ഷാബു തിരിച്ചുവരുമെന്ന് വിശ്വസിച്ചു; മക്കളെ സ്നേഹിച്ചു കൊതി തീരാതെ മടക്കം: ശശാങ്കൻ മയ്യനാട്

HIGHLIGHTS
  • ഷാബു തിരിച്ചുവരും എന്നു തന്നെയായിരുന്നു വിശ്വാസം
  • കുടുംബത്തിനു വേണ്ടിയായിരുന്നു ആ ജീവിതം
artist-sasankan-mayyanad-on-shaburaj-s-death
ഷാബു രാജും ശശാങ്കന്‍ മയ്യനാടും
SHARE

പകർന്നാടാൻ ഇനിയുമേറെ ബാക്കിയാക്കി, ജീവിച്ചു കൊതി തീരാതെ ഷാബുരാജ് വിടവാങ്ങിയതിന്റെ വേദനയിലാണ് സുഹൃത്തുക്കൾ. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകിയ ശേഷമായിരുന്നു പ്രിയകലാകാരൻ യാത്രയായത്. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും ലഭിക്കുകയെന്ന കലാകാരന്റെ സ്വപ്നം പൂവണിഞ്ഞ് ഏറെ വൈകാതെ ഷാബു വിടപറയുമ്പോൾ, ആ മരണം ഉൾകൊള്ളാനാകുന്നില്ല സുഹൃത്തും കലാകാരനുമായ ശശാങ്കൻ മയ്യനാടിന്. എത്രയോ വേദികളിൽ ഒന്നിച്ചു പ്രകടനം നടത്തി. എത്രയോ ഓര്‍മകൾ സമ്മാനിച്ചാണ് ഷാബു മടങ്ങുന്നത്. പ്രിയ സുഹൃത്തിന്റെ നീറുന്ന ഓർമകള്‍ ശശാങ്കൻ മയ്യനാട് പങ്കുവയ്ക്കുന്നു.

‘‘കൊല്ലത്തെ ആശുപത്രിയിലേക്ക് ഷാബുവിനെ മാറ്റിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ഷാബു അപ്പോൾ ഐസിയുവിൽ ആയിരുന്നു. കുഴപ്പമൊന്നുമുണ്ടാവില്ല, അവൻ തിരിച്ചുവരും എന്നു തന്നെയായിരുന്നു വിശ്വാസം. പക്ഷേ, പ്രതീക്ഷകൾ തകർത്ത് അവൻ പോയി. യാതാെരു അസുഖവുമുള്ളതായി അറിവില്ലായിരുന്നു. മുൻപ് ഒരു സൈലന്റ് അറ്റാക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്. 

വർഷങ്ങളായുള്ള പരിചയവും അതിൽ നിന്നു രൂപപ്പെട്ട ആത്മബന്ധവുമാണ് ഞങ്ങൾ തമ്മിലുള്ളത്. ‘കലാഭാവന’ എന്ന ട്രൂപ്പിലാണ് ആദ്യമായി ഒന്നിച്ചത്. എന്നെ പ്രശ്സതിയിലേക്ക് ഉയർത്തിയ ‘ആദ്യരാത്രി’ എന്ന സ്കിറ്റ് ആദ്യം വേദികളിലാണ് അവതരിപ്പിച്ചത്. അന്ന് ഷാബുവായിരുന്നു എന്റെ അമ്മ വേഷം ചെയ്തത്. ഒരുപാട് വേദികളിൽ ഷാബു അമ്മയായി കയ്യടി നേടി. 

‘മാഗ്‌നറ്റോ’ എന്ന സമതിയിലായിരുന്നു ഞങ്ങൾ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ പ്രോഗ്രാം സൂപ്പർ ഹിറ്റ് ആയിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷം  പ്രോഗ്രാം അധികം വേദികളിൽ അവതരിപ്പിക്കാനായില്ല. അതുകൊണ്ട് അടുത്ത വർഷവും ഇതേ പ്രോഗ്രാം തുടരാനും ഈ ടീമിനെ നിലനിർത്താനും മാഗ്‌നറ്റോ തീരുമാനിച്ചു. പക്ഷേ ഇനി ആ പ്രോഗ്രാമിന് ഷാബു ഉണ്ടാവില്ല. എത്ര ശ്രമിച്ചിട്ടും ഇക്കാര്യം ഉൾകൊള്ളാനാവുന്നില്ല. എത്ര അപ്രതീക്ഷിതമായ വിയോഗമാണിത്. പകർന്നാടാൻ എത്രയോ വേഷങ്ങള്‍ ബാക്കിയാക്കിയാണ് അവൻ പോയത്.

നാട്ടിൽ കാണുന്നവരെല്ലാം ചോദിക്കുന്നത് ഷാബുവിനെ കുറിച്ചാണ്. കലയേയും ഹാസ്യത്തേയും സ്നേഹിക്കുന്നവർക്ക് മറക്കാനാവില്ല ആ മുഖം. അത്രയേറെ ചിരിപ്പിച്ചിട്ടുണ്ട് എല്ലാവരേയും. 

കഷ്ടപ്പാടുകളില്‍ ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്താണ് അവന്‍ യാത്രയാകുന്നത്. കുടുംബത്തിനു വേണ്ടിയായിരുന്നു ആ ജീവിതം. നാലു മക്കളുണ്ട്. ഭാര്യ രോഗിയാണ്. മക്കളെ സ്നേഹിച്ച് അവനു കൊതി തീർന്നിട്ടില്ല. ഷാബുവിനെ സ്നേഹിച്ചും ആർക്കും കൊതി തീർന്നു കാണില്ല. വീണ്ടും ഒരു ജന്മമുണ്ടെങ്കിൽ അത് അവനു വേഗം ലഭിക്കട്ടേ എന്നാണ് എന്റെ പ്രാർഥന. 

English Summary : Sasankan Mayyanad on mimicry artist shaburaj's death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA