ADVERTISEMENT

സുഖകരമായി ജീവിക്കാൻ എല്ലാ സാധ്യതകളുമുണ്ടായിട്ടും ജീവിതം നശിപ്പിച്ചു കളയുന്നവരെ കുറിച്ചുള്ള വാർത്തകൾ നമ്മെ തേടിയെത്താറുണ്ട്. എന്തിനാണ് അവർ ഇത്തരമൊരു പ്രവൃത്തി ചെയ്തത് എന്ന് അദ്ഭുതപ്പെട്ടു പോകും. പണത്തോടുള്ള ആർത്തി, അവിഹിത ബന്ധം, അധ്വാനിക്കാതെ ജീവിക്കാനുള്ള മോഹം, ആഡംബര ജീവിതത്തിനായുള്ള വെമ്പൽ.... ഇങ്ങനെ പലതായിരിക്കും കാരണം. എന്നാല്‍ അതിനുവേണ്ടിയുള്ള ശ്രമം അവസാനിക്കുക ജയിലറകളിലായിരിക്കും. ഒപ്പം ആ പ്രവ‍ൃത്തിയിൽ ഇരയായി ജീവനും ജീവിതവും നഷ്ടപ്പെടുന്നവരുടെ ഒരു നീണ്ട നിരയും ഉണ്ടാകും.

എത്ര സംഭവങ്ങൾ പുറത്തു വന്നിട്ടും ഇത്തരം നീചമായ കൃത്യങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. അത്തരമൊന്നാണ് കൊല്ലം അഞ്ചലിൽ നടന്ന ഉത്ര എന്ന 25 കാരിയുടെ കൊലപാതകം. ഉത്രയെ ഒഴിവാക്കി മറ്റൊരു ജീവിതം ഭർത്താവായ സൂരജ് ലക്ഷ്യമിട്ടതാണ് നടുക്കുന്ന ഈ സംഭവങ്ങൾക്ക് ആധാരം. പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ സൂരജ് വകവരുത്തി. 85 വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ കലിഫോർണിയയിൽ നടന്ന ഒരു കൊലപാതകത്തിന് ഉത്രയുടെ കൊലപാതകവുമായി സാമ്യമുണ്ട്. ഇവിടെ ജീവൻ നഷ്ടമായത് മേരി എമ്മ ബുഷ് എന്ന യുവതിക്കായിരുന്നു.

1935 ഓഗസ്റ്റിലെ ഒരു ദിവസം ജയിംസ് പെമ്പെർട്ടനും ഭാര്യ വിയോള പെമ്പെർട്ടനും അവരുടെ കുടുംബസുഹൃത്തായ റോബർട്ട് എസ്. ജയിംസിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തി. വീട്ടിലേക്കുള്ള യാത്രയിൽ കാറിലിരുന്ന് അതിഥികളോട് ഭാര്യ മേരിയുടെ കൈപ്പുണ്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു റോബർട്ട്. വീട്ടിലെത്തിയശേഷം വാതിലില്‍ മുട്ടി അവര്‍ മൂന്നുപേരും മേരിയെ കാത്തുനിന്നു. എന്നാൽ മേരി പുറത്തേക്ക് വന്നില്ല. വീടിനുള്ളിൽ വെളിച്ചമൊന്നും കാണുന്നുമില്ല. മേരി കിടന്നുറങ്ങുകയാവും എന്നു കരുതി അവർ ശക്തിയായി വാതിലില്‍ തട്ടി വിളിച്ചു. എന്നിട്ടും മേരിയെ കാണാതായതോടെ റോബർട്ട് പരിഭ്രാന്തനായി വീടിനു പുറകിലേക്ക് ഓടി. പെമ്പെർട്ടൻ ദമ്പതികൾ അയാളെ പിന്തുടർന്നു. അവർ വീടിനു ചുറ്റും നടന്ന് മേരിയെ അന്വേഷിച്ചു. ആ വീടിനു പിറകിൽ ചെറിയൊരു കുളമുണ്ട്. ജയിംസ് പെമ്പെർട്ടൻ തന്റെ കയ്യിലുള്ള ചെറിയ ടോർച്ച് ആ കുളത്തിലേക്ക് തെളിച്ചു. അവിടെ കണ്ട കാഴ്ച അയാളുടെ നെഞ്ചിടിപ്പ് കൂട്ടി. അതൊരു നിലവിളിയായി പുറത്തുവന്നു. കുളക്കരയിൽ അതാ  മേരിയുടെ ശരീരം അടിഞ്ഞു കിടക്കുന്നു.

ഭാര്യയുടെ മൃതദേഹം കണ്ട് റോബർട്ട് ജയിംസ് അലമുറയിട്ടു കരഞ്ഞു. ബാർബർ ഷോപ്പ് നടത്തിയിരുന്ന റോബർട്ട് കടയിൽ ജോലിക്കാരിയായി എത്തിയ മേരിയെ വിവാഹം ചെയ്തിട്ട് മൂന്നു മാസമേ ആയിരുന്നുള്ളു. മേരി കുളത്തിൽ മുങ്ങി മരിച്ചു എന്ന നിലയിൽ കാര്യങ്ങള്‍ മുന്നോട്ടു പോയി. 

മേരിയുടെ സംസ്കാരം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ റോബർട്ട് തന്റെ ബാർബർ ഷോപ്പ് തുറന്നു. മേരിയുടെ പേരിലുണ്ടായിരുന്ന ഇൻഷുറൻസ് തുക ലഭിക്കാൻ റോബർട്ട് കാണിക്കുന്ന തിടുക്കം ചിലരിൽ സംശയങ്ങളുണ്ടാക്കി. ഇക്കൂട്ടത്തിൽ ഒരാൾ ഇൻഷുറൻസ് ഇൻവെസ്റ്റിഗേറ്ററായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോൾ റോബര്‍ട്ടിന്റെ അഞ്ചാം ഭാര്യയാണ് മേരിയെന്നും ഇയാളുടെ മൂന്നാം ഭാര്യയും മുങ്ങി മരിക്കുകയായിരുന്നു എന്നും അയാൾ കണ്ടെത്തി. തന്റെ സംശയം അയാൾ പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് രഹസ്യാന്വേഷണം ആരംഭിച്ചു.

ഇതിനിടെ റോബർട്ടിന്റെ സുഹൃത്തായിരുന്ന ചാൾസ് ഹോപ് ഒരു ബാറിലിരിക്കെ മദ്യലഹരിയിൽ മേരിയെ കൊന്നത് റോബർട്ടും താനും ചേർന്നാണെന്നു വിളിച്ചുപറഞ്ഞു. ഇതോടെ റോബര്‍ട്ടിനെയും ചാൾസിനെയും പൊലീസ് അറസ്റ്റു ചെയ്തു. കുറ്റബോധം കൊണ്ടു നീറിയ ചാൾസ് നടന്ന കാര്യങ്ങളെല്ലാം പൊലീസിനോട് തുറന്നു പറഞ്ഞു.

ചാൾസ് ഏറെ നാളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. റോബർട്ട് ഇയാൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഇതിനു പകരം, ഗർഭിണിയായ തന്റെ ഭാര്യയെ കൊല്ലാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. ചാൾസ് സമ്മതിച്ചതോടെ അവർ ഇതിനായി പദ്ധതി തയാറാക്കി. ബ്ലാക്ക് വിഡോ ഇനത്തില്‍പ്പെട്ട വിഷമുള്ള എട്ടുകാലിയെക്കൊണ്ടു കടിപ്പിച്ച് മേരിയെ കൊല്ലാനായിരുന്നു ആദ്യ നീക്കം. വീട്ടിലെ പൂന്തോട്ടത്തിൽ വച്ച് റോബർട്ട് തന്ത്രപൂർവം ഇതു നടപ്പിലാക്കുകയും ചെയ്തു. എന്നാൽ എട്ടുകാലി കടിച്ച കാലിന്റെ തള്ളവിരൽ വീർത്തുവെങ്കിലും മേരി മരണത്തിൽനിന്ന് രക്ഷപ്പെട്ടു. ഇതോടെ കൂടുതൽ വിഷമുള്ള ജീവിയെ ഉപയോഗിക്കാന്‍ റോബർട്ടും ചാൾസും തീരുമാനിച്ചു. പാമ്പ് വളർത്തലിനു പ്രശസ്തനായ സ്നേക്ക് ജോയുമായി ബന്ധപ്പെട്ട് ചാൾസ് കൊടിയ വിഷമുള്ള രണ്ടു പാമ്പുകളെ വാങ്ങി.

black-widow-spider
ബ്ലാക് വിഡോ സ്പൈഡർ

റോബർട്ട് ഇതേസമയം മേരിയെ ഗർഭച്ഛിദ്രത്തിനു വേണ്ടി നിർബന്ധിക്കുകയായിരുന്നു. ആദ്യം എതിർത്തെങ്കിലും ഒടുവിൽ മേരി സമ്മതിച്ചു. പരിചയമുള്ള ഒരു ഡോക്ടർ ഉണ്ടെന്നും അദ്ദേഹം വീട്ടിൽ വന്ന് ഗർഭച്ഛിദ്രം നടത്തിത്തരുമെന്നും മേരിയെ വിശ്വസിപ്പിച്ചു. ഡോക്ടറുടെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കാൻ മേരിയുടെ കണ്ണുകെട്ടണമെന്നും റോബർട്ട് നിർദേശിച്ചു. 

1935 ഓഗസ്റ്റ് 4, ധൈര്യം പകരാനെന്ന വ്യാജേന നൽകിയ വിസ്ക്കിയിൽ റോബർട്ട് മയക്കുഗുളികളും ചേർത്തു. മേരിയുടെ കണ്ണുകൾ തുണികൊണ്ട് മറച്ചിരുന്നു. ചാൾസ് നൽകിയ പാമ്പുകളെ ഒരു പെട്ടിയിലാക്കി അതിലേക്ക് മേരിയുടെ കാലുകൾ കടത്തി വച്ചു. മേരിക്ക് പാമ്പ് കടിയേറ്റു എന്നുറപ്പാക്കിയശേഷം റോബർട്ട് വീടിനു പുറത്തുപോയി കാറിലിരുന്ന് ചാൾസിനൊപ്പം മദ്യപിച്ചു. കുറച്ചു സമയത്തിനുശേഷം മേരിയുടെ മരണം ഉറപ്പിക്കാനായി ചാൾസിനെ അകത്തേക്ക് അയച്ചു. എന്നാൽ മേരി അപ്പോഴും മരിച്ചിരുന്നില്ല. ചാൾസ് തിരിച്ചെത്തി റോബർട്ടിനോട് ഇക്കാര്യം പറഞ്ഞു. ക്ഷുഭിതാനായ റോബർട്ട് തിരികെയെത്തി മേരിയെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുക്കി കൊന്നു. 

rattle-snake
റാറ്റിൽ സ്നേക്ക്

മേരിയുടെ മരണം നാട്ടുകാരെ അറിയിക്കാനും അതൊരു മുങ്ങിമരണമെന്നു സ്ഥാപിക്കാനുമായിരുന്നു റോബർട്ട് വിരുന്നു നൽകാനെന്ന വ്യാജേന പെമ്പെർട്ടൻ ദമ്പതിമാരെ പിറ്റേ ദിവസം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. മേരിയുടെ മൃതദേഹം നേരത്തേ തന്നെ കുളക്കരയിൽ എത്തിച്ച റോബർട്ട്, പിന്നീട് ഒന്നുമറിയാത്തവനെപ്പോലെ ഇവർക്കു മുമ്പിൽ തകർത്ത് അഭിനയിക്കുകയായിരുന്നു.

ഞെട്ടിക്കുന്ന വേറെയും ചില കാര്യങ്ങൾ അന്വേഷണത്തിൽ പുറത്തു വന്നു. മേരിയുടെ കൊലപാതകത്തിനു പുറമേ മൂന്നാം ഭാര്യയുടെ മുങ്ങിമരണവും സഹോദരീപുത്രന്റെ മരണവും റോബർട്ട് നടത്തിയ കൊലപാതകങ്ങളായിരുന്നു. ഇവരുടെ പേരിലുള്ള ഇൻഷുറൻസ് തുക ലഭിക്കാനായിരുന്നു ഇതെല്ലാം ചെയ്തത്. 1942 മേയ് 1ന് റോബർട്ടിനെ തൂക്കിലേറ്റി. ചാൾസ് ഹോപിന് മരണം വരെ തടവുശിക്ഷയും ലഭിച്ചു.

rattle-snake-james
റോബർട്ട് എസ്. ജെയിംസ്

ഇൻഷുറൻസിനു വേണ്ടി നടത്തിയ കൊലപാതകം എന്നു പറയുമ്പോൾ മലയാളികളുടെ ഓർമയിൽ എത്തുക സുകുമാരക്കുറുപ്പ് ആയിരിക്കും. മികച്ച വരുമാനമുള്ള ജോലിയും സുഖകരമായ ജീവിതവും ഉണ്ടായിരുന്നിട്ടും കൂടുതൽ പണം വേണമെന്ന ചിന്ത കുറുപ്പിനെ ക്രൂരനാക്കി മാറ്റി. അതു നഷ്ടപ്പെടുത്തിയത് ചാക്കോ എന്ന യുവാവിന്റെ ജീവനാണ്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ അയാളുടെ ഭാര്യ ഗർഭിണിയായിരുന്നു. ആഡംബര കുടുംബജീവിതം ലക്ഷ്യമിട്ട സുകുമാരക്കുറുപ്പിനും പങ്കാളികൾക്കും അവരുടെ ജീവിതം നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം അഞ്ചലിൽ സൂരജിന്റെ ക്രൂര പ്രവൃത്തിയിൽ 25 കാരിയായ ഒരു യുവതിയുടെ ജീവിതമാണ് അവസാനിച്ചത്. കേസും ശിക്ഷയുമൊക്കെ സൂരജിനെ കാത്തിരിക്കുന്നു. ഒന്നുമറിയാത്ത പ്രായത്തിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെടുന്ന ഒന്നര വയസ്സുള്ള കുഞ്ഞ്. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് വേദനയിൽ നീറേണ്ടി വരുന്ന മാതാപിതാക്കൾ.... അങ്ങനെ എത്രയോ പേരുടെ ജീവിതമാണ് ഒരാളുടെ സ്വാർഥവും നികൃഷ്ടവുമായ പ്രവൃത്തിയിൽ ഇല്ലാതാകുന്നത്. 

ഉള്ളതുകാണ്ട് സന്തോഷമായി ജീവിക്കുന്ന ഒരുപാട് മനുഷ്യർ ചുറ്റിലുമുണ്ട്. ജീവിതം ഒന്നേയുള്ളൂ, അതെത്ര സന്തോഷമായി ജീവിക്കാം. എന്നിട്ടും ചിലർ കുടുതൽ വെട്ടിപ്പിടിക്കാന്‍ ഓടി എല്ലാം നഷ്ടമാക്കുന്നു.!! 

English Summary : Crimes Destroying Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com