ADVERTISEMENT

നർത്തകർ ദൈവത്തിന്റെ കായികതാരങ്ങൾ ആണെന്ന് പറഞ്ഞത് അമേരിക്കൻ ആധുനിക നൃത്തത്തെ നവീകരിച്ച നർത്തകി മാർത്ത ഗ്രഹാം ആണ്. 1953 ൽ എഴുതിയ, ആത്മകഥാഭാവമുള്ള  ഒരു ചെറിയ കുറിപ്പിലാണ് അവർ ഇങ്ങനെ എഴുതിയത്. ജീവിതം  ജീവിച്ചു ശീലിക്കുന്നതു പോലെ തന്നെയാണ് നൃത്തം ചെയ്യാനായി നൃത്തം പരിശീലിക്കുന്നത് എന്ന് അവർ എഴുതി. അലസതാവിലസിതമായ ഒരു ദില്ലി രാത്രിയിൽ ഇക്കാര്യം ഒരിക്കൽ ഞാൻ ഗോപിയാശാനോട് പറഞ്ഞിട്ടുണ്ട്. അത് പിന്നാലേ പറയാം. 

s-gopalakrishnan-and-kalamandalam-gopi
കലാമണ്ഡലം ഗോപിയും എസ്. ഗോപാലകൃഷ്ണനും

 

kalamandalam-gopi-asan-first-image
വര: കാർട്ടൂണിസ്റ്റ് ഉണ്ണി

ഇടവത്തിലെ അത്തം കലാമണ്ഡലം ഗോപിയാശാന്റെ പിറന്നാളാണ്. ഇത്തവണ ജൂൺ ഒന്ന്. എൺപത്തിരണ്ടു വയസ്സുള്ള ഗോപിയാശാന്റെ നളനെ കോഴിക്കോട്ടു കടപ്പുറത്ത് നാലു മാസങ്ങൾക്കു മുൻപേ കണ്ടു കണ്ണുനിറഞ്ഞതാണ്.ദൈവത്തിന്റെ കായികതാരം മാത്രമല്ല നിത്യകാമുകൻ കൂടിയാണ് ഗോപിയാശാൻ എന്ന് എനിക്കു തോന്നി. അതിന് നാലു മണിക്കൂറുകൾക്കു മുൻപ് കോഴിക്കോട്ടു കടപ്പുറത്ത് പകൽവെയിലിൽ ചുട്ടുപൊള്ളുന്ന മണലിൽ തട്ടിക്കൂട്ടിയ അണിയറയിൽ, പ്രത്യേകിച്ചു യാതൊരു സുഖ-സൗകര്യങ്ങളുമില്ലാത്തയിടത്തിൽ രാത്രിയിലെ നളനായി ചമയാൻ നിലത്ത് പായയിൽ കിടക്കുന്ന ഗോപിയാശാനെ ഞാൻ കണ്ടു.

kalamandalam-gopi-asan-second-image
വര: കാർട്ടൂണിസ്റ്റ് ഉണ്ണി



എന്റെ കാലുകൾ വിറയ്ക്കുന്നതുപോലെ തോന്നി. ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ കലാകാരന്മാരിൽ ഒരാളല്ലേ ഈ കിടക്കുന്നത് എന്നോർത്തപ്പോൾ മനസ്സിൽ വേദന തോന്നി. ചെറിയ ഉയരങ്ങൾ അളന്നളന്ന് വാമനന്മാരായവർക്ക് ഗോപിയാശാന്റെ കിടപ്പിലെ നീളം അളക്കാനുള്ള മാനദണ്ഡം കൈവശം കാണില്ല. 12 ഇഞ്ച് അളവുകോലുമായി എവറസ്റ് കൊടുമുടി കീഴടക്കാൻ പോകുന്നതിലെ അപകടത്തെ കുറിച്ച് ഒരിക്കൽ സുകുമാർ അഴീക്കോട് പറഞ്ഞത് മനസ്സിൽ വരുന്നു. കാർട്ടൂണിസ്റ്റ് ഉണ്ണി കുറച്ചു കൊല്ലങ്ങൾക്കു മുൻപേ കലാമണ്ഡലം ഗോപി അണിയറയിൽ ചമയുന്നത് ഘട്ടം ഘട്ടമായി വരച്ചിരുന്നു. ആ ചിത്രങ്ങൾ ഈ കുറിപ്പിനൊപ്പം ചേർക്കുന്നുണ്ട്. ഇന്നു രാവിലേ ഞാൻ ഉണ്ണിയോട് സംസാരിക്കുകയായിരുന്നു. കഥകളിയിലെ അണിയറയിൽ നടൻ കഥാപാത്രമായി മാറുകയാണ് ചെയ്യുന്നത്... വരയ്ക്കാൻ ഇത്ര സമയവും മനസ്സാന്നിദ്ധ്യവും ഉള്ള മറ്റൊരു വേളയില്ല എന്ന് ഉണ്ണി പറഞ്ഞു.

kalamandalam-gopi-asan-third-image
വര: കാർട്ടൂണിസ്റ്റ് ഉണ്ണി


സമയം അവിടെ വിളംബിതകാലത്തിൽ ഒരു നടനെ കഥാപാത്രത്തിലേക്ക് ആനയിക്കുകയാണ്... അത്തരം ഒരു അണിയറയിൽ വെച്ചാണ് പത്തു കൊല്ലങ്ങൾക്കു മുൻപ് ഞാൻ ഗോപിയാശാനോട് മാർത്ത ഗ്രഹാമിനെ കുറിച്ച് പറഞ്ഞത്... നർത്തകൻ ദൈവത്തിന്റെ കായികതാരമാണെന്ന്. ഗുരുവായൂരിൽ വഴി നടക്കവേ ഇളകിക്കിടന്ന സ്ളാബിനിടയിൽ കാലുപോയി, എല്ലൊടിഞ്ഞ്, ഗോപിയാശാൻ മാസങ്ങളോളം വിശ്രമിച്ചിരുന്നു. അതിനു ശേഷം ദില്ലിയിൽ വന്നതായിരുന്നു അദ്ദേഹം. കളിക്കു ശേഷം അണിയറയിൽ ചെന്ന് ഞാൻ കണ്ടു. എന്നിട്ടു പറഞ്ഞു, മറഡോണയുടെ കാലുകളും ഗോപിയാശാന്റെ കാലുകളും എന്നൊരു ലേഖനം ഞാൻ എഴുതിയിരുന്നു എന്ന് ... ‘ഓ, അതു താനായിരുന്നോ ? ഞാൻ ശ്രദ്ധിച്ചിരുന്നു’ അദ്ദേഹം പറഞ്ഞു: ‘താൻ എഴുതിയത് ശരിയാണ്. മറഡോണയുടെ കാലുകൾ പോലെ തന്നെ വിലയേറിയതാണ് നർത്തകന്റെ കാലുകൾ. അത് ഒരു മുനിസിപ്പൽ വഴിയോരത്തെ ഇളകുന്ന സ്ളാബിനിടയിൽ അകപ്പെടുന്നതെന്തുകൊണ്ടാണ് എന്നാണ് താൻ എഴുതിയത്. പക്ഷേ, എനിക്ക് മുന്നേ പോയ കഥകളി നടന്മാരെ ഓർക്കുമ്പോൾ എനിക്കു കിട്ടുന്ന സൗകര്യങ്ങൾ എത്രയോ കൂടുതലാണ്’.

kalamandalam-gopi-asan-fourth-image
വര: കാർട്ടൂണിസ്റ്റ് ഉണ്ണി
kalamandalam-gopi-asan-fifth-image
വര: കാർട്ടൂണിസ്റ്റ് ഉണ്ണി
kalamandalam-gopi-asan-sixth-image
വര: കാർട്ടൂണിസ്റ്റ് ഉണ്ണി
kalamandalam-gopi-asan-seventh-image
വര: കാർട്ടൂണിസ്റ്റ് ഉണ്ണി

 

ഇത് ഗോപിയാശാനെ കൊണ്ട് പറയിക്കുന്നത് കഥകളി നടൻ കേരളത്തിൽ ശീലിച്ചുപോയ വിനയം കൊണ്ടാണ്. കോഴിക്കോട്ട് കളി കഴിഞ്ഞ് അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ പോയി കണ്ടു. എന്നെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ‘മറഡോണ’ എന്ന് ഓർത്തു. ഞാൻ ആ കാലിൽ ഒന്ന് തൊട്ടു തൊഴുതോട്ടേ എന്ന് ചോദിച്ചു. ‘അതൊന്നും എനിക്കിഷ്ടമല്ലടോ’ എന്നു പറഞ്ഞിട്ടു സമ്മതിച്ചു. ആ കാലിൽ ഞാൻ വിരലാൽ തൊട്ടപ്പോൾ ആയിരം അരങ്ങുകളെ പുളകം കൊള്ളിച്ച രണ്ടു കാലുകൾ എന്റെ മുന്നിൽ മഹാമേരുവായി ഉയരം കൊള്ളുന്നതുപോലെ തോന്നി...

English Summary : S Gopalakrishnan's memoir of a meeting with Kathakali maestro Kalamandalam Gopi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com