ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ ഭാര്യയ്ക്കു വേണ്ടി ജീവിക്കണം; നൊമ്പരമായി ഇർഫാന്റെ വാക്കുകൾ

irrfan-khan-on-wife-sutapa-s-support-heart-touching-words
SHARE

ബോളിവുഡിനെയും ആരാധകരേയും ഞെട്ടിച്ചാണ് ഇർഫാൻ ഖാന്റെ മരണവാർത്ത പുറത്തു വന്നത്. ഇർഫാൻ മരിച്ചെന്ന വ്യാജവാർത്തകൾ മുൻപ് പ്രചരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ പലപ്പോഴായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. എന്നാൽ അതെല്ലാം മറികടന്ന് കൂടുതൽ ശുഭാപ്തി വിശ്വാസത്തോടു കൂടിയാണ് ഓരോ തവണയും ഇർഫാ‍ന്‍ തിരിച്ചു വന്നിട്ടുള്ളത്. എന്നാൽ ഇനി അങ്ങനെ തിരിച്ചുവരാൻ ഇർഫാനില്ല. ആ വിയോഗത്തിൽ ഏറ്റവുമധികം നൊമ്പരമാകുന്നത് ഭാര്യ സുതപയാണ്. ജീവിതത്തിലേക്കു തിരിച്ചു വന്നാൽ അവൾക്കു വേണ്ടി ജീവിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഏറെ കഴിയും മുൻപാണ് ആ വിയോഗം.

കഴിഞ്ഞ മാസം മുംബൈ മിററിനു നൽകിയ അഭിമുഖത്തിലാണ് ഇർഫാൻ ഭാര്യയുടെ പിന്തുണയെക്കുറിച്ച് പറഞ്ഞത്. കാൻസറിനോട് പോരാടി കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഭാര്യ സുതപ സിക്ദറിന്റെ പിന്തുണ എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടാണ് വികാരഭരിതനായി ഇർഫാൻ പ്രതികരിച്ചത്. ‘‘സുതപയെ കുറിച്ച് എന്താണ് പറയുക ? അവൾ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു. എന്നെ പരിചരിച്ച് എനിക്കൊപ്പം നിന്നു. ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ അവൾക്കു വേണ്ടി ജീവിക്കണം. അവളാണ് ഞാനിപ്പോഴും ഇവിടെ നിൽക്കുന്നതിനുള്ള കാരണം.’’ – ഇർഫാൻ പറഞ്ഞു. 

കോളജ് പഠനകാലത്താണ് ഇർഫാനും സുതപയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 1995ൽ ഇവർ വിവാഹിതരായി. ബബിൽ, അഹാൻ എന്നിങ്ങനെ രണ്ട് ആൺ മക്കളുണ്ട്. 

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇർഫാന് 2011 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്. 

English Summary : Irrfan Khan on wife sutapa's support

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA