sections
MORE

ശതകോടികൾ ‘വിലയുള്ള’ വിവാഹമോചനങ്ങൾ

expensive-divorce-settlements
SHARE

2019ൽ ഒരു ശതകോടീശ്വരൻ വിവാഹമോചനം നേടി. ജീവനാംശമായി അയാൾ ഭാര്യയ്ക്ക് നൽകിയതു തന്റെ കമ്പനിയുടെ 35 ബില്യൻ ‍ഡോളർ (ഏകദേശം 2.5 ലക്ഷം കോടി രൂപ) വിലയുള്ള  ഓഹരികളായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ജീവനാംശമായിരുന്നു അത്. ആ ശതകോടീശ്വരന്റെ പേര് ജെഫ് ബെസോസ്, അയാളുടെ കമ്പനി ആമസോണും. ഭാര്യ മക്കെൻസിയുമായുള്ള 25 വർഷം നീണ്ട വിവാഹബന്ധം വേർപെടുത്താനാണ് ബെസോസ് ഈ തുക നൽകിയത്. ജീവനാംശം ലഭിച്ചതോടെ അന്നത്തെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മക്കെൻസി എത്തുകയും ചെയ്തു. ടെലിവിഷൻ ആങ്കറും സുഹൃത്തിന്റെ ഭാര്യയുമായിരുന്ന ലോറൻ സാഞ്ചസുമായുള്ള ബെസോസിന്റെ വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

Jeff-Bezos-and-MacKenzie
ജെഫ് ബെസോസ്, മക്കെൻസി

ബെസോസ്–മക്കെൻസി വിവാഹമോചനം വളരെയേറെ ചർച്ച ചെയ്യപ്പെട്ടു. കഥകളും ഉപകഥകളുമായി നിരവധി പ്രചാരണങ്ങളും ഈ വിവാഹമോചനത്തെ ചുറ്റി പറ്റിയുണ്ടായി. കിംവദന്തികളേക്കാൾ ആളുകളെ ആകർഷിച്ചത് ആ ഭീമമായ ജീവനാംശ തുകയായിരുന്നു. പല കാലഘട്ടത്തിലും ഉയർന്ന തുകകൾ ജീവനാംശമായി നൽകി വിവാഹമോചനങ്ങൾ നടന്നിട്ടുണ്ട്. ചിലതെല്ലാം അക്കാലത്തെ ആളുകൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത തുകയായിരുന്നു. അത്തരം ചില വിവാഹമോചനങ്ങളെക്കുറിച്ച് അറിയാം.

Alec-Wildenstein-Jocelyn-Wildenstein
അലെക് വിൽഡൻസ്റ്റീൻ, ജോസെലിൻ

അലെക് വിൽഡൻസ്റ്റീൻ – ജോസെലിൻ

ബെസോസ് ദമ്പതികളുടെ വിവാഹമോചനം വരെ ലോകത്തിലെ ഏറ്റവും ഉയർന്ന ജീവനാംശം നൽകിയ റെക്കോർഡ് അമേരിക്കൻ ബിസിനസുകാരൻ അലെക് വിൽഡൻസ്റ്റീന്റെ പേരിലായിരുന്നു. ഭാര്യയായിരുന്ന ജോസെലിന് ജീവനാംശമായി അന്നു നൽകിയത് 3.8 ബില്യൻ ഡോളർ‌ (ഏകദേശം 16360 കോടി രൂപ) ആയിരുന്നു. 1978 ൽ വിവാഹിതരായ ഇവർ 1999 ലാണ് വേർപിരിയാന്‍ തീരുമാനിച്ചത്. അലെക്കിന് ഒരു യുവതിയുമായി ഉണ്ടായിരുന്ന ബന്ധമാണ് ഇവരുടെ കുടുംബ ജീവിതത്തിന്റെ താളം തെറ്റിച്ചത്. എന്നാൽ ‍ജോസെലിന്റെ അത്യാഡംബരം നിറഞ്ഞ ജീവിതവും സൗന്ദര്യം നിലനിർത്താൻ നടത്തിയ കണക്കില്ലാത്ത പ്ലാസ്റ്റിക് സർജറികളുമാണ് ഇവർക്കിടയിൽ അസ്വാരസ്യങ്ങൾക്കു കാരണമായെതെന്നും റിപ്പോർട്ടുകളുണ്ട്. 2008 ൽ 67-ാം വയസ്സിൽ അർബുദം ബാധിച്ച് അലെക് അന്തരിച്ചു. ധൂർത്തു നിറഞ്ഞ ജീവിതം 2018ൽ ‍ജോസെലിനെ കടക്കെണിയിൽ എത്തിച്ചതും വാർത്തയായിരുന്നു.

Rupert-Murdoch
റുപെർട്ട് മർ‍ഡോക്, അന്ന ടോർവ്

റുപെർട്ട് മർ‍ഡോക് – അന്ന ടോർവ്

ചില വിവാഹമോചനങ്ങൾ എന്തിനെന്നു തോന്നിപ്പോകാറില്ലേ. അത്തരമൊന്നായിരുന്നു മാധ്യമരംഗത്തെ ഭീമൻ കമ്പനിയായ ന്യൂസ് കോർപ് ഉടമ റുപെർട്ട് മർ‍ഡോക്കിന്റെയും അന്നയുടെയും വിവാഹമോചനം. 1967ൽ വിവാഹിതരായ ഇവർ 32 വർഷം ഒന്നിച്ചു ജീവിച്ച ശേഷമാണ് പിരിഞ്ഞത്. മർ‍ഡോക് ജീവനാംശമായി നൽകിയത് 1.7 ബില്യൻ ഡോളറും (ഏകദേശം 7320 കോടി രൂപ) ആയിരുന്നു. ഇവരുടെ മൂന്നു മക്കൾ മർഡോക്കിനൊപ്പം ന്യൂസ് കോർപ്പ് കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്നു. വിവാഹമോചനത്തിനു ശേഷം റുപെർട്ട് മർഡോക്ക് രണ്ടു തവണ വിവാഹിതനായി. അന്നയാകട്ടേ വിവാഹമോചനത്തിന് ആറു മാസങ്ങൾക്കു ശേഷവും വിവാഹിതയായി.

adnan-khashoggi
അദ്നാൻ ഖഷോഗി

അദ്നാൻ ഖഷോഗി - സൊറായ

ധൂർത്തനായ ബിസിനസുകാരൻ എന്നായിരുന്നു സൗദി അറേബ്യൻ ആയുധക്കച്ചവടക്കാരനുമായിരുന്ന അദ്നാൻ ഖഷോഗിയുടെ വിളിപ്പേര്. വിവാദങ്ങൾ നിറഞ്ഞ ജീവിതം വാർത്തകളിൽ എന്നും നിറഞ്ഞു നിന്നു. 1979 ലാണ് ഭാര്യ സൊറായയുമായുള്ള ബന്ധം അദ്നാൻ വേർപ്പെടുത്തുന്നത്. ആ വിവാഹമോചനവും വാർത്തകളിൽ ഇടം നേടിയത് ജീവനാംശത്തിന്റെ പേരിലാണ്. 875 മില്യൻ ഡോളറാണ് (അന്നത്തെ നിരക്കിൽ ഏകദേശം 890 കോടി രൂപ) അദ്നാൻ നൽകിയത്. അക്കാലത്തു കേട്ടുകേൾവി പോലുമില്ലാത്ത തുകയായിരുന്നു അത്. സൊറായ ഒരു ബ്രിട്ടീഷുകാരിയായിരുന്നു. സാൻഡ്ര ഡാലി എന്നാണ് യഥാർഥ പേര്. ആഡംബരം നിറഞ്ഞ ജീവിതത്തിനിടയിൽ ഇരുവർക്കുമുണ്ടായ വഴിവിട്ട ബന്ധങ്ങളായിരുന്നു വിവാഹമോചനത്തിൽ കലാശിച്ചത്.

