ADVERTISEMENT

വിവാഹത്തിനു കരുതിവച്ച തുക അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ ചെലവിട്ട് ഓട്ടോ ഡ്രൈവർ. പൂണെ സ്വദേശിയായ അക്ഷയ് കോത്തവാലെയാണ് സ്നേഹവും കരുണയും നിറയുന്ന പ്രവൃത്തിയിലൂടെ മാതൃകയാവുന്നത്. സമ്പാദ്യമായ രണ്ടു ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

മേയ് 25ന് ആയിരുന്നു അക്ഷയ്‌യുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ഡൗണിനെത്തുടർന്ന് വിവാഹം നീട്ടിവെച്ചു. ഇതിനിടെയാണ് പൂണെയിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളുടെ അവസ്ഥ അക്ഷയ്‌യുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു നേരത്തെ ആഹാരം പോലും അവർക്ക് ശരിയായി ലഭിക്കുന്നില്ല എന്നറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. ഇതോടെ ഇവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കണമെന്നും അതിനായി വിവാഹത്തിനു സ്വരുക്കൂട്ടിയ പണം ഉപയോഗിക്കാമെന്നും അക്ഷയ് തീരുമാനിച്ചു.

ഇപ്പോൾ ദിവസവും 400ളം പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. കൂട്ടുകാരുടെ സഹായത്തോടെ തയാറാക്കുന്ന ഭക്ഷണം ഓട്ടോറിക്ഷയിൽ കൊണ്ടു പോയാണ് വിതരണം. ‘‘ലോക്ഡൗണിൽ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്ടപ്പെടുന്ന പലരേയും ഞാൻ കണ്ടിരുന്നു. അവരെ സഹായിക്കണമെന്ന് ‍ഞാനും സുഹൃത്തുക്കളും തീരുമാനിച്ചു. അതിനായി വിവാഹത്തിന് ഞാൻ മാറ്റിവെച്ച 2 ലക്ഷം രൂപ ഉപയോഗിക്കാനും തീരുമാനിച്ചു. ഒരു താൽകാലിക അടുക്കള ഒരുക്കിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. പിന്നീട് ഓട്ടോറിക്ഷയിൽ കയറ്റി നഗരത്തിന്റെ വിവധ ഭാഗങ്ങളിൽ വിതരണത്തിന് എത്തിക്കും’’ – അക്ഷയ് കോത്തവാലെ പറഞ്ഞു.

കയ്യിലെ പണം തീരുന്നാലും മറ്റുള്ളവരുടെ സഹായത്തോടെ ഈ പ്രവൃത്തി തുടരാനാണ് അക്ഷയ് ആഗ്രഹിക്കുന്നത്. ഇതോടൊപ്പം മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും ആശുപത്രിയിലേക്ക് സൗജന്യ യാത്ര നൽകുന്നുണ്ട്. കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളിലും  അക്ഷയ്‌യും സുഹൃത്തുക്കളും സജീവമാണ്. 

English Summary : Auto driver uses money saved for wedding to feed migrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com