ADVERTISEMENT

ലോക്ഡ‍ൗണിൽ വീട്ടിൽ ഒറ്റപ്പെട്ട 78 കാരന്റെ ജന്മദിനം ആഘോഷിച്ച് അസാം പൊലീസ്. അസമിലെ നാഗോൺ സ്വദേശിയായ കമല പ്രസാദ് അഗർവാളിന്റെ വീട്ടിലാണ് ജന്മദിനം ആഘോഷിക്കാൻ പൊലീസുകാർ എത്തിയത്. പൊലീസുകാർ മധുരം പങ്കുവയ്ക്കുന്നതും ആശംസാ ഗാനം ആലപിക്കുന്നതുമായ വിഡിയോ വൈറലായി.

ലോക്ഡൗണിനെത്തുടർന്ന് ഭാര്യയും മക്കളും ബെംഗളൂരുവിലും ഡൽഹിയിലും കുടുങ്ങിയതോടെയാണ് അസമിലെ വീട്ടിൽ അഗർവാൾ ഒറ്റപ്പെട്ടത്. അഗർവാൾ ഒറ്റയ്ക്കാണെന്നും അദ്ദേഹത്തിന്റെ ജന്മദിനമാണെന്നും മകളാണ് നാഗോൺ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. വിവരം അറിഞ്ഞപ്പോൾ സങ്കടം തോന്നിയ പൊലീസുകാർ അഗർവാളിന്റെ വീട്ടിലെത്തി ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചു.

ഗേറ്റിനു പുറത്തു നിന്ന് പൊലീസുകാര്‍ മറ്റു വിവരങ്ങളും ചോദിച്ചപ്പോൾ ഔദ്യോഗിക കാര്യമാണെന്നാണ് അഗർവാൾ കരുതിയത്. എന്നാൽ പൊലീസുകാർ ജന്മദിനം ആശംസിച്ചപ്പോൾ അമ്പരന്നു. അഗർവാളിന് തൊപ്പി വച്ചു കൊടുത്തശേഷം മധുരം നൽകിയ പൊലീസുകാർ ആശംസാ ഗാനവും ആലപിച്ചു. ‘ഞാൻ നിങ്ങളുടെ മകനാണ്’, ഞാൻ നിങ്ങളുടെ മകളാണ് എന്നിങ്ങനെ എഴുതിയ കാർഡുകളാണ് കയ്യിൽ പിടിച്ചത്.

വിഡിയോ വൈറലായതിനു പിന്നാലെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് നിരവധി ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചുവെന്ന് നാഗോൺ പൊലീസ് സുപ്രണ്ട് അഭിജിത് ദിലീപ് പറഞ്ഞു. ആവശ്യമെന്നു തോന്നിയതു കൊണ്ടു മാത്രമാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത്. അത്യാവശ്യ കാര്യങ്ങളിൽ സഹായിക്കാൻ പൊലീസ് എന്നും ഒപ്പമുണ്ടാവും. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിക്കാൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary : Assam Police surprise to old man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com