ADVERTISEMENT

സീരിയൽ താരങ്ങളായ ജിഷിൻ മോഹൻ - വരദ ദമ്പതികളുടെ മകൻ മൂന്നു വയസുകാരൻ ജിയാൻ അല്പം അദ്ഭുതത്തിലും അതിലേറെ സന്തോഷത്തിലുമാണ്. ആ കുഞ്ഞിക്കണ്ണുകളിൽ ആകാംഷ നിറയ്ക്കുന്നത് കാര്യം മറ്റൊന്നുമല്ല, അച്ഛനും അമ്മയും കഴിഞ്ഞ കുറെ ദിവസങ്ങളായി വീട്ടിൽ തന്നെയുണ്ട്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അത് മൂലമുണ്ടായ ലോക്ഡൗണിനെ പറ്റിയും പറഞ്ഞാൽ മനസിലാകുന്ന പ്രായമില്ല കുഞ്ഞു ജിയാന്. അതിനാൽ തന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ അച്ഛനും അമ്മയ്ക്കുമൊപ്പം അടിച്ചു പൊളിക്കുകയാണ് ജിയാൻ. ലോക്ഡൗൺ കാല ജീവിതത്തെപ്പറ്റി ജിഷിൻ മോഹൻ മനോരമ ഓൺലൈനിനോട്...

മകനാണ് ലോകം, അവന്റെ ചിരിയാണ് സന്തോഷം 

ലോകം മുഴുവൻ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന പക്വതയുള്ള ഒരു വ്യക്തി എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ട്. എന്നാൽ ഈ സമയത്ത് നമുക്ക് ചെയ്യാനാകുന്ന വലിയ കാര്യം നമ്മുടെ ലോകത്തെ വീടിനുള്ളിലേക്ക് ഒതുക്കുക എന്നതാണ്. ഞങ്ങളും അതു തന്നെയാണ് ചെയ്യുന്നത്. മകൻ ജിയാനെ ചുറ്റിപ്പറ്റിയാണ് ഈ ദിവസങ്ങൾ കടന്നു പോകുന്നത്. അവന്റെ ഒപ്പം കളിക്കുക, അവനെ ഊട്ടുക, അവനു സന്തോഷം നൽകുന്ന മറ്റു കാര്യങ്ങൾ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ദിനചര്യകൾ. ലോക്ഡൗണിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അവൻ തന്നെയാണ്. കാരണം പതിവിന് വിപരീതമായി അച്ഛനും അമ്മയും ദിവസം മുഴുവനും അവന് ഒപ്പം തന്നെയുണ്ട്. അതിനാൽ സ്നേഹത്തിന്റെ കത്രികപ്പൂട്ടിട്ട് ഞങ്ങളെ പൂട്ടിയിരിക്കുകയാണ് കക്ഷി. എന്റെ മേല്‍ കയറി കുത്തിമറിയലാണ് കക്ഷിയുടെ പ്രധാന വിനോദം 

അത്യാവശ്യത്തിനു മാത്രം പുറത്തേക്ക് 

അനാവശ്യമായി ഒരു കാര്യത്തിനും പുറത്തിറങ്ങുന്നില്ല. നമ്മൾ സ്വയം ശ്രദ്ധിക്കേണ്ട കാലമാണിത്. അതിനാൽ സർക്കാർ പറയുന്ന കാര്യങ്ങളോട് പൂർണമായി സഹകരിക്കുന്നു. ആഴചയിൽ ഒരിക്കൽ മാത്രമാണ് പുറത്തേക്ക് ഇറങ്ങുന്നത്. കഴിയുന്നത്ര അവശ്യ സാധനങ്ങൾ ഒറ്റപോക്കിനു തന്നെ വാങ്ങി സൂക്ഷിക്കും. അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി വല്ലപ്പോഴും പുറത്തിറങ്ങിയാൽ തന്നെ, തിരിച്ചെത്തി ഉടൻ വസ്ത്രങ്ങൾ എല്ലാം അണുനാശിയിൽ ഇട്ട് അലക്കും. ശേഷം കുളിച്ചിട്ടേ വീട്ടുകാരുമായി ഇടപഴകുകയുള്ളൂ. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ..

പാചകം, വാചകം പിന്നെ ടിക്‌ടോക്

പൂർണമായും കുടുംബത്തിനൊപ്പം ഇരിക്കാൻ ലഭിക്കുന്ന അപൂർവം ചില സമയങ്ങളിൽ ഒന്നായാണ് ഈ അവസരത്തെ ഞാൻ കാണുന്നത്. അതിനാൽ കുടുംബാംഗങ്ങളുമായി ഒന്നിച്ചിരിക്കാനും ധാരാളം കാര്യങ്ങള്‍ സംസാരിക്കാനും സമയം കണ്ടെത്തുന്നു. അതോടൊപ്പം പാചകത്തിലും ഒരു കൈ നോക്കുന്നുണ്ട്. വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്നതും കുടുംബവുമൊത്ത് അതു കഴിക്കുന്നതുമൊക്കെ ഒരു സന്തോഷമാണ്. ഞാൻ വെജിറ്റേറിയൻ ആയതിനാൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമാണ് പരീക്ഷിക്കുന്നത്. വൈകുന്നേരങ്ങളിലെ സ്നാക്സുകളിലാണ് കൂടുതൽ പരീക്ഷണങ്ങളും. പിന്നെ ടിക്ടോക്കിൽ സജീവമാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. മകനെയും വീഡിയോകളിൽ ഉൾപ്പെടുത്തുന്നുണ്ട്. വീടിനുള്ളിൽ സുരക്ഷിതരായി ഇരുന്നുകൊണ്ട് തന്റേതായ വിനോദങ്ങളിൽ മുഴുകി മനസ് പോസിറ്റിവ് ആക്കി നിർത്തുക എന്നതാണ് എന്റെ രീതി.

വായനയിലേക്ക് മടങ്ങിയെത്തി

ഷൂട്ടിങ് തിരക്കുകളിൽ ഒഴിവാക്കി നിർത്തിയിരുന്ന വായനാശീലം വീണ്ടും തുടങ്ങി എന്നതാണ് ലോക്ഡൗൺ കാലത്തെ എടുത്ത് പറയത്തക്ക നേട്ടം. നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. വീട്ടിലുള്ള  പുസ്തകവായനക്കു പുറമെ ഇ-ബുക്സും ഇന്റർനെറ്റിൽ ലഭ്യമായ നല്ല ലേഖനങ്ങളും വായിക്കുന്നുണ്ട്. സൗഹൃദങ്ങൾ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ഗ്രൂപ്പ് തുടങ്ങി. അതിലും സജീവമാണ്. ‘അകലങ്ങളിൽ ഇരുന്നും അടുത്ത് നിൽക്കാം’ എന്ന് പഠിപ്പിക്കുകയാണ് ഈ കാലഘട്ടം.

English Summary : Actor Jishin Mohan on Lockdown Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com