്കാതെയിരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇവയുടെ നിർമാണച്ചെലവും വളരെ കുറവാണ്.

Jenseetha-Sarith-3

യുട്യൂബ് ചാനൽ

ക്രാഫ്റ്റ്, ബോട്ടിൽ ആർട്ട്, ക്യാൻഡിൽ ഫ്ലവർ മേക്കിങ് എന്നിവ ഇഷ്ടപ്പെടുന്നവർക്കായി ഒരു യുട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ‘മൈ ഫാന്റസി’ വേൾഡ് എന്ന യുട്യൂബ് ചാനൽ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. ഇപ്പോൾ ലോക്ഡൗൺ ആയതുകൊണ്ട് പുറത്തുപോയി സാധനങ്ങൾ വാങ്ങിക്കാൻ കഴിയാത്തതിനാൽ ഒരുപാടു വിഡിയോകൾ അപ്‌ലോഡ് ചെയ്യാനാവുന്നില്ല. ഗാർഡനിങ്, കാൻഡിൽ മേക്കിങ് തുടങ്ങിയ കാര്യങ്ങളിൽ ടിപ്സ് നൽകുന്ന വിഡിയോസും അപ്‌ലോഡ് ചെയ്യാറുണ്ട്.

എക്സിബിഷൻ ഇപ്പോഴില്ല

എക്സിബിഷനുകളൊന്നും നടത്താൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. നല്ല പെയിന്റിങ്ങുകളും ബോട്ടിൽ ആർട്ടുകളും മറ്റും കണ്ടിഷ്ടപ്പെടുന്ന സുഹൃത്തുക്കളും ബന്ധുക്കളും അവരുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനായി അത് കൈയോടെ വാങ്ങിച്ചുകൊണ്ടു പോവുകയാണു പതിവ്. അതുകൊണ്ടുതന്നെ എക്സിബിഷൻ നടത്താൻ വേണ്ട കളക്‌ഷൻസ് നിലവിൽ കൈയിലില്ല. മകൾ കുറച്ചുകൂടെ മുതിർന്നാൽ ഇത് കുറച്ചുകൂടി സീരിയസായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

English Summary : Interview with artist Jenseetha Sarith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com