പ്രണയ യാത്രയ്ക്ക് ബ്രേക്കിട്ട് കോവിഡ‍്; കേരളത്തിന്റെ മരുമകളായി ലൂസിയെത്താൻ വൈകും

HIGHLIGHTS
  • നാലു വര്‌ഷം മുമ്പ് വാരണാസിയിലാണ് ഇവർ കണ്ടുമുട്ടുന്നത്
  • ഏപ്രിലിൽ വിവാഹം നടത്താനായിരുന്നു തീരുമാനം
keralite-nipin-and-australian-women-loosy-love-and-life
SHARE

നാട്ടിലാണെങ്കിലും ഓസ്ട്രേലിയയിലേക്കു പറക്കുന്ന അപ്പുപ്പന്‍താടിയാണു നിപിന്‍റെ മനസ്സ്. ചിത്രശലഭത്തെ പോലെ പാറി നടക്കുന്ന ഈ ആലപ്പുഴക്കാരൻ സഞ്ചാരിയും ട്രാവല്‍ ബ്ലോഗറുമാണ്. വര്‍ഷത്തിൽ 30 ദിവസം പോലും തികച്ചു വീട്ടിൽ നിൽക്കാത്ത നിപിന്റെ യാത്രകൾക്കു മാത്രമല്ല ലോക്ഡൗൺ ബ്രേക്ക് പറഞ്ഞത്, നാളുകളായി മനസ്സിലുള്ള ആഗ്രഹത്തിനു കൂടിയാണ്. ആകാശപാതയില്‍ രാജ്യാന്തര വിമാനങ്ങള്‍ പറന്നു തുടങ്ങിയാൽ മാത്രമേ ഏറെ നാളായുള്ള ആ ആഗ്രഹം പൂർത്തിയാക്കാനാകൂ. അതിനിനിയും  എത്ര നാൾ കാത്തിരിക്കണമെന്നാണ് നിപിൻ ചോദിക്കുന്നത്.

നിപിന്റെ യാത്രയില്‍ ഒപ്പം ഓസ്ട്രേലിയക്കാരിയായ ലൂസിയുമുണ്ടായിരുന്നു. യാത്രകൾ തുടർന്നപ്പോൾ ഇരുവരും പ്രണയത്തിലാകുകയും ബന്ധം ലിവിങ് ടുഗതറിലെത്തുകയും ചെയ്തു. ഇരുവരും വിവാഹിതരാകനും തീരുമാനിച്ചു. അതിനായി സ്ഥലവും തീയതിയുമൊക്കെ നിശ്ചയിച്ചു. എന്നാൽ ലോകം മുഴുവന്‍ കൊറോണ എന്ന ചെറുവൈറസിന്‍റെ പിടിയിലാകുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ കതിർമണ്ഡപത്തിലേക്കുള്ള വഴിയടയുകയായിരുന്നു.

nipin-loosy-2

കട്ട പ്രണയം

യാത്രയെ പ്രണയിക്കുന്ന  ലൂസിയെ നിപിൻ പരിചയപെടുന്നത് ഉത്തർപ്രദേശിൽ വച്ചാണ്. ജോലിയും യാത്രയും ഒരുമിച്ചു കൊണ്ടുപോകുന്ന ലൂസി കേരളത്തിന്റെ സൗന്ദര്യം ആസ്വദിച്ചു നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. എന്നാൽ  ഇരുവരും കണ്ടുമുട്ടുന്നത് നാലു വർഷം മുൻപ് വാരാണസിയിൽ വച്ചാണ്. അവിടെ ഓസ്ട്രേലിയൻ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു നിപിൻ. കേരളത്തിൽനിന്നു മടങ്ങിയ ലൂസി വാരാണസിയിൽ സഞ്ചരിക്കുമ്പോഴാണു നിപിനെ അവിചാരിതമായി പരിചയപ്പെടുന്നതും സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും ആ ബന്ധം വളർന്നതും. പിന്നീട് ഇരുവരും ഒരുമിച്ചു നിരവധി രാജ്യങ്ങൾ സന്ദർശിച്ചു. ലോക്ഡൗണിനു തൊട്ടുമുൻപായി ഇരുവരും ചേർന്നു കേരളത്തിൽ ബൈക്ക് ട്രിപ്പ് നടത്തിയിരുന്നു. അതിനുശേഷം ലൂസി ഓസ്ട്രേലിയയിലേക്കു മടങ്ങി. ഏപ്രിലിൽ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 

nipin-loosy-3

നഗ്നപാദരായി വിവാഹം

ദ്വീപുരാഷ്ട്രമായ ഫിജിയിലെ ബീച്ചിൽ വച്ചു വിവാഹിതരാകാനായിരുന്നു രണ്ടുപേരുടെയും ആഗ്രഹം. ഇവിടെ നടക്കുന്ന വിവാഹങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്. വധുവരന്‍മാര്‍ നഗ്നപാദരായാണു വിവാഹം കഴിക്കുന്നത്. വിവാഹത്തിനു ശേഷം മാലദ്വീപിലേക്കു പോകാനും അവിടെനിന്നു ലക്ഷദ്വീപ്, ആൻഡമാൻ ട്രിപ്പ് നടത്താനുമായിരുന്നു ഇവരുടെ തീരുമാനം. ലൂസി വിവാഹവസ്ത്രങ്ങൾ വരെ ഒരുക്കിയിരുന്നു.

nipin-loosy-1

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ 

ആരോഗ്യപ്രവർത്തകയായ ലൂസി കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. വിക്ടോറിയയിലെ ആശുപത്രിയിൽ ഹൈ ക്വാളിറ്റി (ഹെഡ് നഴ്സ്) നഴ്സാണ് ഇവർ. വിവാഹം മുടങ്ങിയതിന്റെ ദുഃഖമുണ്ടെങ്കിലും ജോലിത്തിരക്കിൽ അതെല്ലാം മറക്കുന്നു. അവധിപോലും എടുക്കാതെയാണു ലൂസി ജോലി ചെയ്യുന്നത്. ആഴ്ചയിൽ മൂന്നു ദിവസം ജോലി നോക്കി മറ്റു ദിവസങ്ങൾ യാത്രയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു പതിവ്. ഇപ്പോൾ ജോലിക്കാണു ലൂസി പ്രാധാന്യം നൽകിയിരിക്കുന്നത്. ‘രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയാണ് അവൾ, രോഗികളുടെ ജീവിതം അവരുടെ കൈകളിലാണ്.’ തന്റെ പ്രിയപ്പെട്ടവൾ നഴ്സായതിൽ അഭിമാനമുണ്ടെന്നും നിപ്പിയെന്ന നിപിൻ വ്യക്തമാക്കി. 

nipin-loosy-5

മറ്റുള്ളവരുടെ ദുഃഖത്തേക്കാൾ വലുതല്ല തങ്ങളുടെ പ്രശ്നം. ഒരുമിച്ചുചേരാൻ വൈകിയേക്കും, എന്നാലും ഒരു മഹാമാരിക്കും തങ്ങളുടെ ബന്ധത്തെ തകർക്കാൻ സാധിക്കില്ലെന്നു യാത്രകളെ സ്നേഹി്ക്കുന്ന ഈ യുവാവ് പറയുന്നു. ഫിജിയിലെ ബീച്ചിൽ വച്ചു തന്നെ ലൂസിയുടെ കരംപിടിക്കാനുള്ള കാത്തിരിപ്പിലാണു  നിപ്പി എന്നറിയപ്പെടുന്ന നിപിൻ. ‘ഹിപ്പി മലയാളി’ എന്നാണു നിപിന്റെ ഇൻസ്റ്റ‌ഗ്രാമിലെ പേര്.

English Summary : Nipin-Loosy a heart touching love story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA