ADVERTISEMENT

ടെലിവിഷന്‍ പ്രേക്ഷകർക്ക് അനിയത്തിക്കുട്ടിയാണ് അനുമോൾ. കഥാപാത്രങ്ങളായല്ല, അനുമോള്‍ ആയി തന്നെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെ മിനിസ്ക്രീനിലെത്തിയ അനുമോൾ, ‘ടമാർ പടാർ’ എന്ന ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. സ്റ്റാർ മാജിക്കിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

ലോക്ഡൗണിലായതോടെ തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാടുള്ള വീട്ടിലാണ് താരം. അനുമോളുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ലോക്ഡൗൺ ദിനങ്ങൾ

ഇത്രയധികം ദിവസങ്ങൾ എങ്ങനെ വീട്ടിലിരിക്കുമെന്ന ആശങ്കയിലായിരുന്നു ഞാൻ. വീട്ടിലിക്കുന്നത് ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷേ, ഇപ്പോൾ വീട്ടിലിരുന്ന് സെറ്റായി എന്നു പറയാം. അമ്മയും അച്ഛനും ചേച്ചിയും ഭർത്താവും അവരുടെ കുഞ്ഞും വീട്ടിലുണ്ട്. ഇത്രയും പേരുള്ളതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. പിന്നെ ഷൂട്ടിന്റെ തിരക്കു കാരണം കാണാതെ പോയ കുറേ നല്ല സിനിമകൾ ഉണ്ട്. അതെല്ലാം ഇപ്പോൾ കാണുന്നുണ്ട്. ചെറിയ ആർട് വർക്കുകൾ ചെയ്യുക, ലൂ‍ഡോ കളിക്കുക, ടിക്ടോക് ചെയ്യുക എന്നിവയാണ് സമയം ചെലവഴിക്കാനുള്ള മറ്റു മാർഗങ്ങൾ. കുറച്ച് പാചക പരീക്ഷണങ്ങളും തുടങ്ങിയിട്ടുണ്ട്. പാചകത്തിൽ എന്തായാലും മെച്ചപ്പെട്ടിട്ടുണ്ട്. 

anu-mol-3

വീട്ടിലിരുന്നിട്ട് ഇപ്പോൾ പുറത്തു പോകാൻ മടിയായി തുടങ്ങി. കുറച്ചു ദിവസം ലോക്ഡൗൺ നീട്ടിയാലും കുഴപ്പമില്ല എന്നതാണ് എന്റെ അവസ്ഥ. പക്ഷേ, നമ്മുടെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ, ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന ഒരുപാട് പേരില്ലേ. രോഗത്തിന്റെ ഭീതിയിൽ ജീവിക്കുന്നവരും നിരവധിയാണ്. അതുകൊണ്ട് എല്ലാം വേഗം ശരിയാകട്ടേ എന്നാണ് പ്രാർഥന. 

സ്റ്റാർ മാജിക് മിസ് ചെയ്യുന്നു

ഈ ദിവസങ്ങളിൽ ഏറ്റവുമധികം മിസ് ചെയ്യുന്നത് സ്റ്റാർ മാജിക് ആണ്. ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെയാണ്. തമാശകളും ചിരിയും ഗെയിമുകളുമായി അടിച്ചുപൊളിയാണവിടെ. ഒപ്പമുള്ള ആർടിസ്റ്റുകൾ ആയാലും അണിയറ പ്രവർത്തകരായാലും എനിക്ക് തരുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണ്. അതെല്ലാം ഇപ്പോൾ മിസ് ചെയ്യുന്നു. 

anu-mol-2

ലോക്ഡൗണിലെ ജന്മദിനം

കഴിഞ്ഞ വർഷം ജന്മദിനത്തിൽ വലിയ ആഘോഷമായിരുന്നു. സ്റ്റാര്‍ മാജിക് ഔഫീഷ്യൽ ഫാൻസ് ഗ്രൂപ്പിലെ ചേട്ടന്മാരെല്ലാം ചേര്‍ന്നി ഗംഭീരമായാണ് ആഘോഷം നടത്തിയത്. അതുപോലെ ഒരു ആഘോഷം എന്റെ ജന്മദിനത്തിന് ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു. എല്ലാ വർഷവും ഇതുപോലെ ആഘോഷിക്കാമെന്നും അന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ കൊറോണയും ലോക്ഡൗണും ആയി.

