ADVERTISEMENT

‘എനിക്ക് പണക്കാരനാവണം... എനിക്ക് പണക്കാരനാവണം... എനിക്ക് പണക്കാരനാവണം...’ 1990കളുടെ അവസാനം ബിഹാറിന്റെ തലസ്ഥാനമായ പട്ന നഗരത്തിലെ ഒരു ചെറിയ വീട്ടിലിരുന്ന് വികാസ് ജയ്സ്വാൾ എന്ന കൗമാരക്കാരൻ മനസ്സിൽ മന്ത്രിച്ചു കൊണ്ടിരുന്നു. നഗരത്തിലെ വിഡിയോ ഗെയിം പാർലറുകളെല്ലാം അടച്ചപ്പോൾ കൂട്ടുകാരെല്ലാം സ്വന്തമായി വിഡിയോ ഗെയിം സെറ്റോ കമ്പ്യൂട്ടറോ വാങ്ങി. എന്നാൽ വികാസിന്റെ ഇടത്തരം കുടുംബത്തിന് അന്നത്തെ സാഹചര്യത്തിൽ അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ലായിരുന്നു. അതവനെ വല്ലാതെ വേദനിപ്പിച്ചു. കമ്പ്യൂട്ടർ വാങ്ങണം, വിഡിയോ ഗെയിം വാങ്ങണം, എന്നിട്ട് മതിയാവോളം കളിക്കണം. അതിന് പണം ഉണ്ടാക്കണം. 

പണക്കാരനാകാൻ എന്തു ജോലി ചെയ്യണമെന്ന ചിന്ത കമ്പ്യൂട്ടർ എൻജിനീയറാവുക എന്ന തീരുമാനത്തിലാണ് എത്തിച്ചത്. വികാസ് കമ്പ്യൂട്ടർ എൻജിനീയറായി, പണമുണ്ടാക്കി, സ്വന്തമായി ഒരു ഗെയിം നിർമാണ കമ്പനി തന്നെ തുടങ്ങി. കോവിഡ് മഹാമാരി മൂലമുള്ള ഈ ലോക്ഡൗൺ കാലത്ത് വികാസിന്റെ കമ്പനി രൂപകൽപന ചെയ്ത ഒരു മൊബൈൽ ഗെയിം ലോകം കീഴടക്കുകയാണ്. ആ ഗെയിമിന്റെ പേര് ലുഡോ കിങ്!. പബ്ജി, കാൻഡി ക്രഷ്, ടെംമ്പിൾ റൺ തുടങ്ങിയ വമ്പൻ ഗെയിമുകളെ മറികടന്ന് ഗൂഗിൽ പ്ലേ സ്റ്റോറിലെ ട്രെൻഡിങ് ലിസ്റ്റിൽ ലുഡോ കിങ് ഒന്നാം സ്ഥാനത്തുണ്ട്. പല പ്രായത്തിലുള്ള, വിവിധ മേഖലകളിലുള്ള നിരവധി ആളുകള്‍ ഇന്ന് ഈ ഗെയിം കളിക്കുന്നു. അങ്ങനെ വിഡിയോ ഗെയിം വാങ്ങാൻ പണമില്ലാതിരുന്ന കൗമാരക്കാരൻ കോടികൾ ആസ്ഥിയുള്ള കമ്പനിയുടെ ഉടമയായി. ‘ലുഡോ കിങ്’ വികാസ് ജയ്സ്വാളിന്റെ ജീവിത കഥ ഇതാ.....

ലൈഫ് ഈസ് എ ഗെയിം

പട്നയിലെ ചെറിയ വീട്ടിലെ ചെറിയ ഒരു മുറിയിൽ നിന്ന് നവി മുംബൈയിലെ ഗെയിമെഷൻ ടെക്നോളജീസ് എന്ന ഗെയിം നിർമാണ കമ്പനിയുടെ സിഇഒ പദവിയിലേക്കുള്ള വികാസ് ജയ്സ്വാളിന്റെ വളർച്ചയ്ക്കു പിറകിൽ കഠിനാധ്വാനവും അർപ്പണബോധവുമുണ്ട്. രണ്ടാം വയസ്സിൽ അച്ഛനെ നഷ്ടമായ വികാസ് അമ്മയുടെയും മൂത്ത സഹോദരന്റെയും തണലിലാണ് വളർന്നത്. കൂട്ടുകാരോടൊപ്പം നഗരത്തിലെ ഗെയിമിങ് പാർലറുകളിൽ ചെന്നു വിഡിയോ ഗെയിം കളിക്കുക എന്നതായിരുന്നു ജയ്സ്വാളിന്റെ പ്രധാന വിനോദം. മനോഹരമായി ചിത്രങ്ങൾ വരയ്ക്കുമായിരുന്ന വികാസ് സ്വന്തമായി നിർമിച്ച ഗ്രീറ്റിങ് കാർഡുകൾ സ്റ്റേഷനറി കടകളിൽ ചെന്നു വിറ്റ് പോക്കറ്റ് മണിയും സമ്പാദിച്ചിരുന്നു.

ഗെയിമിങ് പാർലറുകൾ അടച്ചതോടെ കൂട്ടുകാരെപ്പോലെ സ്വന്തം വീട്ടിലിരുന്നു കമ്പ്യൂട്ടർ കളിക്കുന്നത് വികാസ് സ്വപ്നം കാണാൻ തുടങ്ങി. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അറിയുമായിരുന്ന വികാസ് അത് മനസ്സിൽ സൂക്ഷിച്ചു. കമ്പ്യൂട്ടർ എൻജിനീയറിങ്ങിന് അഡ്മിഷൻ നേടുക എന്നതായി അടുത്ത ലക്ഷ്യം. സ്കൂൾ പഠനം കഴിഞ്ഞ ആദ്യവർഷം കോളജ് അഡ്മിഷനു ശ്രമിച്ചെങ്കിലും ഇഷ്ടപ്പെട്ട വിഷയം ലഭിച്ചില്ല. എന്നാൽ അടുത്ത വർഷം വരെ കാത്തിരിക്കാൻ വികാസ് തീരുമാനിച്ചു. പിന്നീടുള്ള ഒരു വർഷം എൻജിനീയറിങ് അഡ്മിഷനു വേണ്ടിയുള്ള പഠനത്തോടൊപ്പം അടുത്തുള്ള കമ്പ്യൂട്ടർ സെന്ററുകൾ വഴി ത്രീഡി അനിമേഷനും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും പഠിച്ചു.

സ്വപ്ന വഴിയേ യാത്ര

അടുത്ത വർഷം  ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലുള്ള എൻജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസിനു തന്നെ അഡ്മിഷൻ കിട്ടി. കമ്പ്യൂട്ടർ വാങ്ങണമെന്ന വികാസിന്റെ ആഗ്രഹം മനസ്സിലാക്കിയ അമ്മ താൻ സ്വരുക്കൂട്ടി വച്ചിരുന്ന പണം കൊണ്ട് അവന് ഒരു കമ്പ്യൂട്ടർ വാങ്ങി നൽകി. എന്നാൽ ഗെയിം കളിക്കുക എന്നതിനപ്പുറം ഒരു ഗെയിം എങ്ങനെ പ്രവർത്തിക്കുന്ന എന്ന ചിന്തയിലേക്ക് അവന്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. ബി.ടെക് പഠനത്തോടൊപ്പം പുതുതായി പുറത്തിറങ്ങുന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളുടെ പ്രവർത്തനങ്ങളെയും പ്രോഗ്രാമിങ്ങിനെയും പറ്റി വികാസ് ഗഹനമായി പഠിച്ചു.

പഠനകാലത്ത് ഒരു രാത്രി കൊണ്ടു വികാസ് നിർമിച്ച എഗ്ബോയ് എന്ന ഗെയിം കൂട്ടുകാർക്കിടയിൽ വലിയ ഹിറ്റായി മാറി. പിന്നാലെ നിരവധി ഗെയിമിങ്- എന്റെർടൈൻമെന്റ് മാഗസിനുകളിൽ നിന്നും മികച്ച കമ്പ്യൂട്ടർ ഗെയിമിനുള്ള പുരസ്കാരങ്ങളും വികാസിനെ തേടിയെത്തി. പഠിച്ചിറങ്ങിയ വികാസിന് ജോലിയുമായി ഇന്ത്യയിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ഗെയിം നിർമാണ കമ്പനിയായ ഇന്ത്യാഗെയിംസ് രംഗത്തെത്തി. ജോലി ചെയ്യുമ്പോൾ തന്നെ സ്വയം നിർമിച്ച ഒരു വെബ്സൈറ്റിൽ ചെറിയ ഓൺലൈൻ ഗെയിമുകൾ നിർമിച്ച് വികാസ് തന്റെ അടുത്ത ലക്ഷ്യത്തിലേക്കു മുന്നേറുകയായിരുന്നു. വെബ്സൈറ്റിൽ നിന്നുള്ള പരസ്യവരുമാനം ജോലിയിൽ നിന്നു കിട്ടുന്ന തന്റെ ശമ്പളത്തെക്കാളും ഉയർന്നതോടെ ജോലി രാജിവച്ചു.

ലുഡോ കിങ്ങിന്റെ പിറവി

ഇന്ത്യാ ഗെയിംസ് വിട്ട് രണ്ടു വർഷത്തിനുശേഷം 2010ലാണ് ഗെയിംഷൻ എന്ന സ്വന്തം കമ്പനിക്ക് വികാസ് ജയ്സ്വാൾ നവി മുംബൈയിൽ തുടക്കമിട്ടത്. 2013 മുതൽ സ്മാർട്ട്ഫോൺ ഗെയിമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ കമ്പനി 2016ലാണ് ലുഡോ കിങ് ഗെയിം നിർമിച്ചത്. രണ്ടു മുതൽ നാലു പേർക്കു വരെ കളിക്കാം എന്നുള്ളതും ലളിതമായ കളിയാണെന്നുള്ളതും ഗെയിമിനെ പെട്ടെന്നു തന്നെ ഹിറ്റാക്കി. എന്നാൽ 2020ൽ കോവിഡ് 19 മൂലമുള്ള ലോക്ഡൗണിലാണ് ലുഡോ കിങ് ലോകപ്രശസ്തി നേടിയത്. ലോക്ഡൗണിനു മുൻപ് ഒരു ദിവസം ഗെയിം കളിച്ചിരുന്നവർ ഏകദേശം ഒന്നര കോടി പേരായിരുന്നുവെങ്കിൽ ലോക്ഡൗണിൽ അത് അഞ്ചു കോട‌ിയിലേക്കു കുതിച്ചു. പല സ്ഥലത്തിരുന്ന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം കളിക്കാം എന്നതാണ് ഗെയിമിന്റെ ജനപ്രതീക്ക് കാരണമായത്. ലളിതമായ ശൈലി ആർക്കും കളിക്കാവുന്ന സാഹചര്യവും സൃഷ്ടിച്ചു. നാട്ടിൻ പുറങ്ങളിലൊക്കെ വളരെയേറെ സ്വീകാര്യതയുള്ള ഒരു കളിക്ക് കാലത്തിനൊത്തുള്ള പരിഷ്കാരം നൽകാൻ സാധിച്ചതും വിജയത്തിനു കാരണമായി.

ludo-king-vikash-jaiswal-2

ഗെയിം രൂപകൽപന ചെയ്തത് താനാണെങ്കിലും തന്റെ കമ്പനിയിൽ പ്രവർത്തിക്കുന്ന ഭാര്യ സോണി ജയ്സ്വാൾ അടക്കമുള്ള 70 പേർക്കും ഈ വിജയത്തിൽ പങ്കുണ്ടെന്നു പറയുകയാണ് വികാസ്. കമ്പനിയുടെ മറ്റൊരു ഗെയിമായ കാരം കിങ്ങും ലോക്ഡൗൺ കാലത്ത് ലക്ഷക്കണക്കിനു പേരാണ് ഡൗൺലോഡ് ചെയ്തത്. ഓഡിയോ ചാറ്റ് ചെയ്യാനും, നാലിൽ കൂടുതൽ പേർക്ക് കളിക്കാനുമുള്ള സൗകര്യമൊരുക്കാനുമുള്ള യത്നത്തിലാണ് വികാസും കൂട്ടരും ഇപ്പോൾ.

വേദന, വാശി, വിജയം

ഒരു വിഡിയോ ഗെയിം വാങ്ങണമെന്ന് ആഗ്രഹത്തിൽ നിന്നാണ് വികാസ് തുടങ്ങിയത്. ഇതിന് പണമില്ലാത്തത് ഏറെ വേദനിപ്പിച്ചു. അതിന്റെ വാശിയിൽ പഠിച്ചു. കമ്പ്യൂട്ടർ കിട്ടിയപ്പോൾ ഗെയിം കളിക്കാനല്ല, കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായി ശ്രമം. അതിൽ നിന്നു പുതിയ കാര്യങ്ങൾ സൃഷ്ടിക്കാനുള്ള ത്വര വളർന്നു. അതിനു വേണ്ടി പരിശ്രമിച്ചു. ഇതിന്റെയെല്ലാം ഫലമായിരുന്നു ആ ജീവിതവും വിജയങ്ങളും.

English Summary : Story of Vikas Jaiswal and Ludo King

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com