ADVERTISEMENT

കോവിഡ്–19 രോഗ വ്യാപനം തടയാൻ നടപ്പാക്കിയ ലോക്ഡൗൺ കാലം പലർക്കും സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ്. ആരോഗ്യ പ്രവർത്തകരും പൊലീസ് സേനയും സമൂഹത്തിനു നൽകിയ സേവനങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പലരും എഴുതി. പ്രതികൂലസാഹചര്യങ്ങളിൽ വീടും നാടും ഉപേക്ഷിച്ച് കർമനിരതരായ സേനാംഗങ്ങളോടൊപ്പം നാട്ടുകാരും ചേർന്നപ്പോൾ ഒരുമയുടെയും കരുതലിന്റേയും പുതിയ മാതൃകൾ സമൂഹം കണ്ടു. നേര്യമംഗലത്തെ നാട്ടുകാരുടെ കരുതലിന്റെ കഥയാണ് അടിമാലി ട്രാഫിക് യൂണിറ്റിലെ എസ്െഎ അജി അരവിന്ദ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

അജി അരവിന്ദിന്റെ കുറിപ്പ്:

നേര്യമംഗലമേ ഞങ്ങൾ തളരാതെ നോക്കിയ കരുതലിനു നന്ദി..

ഞങ്ങൾ (അടിമാലി ട്രാഫിക് യൂണിറ്റിലെ 10 പൊലീസ് ഉദോഗസ്ഥർ) ലോക്ഡൗൺ തുടങ്ങിയ അന്നു മുതൽ ഇന്നുവരെ തുടർച്ചയായി ഡേ–നൈറ്റ് നേര്യമംഗലത്തു ബോർഡർ സീലിങ് ഡ്യൂട്ടിയിലായിരുന്നു. പകലിന്റെ ചൂടിലും രാത്രിയുടെ തണുപ്പിലും ഡ്യൂട്ടി നോക്കുമ്പോൾ ഞങ്ങളെ സ്വന്തംകുടുംബത്തിലെ ഒരു അംഗത്തെപോലെ നോക്കിയ നേര്യമംഗലത്തെ വലിയ മനസ്സുകൾക്ക് ഞങ്ങളുടെ ഹൃദയതിൽ നിന്നുള്ള സല്യൂട്ട്.... 

local-people-with-police-officers-on-duty-at-neriamangalam

നൈറ്റ് ഡ്യൂട്ടിയിൽ രാവിലെ 3.30 ആകുമ്പോൾ കട്ടൻകാപ്പിയുമായി വരുന്ന ജഗദമ്മ മുത്തശ്ശിയും നേരം വെളുക്കുമ്പോൾ കാപ്പി തിളപ്പിച്ചു മക്കളുടെ കയ്യിൽകൊടുത്തുവിടുന്ന അമ്പിളിയും ഒരുദിവസം പോലും മുടങ്ങാതെ ചായയുമായി വരുന്ന ബോസ്ച്ചേട്ടനും ഇടയ്ക്കിടയ്ക്ക് പലതരത്തിലുള്ള ആഹാരങ്ങളും ചായയുമായി വരുന്ന സലിം, 12 മണിക്ക്  ചൂടു കൂടുമ്പോൾ മോരുംവെള്ളവുമായി വരുന്ന ഗ്രീൻമൗണ്ടിലെ സ്റ്റാഫ്‌, എന്നും  ഉച്ചകഴിയുമ്പോൾ മുടങ്ങാതെ നാരങ്ങാവെള്ളവുമായി വരുന്നകാഞ്ഞിരവേലിയിലെ കൂട്ടുകാരൻ, ഞങ്ങൾക്ക് എന്തു സഹായത്തിനും ഓടിയെത്തുന്ന ടോമിചേട്ടൻ, ബിജുവും ഭാര്യയും, ഞങ്ങൾക്ക് മഴ നനയാതിരിക്കാനായി പന്തൽ ഇട്ടു തന്ന ഷിജോയും കൂട്ടുകാരും, എന്നും ഉറങ്ങാൻ പോകുന്നതിനു മുൻപായി ഞങ്ങളുടെ അടുത്തുവന്നു വിശേഷം ചോദിച്ചു ചൂടുചായ കൊണ്ടുവന്നു പോകുന്ന മുത്തശ്ശിയും പുരുഷോത്തമൻ അച്ഛനും. ഇങ്ങനെ എത്രപേരുടെ സ്നേഹമാണ് കൊറോണ നീ ഞങ്ങളെ അറിയിച്ചത്. 

police-officers-neriamangalam-on-duty

ഇന്ന് ഡ്യൂട്ടി തീർന്നുപോരുമ്പോൾ ഞങ്ങളെ കെട്ടിപ്പിടിച്ചു വിതുമ്പുന്ന അമ്മുമ്മയുടെ മുഖം മറയില്ല മനസ്സിൽനിന്നും. ഉച്ചക്ക് ആ കുടിലിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് ഞങ്ങൾക്കായി കരുതിവച്ചു കൊണ്ടുവന്നു തരുമ്പോൾ മരിച്ചുപോയ മുത്തശ്ശി തിരിച്ചുവന്നപോലെ ഒരു തോന്നൽ. എന്നും പൊടിപിടിച്ച പൊലീസ് ജീപ്പ് മുതൽ ഞങ്ങൾ വരുന്ന വാഹനം വരെ കഴുകി ഇടുന്ന ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയും.. മറക്കില്ല, മറക്കാൻ കഴിയില്ല, ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും നിങ്ങളെ പ്രിയ നേര്യമംഗലമേ..

check-post-police-officers-neriamangalam

English Summary : Heart touching social media post by Police Officer Aji Aravind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com