ADVERTISEMENT

ഹാസ്യകലാ ലോകത്ത് വലിയ വേദനയാണ് ഷാബുരാജിന്റെ മരണവാർത്ത സൃഷ്ടിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് പ്രിയ കലാകാരൻ വിടവാങ്ങൾ പല സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും വലിയ അളവിൽ തേടിയെത്തിയ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഷാബുരാജിന്റെ അപ്രതീക്ഷിത വിയോഗം. ജേഷ്ഠതുല്യനായ ഷാബുരാജിന്റെ ഓർമകൾ കലാകാരനും ടെലിവിഷൻ താരവുമായ ശംഭു കല്ലറ പങ്കുവയ്ക്കുന്നു.

‘‘നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. അത്രേയെറെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം കോമഡി സ്റ്റാർസിൽ എത്തുന്നത്. എനിക്കും ഷാബുവിനും ദീപു നാവായിക്കുളത്തിനും ഒരു മുറിയായിരുന്നു അവിടെ ലഭിച്ചത്. ലോക്ഡൗണിനെ തുടർന്ന് ഷൂട്ട് അവസാനിപ്പിച്ചു വരുമ്പോൾ ആ മുറിയിൽ നിന്നാണ് ഞങ്ങള്‍ ഇറങ്ങിയത്. സാധാരണ പോലെ സംസാരിച്ചും കളിച്ചും ചിരിച്ചും വൈകാതെ തിരിച്ചുവരാനാകും എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് എല്ലാവരും നാട്ടിലേക്കു തിരിച്ചത്. പക്ഷേ ഇനി ഞങ്ങളുടെ മുറിയിൽ ഷാബു ഉണ്ടാകില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. 

ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ഞങ്ങൾ രണ്ടു പേരും സ്ത്രീ വേഷങ്ങൾ ചെയ്തിരുന്നു. അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതു കൊണ്ട് പലപ്പോഴും അദ്ദേഹത്തിനു ലഭിക്കേണ്ട അഭിനന്ദനങ്ങൾ എന്നെ തേടിയെത്താറുണ്ട്. ‘ചേട്ടത്തിയും അനിയത്തിയും’ എന്നായിരുന്നു ഞങ്ങൾ അവിടെ അറിയപ്പെട്ടിരുന്നത്. രണ്ടു കലാകാരന്മാര്‍ തമ്മിലുള്ള ബന്ധമല്ല, സഹോദര ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നത്.

shambu-kallara
ശംഭു കല്ലറ

ഷാബു തിളങ്ങി നിൽക്കുന്ന സമയാണിത്. അദ്ദേഹത്തിന്റെ ‘സൈക്കോ ചിറ്റപ്പൻ’ പോലുള്ള കഥാപാത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റി. അങ്ങനെ ഒരു സമയത്താണ് വിയോഗം. അതിലുപരി അദ്ദേഹത്തിന്റെ നാലു മക്കളുടെ കാര്യം ആലോചിക്കുമ്പോഴാണ് വേദന സഹിക്കാനാവാത്തത്. മൂത്ത കുട്ടി എട്ടിലോ മറ്റോ ആയിട്ടുള്ളൂ. ഈ പരിപാടികളിൽ നിന്നു അദ്ദേഹത്തിനു കിട്ടുന്ന വരുമാനം കൊണ്ടാണ് ആ കുടുംബം കഴിഞ്ഞിരുന്നത്.

ഞാനിപ്പോൾ ആലപ്പുഴയിലാണ്. ലോക്ഡൗണ്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്കു പോകാനാകില്ല. അവസാനമായി ഒന്നു കാണാൻ പോലുമാകാതെ ഷാബു പോവുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ. 

English Summary : Sambhu Kallara on mimicry artist shabura's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com