ADVERTISEMENT

ജീവിതം അപ്രതീക്ഷിതമായ വഴിമാറ്റത്തിലേക്ക് എത്തിപ്പെടുന്നത് എങ്ങിനെയെന്നോ ഏതു സമയത്തെന്നോ ആര്‍ക്കും പറയാന്‍ കഴിയില്ല. ചില കാര്യങ്ങള്‍ മനുഷ്യന്‍റെ ബോധപൂര്‍വമായ കണക്കുകൂട്ടലുകള്‍ക്കപ്പുറം അങ്ങ് സംഭവിച്ചു പോവുകയാണ്.

അജ്ഞാതനായ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് സ്വന്തം വൃക്ക ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചതിനു പിന്നിലും ചില യാദൃച്ഛികതകളുണ്ട്, നിമിത്തങ്ങളുണ്ട്. അതേസമയം വ്യക്തമായ കാര്യകാരണങ്ങളുമുണ്ട്. അതിലേക്കു വരണമെങ്കില്‍ വര്‍ഷങ്ങള്‍ പിന്നിലേക്കു സഞ്ചരിക്കണം.  

പതിനഞ്ചു വര്‍ഷം മുന്‍പ് ഒരു ദിവസം എന്‍റെ മൂത്തമകന്‍ അരുണ്‍ വീട്ടിലേക്കു വന്നിട്ട് പറഞ്ഞു: ‘ഞാന്‍ പ്രിയ എന്നൊരു പെണ്‍കുട്ടിയുമായി സ്നേഹത്തിലാണ്. എനിക്ക് ആ കുട്ടിയെ വിവാഹം കഴിക്കണം.’

പ്രിയ മാതാപിതാക്കളുടെ ഏകമകളായിരുന്നു. ഒരു കാര്യമൊഴികെ മറ്റെല്ലാ തരത്തിലും അരുണിന് യോജിച്ച ജീവിതപങ്കാളിയായിരുന്നു പ്രിയ. എന്നാല്‍ അവശേഷിച്ച ആ സത്യം എന്നെ ആശയക്കുഴപ്പത്തിലും ആശങ്കയിലുമെത്തിച്ചു. പ്രിയയുടെ അമ്മ വത്സയുടെ ഒരു കിഡ്നി തകരാറിലാണ്. തീരുമാനം പുനഃപരിശോധിക്കാനാണ് അരുണിനോട് ഞാനാദ്യം ആവശ്യപ്പെട്ടത്. മക്കള്‍ക്കു നല്ലതു വരണമെന്ന് ഏതൊരു പിതാവിനെയും പോലെ ഞാനും ആഗ്രഹിച്ചു.  

മക്കളുടെ കുടുംബജീവിതത്തിലും എല്ലാ അർഥത്തിലും പൂര്‍ണതയുണ്ടാവണമെന്നു തന്നെ ഞാന്‍ നിഷ്കര്‍ഷിച്ചു. അരുണ്‍ അവനുവേണ്ടി കണ്ടെത്തിയ പെണ്‍കുട്ടിയും കുടുംബവും കുലീനമായ ഒരു ജീവിതപശ്ചാത്തലം ഉളളവര്‍ തന്നെയായിരുന്നു. എന്നിരിക്കിലും ഒരു തീരുമാനത്തിലെത്തുംമുന്‍പ് ഞാന്‍ എല്ലാ വരുംവരാഴികകളും അവനെ പറഞ്ഞു മനസ്സിലാക്കി. പക്ഷേ എന്‍റെ എതിര്‍പ്പുകള്‍ വിഫലമായി. അരുണ്‍ പാറപോലെ ഉറച്ചു നിന്നു. അവന്‍ അത്ര അഗാധമായി  ആ കുട്ടിയെ സ്നേഹിക്കുന്നുവെന്ന് ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. 

ഏതാനും ആഴ്ചകള്‍ക്കു ശേഷം ഞങ്ങള്‍ പ്രിയയുടെ പിതാവിനെ വിളിച്ചു. ക്യാപ്റ്റന്‍ ജോസഫ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. വീട്ടില്‍ സ്നേഹത്തോടെ ജോച്ചന്‍ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം മര്‍ച്ചന്‍റ് നേവിയുടെ ഷിപ്പിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ഹോങ്കോങ്ങിലുളള ഒരു ഷിപ്പിങ് കമ്പനിയുടെ സിഇഒ ആയി. വളരെ പ്രസാദാത്മകതയുളള ഒരു പിതാവായിരുന്നു ജോച്ചന്‍. അദ്ദേഹത്തിന്‍റെ ഭാര്യ വത്സയെയും ഞങ്ങള്‍ കണ്ടുമുട്ടി. 49 വയസ്സിനടുത്ത് പ്രായമുള്ള അവര്‍ കാഴ്ചയില്‍ ദുര്‍ബലയും രോഗഗ്രസ്തയുമായി തോന്നിച്ചു. ആ ദിവസം വരെ കിഡ്നിക്ക് അസുഖം ബാധിച്ച ഒരാളും എന്‍റെ ബന്ധുക്കള്‍ക്കിടയിലോ സുഹൃദ്‌വലയത്തിലോ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു അസുഖമുളള ആള്‍ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ചും എനിക്കറിയുമായിരുന്നില്ല. അത്തരമൊരു അസ്വാസ്ഥ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സമയമുണ്ടായിട്ടില്ല. 

അക്കാലത്ത് അത് വ്യാപകമായ ഒരു രോഗമായിരുന്നില്ല. നമ്മുടെ പ്രധാന അവയവങ്ങളെ സംബന്ധിച്ച് യാതൊരു വിധ ചിന്തയുമില്ലാതെയാണ് നാം ജീവിക്കുന്നത്. ഹൈസ്കൂള്‍ കാലത്ത് ബയോളജി ക്ലാസില്‍ പഠിച്ചിരുന്ന ഒരു അവയവത്തിന്‍റെ പേര് എന്ന നിലയില്‍ മാത്രമേ അന്നോളം ഞാന്‍ കിഡ്നിയെ കരുതിയിരുന്നുളളൂ.

വിവാഹാലോചനയ്ക്ക് ഇരുകുടുംബങ്ങളുടെയും ആശീര്‍വാദം ലഭിച്ചതോടെ പ്രിയയുടെ രക്ഷിതാക്കള്‍ പലപ്പോഴും ഞങ്ങളുടെ വീട് സന്ദര്‍ശിക്കുമായിരുന്നു. ഒരു വൃക്കരോഗി എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് ആദ്യമായി ഞാന്‍ നേരില്‍ കണ്ടറിയുന്നത് ആ സന്ദര്‍ഭത്തിലാണ്. ഒരു കസേരയില്‍നിന്ന് എഴുന്നേൽക്കാന്‍ പോലും വത്സയ്ക്ക് പരസഹായം ആവശ്യമായിരുന്നു. രണ്ടുപേര്‍ രണ്ടുവശത്തുനിന്ന് പിടിക്കാതെ പടികള്‍ കയറാനോ ഇറങ്ങാനോ സാധിക്കുമായിരുന്നില്ല. ശരീരത്തില്‍ പലയിടത്തും നീരുവച്ചിരുന്നു. ആകെക്കൂടി വിളറിയിരുന്നു. അസ്വസ്ഥത വല്ലാതെ വർധിച്ചപ്പോള്‍ അവര്‍ കിഡ്നി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. 

കിഡ്നി നല്‍കാന്‍ സന്നദ്ധനായ ഒരാളെ കണ്ടെത്താന്‍ ഞാന്‍ അവരോട് പറഞ്ഞു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ വത്സയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായി. ഒരിക്കലും സാധാരണ ജീവിതത്തിലേക്കു മടങ്ങിവരില്ലെന്നു ധരിച്ച വത്സ വീണ്ടും ആരോഗ്യവതിയായിരിക്കുന്നത് കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടു.

ഞങ്ങളുടെ കുടുംബങ്ങള്‍ ഒരുമിച്ചു യാത്രകള്‍ പോകാന്‍ തുടങ്ങി. വത്സയുടെ പ്രസരിപ്പ് ഞങ്ങള്‍ക്ക് തൊട്ടറിയാവുന്ന വിധത്തില്‍ തിരികെ വന്നു. അവരെ സംബന്ധിച്ച് അതൊരു രണ്ടാം ജന്മമായിരുന്നു. വേദനകള്‍ അകന്നു. അക്ഷരാർഥത്തില്‍ അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങി. വത്സയുടെ അതിജീവനം ഞങ്ങള്‍ ആര്‍പ്പുവിളികളോടെ ആഘോഷിക്കാന്‍ തുടങ്ങി. ആധുനിക വൈദ്യശാസ്ത്രത്തിലുളള എന്‍റെ വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ വത്സയുടെ ഈ മാറ്റം കാരണമായി. മരുന്നുകളുടെ ശക്തിയെക്കുറിച്ചും ശസ്ത്രക്രിയയുടെ ഗുണഫലത്തെക്കുറിച്ചും ഞാന്‍ കൂടുതല്‍ ബോധവാനായി.

ഇതിനിടയില്‍  ഞങ്ങള്‍ കാത്തുകാത്തിരുന്ന വിവാഹദിവസം വന്നു. വത്സ ഉത്സാഹപൂര്‍വം ഓടി നടന്ന് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു. ഞങ്ങള്‍ അദ്ഭുതത്തോടെ അത് നോക്കി നിന്നു. വിവാഹശേഷം അവധിദിവസങ്ങളില്‍ ഞങ്ങള്‍ അരുണിനും പ്രിയക്കും വത്സയ്ക്കുമൊപ്പമുണ്ടായിരുന്നു. ഞാന്‍ നിശ്ശബ്ദം വത്സയെ നിരീക്ഷിച്ചു കൊണ്ടിരുന്നു. യു.എസിലെ അലാസ്കയിലേക്ക് ജോച്ചനും വത്സയ്ക്കുമൊപ്പം ഞങ്ങള്‍ ഒരു ട്രിപ്പ് പോയി. ഒരിക്കല്‍ പരസഹായമില്ലാതെ കസേരയില്‍നിന്ന് എണീക്കാന്‍ കഴിയാതിരുന്ന വത്സ സാഹസികമായ വാട്ടര്‍ റാഫ്റ്റിങ്ങും ഹോട്ടര്‍ എയര്‍ബലൂണ്‍ തുടങ്ങിയ റൈഡുകളും അനായാസം കൈകാര്യം ചെയ്യുന്നത് കണ്ട് ഞാന്‍ അതിശയിച്ചു,

മാസങ്ങള്‍ക്കു ശേഷം ഒരു ചൈനാ യാത്രക്കിടയില്‍ സിംഗപ്പൂരില്‍ ഇറങ്ങി വത്സയെയും ജോച്ചനെയും കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ജോച്ചന്‍ അന്ന് ഹോങ്കോങ്ങില്‍നിന്നു സിംഗപ്പൂരിലേക്ക് സ്ഥലം മാറ്റമായി നില്‍ക്കുന്ന സമയമാണ്; ജോലിയുമായി ബന്ധപ്പെട്ട് വലിയ തിരക്കിലും. ആ കുറവ് വത്സല ഞങ്ങളെ അറിയിച്ചില്ല. അവര്‍ തന്നെ ഡ്രൈവ് ചെയ്ത് ഞങ്ങളെ നഗരം മുഴുവന്‍ കൊണ്ടുപോയി കാണിച്ചു. വീട്ടില്‍ വളരെ വിചിത്രമായ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി ഞങ്ങളെ അതിശയിപ്പിച്ചു. അവരുടെ സഹജമായനര്‍മബോധത്താലുളള തമാശകള്‍ പൊട്ടിച്ച് ഞങ്ങളെ രസിപ്പിച്ചു. പിന്നീട് പ്രിയയ്ക്കും അരുണിനും കുഞ്ഞ് ജനിച്ചു. ഞങ്ങള്‍ അവന് ആരവ് എന്ന് പേരിട്ടു.

ആരവ് ജനിച്ചതോടെ വത്സ ചിട്ടയും വിവേകവും ഉത്തരവാദിത്തവുമുള്ള മുത്തശ്ശിയായി പ്രവര്‍ത്തിച്ചു. ആരവിന് കേവലം നാല് മാസമുള്ളപ്പോള്‍ നടന്ന വൈദ്യപരിശോധനയില്‍ വളരെ അപൂര്‍വമായ ഒരു തകരാറ് അവന്‍റെ ഹൃദയത്തിനുളളതായി കാണപ്പെട്ടു. അത് ഞങ്ങള്‍ എല്ലാവരെയും തകര്‍ത്തു കളഞ്ഞു. കരുത്തനായ മനുഷ്യനെന്ന് സ്വയം വിശ്വസിച്ചിരുന്ന എനിക്കു പോലും രാത്രി നേരെ ചൊവ്വേ ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്‍റെ പേരക്കുട്ടിക്ക് സംഭവിച്ച ഈ ദുരന്തം എന്നെ വല്ലാതെ വിഷമത്തിലാഴ്ത്തി. അവന്‍റെ കുഞ്ഞുഹൃദയത്തിന് ഒരു സുഷിരമുണ്ട്. ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടേഴ്സ് പറയുന്നു. ഞങ്ങള്‍ക്കെല്ലാം അത് വലിയ ആഘാതമായി.

kochouseph-chittilappilly-life-series-photo-02
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കുടുംബാംഗങ്ങൾക്കൊപ്പം

ആ സമയത്തെല്ലാം വത്സല ബെംഗളൂരുവില്‍ തിരിച്ചെത്തി മുഴുവന്‍ സമയവും പ്രിയയുടെ അരികില്‍ തന്നെയുണ്ട്. ജോച്ചന്‍ ഷാങ്ഹായിലാണ്. ആരവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് രാത്രിയെന്നോ പകലെന്നോ നോക്കാതെ വത്സ അവരാല്‍ കഴിയുന്ന രീതിയിലെല്ലാം പ്രിയയെ സഹായിച്ചു. ആരവ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു വിധേയനായി. ആ ദിവസം മുഴുവന്‍ ആശുപത്രിയില്‍ നിന്നും ഇരുന്നും ഞാന്‍ സമയം പോക്കി. ഞങ്ങളെല്ലാം ആശങ്കയുടെ അങ്ങേയറ്റത്തു നിന്നപ്പോള്‍ വത്സ വളരെ കരുത്തയും ശാന്തയുമായി കാണപ്പെട്ടു. ഏതു സാഹചര്യത്തെയും അതിജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു അവരുടെ ഭാവചലനങ്ങളില്‍. ആരവ് 7 ദിവസത്തോളം ഐസിയുവില്‍ കിടന്നു. മെല്ലെ സുഖപ്പെട്ടു. മുന്‍പത്തേക്കാള്‍ ആകര്‍ഷണീയതയുളള കുട്ടിയായി അവന്‍ ജീവിതത്തിലേക്കു മടങ്ങി വന്നു. വളരെ പെട്ടെന്ന് അവന്‍ സുഖംപ്രാപിച്ചുവെന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. ആനന്ദാശ്രുക്കളോടെ ഞങ്ങള്‍ അവനെ ചേര്‍ത്തു നിര്‍ത്തി. വിസ്മയകരമായ ഈ തിരിച്ചുവരവിന് ആധുനികവൈദ്യശാസ്ത്രത്തോട് ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വളരെയധികം ഭയം ഉളളില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. എന്‍റെ സഹോദരന്‍റെ ശിരസ്സില്‍ നിന്നുണ്ടായ രക്തപ്രവാഹം അത്രമേല്‍ എന്നെ ഭയചകിതനാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം വത്സയുടെയും ബാലനായ ആരവിന്‍റെയും രോഗവിമുക്തിക്ക് ശേഷം എന്‍റെ ഭയങ്ങള്‍ അപ്രത്യക്ഷമായി. ആശുപത്രികളോടുളള വിമുഖത പഴങ്കഥയായി.

(തുടരും)

English Summary : Kochouseph Chittilappilly Life Series Part 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com