ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ മറ്റുള്ളവരുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി രാപകലില്ലാതെ ഓടി നടക്കുകയാണ് ആരോഗ്യപ്രവർത്തകരും പൊലീസുകാരും. ഇതിൽ ആരോഗ്യ പ്രവർത്തകർ കൊറോണ ബാധിതരുടെ ജീവൻ നിലനിർത്താനായി പോരാടുമ്പോൾ, കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാൻ നിരത്തുകളിൽ സജീവമാകുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. 

വീടുകളിൽ നിന്ന് അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത് തടയുകയാണ് പ്രധാന ഉദ്ദേശ്യം. നാടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഭഗീരഥ പ്രയത്നം നടത്തുന്ന പൊലീസുകാരെ കണ്ടില്ലെന്നു നടിക്കാൻ കോഴിക്കോട് അന്നശ്ശേരിയിലെ ഒരു കൂട്ടം ചെറുപ്പക്കാർക്ക് കഴിഞ്ഞില്ല. അതിനാൽ റോഡിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ക്ഷീണമകറ്റാൻ കരിക്കുമായി ഇറങ്ങിയിരിക്കുകയാണ് അവർ. 

സംഘടനകളുടെയോ രാഷ്ട്രീയ പാർട്ടിയുടേയോ പിൻബലമില്ലാതെ, അന്നശ്ശേരിയിലെ നാട്ടുകാർ മനസറിഞ്ഞു ചെയ്യുന്ന ഈ സൽപ്രവൃത്തിയെപ്പറ്റി പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് പുതുശ്ശേരി ഉള്ളിയേരി തന്റെ ഫെയ്സ്‌ബുക്കിൽ കുറിച്ചപ്പോഴാണ് നാട്ടുകാർ പോലും അറിയുന്നത്. ഡ്യൂട്ടിയിലുള്ളപ്പോൾ മൂന്നു ചെറുപ്പക്കാർ അപ്രതീക്ഷിതമായാണ് ഇളനീരുമായി  എത്തിയതെന്ന് അദ്ദേഹം പറയുന്നു. 

മുഹമ്മദ് പുതുശ്ശേരിയും സംഘവും അത്തോളിയിൽ വാഹനപരിശോധന നടത്തുമ്പോഴാണ് ഒരു ഓട്ടോറിക്ഷ സമീപത്തു വന്നു നിൽക്കുന്നത്. ഓട്ടോയിൽനിന്ന് ഇറങ്ങിയ 3 പേർ ഇളനീർ എടുത്ത് വെട്ടുകയും ‘സാറെ ഇത് കുടിച്ചോളൂ’ എന്നു പറയുകയും ചെയ്തു. ഇതൊരു പുതിയ അനുഭവമായതിനാൽ അദ്ദേഹം കരിക്കുമായി എത്തിയവരോട് കാര്യങ്ങൾ തിരക്കി. ഏതു സംഘടനയുടെ ഭാഗമായാണ് കരിക്ക് വിതരണം എന്നു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ആരുടേയും മനസ്സ് നിറയ്ക്കും. 

‘‘ഞങ്ങൾ സംഘടനയൊന്നുമല്ല സാറെ, ഞങ്ങൾ അന്നശ്ശേരിക്കാരാണ്. 4 ദിവസമായി വെയിലത്ത് ഡ്യൂട്ടിചെയ്യുന്ന പൊലീസുകാർക്ക് ഇളനീർ കൊടുക്കുന്നുണ്ട്. ഇപ്പോൾ  കോഴിക്കോട് കൊടുത്തിട്ട് വരികയാണ്. ഇതിനുള്ള ചെലവ് ഞങ്ങൾ സ്വയം എടുക്കുന്നു  ഇളനീർ നാട്ടുകാർ അവരുടെ പറമ്പിൽ നിന്ന് ഇഷ്ടത്തോടെ തരുന്നു’’– കരിക്കുമായി വന്ന വ്യക്തികളിൽ ഒരാൾ പറഞ്ഞു. 

ഒന്നോ രണ്ടോ ദിവസം മാത്രമല്ല ഈ കരിക്ക് വിതരണം. അടുത്ത ദിവസത്തേക്കുള്ള 300 ഇളനീർ തയാറാക്കി വെച്ചിട്ടുണ്ടെന്നും അവർ  പറഞ്ഞു. പൊലീസുകാർ നൽകുന്ന കരുതലിന് പകരം നൽകാനുള്ള അന്നശ്ശേരിക്കാരുടെ ഈ മനസ് കണ്ടപ്പോഴാണ് മുഹമ്മദ് പുതുശ്ശേരിക്ക് അത് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കണമെന്നു തോന്നിയത്. 

ഇന്നലെ അത്തോളിയിൽ വാഹനപരിശോധന ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് ഞങ്ങളുടെ അടുത്തേക്ക് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്നത്...

Posted by Muhammadputhussery Ulliyeri on Tuesday, 7 April 2020

‘‘പൊലീസിൻെറ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പ്രതീക്ഷിച്ചല്ല അവരിത് ചെയ്യുന്നത് എന്ന് ഉറപ്പാണ്. ഞാനിത്രയൊക്കെ ചോദിച്ചിട്ടും എന്റെ പേര് ചോദിക്കാനോ പരിചയപ്പെടാനോ അവർ ശ്രമിച്ചില്ല. വെയിലത്ത് നിന്നിരുന്ന ഞങ്ങൾക്ക് ഇളനീർ കുടിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി. ‘പോട്ടെ സാറെ നാളെ കാണാമെന്നു’ പറഞ്ഞ് അവർ പോകുമ്പോൾ ഞാനവരെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഇത്രയും പേർക്കുള്ള ഇളനീർ സംഘടിപ്പിക്കാനും അവ ഓരോ പോസ്റ്റുകളിലെത്തിക്കുന്നതിനായി ജീവിത മാർഗമായ ഓട്ടോറിക്ഷയുമായി ഇറങ്ങുന്നു. ഇങ്ങനെയുള്ളവരും നമ്മുടെ നാട്ടിലുണ്ട്. വാർത്തകളിലും ചിത്രങ്ങളിലും ഇടം നേടാതെ നാടു പ്രയാസപ്പെടുമ്പോൾ അത് പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ തങ്ങളാൽ ആകുന്നത് ചെയ്യുന്നവർ. തീർച്ചായും ഇവർ നാടറിയേണ്ടവരാണ്. ഇവർ മാത്രമല്ല അവർക്ക് ഇളനീർ നൽകുന്ന നാട്ടുകാരേയും. പേരറിയാത്ത ആ മൂന്നു പേർക്കും അവരുടെ പ്രിയ നാട്ടുകാർക്കും എൻെറ ബിഗ് സല്യൂട്ട്’’– മുഹമ്മദ് പുതുശ്ശേരി തന്റെ കുറിപ്പിൽ നല്ലവരായ ആ അന്നശ്ശേരിക്കാരെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നു.

English Summary : lockdown days, Police officer shared a hearty experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com