mel-gibson
മെൽ ഗിബ്സൺ, റോബിൻ മൂർ

മെൽ ഗിബ്സൺ – റോബിൻ മൂർ

ഹോളിവുഡിലെ ഏറ്റവും ചെലവേറിയ വിവാഹമോചനമായിരുന്നു ആക്‌ഷൻ ഹീറോയും സംവിധായകനുമായ മെൽ ഗിബ്സിന്റേത്. മനോഹരമായ ഒരു പ്രണയത്തിന്റെ അവസാനവുമായിരുന്നു അത്. മെൽ ഗിബ്സൺ പ്രശസ്തിയിലേക്കുയരുന്നതിനു മുൻപ്, 1970കളുടെ അന്ത്യത്തിൽ ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിൽ വച്ചാണ് ഡെന്റൽ ക്ലിനിക്കിൽ നഴ്സായിരുന്ന റോബിൻ മൂറിനെ കാണുന്നത്. ഇരുവരും പ്രണയത്തിലാവുകയും വൈകാതെ വിവാഹിതരാവുകയും ചെയ്തു. സിനിമ പോലെ മനോഹരമായ ഇവരുടെ പ്രണയം വളരെയധികം ആഘോഷിക്കപ്പെട്ടു. പിന്നീട് മെൽ ഗിബ്സൺ ഹോളിവുഡിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നപ്പോൾ ആ വിജയത്തിനു പിറകിൽ റോബിന്റെ കരുതലുമുണ്ടായിരുന്നു. 2009ൽ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പിരിയാൻ തീരുമാനിച്ചപ്പോൾ മെൽ ഗിബ്സൺ തന്റെ സ്വത്തിന്റെ പകുതിയായ 425 മില്യൻ ഡോളർ (1920 കോടി രൂപ) റോബിനു നൽകി. 

2013ൽ മെല്ലിന്റെ പുതിയ കാമുകി ഗാർഹിക പീഡനക്കേസുമായി കോടതി കയറിയപ്പോൾ മുൻഭർത്താവിനെ പിന്തുണച്ച് റോബിൻ രംഗത്തെത്തിയതും വാർത്തയായിരുന്നു. 26 വർഷം നീണ്ട ദാമ്പത്യത്തിനിടെ ഗിബ്സണിൽ നിന്ന് അത്തരമൊരു പെരുമാറ്റം ഒരിക്കലും ഉണ്ടായിട്ടില്ലെന്നായിരുന്നു റോബിൻ പ്രതികരിച്ചത്. 

Roman-Abramovich
റൊമാൻ അബ്രമോവിച്ച്

റൊമാൻ അബ്രമോവിച്ച് – ഐറിന വ്യചെസ്ലാവോവ്ന

റഷ്യൻ ശതകോടീശ്വരനും ഇംഗ്ലണ്ടിലെ ചെൽസി ഫുട്ബോൾ ക്ലബ് ഉടമയുമായ റൊമാൻ അബ്രമോവിച്ച് 2007ലാണ് ഐറിന വ്യചെസ്‍ലവോവ്നയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നത്. 16 വർഷത്തെ ദാമ്പത്യത്തിന് അവസാനമാകുമ്പോൾ 300 മില്യൻ ഡോളർ (ഏകദേശം 1250 കോടി രൂപ) ആയിരുന്നു അബ്രമോവിച്ച് നൽകിയത്. മറ്റൊരു റഷ്യൻ കോടീശ്വരൻ അലക്സാണ്ടർ ഷുക്കോവിന്റെ മകൾ ദാഷാ ഷുക്കോവയുമായുള്ള അബ്രമോവിച്ചിന്റെ വിവാഹേതരബന്ധമാണ് ഐറിനയുമായുള്ള വിവാഹമോചനത്തിനു കാരണമായത്. 2008ൽ അബ്രമോവിച്ച് ദാഷയെ വിവാഹം ചെയ്തു. എന്നാൽ 2018ൽ ഈ ബന്ധവും അവസാനിച്ചു. 92 മില്യൻ ഡോളർ (690 കോടി രൂപ) മൂല്യമുള്ള ഭൂമിയും വസ്തുവകകളുമാണ് ദാഷയ്ക്കു‍ ജീവനാംശമായി നൽകിയത്.

tiger-woods
ടൈഗർ വു‍ഡ്സ് , എലിൻ നോർഡെഗ്രെൻ

ടൈഗർ വു‍ഡ്സ് – എലിൻ നോർഡെഗ്രെൻ

ആറു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിനൊടുവില്‍ 80 മില്യൻ ഡോളർ (500 കോടി രൂപ) നൽകിയാണ് അമേരിക്കൻ ഗോൾഫ് താരം ടൈഗർ വു‍ഡ്സ് എലിൻ നോർഡെഗ്രെനുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്. 2010 ലായിരുന്നു ഇവരുടെ വിവാഹമോചനം. മാതൃകാ ദമ്പതികളായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇവരുടെ വേർപിരിയൽ ആരാധകരെ ഞെട്ടിച്ചു. ടൈഗർ വുഡ്സിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതാണ് വിവാഹമോചനത്തിനു കാരണമായത്.

English Summary : Expensive Divorce Settlements 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA