പല തവണ വിവാഹമോചിതരാക്കി, ബീന ഒരുപാട് സഹിച്ചു ; മനസ്സു തുറന്ന് മനോജ് കുമാർ

HIGHLIGHTS
  • മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്
  • ബീന ആന്റണി എന്ന പേരാണ് തെറ്റിദ്ധാരണകൾക്ക് കാരണം
beena-antony-manoj-kumar-life-story
SHARE

താരദമ്പതികളായ മനോജ് കുമാറിന്റെയും ബീന ആന്റണിയുടെയും 17–ാം വിവാഹവാർഷികമായിരുന്നു ഏപ്രിൽ 27ന്. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബജീവിതം സന്തുഷ്ടമായി മുന്നോട്ടു പോകുന്നു. പ്രതിസന്ധികളിലും അപവാദ പ്രചാരണങ്ങളിലും തളരാതെ, പരസ്പരം താങ്ങും തണലുമായി നേടിയെടുത്തതാണ് ഈ ജീവിതം. ചെറിയ പിണക്കത്തിലൂടെ തുടങ്ങി, സൗഹൃദമായി മാറി, പ്രണയമായി വളര്‍ന്ന് ഒടുവിൽ ജീവിതത്തിന്റെ നേർപാതിയായി ബീന മാറിയ കഥ മനോജ് കുമാർ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു. 

മുംബൈയിലെ ‘ആദ്യ കാഴ്ച’

മുംബൈയിൽ ഒരു ഷോയ്ക്ക് പോയപ്പോഴാണ് ബീനയെ ആദ്യമായി കാണുന്നത്. ഞാൻ പാട്ടും മിമിക്രിയും ബീന ഡാൻസും അവതരിപ്പിക്കാനാണ് എത്തിയത്. ബീനയും അപ്പച്ചനും അവരുടെ ഒരു കുടുംബ സുഹൃത്തിന്റെ കൂടെയായിരുന്നു താമസം. ഞങ്ങളെല്ലാം ഒരു ഹോട്ടലിലും. പ്രോഗ്രാമിന്റെ അന്ന് ബീന എത്താൻ വൈകി. ഇതിന്റെ പേരിൽ ഞാൻ പ്രോഗ്രാം കോ ഓഡിനേറ്ററോട് ചൂടാവുകയും ചെയ്തു. ‘‘ഇവരിത് എന്തു പണിയാ കാണിക്കുന്നേ ? പരിപാടി വൈകുന്നതു കാരണം ആളുകൾ കൂവുകയാണ്. ബീനയ്ക്ക് എന്താ ജാഡയാണോ’’– എന്നൊക്കെയായിരുന്നു ഞാൻ അയാളോടു പറഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോൾ ബീനയും അപ്പച്ചനും ഓടിപ്പിടിച്ച് എത്തി. ഗതാഗത കുരുക്കിൽപ്പെട്ടതായിരുന്നു. പരിപാടിക്കുശേഷം കോ ഓഡിനേറ്റർമാരിൽ ഒരാളുടെ വീട്ടിലാണ് ഭക്ഷണം ഒരുക്കിയത്. അവിടെ വച്ചാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്. 

‘എക്സ്ക്യൂസ് മീ’ 

ഭക്ഷണം കഴിഞ്ഞ് അവിടെ നിൽക്കുമ്പോൾ ബീന ‘എക്സ്ക്യൂസ് മീ’ എന്നു പറഞ്ഞ് എന്നെ വിളിച്ചു. ‘മനോജ് പാട്ട് നന്നായിരുന്നൂ’ എന്ന് അഭിനന്ദിക്കുകയും ചെയ്തു. ബീനയുടെ ഡാൻസ് നന്നായിരുന്നു എന്നു ഞാൻ തിരിച്ചു പറഞ്ഞു. അവിടെ നിന്നു കുറച്ചു നേരം സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തു. പിന്നീട് ഒരു കല്യാണ റിസപ്ഷനാണ് ഞങ്ങൾ കാണുന്നത്. എന്റെ ഒരു സുഹൃത്തിന് നാട്ടിലെ ക്ലബിന്റെ പരിപാടിക്ക് ബീനയെ വിളിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കയ്യിൽ ഫണ്ടില്ല, ഒരു സമ്മാനമാണ് കൊടുക്കുന്നത്. ബീനയോട് ഒന്നും സംസാരിക്കാമോ എന്ന് അവൻ എന്നോട് ചോദിച്ചു. ‘അതൊന്നും ചോദിക്കാൻ പറ്റില്ല, നാണക്കേടാണ്’ എന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. ‌ബീന ഇതു കാണുകയും സുഹൃത്ത് എന്താണ് പറയുന്നതെന്നു ചോദിക്കുകയും ചെയ്തു. ഞാൻ കാര്യം പറഞ്ഞു. ഡേറ്റ് ചോദിച്ചശേഷം അന്നു ഫ്രീയാണെന്നും വരാമെന്നും ബീന പറഞ്ഞു. പിറ്റേന്ന് ഫണ്ടില്ലെന്ന കാര്യം പറയാനായി ബീനയെ വിളിച്ചെങ്കിലും ‘അതു കുഴപ്പമില്ല, ഞാൻ വരാം’ എന്നായിരുന്നു മറുപടി. 

ഒഴിവാക്കാൻ പറ്റുമോ ?

പരിപാടിയുെട ദിവസം വന്നെത്തി. രാവിലെ ഞാൻ വിളിച്ചപ്പോൾ വയ്യെന്നു പറഞ്ഞ ബീന ‘എന്നെ ഒഴിവാക്കാൻ പറ്റുമോ’ എന്നു ചോദിച്ചു. ഞാൻ ഞെട്ടി. നേട്ടിസ് അടിക്കലും വിളിച്ചു പറയലും ഒക്കെ കഴിഞ്ഞ് ആളുകൾ കാത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും വരണമെന്നു ഞാൻ പറഞ്ഞു. ബീന സമ്മതിച്ചു. വീട്ടിൽ ചെന്ന് ബീനയെ കൂട്ടി പ്രോഗ്രാമിന് പുറപ്പെട്ടു.  പക്ഷേ, അവിടേക്കുള്ള യാത്രയിൽ ആൾക്ക് തീരെ വയ്യാതായി. ഛർദിച്ച് അവശയായി. ഞാൻ എന്റെ ചെറിയച്ഛനെ വിളിച്ചു. അദ്ദേഹം ഡോക്ടറാണ്. അവിടേക്ക് കൊണ്ടു പോയി. മരുന്നു കഴിച്ച് വിശ്രമിച്ച ശേഷമാണ് പ്രോഗ്രാമിന് പോയത്. 

beena-antony-manoj-kumar-2

ക്ലബിലെ പരിപാടി കഴിഞ്ഞ് ബീനയെ വീട്ടിലാക്കി തിരിച്ചെത്തിയപ്പോൾ എനിക്കും വല്ലാത്ത അസ്വസ്ഥത. തലവേദനയും തളർച്ചയും കാരണം ഞാനും കിടന്നുപോയി. ഇങ്ങനെ തളർന്നു കിടക്കുമ്പോൾ ആരെങ്കിലും അടുത്ത് വരുന്നതു പോലും അസ്വസ്ഥതയുണ്ടാക്കി. ഇതുപോലൊരു അവസ്ഥയിൽ അത്ര ദൂരം യാത്ര ചെയ്ത്, ഉദ്ഘാടനത്തിനു വന്ന ബീനയുടെ ആത്മാർഥത എന്നെ വല്ലാതെ സ്വാധീനിച്ചു. അതാണ് ഞങ്ങളെ അടുത്ത സുഹൃത്തുക്കളാക്കി മാറ്റിയത്.

സൗഹൃദം ടു പ്രണയം

അന്നു മുതൽ എല്ലാ ദിവസവും ഞങ്ങൾ ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി. സമയം ഒന്നും നോക്കാറില്ല. മനസ്സു തുറന്നു സംസാരിക്കുന്ന രണ്ടു ആത്മാർഥ സുഹൃത്തുക്കൾ. അങ്ങനെ പോയി കൊണ്ടിരിക്കവേ ഞങ്ങൾക്ക് തോന്നി എത്ര അടുത്ത സുഹൃത്തുക്കളാണെങ്കിലും രാത്രി ഇത്ര നേരമൊക്കെ സംസാരിക്കുന്നത് ശരിയാണോ ? അങ്ങനെ സംസാരം കുറയ്ക്കാനും രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കാനും തീരുമാനിച്ചു. പക്ഷേ, അതോടെ മനസ്സിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. അപ്പോൾ ഞങ്ങൾക്ക് കാര്യം മനസ്സിലായി. സൗഹൃദം പ്രണയമായിരിക്കുന്നു. വൈകാതെ ഇഷ്ടം പരസ്പരം തുറന്നു പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടു കൂടി മാത്രമേ വിവാഹിതരാകൂ എന്നും തീരുമാനിച്ചു. 

വിവാഹത്തിലേക്ക്

ഞങ്ങൾ രണ്ടു മതത്തിൽപ്പെട്ടവരാണല്ലോ. വീട്ടുകാരുടെ പ്രതികരണം എന്തായിരിക്കും എന്നു പറയാനാവില്ല. ഞാൻ ആദ്യം ബീനയുടെ വീട്ടിൽ ചെന്നു സംസാരിച്ചു. രണ്ടു മൂന്നു തവണ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അവർക്ക് എന്നെ വലിയ കാര്യമായിരുന്നു. വിവാഹത്തിന് എതിർപ്പൊന്നും പറഞ്ഞില്ല. അതുകഴിഞ്ഞ് എന്റെ വീട്ടിൽ കാര്യം അവതരിപ്പിച്ചു. അവർക്കും ബീനയെ ഇഷ്ടമായിരുന്നു. തികഞ്ഞ മതേതര ചിന്ത പുലർത്തിയരുന്നവരായിരുന്നു ഞങ്ങളുടെ വീട്ടുകാർ. എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് പട്ടാളക്കാരനായ എന്റെ അച്ഛൻ ചെറുപ്പത്തിലെ എന്നെ പഠിപ്പിച്ചിരുന്നു. ഏത് ആരാധനാലയം കണ്ടാലും പ്രാർഥിക്കുന്ന ശീലം അദ്ദേഹത്തിൽ നിന്നാണ് എനിക്കു കിട്ടിയത്. വ്രതമെടുത്ത് ശബരിമലയിൽ പോകുന്ന ആളായിരുന്നു ബീനയുടെ അച്ഛൻ. മതം ഒരു തടസമായി അവരാരും കരുതിയതേയില്ല. അങ്ങനെ കാര്യങ്ങളെല്ലാം മുന്നോട്ടു പോയി. എല്ലാവരുടേയും അനുഗ്രഹത്തോടും ആശംസയോടും കൂടി ഞങ്ങൾ വിവാഹിതരായി. റജിസ്റ്റർ വിവാഹമായിരുന്നു. അതിനുശേഷം നടത്തിയ വിവാഹസത്കാരത്തിൽ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വളരെ സന്തോഷകരമായി ഞങ്ങളുടെ ദാമ്പത്യത്തിന് തുടക്കമായി. 

മാതാപിതാക്കളുടെ കണ്ണുനീർ വീഴ്ത്താതെ ഒന്നിക്കാനായതാണ് ഞങ്ങളുടെ സന്തോഷത്തിനു കാരണമെന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു. നമുക്കു വേണ്ടി ജീവിച്ച മാതാപിതാക്കൾ നമ്മള്‍ കാരണം ഒരിക്കലും കരയരുത്. മതത്തേക്കാൾ കൂടുതൽ മനുഷ്യത്വത്തിനും സ്നേഹത്തിനും വില കൽപ്പിച്ച മാതാപിതാക്കൾ എന്നും ഞങ്ങള്‍ക്ക് മാതൃകയാണ്. ആ വലിയ മാതൃക മകൻ ആരോമലിന് ഞാൻ പകർന്നു നൽകിയിട്ടുമുണ്ട്.

ഞങ്ങളെ ‘വിവാഹമോചിതരാക്കി’

വിവാഹശേഷം പല തവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു. വളരെ വേഗത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ വിളിക്കുന്നവരും നിരവധിയായിരുന്നു. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി. എന്നാൽ വിവാഹത്തിനു മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അവൾ ഒരുപാട് സഹിച്ചിട്ടുണ്ട്. തിളങ്ങി നിൽക്കുന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. ബീനയുടെ അപ്പൻ വളരെ കാർക്കശ്യത്തോടെയാണ് മക്കളെ വളർത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നതു ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇത്തരം കഥകള്‍. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്. അവർ എന്തും പറയും. അത് ശ്രദ്ധിക്കാതിരുന്നാൽ മതി.

ബീന എവിടെയാ ?

ഷാർജയിലുള്ള എന്റെ പരിചയക്കാരനായ കുറുപ്പേട്ടൻ ഒരു ദിവസം എന്നെ വിളിച്ചു. ഞാനും ബീനയും പ്രണയിക്കുന്ന സമയമാണ്. ഞങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കോൾ വരുന്നത്. ഷോകളുടെ ഭാഗമായി ഷാർജയിലേക്കു പോയ സമയത്ത് ബീന കുറുപ്പേട്ടനെയും കുടുംബത്തേയും പരിചയപ്പെട്ടിട്ടുണ്ട്. ഞാന്‍ ബീനയുടെ കോൾ കട്ടാക്കി അദ്ദേഹത്തെ വിളിച്ചു. വിശേഷങ്ങളെല്ലാം ചോദിച്ചശേഷം ‘ടാ ബീന ഇപ്പോൾ എവിടെയുണ്ട്’ എന്ന് അദ്ദേഹത്തിന്റെ ചോദ്യം. ‘ബീന അവളുടെ വീട്ടിലുണ്ട്, എന്തു പറ്റീ’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ‘നിനക്ക് ഉറപ്പാണോ’ എന്നായി അദ്ദേഹം. ഞങ്ങൾ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും എന്താണ് സംഭവമെന്നു പറയാനും ആവശ്യപ്പെട്ടു. 

ബീന ഷാര്‍ജയിലുണ്ടെന്നു പറഞ്ഞ് ഒരാൾ കുറുപ്പേട്ടനുമായി 1000 ദിർഹത്തിന് ബെറ്റ് വെച്ചു. അങ്ങനെ സംഭവിക്കില്ലെന്നും ബീന ഗൾഫിലേക്ക് വരികയാണെങ്കിൽ മനോജ് എന്നെ വിളിച്ച് പറയുമെന്നും കുറുപ്പേട്ടൻ പറഞ്ഞെങ്കിലും ആയാൾ ഉറച്ചു നിന്നു. അയാൾക്കറിയാവുന്ന ഒരു സ്ഥലത്ത് ഇപ്പോൾ ബീനയുണ്ടെന്നും ബെറ്റ് വയ്ക്കാമെന്നും പറഞ്ഞു. ഇതാണ് കുറുപ്പേട്ടൻ എന്നെ വിളിക്കാനുണ്ടായ സാഹചര്യം. ഞാൻ ബീനയുടെ വീട്ടിലെ ലാൻഡ് ഫോൺ നമ്പർ അദ്ദേഹത്തിനു നൽകി. വീട്ടിലേക്കു വിളിച്ച് സംസാരിച്ചോളാനും ഇതു തന്നെയാണ് നിങ്ങൾ ഉദ്ദേശിക്കുന്ന ബീന ആന്റണിയെങ്കിൽ 1000 ദിർഹം വാങ്ങിക്കോളാനും പറഞ്ഞു.

beena-antony-manoj-kumar-1

പേരിലാണ് പ്രശ്നം

സത്യത്തിൽ ബീന ആന്റണി എന്ന പേരാണ് തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നത്. മറ്റൊരാളെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്തതു കൊണ്ടാണ് തെളിവുകൾ ഉണ്ടായിട്ടു പോലും ഇക്കാര്യത്തിൽ ഞങ്ങൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താത്തത്. ഇനിയും അങ്ങനെ കാര്യങ്ങൾ പോകട്ടേ. മറ്റുള്ളവരുടെ സന്തോഷവും സമാധാനവും തകർത്തിട്ട് നമുക്ക് എന്തു നേട്ടം. എനിക്കും കുടുംബത്തിനും ബീനയെ അറിയാം, അവളെ സ്നേഹിക്കുന്നവർക്കും സുഹൃത്തുക്കൾക്കും അറിയാം. പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നുമില്ല. കൂടുതൽ സ്നേഹിച്ചും വിശ്വസിച്ചും സന്തോഷത്തോടും കൂടി ‍ഞങ്ങൾ മുന്നോട്ടു പോകും.

സമാധാനിക്കാന്‍ കാരണങ്ങളുണ്ട്

ഒരു കലാകാരനായി ജനിക്കാൻ സാധിച്ചതു തന്നെ ഭാഗ്യമാണ്. കലയിലൂടെ ഉപജീവനം നടത്താനാകുന്നത് അനുഗ്രഹവും. കല ഒരുപാട് സൗഭാഗ്യങ്ങൾ നൽകി. എവിടെപ്പോയാലും പരിഗണന ലഭിക്കുന്നു. ആളുകളുടെ സ്നേഹം അനുഭവിക്കാം. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിക്കാനായി.....അങ്ങനെ എത്രയോ ഭാഗ്യങ്ങൾ ലഭിച്ചു. എന്നാൽ അതിനൊപ്പം നമുക്ക് ഒരു കറുത്ത പൊട്ടും കൂടിയുണ്ട്. അതുകൊണ്ട് കലാകാരനെ കുറിച്ച് ആർക്കും എന്തു പറയാം, പ്രചരിപ്പിക്കാം. ഓരോ കഥകൾ പ്രചരിക്കുമ്പോഴും ഞാൻ ചിന്തിക്കും ‘ദൈവം എല്ലാം കാണുന്നുണ്ടല്ലോ. സ്വന്തം മനസാക്ഷിയെ എത്ര കാലം നമുക്ക് വഞ്ചിക്കാനാകും.’

ലോക്ഡൗൺ ദിനങ്ങള്‍

ലോക്ഡൗണ്‍ ആയതോടെ പറവൂരുള്ള തറവാട്ടിലേക്ക് വന്നു. അച്ഛനും അമ്മയും ഇവിടെയുണ്ട്. ജനതാ കർഫ്യൂ പ്രഖ്യാപിക്കുമ്പോൾ തന്നെ ലോക്ഡൗൺ ഞാൻ പ്രതീക്ഷിച്ചിരുന്നു. കേരളത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലും കാര്യങ്ങൾ ആശാവഹമല്ലാത്തതിനാൽ ലോക്ഡൗൺ ഇനിയും നീളുമെന്നു തോന്നുന്നു. ഈ മഹാമാരിയെ നമ്മൾ നേരിട്ടേ മതിയാകൂ.

ജീവന്‍ നഷ്ടപ്പെട്ടവരുടെയും വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരുടെയും കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം തോന്നും. എന്തൊക്കെ പ്രശ്നം വന്നാലും മനുഷ്യൻ അതിജീവിക്കും എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. പ്രളയം വന്നപ്പോൾ നമ്മള്‍ അതിജീവിച്ചില്ലേ. അതുപോലെ നമ്മൾ മുന്നോട്ടു പോയി കൊണ്ടിരിക്കും.

പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്ന ഒരാണ് ഞാൻ. പ്രകൃതി സ്വയം മുറിവുണക്കാനും ശക്തിപ്പെടാനും എടുക്കുന്ന ഒരു സമയമായിരിക്കും ഒരുപക്ഷേ ഇത്. വിഷമയമായ അന്തരീക്ഷവും മലിനമായ പുഴകളുമൊക്കെയായി പ്രകൃതിക്ക് ഒരുപാട് പോറലുകൾ ഏറ്റിട്ടുണ്ട്. ആ മുറിവുകൾ ഇപ്പോൾ ഭേദമാകുന്നുണ്ടാവും. അതൊരു നല്ല നാളേയ്ക്കു വേണ്ടിയാകാം. നമുക്ക് അങ്ങനെ ആശ്വസിക്കാം, വിശ്വസിക്കാം. 

സ്വപ്നങ്ങൾ

സ്വപ്നങ്ങൾക്ക് പരിധിയില്ലല്ലോ. സീരിയലിൽ അഭിനയിക്കുന്ന ഏതൊരാളോടു ചോദിച്ചാലും സിനിമയായിരിക്കും സ്വപ്നം. എന്റെ കാര്യത്തിലും അതിനു വ്യത്യാസമില്ല. സീരിയലിൽ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. ഇനി സിനിമകളിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കണം. ആളുകൾ ഓർത്തുവയ്ക്കുന്ന, അഭിനേതാവ് എന്ന നിലയിൽ സംതൃപ്തി നൽകുന്ന വേഷങ്ങൾ.

ഡബ്ബിങ്ങും ഞാൻ ആസ്വദിച്ചു ചെയ്യുന്ന കാര്യമാണ്. നിരവധി അഭിനന്ദനങ്ങൾ ഈ മേഖലയിൽ ലഭിച്ചിട്ടുണ്ട്. പുലിമുരുകനിലും മധുരരാജയിലും ജഗപതി ബാബുവിനും അതിരനിൽ പ്രകാശ് രാജിനും ശബ്ദം നൽകി. ‘സൈറ നരസിംഹ റെഡ്ഡി’ എന്ന സിനിമയുടെ മലയാളം പതിപ്പിൽ ചിരഞ്ജീവിയുടെ ശബ്ദമായി. അങ്ങനെ ശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളുടെ ശബ്ദമാകാൻ സാധിച്ചു. 

എല്ലാ മേഖലയിലും കൂടുതൽ മികവുറ്റ കാര്യങ്ങൾ ചെയ്യണമെന്നതാണ് എന്റെ സ്വപ്നം. അതെല്ലാം സർവേശ്വരൻ സാധിച്ചു തരുമെന്നു വിശ്വസിക്കുന്നു, പ്രാര്‍ഥിക്കുന്നു.

English Summary : Beena Antony - Manoj Kumar Love Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA