ADVERTISEMENT

അതിജീവിച്ചവനാണ് മനുഷ്യൻ. ഒരോ പ്രതിസന്ധികളേയും മറികടന്ന് തലമുറകളെ മുന്നോട്ടു നയിച്ചവൻ. അപരിചിതമായ എല്ലാത്തിനേയും ഭയന്നു ജീവിച്ച ആദിമ മനുഷ്യനിൽ നിന്നു വളർന്ന് ആധുനിക മനുഷ്യനായി നിവർന്നു നിൽക്കുന്നു. ആ യാത്രയ്ക്ക് കരുത്തേകിയ ഒന്നേയുള്ളൂ. ജീവിക്കുക എന്ന മോഹം. ആ മോഹവും തലച്ചോറിലെ വൈഭവത്തിന്റെ വിത്തും ഇല്ലായിരുന്നെങ്കിൽ മനുഷ്യവംശം എന്നേ മണ്ണടിഞ്ഞേനേ. പക്ഷേ, പ്രതിസന്ധികളോടു പോരാടി മനുഷ്യർ ഇന്നും ഇവിടെയുണ്ട് !

കോവിഡ് 19 എന്ന മഹാമാരിയാണ് നാം നേരിടുന്ന പുതിയ വെല്ലുവിളി. കൊറോണ എന്ന വൈറസ് ലോകത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടു. രോഗഭീതി മാത്രമല്ല വേറയും ഭയം ഒപ്പമുണ്ട്. ജോലി ചെയ്തിരുന്ന നാടു വിട്ട് പലർക്കും പോകേണ്ടി വന്നു. കമ്പനികൾ അടച്ചു. ഉത്പാദനം നിലച്ചു. ഇനി എന്നാണ് എല്ലാം പഴയതു പോലെ ആകുക. അതു വരെ വരുമാനത്തിന് എന്തു ചെയ്യും ? ജോലി നഷ്ടപ്പെടുമോ ? വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിങ്ങനെ ആകുലകളും ചോദ്യങ്ങളും നിരവധിയാണ്. ഇതിനെയെല്ലാം അതിജീവിക്കുമോ? ഇതിലും വലുത് അതിജീവിച്ചതാണ് ചരിത്രം. ഈ അവസരത്തിൽ മലയാളികളുടെ പ്രിയതാരമായ ജോബി തന്റെ അതിജീവന കഥ പങ്കുവയ്ക്കുന്നു.

ഒറ്റയ്ക്കാണ് എന്നു തോന്നിയ നിമിഷങ്ങൾ

ജീവിതം ഒറ്റയ്ക്കാണ് എന്ന ചിന്ത നമ്മളിലുണ്ടാക്കും. എന്റെ രണ്ടാമത്തെ മകൻ ശ്രേയസിന് ഓട്ടിസമുണ്ട്. രണ്ടര വയസ്സുള്ളപ്പോഴാണ് അതു തിരിച്ചറിയുന്നത്. അതെ, അവന്‍ വ്യത്യസ്തനാണ്. സംസാരിക്കാനാകില്ല, മനസിലുള്ള കാര്യങ്ങൾ പ്രകടിപ്പിക്കാനാകില്ല. അതാരു സത്യമാണ്. അത് ഉള്‍കൊണ്ട് നമുക്കു മുന്നോട്ടു പോയേ തീരൂ. അതാണു ജീവിതം. ഞാനും പരിമിധികൾ ഉള്ള മനുഷ്യനാണ്. അതോർത്തു ദുഃഖിച്ചിരുന്നാൽ അവിടെ ഇരിക്കാം എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ. എന്നാൽ മുന്നോട്ടു പോകണമെന്ന വാശി എന്നും എനിക്ക് ഉണ്ടായിരുന്നു.

വർഷങ്ങൾക്കു മുമ്പ് മകന്റെ ചികിത്സയ്ക്കു വേണ്ടി സ്വദേശമായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേയ്ക്കു സ്ഥലമാറ്റം വാങ്ങി. കുടുംബസമേതമുള്ള ഒരു പറിച്ചു നടലായിരുന്നു അത്. യാതൊരു പരിചയവുമില്ലാത്ത സ്ഥലം. ഒറ്റയ്ക്കാണ് എന്ന ചിന്ത കഠിനമായിരുന്നു. എന്നും സൗഹൃദമായിരുന്നു എന്റെ കരുത്ത്. ഒരു സുഹൃത്തു പോലുമില്ലാത്ത സ്ഥലത്തേക്കാണ് ജീവിതം മാറ്റേണ്ടി വന്നത്. പക്ഷേ, അതൊരു വെല്ലുവിളിയാണ്. നമ്മൾ അതു മറികടക്കണം. അതിജീവിക്കണം. ആറു വർഷങ്ങൾക്ക് ശേഷം അവിടെ നിന്ന് തിരിച്ചു വരുമ്പോൾ വലിയൊരു സുഹൃദ്സംഘം എനിക്ക് ഉണ്ടായിരുന്നു.

