sections
MORE

ഉമ്മയുടെ പിന്തുണയും പ്രോത്സാഹനവുമാണ് എന്റെ കരുത്ത് : മെർഷീന നീനു

actress-mersheena-neenu-on-her-life-and-career
മെർഷീന നീനു
SHARE

വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലും പെരുമാറ്റത്തിലും പൗരുഷം നിറയുന്ന പെൺകുട്ടി. ജീവിതമൊരു പോരാട്ടമായപ്പോൾ അണിയേണ്ടി വന്ന വേഷമാണത്. അങ്ങനെയൊരു പെൺകുട്ടിയായി എത്തി മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കുകയാണ് മെർഷീന നീനു. പാരിജാതമെന്ന സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറി രസ്നയുടെ സഹോദരി എന്ന ലേബലിൽ നിന്നു മാറി അഭിനയരംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച് കഴിഞ്ഞു മെർഷീന.

‌ഓരേ സമയം മലയാളത്തിലും തമിഴിലും അഭിനയിക്കുന്നു. അതിനായി തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കുമുള്ള തിരക്കു പിടിച്ച ഓട്ടം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാത്തിനും ഉറച്ച പിന്തുണയുമായി ഉമ്മ സജിത കൂടെയുണ്ട്. ലോക്ഡൗണ്‍ ആയതോടെ തിരക്കുകൾക്കെല്ലാം വിശ്രമം കൊടുത്ത‌് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് മെർഷീന ഇപ്പോൾ. താരത്തിന്റെ വിശേഷങ്ങൾ അറിയാം.

മനസ്സിൽ കൂടുകൂട്ടിയ അഭിനയമോഹം

ചേച്ചി പാരിജാതം എന്ന സീരിയലിൽ അഭിനയിക്കുമ്പോള്‍ ഞാൻ രണ്ടാം ക്ലാസിലായിരുന്നു. അതെല്ലാം കണ്ടു വളർന്നതു കൊണ്ട് ചെറുപ്പം മുതലേ അഭിനയമോഹം മനസ്സിലുണ്ടായിരുന്നു. എന്നാൽ സ്കൂളിലെ മത്സരങ്ങളിലൊന്നും ഞാൻ പങ്കെടുത്തിരുന്നില്ല. കുറേ കഷ്ടപ്പെട്ടിട്ടും നല്ല റിസൾട്ട് കിട്ടിയില്ലെങ്കിൽ എനിക്ക് സങ്കടമാകും എന്നതായിരുന്നു അതിനു കാരണം.

അഭിനയരംഗത്തേക്ക്

ചെറിയ കുട്ടി ആയിരുന്നപ്പോൾ ചേച്ചിക്കൊപ്പം ഒരു ടെക്സ്റ്റൈൽസിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. 4–ാം ക്ലാസിൽ പഠിക്കുമ്പോള്‍ ‘സിന്ദൂര ചെപ്പ്’ എന്ന സീരിയലിൽ ചേച്ചി ചെയ്ത കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രാജസേനൻ സാറിന്റെ ‘വോണ്ട്’ എന്ന സിനിമയിൽ നായികയായി അവസരം ലഭിച്ചു. പിന്നീട് ഒരു തമിഴ് സിനിമയിലും നായികയായി. അതിനുശേഷമാണ് ‘മനസ്സറിയാതെ’ എന്ന സീരിയല്‍ ചെയ്യുന്നത്.

mersheena-neenu-5

അയലത്തെ സുന്ദരി ഫേവറിറ്റ്

ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയത് കെ.കെ രാജീവ് സാറിന്റെ ‘അയലത്തെ സുന്ദരി’ എന്ന സീരിയലിലൂടെയാണ്. അതിലെ മധുശ്രീയാണ് ഇതുവരെ ചെയ്തതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. എന്നിലുള്ള കഴിവ് മനസ്സിലാക്കാൻ അവസരം കിട്ടിയത് ആ കഥാപാത്രത്തിലൂടെയാണ്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു മധുശ്രീ. ആ കഥാപാത്രത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെടുകയും അതിന് മികച്ച ഫലം ലഭിക്കുകയും ചെയ്തു. മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസവും ആ കഥാപാത്രം എനിക്ക് നൽകി. അതിനുശേഷം ഗൗരി, തോന്ന്യാക്ഷരങ്ങൾ, അഗ്നി നക്ഷത്രം, ഇപ്പോൾ സത്യ എന്ന പെൺകുട്ടി വരെ എത്തി നിൽക്കുന്നു.

mersheena-neenu-2

ഉമ്മയാണ് കരുത്ത്

ഉമ്മയുടെ പിന്തുണയും പ്രോത്സാഹനവുമാണ് എനിക്ക് മുന്നോട്ടു പോകാനുള്ള കരുത്ത്. ഷൂട്ടിന് ഒപ്പം വരുന്നത് ഉമ്മയാണ്. ഞാൻ അഭിനയിക്കുന്ന സമയത്ത് ഉമ്മ മോണിറ്ററിന് അടുത്ത് നിൽക്കുന്നുണ്ടാകും. അഭിനയം കണ്ട് ഉമ്മ അഭിപ്രായം പറയും. മോശമാണെങ്കിൽ മോശം എന്നു തന്നെ പറയും. നന്നായാൽ അഭിനന്ദിക്കും. ഡയറക്ടർ ഒാക്കെ പറഞ്ഞാലും എന്റെ കണ്ണുകൾ ഓരോ ഷോട്ടിന് ശേഷവും ഉമ്മയെ തേടും. സത്യയുടെ ഷൂട്ട് തിരുവനന്തപുരത്ത് തന്നെയാണ്. അഗ്നിനക്ഷത്രത്തിന്റെ ചെന്നൈയിലും.

mersheena-neenu-6

ചേച്ചിയെന്ന് തെറ്റിദ്ധരിച്ചവരുണ്ട്

ചേച്ചി സീരിയലിൽ നിന്ന് ബ്രേക്ക് എടുത്ത് ഒരു വർഷം കഴിഞ്ഞാണ് ഞാൻ അയലത്തെ സുന്ദരി ചെയ്യുന്നത്. അന്ന് എന്നെ കണ്ട് ചേച്ചിയാണെന്നു തെറ്റിദ്ധിരിച്ചവരുണ്ട്. ബ്രേക്കിനുശേഷം ചേച്ചി തിരിച്ച് വരുന്നു എന്നാണ് അവരൊക്കെ കരുതിയത്. സീരിയലിന്റെ പ്രെമോ കണ്ട് ചേച്ചിയുടെ ഫ്ലാറ്റിൽ നില്‍ക്കുന്ന സ്റ്റാഫുകൾ വീണ്ടും അഭിനയിച്ചു തുടങ്ങിയല്ലേ എന്നു ചേച്ചിയോടും ചോദിച്ചു.

mersheena-neenu-7

പഠനം മുന്നോട്ട്

ഇപ്പോൾ സോഷ്യോളജിയിൽ ഡിഗ്രി ചെയ്യുന്നുണ്ട്. വിദൂര വിദ്യാഭാസത്തിലൂടെയാണ് പഠനം.  പത്തിൽ പഠിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. അതോടെ ക്ലാസിൽ ശരിയായി പോകാൻ സാധിക്കാതെ വന്നു. അതിനാൽ പ്ലസ് വൺ മുതൽ വിദൂര വിദ്യാഭ്യാസത്തിലൂടെയായി പഠനം. ഡിഗ്രി പൂർത്തിയാക്കിയശേഷം പിജി ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

mersheena-neenu-4

ലോക്ഡൗൺ ദിനങ്ങൾ

തിരക്കു പിടിച്ച ദിവസങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ലോക്ഡൗണ്‍ ആയത്. അതുകൊണ്ട് ഈ ദിവസങ്ങള്‍ പൂർണമായും വിശ്രമച്ചി. സത്യത്തിൽ വർക്കൗട്ട് പോലും ചെയ്യാതെ മടി പിടിച്ച് ഇരിപ്പാണ്. ടിവി കാണുക, ഭക്ഷണം കഴിക്കുക, ഫോണ്‍ ഉപയോഗിക്കുക എന്നതെല്ലാമാണ് പ്രധാന വിനോദങ്ങൾ. പുറത്തേക്കൊന്നും ഇറങ്ങാൻ പറ്റാതായതിന്റെ വിഷമമുണ്ടെങ്കിലും സാഹചര്യം മനസ്സിലാക്കി പൊരുത്തപ്പെട്ടതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല.

സ്വപ്നങ്ങൾ

സിനിമ ഇപ്പോഴും വലിയൊരു മോഹമാണ്. ഞാൻ ശ്രമിച്ചെങ്കിലും ആ സമയത്ത് അതു നടന്നില്ല. എങ്കിലും സമയമാകുമ്പോൾ തേടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല കഥാപാത്രങ്ങൾ ചെയ്യണം, നല്ല ടീമിനൊപ്പം പ്രവർത്തിക്കണം എന്നെല്ലാം ആഗ്രഹമുണ്ട്. സീരിയലിലും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഞാൻ ആഗ്രഹിക്കുന്നത്. പല ഭാഷകളില്‍, വ്യത്യസ്തമായ ടീമിനൊപ്പം വർക് ചെയ്യണം. ഇതൊക്കെയാണ് എന്റെ സ്വപ്നങ്ങൾ.

English Summary : Actress Mersheena Neenu Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA