ADVERTISEMENT

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീറാം രാമചന്ദ്രൻ. ‘ജീവ’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീറാം പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തത്. കോഴിക്കോട് സ്വദേശിയായ ശ്രീറാം സിനിമാ- സീരിയൽ രംഗത്തെത്തിയിട്ട്  ഏഴു വർഷങ്ങൾ പിന്നിടുന്നു. ആർട് അസിസ്റ്റന്റ്, സഹനടൻ, സീരിയൽ നായക നടൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവു തെളിയിച്ച ശ്രീറാം ലക്ഷ്യം ബിഗ് സ്ക്രീൻ തന്നെയാണ്. സംഗീതജ്ഞനായ അച്ഛൻ, സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായ ചേട്ടൻ, സിനിമയെ ഏറെ സ്നേഹിക്കുന്ന അമ്മ, ക്ലാസിക്കൽ ഡാൻസറായ ഭാര്യ വന്ദിത എന്നിവരുൾപ്പെടുന്ന കലാ പാരമ്പര്യമുള്ള കുടുംബമാണു ശ്രീറാമിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ പ്രോത്സാഹനം. അതുകൊണ്ടു തന്നെ കുടുംബമാണു തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയതെന്നു ശ്രീറാം ഉറപ്പിച്ചു തന്നെ പറയും. ശ്രീറാമിന്റെ വിശേഷങ്ങളിലൂടെ......

സ്വപ്നം കണ്ട ‘സിനിമ’

പെട്ടെന്നൊരു ദിവസം തോന്നിയ ആഗ്രഹത്തിന്റയോ, ലഭിച്ച അവസരത്തിന്റെയോ പുറത്ത് അഭിനയിക്കാൻ തീരുമാനിച്ച വ്യക്തിയല്ല ഞാൻ. ചെറിയ പ്രായത്തിൽ തന്നെ മനസ്സിൽ വേരുറച്ച സ്വപ്നമാണു സിനിമ. ചേട്ടൻ ജയറാം സിനിമ രംഗത്താണു പ്രവർത്തിക്കുന്നത്. സന്തോഷ് ശിവൻ സാറിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ചേട്ടൻ ഇപ്പോൾ സ്വന്തം സിനിമയ്ക്കായുള്ള തയാറെടുപ്പിലാണ്. ചേട്ടന്റെ സിനിമ കമ്പത്തിൽ നിന്നുമാണു ചെറുപ്പിലേ എന്നിലും അഭിനയമോഹം വളർന്നത്.

sree-ram-ramachandran-2

ആദ്യം പിന്നണിയിൽ 

ക്യാമറയ്ക്കു മുന്നിൽ വരാനായിരുന്നു ആഗ്രഹമെങ്കിലും സിനിമയിൽ എന്റെ അരങ്ങേറ്റം പിന്നണിയിൽ ആയിരുന്നു. ‘വില്ല്’ എന്ന സിനിമയുടെ ആർട്ട് ഡയറക്ടർ ആയിരുന്നു. രണ്ടു വർഷത്തോളം ആ മേഖലയിൽ പ്രവർത്തിച്ചു. പിന്നീട് മലയാളത്തിൽ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ ചെയ്തു. ഇതിനിടക്ക് ഞാൻ ചില മ്യൂസിക് വിഡിയോകൾ ചെയ്തിരുന്നു. അതാണ് എനിക്ക് സീരിയൽ രംഗത്തേക്കുള്ള വഴി തുറന്നു തന്നത്. സീരിയലിന്റെ സംവിധായകൻ എന്നെ വിളിച്ച് കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. കാരണം ഞാൻ സ്വപ്നം കണ്ടിരുന്നത് ബിഗ് സ്‌ക്രീൻ ആയിരുന്നല്ലോ. ആ അവസ്ഥയിൽ ശരിയായ തീരുമാനമെടുക്കാൻ എന്നെ സഹായിച്ചത് ഭാര്യ വന്ദിതയാണ്. 

അഭിനയത്തിന് സ്ക്രീൻ വ്യത്യാസമില്ല

അഭിനയിക്കുക എന്നതല്ലേ മോഹം. അഭിനയം ഒരു കലയാണ്. അതിനു ബിഗ് സ്‌ക്രീനന്നോ, മിനി സ്‌ക്രീനെന്നോ വ്യത്യാസമൊന്നുമില്ല എന്നു പറഞ്ഞ് വന്ദിത എനിക്കു ധൈര്യമേകി. അങ്ങനെയാണു സീരിയിൽ ചെയ്യാൻ തീരുമാനിക്കുന്നത്. വിവാഹത്തിനു മുൻപും ശേഷവും എനിക്കു കരിയറിൽ വേണ്ട എല്ലാവിധ മാനസിക പിന്തുണയും നല്‍കി കൂടെ നിന്നിട്ടുള്ള വ്യക്തിയാണു വന്ദിത. സത്യം പറഞ്ഞാൽ സീരിയൽ ചെയ്യാൻ തുടങ്ങിയതോടെയാണ് എന്റെ സിനിമകൾ പോലും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനാൽ ഈ തീരുമാനം തന്നെയായിരുന്നു ശരി. 

ആശയക്കുഴപ്പത്തിലാക്കിയ ബിടെക് 

ചെറുപ്പം മുതലേ അഭിനയം എന്ന ആഗ്രഹവും മനസ്സിലുണ്ടെങ്കിലും എല്ലാം പഠനശേഷം മതി എന്നായിരുന്നു തീരുമാനം. എന്നാൽ ബിടെക് കഴിഞ്ഞതോടെ ആശയക്കുഴപ്പത്തിലായി. കരിയർ സെറ്റ് ആക്കാനായി ഏതെങ്കിലും സ്ഥാപനത്തിൽ എൻജിനീയർ ആയി ജോലി നോക്കണോ, അതോ എപ്പോൾ ലഭിക്കും എന്നുറപ്പില്ലാത്ത അഭിനയ ലോകത്തെ അവസരങ്ങൾക്കു പിന്നാലെ പോകണോ എന്നതായിരുന്നു സംശയം. ഒടുവിൽ ഞാൻ അച്ഛന്റെ മുന്നിലെത്തി. അച്ഛൻ രാമചന്ദ്രൻ ഒരു കർണാടിക് സംഗീതജ്ഞനാണ്. കലയുടെ മൂല്യം നന്നായി അറിയാവുന്ന അദ്ദേഹമാണ് എന്നെ അഭിനയത്തിലേക്കു വഴിതിരിച്ചു വിട്ടത്. നമുക്ക് വിജയിക്കും എന്നുറപ്പുള്ളതും മനസിന് സന്തോഷം തരുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഞാൻ അത് അനുസരിച്ചു. അങ്ങനെയാണ് ഒരു നടൻ എന്ന തലത്തിലേക്ക് ഉയരുന്നത്. 

വന്ദിതയുടെ എൻട്രി 

2012 ലാണ് വന്ദിത എന്റെ ജീവിതത്തിലേക്ക് വരുന്നത്. ചിന്മയയിൽ എന്റെ ജൂനിയർ ആയിരുന്നു വന്ദിത. എന്നാൽ കോളജ് പഠനശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. തുടക്കത്തിൽ വന്ദിതയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായി. കാരണം എന്റെ അഭിനയ മോഹം തന്നെ. എന്നാൽ ബ്രദർ ഇൻ ലോ പൂർണ പിന്തുണയായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും വന്ദിതയെ കണ്ട പാടെ ഇഷ്ടമായി. അങ്ങനെ വിവാഹം നടന്നു. ഞങ്ങളുടെ ജീവിതത്തിലെ സ്നേഹവും സന്തോഷവും പങ്കിടാൻ ആറു വയസുകാരി മകൾ വിസ്മയയും ഒപ്പമുണ്ട്.

sree-ram-ramachandran-1

കൊച്ചിയിലെ ജീവിതം

ഷൂട്ടിങ്ങിന്റെ ഭാഗമായി കൊച്ചിയിലാണ് ഇപ്പോൾ താമസം. കോഴിക്കോട്ടെ വീടും രുചികളും ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. വന്ദിത കുസുമഗിരിയിൽ സ്പീച്ച് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. മോൾ അസ്സീസ്സിയിൽ പഠിക്കുന്നു. അവൾക്കും കുഞ്ഞു മനസ്സിലും സിനിമ എന്ന ആഗ്രഹം തന്നെയാണുള്ളത്. ഒരു മേക്കപ് ആർട്ടിസ്റ്റ് ആകണം എന്നാണ് അവൾ പറയുന്നത്. ഷൂട്ടിനു വേണ്ടി വീട്ടിൽ നിന്നു മാറി നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അവളുടെ കളി ചിരികളാണ്. ഷൂട്ടിങ് തീർന്നു വേഗം വീട്ടിൽ എത്തിയാൽ മതിയെന്നു തോന്നി പോകും.

സിനിമ തന്നെ സ്വപ്നം 

മിനിസ്‌ക്രീൻ പ്രേക്ഷകർ എനിക്കു നൽകുന്ന പിന്തുണ വളരെ വലുതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു വലിയ വിഭാഗം ആരാധകരെ ലഭിച്ചതിൽ സന്തോഷമുണ്ട്. എന്നിരുന്നാലും ഞാൻ  ലക്ഷ്യമിടുന്നത് ബിഗ് സ്‌ക്രീൻ തന്നെയാണ്. താമസിയാതെ വിചാരിച്ച ഉയരത്തിലേക്ക് എത്തിച്ചേരാനാകുമെന്നു തന്നെയാണ് പ്രതീക്ഷ.

English Summary : Kasthooriman Actor Sreeram Ramachandran Interview 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com