പരസ്പരം തുണയാകാം

ഞാൻ മിമിക്രിയും അഭിനയവുമൊക്കെയായി നടക്കുന്ന സമയത്തും പിഎസ്‌സിക്ക് പഠിച്ചിരുന്നു. സുഹൃത്തുക്കളായിരുന്നു അന്ന് ഒപ്പം നിന്നത്. പരസ്പരം വാശിയോടെ ആയിരുന്നു ഞങ്ങളുടെ പഠിത്തം. ചോദ്യങ്ങൾ പങ്കുവയ്ക്കും, സംശയങ്ങൾ തീർക്കും. ജീവിതത്തിൽ പഠിച്ചതെല്ലാം അങ്ങനെയാണ്. അറിവുകൾ പങ്കുവയ്ക്കുമ്പോൾ മനസിൽ കൂടുതൽ ആഴത്തിൽ പതിയും. അങ്ങനെ പിഎസ്‌സി ടെസ്റ്റ് പാസായി കെഎസ്എഫ്‌യിൽ  ജൂനിയർ അസിസ്റ്റന്റായി നിയമനം കിട്ടി.

അന്ന് ഒപ്പം സുഹൃത്തുക്കളുണ്ടായിരുന്നത് കരുത്തായി. അങ്ങനെ ആരെങ്കിലുമൊക്കെ ഒപ്പം വേണം. കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വലിയ കരുത്താണ്. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കരുതലിന്റെയുമൊക്കെ പ്രാധാന്യം തിരിച്ചറിയേണ്ട ഒരു കാലമായി കൂടി ഇതിനെ കാണാം. അതെല്ലാം വലിയ ശക്തിയാണ്. ഈ മഹാവ്യാധിയെ ഒന്നിച്ചു നിന്നു വേണം കീഴടക്കാൻ.

വേദനയെ ചിരിച്ച് തോൽപിക്കുന്നവർ

കലാകാരന്മാരുടെ കാര്യം വലിയ കഷ്ടത്തിലാണ്. ഇതു സീസൺ സമയമാണ്. ഈ സമയത്ത് കിട്ടുന്നതായിരിക്കും ഒരു വർഷത്തെ അവരുടെ പ്രധാന വരുമാനം. ചെറിയൊരു വിഭാഗം മാത്രമാണ് ടെലിവിഷൻ പരിപാടികളിലൊക്കെ തിളങ്ങുന്നതും വരുമാനം ഉണ്ടാക്കുന്നതും. എന്നാൽ ഭൂരിഭാഗത്തിന്റെയും കാര്യം കഷ്ടമാണ്. സ്വയം വേദനിക്കുമ്പോൾ കൂടി മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നവരാണ് കലാകാരന്മാർ. ഈ കഷ്ടപ്പാടും ചിരിച്ചു കൊണ്ടു തന്നെ അവർ മറികടക്കും. 

ഈ നിമിഷവും കടന്നു പോകും

ജീവിതം ഒരു പോരാട്ടമാണ്. വെല്ലുവിളികൾ വന്നു കൊണ്ടേയിരിക്കും. അതു മറികടന്ന് നമ്മൾ മുന്നോട്ടു പോകണം. കെഎസ്എഫ്ഇയിൽ മാനേജർ ആയി ജോലി ചെയ്യുന്നതു കൊണ്ടു തന്നെ ആളുകൾ സാമ്പത്തികമായി കടന്നു പോകുന്ന ബുദ്ധിമുട്ടികൾ പെട്ടെന്നു മനസിലാക്കാം. കാര്യങ്ങൾ വളരെ കഷ്ടത്തിലാണ്. അക്ബർ ചക്രവർത്തിക്കു വേണ്ടി ഉപദേശകനായ ബീർബൽ ഉദ്യാനചുവരിൽ എഴുതിവച്ച ആ മാന്ത്രിക വാക്കുകളാണ് എല്ലാവരോടും എനിക്കു പറയാനുള്ളത് ‘ഈ നിമിഷവും കടന്നു പോകും’. പോരാടിയാൽ മാത്രമേ നമുക്ക് ജയിക്കാനാകൂ. നല്ലൊരു നാളേയ്ക്കു വേണ്ടി കാത്തിരിക്കാം. നമ്മൾ അതിജീവിക്കും...

English Summary : Actor Joby on Life and Sufferings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com