ADVERTISEMENT

അടുത്തറിയുംതോറും അദ്ഭുതമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവിതകഥ. സ്റ്റാർട്ടപ് എന്ന വാക്ക് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന കാലത്ത് സ്റ്റാർട്ടപ് തുടങ്ങി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ കഥ ആർക്കും പ്രചോദനകരമാണ്. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിച്ച് തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് എന്ന 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റുവരവുമുള്ള കമ്പനിയായി മാറിയത്. പിന്നീട് വിനോദമേഖലയിലേക്കും റിയൽഎസ്റ്റേറ്റിലേക്കും അദ്ദേഹം വേരുകൾ പടർത്തി. കൊച്ചിയിലും ബെംഗളുരുവിലും വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്കുകൾ ഏറെ ജനപ്രീതി നേടി. 

ഒരു വിജയിച്ച ബിസിനസുകാരൻ എന്നതിലുപരി നിലപാടുകൾ കൊണ്ടുകൂടിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. ലോഡ് ഇറക്കുമ്പോൾ നോക്കുകൂലി ചോദിച്ചവരെ നോക്കുകുത്തികളാക്കി അദ്ദേഹം ചുമട് സ്വയം ഇറക്കിയതും, ജീവിച്ചിരിക്കുമ്പോൾ തന്നെ വൃക്ക ദാനം ചെയ്തതും, തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണിക്കെതിരെ ശബ്ദമുയർത്തുന്നതുമെല്ലാം ഉദാഹരണം. കൊച്ചൗസേപ്പ്  തന്റെ ജീവിതകഥ പങ്കുവയ്ക്കുന്നു.

വി-ഗാർഡിന്റെ തുടക്കം 

കോളജ് പഠനത്തിന് ശേഷം മൂന്ന് വർഷത്തോളം തിരുവനന്തപുരത്ത് ജോലി ചെയ്തു. സ്വന്തമായി എന്തെങ്കിലും ചെയ്യണം, ഇപ്പോൾ ലഭിക്കുന്നതിലും വരുമാനം ലഭിക്കണം എന്നീ ആഗ്രഹങ്ങൾ വർധിച്ചപ്പോൾ ജോലി രാജിവച്ചു. ബിസിനസ് തുടങ്ങണം എന്നു പറഞ്ഞപ്പോൾ ആദ്യം വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാരണം അന്നു ബിസിനസ്സ് ചെയ്തു വിജയിച്ചവർ വളരെ കുറവായിരുന്നു. പക്ഷേ  ഞാൻ ഉറച്ചുനിന്നു. ഇലക്ട്രോണിക്സിലുള്ള അറിവും മൂന്ന് വർഷത്തെ തൊഴിൽ പരിചയവുമായിരുന്നു മൂലധനം. 

അന്ന് മലയാളി ഗൾഫിലേക്ക് ചേക്കേറിത്തുടങ്ങിയ കാലമാണ്. അതുവഴി ഇലക്ട്രോണിക് ഉപകരണങ്ങൾ വീടുകളിൽ സാന്നിധ്യമറിയിച്ചു തുടങ്ങി. അന്നൊക്കെ വോൾട്ടേജ് വ്യതിയാനം വ്യാപകമായുള്ള സമയമാണ്. അങ്ങനെയാണ് സ്റ്റെബിലൈസർ നിർമാണം ബിസിനസ് ആക്കാൻ തീരുമാനിച്ചത്. എറണാകുളത്തു വന്നു ഒരു ഓടിട്ട ഷെഡ് വാടകയ്‌ക്കെടുത്ത് വി-ഗാർഡ് തുടങ്ങി. പിതാവ് ഒരു ലക്ഷം രൂപ നൽകി സഹായിച്ചു. അപ്പൻ ഒരു നിബന്ധന മാത്രമേ പറഞ്ഞുള്ളു പണം ലോൺ ആയിട്ട് തരാം പക്ഷേ യുവതികളെ ജോലിക്കു നിർത്തരുത്. കാരണം ഞാനന്ന് അവിവാഹിതനാണ്. എന്റെ വിവാഹം കഴിഞ്ഞിട്ട് മാത്രമേ യുവതികളെ ജോലിക്ക് വയ്ക്കാവൂ എന്നായിരുന്നു അപ്പന്റെ വിചിത്രമായ കരാർ. അത് ഞാൻ പാലിക്കുകയും ചെയ്തു. തുടക്കത്തിൽ രണ്ടു ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ഞാൻ തന്നെയാണ് നിർമാണവും വിതരണവും മാർക്കറ്റിങ്ങുമെല്ലാം ചെയ്തിരുന്നത്. അന്നെനിക്കൊരു ലാംബി സ്‌കൂട്ടറുണ്ട്. അതിലായിരുന്നു പരക്കംപാച്ചിൽ.

