ADVERTISEMENT

ലോക്ഡൗണിൽ ദുരിതത്തിലായവരെ സഹായിക്കാൻ ഭൂമി വിറ്റ് പണം കണ്ടെത്തി സഹോദരങ്ങൾ. കർണാടകയിലെ കോളാർ സ്വദേശികളായ താജ്മുൾ പാഷ, മുസമിൽ പാഷ എന്നിവരാണ് നഗരപ്രദേശത്തുണ്ടായിരുന്ന ഭൂമി വിറ്റത്. 25 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിച്ചത്. വരുമാനമില്ലാതെ വലയുന്നവരുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുകയാണ് ചെയ്യുന്നത്.

‘കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വീട്ടിൽ തന്നെ ഇരിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണം ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ ആളുകൾ വീട്ടിലിരിക്കും. അതിനു ഏറ്റവും നല്ല മാർഗം ആവശ്യമുള്ള അരിയും പലചരക്കു സാധനങ്ങളും വീട്ടിലെത്തിക്കുന്നതാണ്. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് താജ്മുൾ ദേശീയ മാധ്യമം ഡെക്കാൺ ക്രോണിക്കളിനോടു പറഞ്ഞു.

25 ലക്ഷം രൂപയ്ക്ക് സാധനങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചു. അതിനുശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ കിറ്റുകളായി തിരിച്ചു. 10 കിലോ അരി, രണ്ട് കിലോ ഗോതമ്പ്, ഒരു കിലോ പഞ്ചസാര, ഓയിൽ, കറിക്കൂട്ടുകൾ, സാനിറ്റൈസർ തുടങ്ങിയ സാധനങ്ങളാണ് ഒരോ കിറ്റിലുമുള്ളത്. ആവശ്യക്കാരെ കണ്ടെത്തി ഇതെല്ലാം വിതരണം ചെയ്തു. വീടിനടുത്ത് ഒരു കമ്യൂണിറ്റി കിച്ചൺ സ്ഥാപിച്ച് വീടില്ലാത്തവർക്ക് ആഹാരം നൽകാനുള്ള സംവിധാനവുമൊരുക്കി. നാട്ടിൽ എല്ലാവർക്കും മുന്നു നേരം ഭക്ഷണം കഴിക്കാനാകണം എന്നതാണ് ഇവരുടെ ലക്ഷ്യം. 

താജ്മുളിന് എട്ടും മുസമിലിന് അഞ്ചും വയസുള്ളപ്പോഴാണ് മാതാപിതാക്കൾ മരിക്കുന്നത്. അതിനുശേഷം ഉപജീവനമാർഗം തേടി മുത്തശ്ശിയോടൊപ്പം ഇവർ കോളാറിലേക്ക് എത്തി. ‘‘അന്ന് നല്ലവനായ ഒരു മനുഷ്യൻ മസ്ജിദിനടുത്ത് ഞങ്ങൾക്ക് വീട് തന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരുമുൾപ്പടെ പല മതത്തിലുള്ള മനുഷ്യർആഹാരം നൽകി. മനുഷ്യത്വമായിരുന്നു എല്ലാവരേയും ഒന്നിപ്പിച്ചു നിർത്തിയത്. അന്നു ഞങ്ങൾ അനുഭവിച്ച മനുഷ്യത്വം ഇപ്പോള്‍ മറ്റുള്ളവർക്ക് പകർന്നു നൽകുന്നു. അത്രമാത്രം’’– തങ്ങളുടെ പ്രവർത്തിയെക്കുറിച്ച് താജ്മുൾ പറഞ്ഞ‌തിങ്ങനെ.

ചെറിയ ജോലികളും കച്ചവടവുമൊക്കെ ചെയ്താണ് ഇവർ മെച്ചപ്പെട്ട നിലയിൽ എത്തിയത്. കുട്ടിക്കാല അനുഭവങ്ങൾ ഭക്ഷണത്തിന്റെ വില മനസിലാക്കി തന്നുവെന്നും ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവരെ കാണുമ്പോൾ പഴയതെല്ലാം ഓർമ വരുമെന്നും താജ്മുള്‍ പറഞ്ഞു.

ഇതുവരെ 2,800 കുടുംബങ്ങളിലേക്കാണ് കിറ്റുകൾ എത്തിച്ചത്. കമ്യൂണിറ്റി കിച്ചൺ വഴി 2000 പേർക്ക് ആഹാരം നല്‍കി. സമാന ചിന്താഗതിക്കാരായവരെ കണ്ടെത്തി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് ഈ സഹോദരങ്ങൾ ഇപ്പോൾ. ‘‘ദൈവം ഞങ്ങൾക്കു നൽകിയത് സമ്പത്ത് ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കാൻ ആവുംവിധം ശ്രമിക്കുന്നുണ്ട്. ലോക്ഡൗൺ തീരും വരെ ഈ സഹായങ്ങൾ തുടരണമെന്നാണ് ആഗ്രഹം’’– താജ്മുൾ വെളിപ്പെടുത്തി.

English Summary : Brothers sell their land to feed people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com