വീട്ടില്‍ പ്രത്യേകിച്ച് ആഘോഷമൊന്നും വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. എന്നാൽ രാവിലെ എനിക്ക് ഫെയ്സ്ബുക്കിൽ ഒരു മെസേജ് വന്നു. ആരാധകനാണെന്നും എന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്കുമായി വരുന്നുണ്ടെന്നും വീട് എവിടെയാണ് എന്നു ചോദിക്കുന്നതുമായിരുന്നു ആ മെസേജ്. ഞാൻ ആദ്യം വിശ്വസിച്ചില്ല. പിന്നെ ആ ചേട്ടന്‍ കേക്കിന്റെ ചിത്രമൊക്കെ അയച്ചു തന്നു. ഞാൻ ആൾക്ക് വീടിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു. പുള്ളി വന്നു, എല്ലാവരും ചേർന്ന് ആഘോഷമായി കേക്ക് മുറിച്ച് ഭക്ഷണമെല്ലാം കഴിച്ചാണ് മടങ്ങിയത്.

അതുകഴിഞ്ഞ് വൈകീട്ട് എന്റെ അടുത്ത സുഹൃത്തുക്കൾ കേക്കുമായി വന്നു. അതും വലിയ സർപ്രൈസ് ആയി. അങ്ങനെയായിരുന്നു ലോക്ഡൗണിലെ ജന്മദിനം.

ഇപ്പോൾ‌ ഞാനും ലൈവ്

സമൂഹമാധ്യമങ്ങളിൽ ലൈവ് ചെയ്യാൻ എനിക്ക് ഒരിക്കലും ധൈര്യമുണ്ടായിരുന്നില്ല. പലരുടെയും ലൈവുകൾക്ക് ലഭിക്കുന്ന മോശം കമന്റുകൾ കാണുമ്പോള്‍ എനിക്ക് പേടിയാവും. അതുകൊണ്ടു തന്നെ ഒരുപാട് പേർ പിന്തുടരുന്ന അക്കൗണ്ട് ഉണ്ടെങ്കിലും ഞാനിതുവരെ ലൈവ് ചെയ്തിട്ടില്ല. എന്നാൽ ഈ ലോക്ഡൗണ്‍ കാലത്ത് അതിനു മാറ്റം വന്നു. ജന്മദിനത്തിന്റെ അന്ന് സ്റ്റാർ മാജിക്കിന്റെ ഒഫീഷ്യൽ ഫാൻസ് ഗ്രൂപ്പിലൂടെ ഞാൻ ആദ്യമായി ലൈവ് ചെയ്തു. ഇതിനിടിയിൽ ഒരിക്കലും മോശം കമന്റുകളൊന്നും ഉണ്ടായില്ല. അതോടെ കൂടുതൽ ധൈര്യവും കിട്ടി. തുടർന്ന് പല പേജുകളിലും ഗ്രൂപ്പുകളിലും ലൈവ് ചെയ്തു.

anu-mol-1

ലോക്ഡൗണ്‍ തീർന്നാൽ ജിം

ഞാൻ ജിമ്മിൽ പോകുന്നുണ്ടായിരുന്നു. ലോക്ഡൗണിൽ സ്വാഭാവികമായി അതു മുടങ്ങി. വീട്ടിലിരുന്ന് ഞാൻ നന്നായി തടിവെയ്ക്കുകയും ചെയ്തു. ഇനി ലോക്ഡൗൺ തീർന്നാൽ ആദ്യം പോകുന്ന സ്ഥലം ജിം ആയിരിക്കും. വർക്കൗട്ട് വീണ്ടും തുടങ്ങണം. പഴയതു പോലെ ആകണം. 

അഭിനയം, സ്വപ്നങ്ങള്‍ 

ചെറിയ കഥാപാത്രമാണെങ്കിലും നല്ല സിനിമകളുടെ ഭാഗമാകാനേ താൽപര്യമുള്ളൂ. നല്ല കഥാപാത്രങ്ങൾ ചെയ്യണം. മികച്ച സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിക്കണം. മമ്മൂക്കയും ലാലേട്ടനുമുള്‍പ്പടെ വലിയ നടന്മാരുടെ കൂടെ അഭിനയിക്കുക എന്നതും സ്വപ്നമാണ്.

English Summary : Actress Anu mol Karthu Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com