ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ രാഹുലിന്റെ ജന്മദിനമായിരുന്നു ഏപ്രിൽ 18ന്. സഹതാരങ്ങളും സിനിമാ താരങ്ങളുമുൾപ്പടെ നിരവധിപ്പേർ രാഹുലിന് ആശംസകളുമായി എത്തിയെങ്കിലും സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയുടെ ആശംസയാണ് ശ്രദ്ധ നേടിയത്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഈ പോസ്റ്റ്.
‘‘സന്തോഷ ജന്മദിനം, എന്റെ ആൾ 🤍 @rahulkl’’ എന്നാണ് ആതിയ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രവും ഇതിനൊപ്പം പങ്കുവച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മുതലാണ് ഇരുവരും പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ജന്മദിനാശംസകൾ കൈമാറുകയും ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ താഴെ കമന്റുകൾ പങ്കുവയ്ക്കുകയും ചെയ്യുമെന്നല്ലാതെ ബന്ധം സ്ഥിരീകരിക്കാവുന്ന ഒന്നും ആരാധകർക്ക് ലഭിച്ചതുമില്ല. എന്നാൽ ഇപ്പോള്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനും ഇരുവരും പ്രണയത്തിലാണ് എന്ന് ഉറപ്പു നൽകുന്നതാണ് എന്നാണ് ആരാധകർ പറയുന്നത്. പലരും ഈ സംശയും ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നുമുണ്ട്.
സുനിൽ ഷെട്ടിയുടെയും മന ഷെട്ടിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ആതിയ ഷെട്ടി. 2015ൽ ഹീറോ എന്ന സിനിമയിലൂടെയാണ് ആതിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മക്കൾക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാമെന്നും അക്കാര്യത്തിൽ തനിക്ക് യാതൊരു പ്രശ്നമില്ലെന്നും സുനിൽ ഷെട്ടി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
English Summary : KL Rahul - Athiya Shetty Love and Life