വി-ഗാർഡും എ.ആർ റഹ്മാനും

തുടക്കത്തിൽ പരസ്യം ചെയ്യാൻ പണം ഇല്ലായിരുന്നു. വോൾ പെയിന്റിംഗ് ആയിരുന്നു ആദ്യത്തെ പരസ്യ മാധ്യമം. പിന്നീട്  ബിസിനസ് പച്ചപിടിച്ചപ്പോഴാണ് പത്രത്തിൽ പരസ്യം ചെയ്യാൻ തുടങ്ങിയത് . പിന്നെ ടിവിയിൽ പരസ്യം കൊടുക്കാൻ തീരുമാനിച്ചു. ചെന്നൈയിൽ വച്ചാണ് ഷൂട്ടിങ്. എന്റെ ഒരു സുഹൃത്തിന്റെ ശുപാർശപ്രകാരം പരസ്യത്തിന്റെ സംഗീതം ഒരുക്കാൻ ദിലീപ് എന്നൊരു പയ്യനെ ഏൽപിച്ചു. അയാൾ നന്നായി ജിംഗിൾ ഒരുക്കി. പരസ്യം ശ്രദ്ധിക്കപ്പെട്ടു. ആ ദിലീപാണ് പിന്നീട് ലോകപ്രശസ്തനായ എ.ആർ റഹ്മാൻ!

വണ്ടർലായുടെ തുടക്കം..

20 വർഷംകൊണ്ട് വി-ഗാർഡ് ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു. വിറ്റു വരവ് ധാരാളമായി ഉയർന്നു. ഞാൻ നേതൃസ്ഥാനത്ത് ഇല്ലെങ്കിലും എന്റെ വിശ്വസ്തരായ ജീവനക്കാർ സ്ഥാപനം നന്നായി കൊണ്ടുപോകുമെന്ന് ഉറപ്പായി. പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങി. ഡിസ്നി ലാൻഡ്, സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോ തുടങ്ങിയ അമ്യൂസ്‌മെന്റ് പാർക്ക്  സന്ദർശിച്ചപ്പോൾ തോന്നിയ കൗതുകത്തിൽ നിന്നാണ് വണ്ടർലാ എന്ന ആശയം ഉദിച്ചത്. 2000ൽ  22 കോടി രൂപ മുതൽ മുടക്കിൽ ചെറിയ തോതിൽ ആരംഭിച്ച വണ്ടർലാ അതിന്റെ മികവ് കൊണ്ട് കേരളത്തിൽ വിജയിച്ചു. പിന്നീട് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വണ്ടർലാ  വ്യാപിച്ചു. വി ഗാർഡിന്റെ മേൽ നോട്ടം ഇപ്പോൾ മകൻ മിഥുന്റെ കൈകളിൽ ആണ്. ചെന്നൈയിലും വണ്ടർലാ ആരംഭിക്കാൻ ഉള്ള പണിപ്പുരയിലാണ്...

വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ തുടക്കം... 

മക്കൾ ബിസിനസിലേക്ക് പ്രവേശിച്ചപ്പോൾ എനിക്ക് ലഭിച്ച അധിക സമയം റിയൽഎസ്റ്റേറ്റ്  ബിസിനസ്സ് തുടങ്ങാൻ കാരണമായി . വണ്ടർലായുടെ നിർമാണസമയത്ത് എല്ലാക്കാര്യങ്ങളിലും ഞാൻ ഇടപെടുമായിരുന്നു. അങ്ങനെ ലഭിച്ച ആത്മവിശാസം കൈമുതലാക്കിയാണ് നിർമാണമേഖലയിലേക്ക് ഇറങ്ങിയത്. ഇക്കോഫ്രണ്ട്‌ലി, ക്വാളിറ്റി, റെസ്പോൺസിബിൾ ബിൽഡർ എന്നീ മൂന്നു ഘടകങ്ങൾ വീഗാലാൻഡ് ഡെവലപ്പേഴ്സിനെ വിജയത്തിൽ എത്തിച്ചു.

അനുഭവം ഗുരു...

കേരളം പൊതുവെ നിക്ഷേപകസൗഹൃദമല്ല എന്നൊരു കാഴ്ചപ്പാട് പതിറ്റാണ്ടുകളായുണ്ട്. എനിക്കും നോക്കുകൂലി അടക്കമുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിസന്ധികൾ വരുമെന്ന് ഭയന്ന് ഒന്നും തുടങ്ങാതിരിക്കരുത്. അതിനെ നേരിട്ട് മുന്നോട്ടു പോവുന്നവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ. ഏതെങ്കിലും സർവകലാശാല ബിരുദത്തെക്കാൾ ജീവിതത്തിലും ബിസിനസിലും പ്രയോജനപ്പെടുക പ്രായോഗിക ജീവിതാനുഭവങ്ങളായിരിക്കും എന്നാണ്  ജീവിതം എന്നെ പഠിപ്പിച്ചത്..

English Summary : Kochouseph Chittilappilly life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com