ADVERTISEMENT

മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ വൃന്ദാവനം എന്ന സീരിയൽ കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു. അതിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷെമി മാർട്ടിനാണ്. വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രം. ചില കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലാണ് സ്ഥാനം പിടിക്കുക. കാലമെത്ര കഴിഞ്ഞാലും അത് മായാതെ നിൽക്കും. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്ക് ഷെമി ഇന്നും ഓറഞ്ച് ആണ്. ഷെമിയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

എയർഹോസ്റ്റസ് വൃന്ദാവനത്തിലേക്ക്

ഞാൻ എയർഹോസ്റ്റസ് ആയിരുന്നു. നാലു വർഷം എയർഹോസ്റ്റസ് ജോലി ചെയ്തു. അതിനുശേഷം മടുപ്പ് തോന്നിയപ്പോൾ ജോലി രാജിവെച്ചു. ഇനിയെന്തു ചെയ്യണമെന്ന ലക്ഷ്യങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല.

ആ സമയത്താണ് മഴവിൽ മനോരമ ചാനൽ ആരംഭിക്കുന്നത്. അന്ന് അവിടെ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. ഞാനും ശ്രമിച്ചു. അങ്ങനെ ‘തനി നാടൻ’ എന്നൊരു പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അതു കണ്ടിട്ടാണ് എന്നെ വൃന്ദാവനത്തിലേക്ക് വിളിക്കുന്നത്. 

ബോൾഡ് ആണ് ഓറഞ്ച്

കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഓറഞ്ച്. ആ സമയത്തെ എന്റെ ആറ്റിറ്റ്യൂഡും അങ്ങനെയായിരുന്നു എന്നാണ് തോന്നുന്നത്. ആദ്യം എന്നെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്റെ ശരീരപ്രകൃതിയോ മുഖമോ ഒന്നും സീരിയലിനോ സിനിമയ്ക്കോ യോജിച്ചതാണ് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല. ഓറഞ്ച് പോലെയുള്ള കഥാപാത്രങ്ങൾ അന്ന് സീരിയലുകളിൽ ഉണ്ടായിരുന്നുമില്ല. ‌എന്തായാലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സീരിയൽ കഴിഞ്ഞിട്ട് ഏഴു വർഷം പിന്നിട്ടു. ഇപ്പോഴും ഓറഞ്ച് എന്ന കഥാപാത്രത്തിന്റെ പേരിൽ എന്നെ തിരിച്ചറിയുന്ന ആളുകളുണ്ട്. 

ഇത്തിരിപ്പൂവേ പൂങ്കിനാവേ

വൃന്ദാവനം’ എന്ന പേരിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ സീരിയൽ ഇടയ്ക്കുവച്ച് ‘നന്ദനം’ എന്ന പേരിൽ മറ്റൊരു ചാനലിലേക്ക് മാറ്റി. ആ സമയത്ത് ചിത്രീകരിച്ച ടൈറ്റിൽ സോങ് ആണ് ‘ഇത്തിരിപ്പൂവേ പൂങ്കിനാവേ പതിയെ പതിയെ ഉണരുന്നതോ’ എന്നത്. ആ പാട്ടിന്റെ ചിത്രീകരണം എനിക്ക് ഇന്നും ഓർമയുണ്ട്.  ഒരു ദിവസം രാവിലെയായിരുന്നു ഷൂട്ട്. അന്നാണ് ആദ്യമായി ആ പാട്ട് കേൾക്കുന്നതും. കേട്ടപ്പോൾ തന്നെ ആ ഗാനം മനസ്സിൽ സ്ഥാനം പിടിച്ചു. എന്തൊ വല്ലാത്തൊരു ഫീൽ ഉണ്ട് ആ പാട്ടിന്. ഒരുപക്ഷേ അതുകൊണ്ടാവും ഇപ്പോഴും ആ പാട്ട് ആളുകൾ ഓർക്കുന്നതും ടിക്ടോക്കിൽ നിറഞ്ഞു നിൽക്കുന്നതും. 

shemi-martin-1

ബ്രേക്, വിവാഹം, തിരിച്ചുവരവ്

വൃന്ദാവനത്തിനുശേഷം ഞാൻ ബ്രേക് എടുത്തു. വിവാഹവും കുട്ടികളുമൊക്കെയായി ജീവിതം മറ്റൊരു വഴിയിലൂടെയായിരുന്നു. ഇനി അഭിനയിക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ ഉള്ളിൽ ഒരു പാഷൻ ഉണ്ടെന്ന തിരിച്ചറിവാണ് ഒന്നര വർഷം മുമ്പ് വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരാനുള്ള കാരണം. മക്കൾ‌, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളുടെ ഭാഗമായി. ഇപ്പോൾ പൗർണമി തിങ്കൾ എന്ന സീരിയിലാണ് ചെയ്യുന്നത്. ബോൾഡ് ആയ കഥാപാത്രമാണ് അതും. ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് എപ്പോഴും താൽപര്യം. ഓറഞ്ച് പോലെ ശക്തമായ കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്ന ആളാണു ഞാൻ.

ഡിപ്രഷനെ തോൽപിച്ച ഹോബി

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഞാൻ ഡിപ്രഷനിലേക്ക് പോയിരുന്നു. ഒന്നിലും സന്തോഷം തോന്നാത്ത അവസ്ഥ. അല്ലെങ്കിൽ ഡിപ്രഷന്റെ സുഖമായിരുന്നു ആസ്വദിച്ചിരുന്നത് എന്നും പറയാം. സ്വയം തോൽവിയാണ്, ഒന്നിനും കൊള്ളില്ല എന്നെല്ലാമുള്ള ചിന്തകൾ. അതിൽ നിന്നെല്ലാം പുറത്തു വരാനായി ഞാൻ മനസ്സിനെ കുറിച്ചുള്ള അറിവുകളിലേക്കും ആത്മീയമായ കാര്യങ്ങളിലേക്കും മെഡിറ്റേഷനിലേക്കും നീങ്ങി. ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ഹോബി. അതുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാന്‍ സമയം കണ്ടെത്തുന്നു. അതെന്നെ സഹായിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഉപബോധമനസ്സിന് വലിയ ശക്തികളുണ്ട്. അത് ഞാൻ തിരിച്ചറിഞ്ഞു. എല്ലാവരും ഇക്കാര്യങ്ങൾ അറിയണമെന്ന ആഗ്രഹം എനിക്കുണ്ട്. ഇക്കാര്യങ്ങൾ മറ്റുള്ളവരോട് സംസാരിക്കുന്നതും എനിക്കിഷ്ടമാണ്.

കൊറോണക്കാലം

17നു ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയതു മുതൽ വീടിനകത്താണ്. ചേർത്തലയിലാണ് വീട്. വീട് വൃത്തിയാക്കലായിരുന്നു പ്രധാന പണി. പക്ഷേ പൊടിയുടെ അലർജി എനിക്ക് തുമ്മൽ‌ സമ്മാനിച്ചു. പിറ്റേന്ന് ചായക്ക്‌ പാൽ വാങ്ങാൻ സഞ്ചിയും തൂക്കി അടുത്തുള്ള കടയിൽ പോയി ‘ചേട്ടാ ഒരു പാക്കറ്റ് പാൽ’ എന്ന‌ു പറഞ്ഞു തീർന്നില്ല ഒരു നാല് തുമ്മൽ ഒന്നിച്ച് ! ഇതുകണ്ട് എനിക്ക് കൊറോണയാണോ എന്നായി കടയിലെ ചേട്ടന്റെ സംശയം. കുറച്ചു ദിവസം ആ ചേട്ടന്റെ നിരീക്ഷണത്തിലായിരുന്നു ഞാൻ. ഈ അനുഭവം ഞാൻ മനോരമ പത്രത്തിലൂടെ പങ്കുവച്ചിരുന്നു. ഇതു വായിച്ച് എനിക്ക് കൊറോണ ആണെന്നു വരെ വിചാരിച്ചവരുണ്ട്. അങ്ങനെയൊക്കെ ചില അനുഭവങ്ങളുണ്ടായി. 

ഇതിലെല്ലാം അപ്പുറം ഒരുപാട് കഷ്ടപ്പെടുന്നവർ നമുക്കിടയിലുണ്ട്. ജോലിക്കു പോകാനാകാത്തവർ, അസുഖങ്ങളാൽ വലയുന്നവർ. ആരോഗ്യവകുപ്പിലേതു ജീവനക്കാർക്ക് നിർബന്ധമായും ജോലിക്കു പോകേണ്ടി വരുന്നു.... ഇങ്ങനെ പലരീതിയിലാണ് മനുഷ്യരുടെ അവസ്ഥ. അകത്തിരുന്ന് ശീലമില്ലാത്തവരുണ്ടാകും. അവർക്ക് ഇതൊരു ബ്രേക്ക് ആയിരിക്കും. അടുത്തിടെ ഫെയ്സ്ബുക്കിൽ ഒരു ടാഗ് ലൈൻ കണ്ടിരുന്നു. ‘If you can't go outside, go inside’ എന്നായിരുന്നു അത്. നമ്മളെക്കുറിച്ച് ചിന്തിക്കാനും വിലയിരുത്താനുമൊക്കെ ലഭിക്കുന്ന അവസരമായി ഇതിനെ കാണാനാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. 

English Summary : Actress Shemi Martin Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com