ADVERTISEMENT

സ്റ്റാന്‍ലി ഹോ - ലാസ്‌ വേഗസ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ചൂതാട്ട നഗരമായി അറിയപ്പെട്ടിരുന്ന മക്കാവുവിലെ കിരീടംവയ്ക്കാത്ത രാജാവിന്റെ പേര്. ചുരുക്കം ചില ഭാഗ്യവാന്മാര്‍ക്കു മാത്രം സാധിക്കുന്ന രീതിയില്‍, ആഡംബരത്തിലും പ്രൗഢിയിലും തന്റെ ജീവിതം സുദീര്‍ഘമായി ആടിത്തീര്‍ത്ത ശതകോടീശ്വരൻ. വലിയൊരു സാമ്രാജ്യം പടുത്തുയർത്തിയ സ്റ്റാൻ‍ലി ഹോ ഇക്കഴിഞ്ഞ മേയ് 26 ചൊവ്വാഴ്ച, തന്റെ 98-ാം വയസ്സിൽ അന്തരിച്ചു. 

10 ഡോളറും കൊണ്ട് മക്കാവുവിലെത്തി ഒടുവിൽ ശതകോടീശ്വരനായ കഥയാണ് സ്റ്റാൻലി ഹോയുടേത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, അന്ന് പൊതുവെ ശാന്തമായിരുന്ന മക്കാവു ദ്വീപിൽ നിന്ന് ദിനംപ്രതി ബോട്ടിൽ ജാപ്പനീസ് ആധിപത്യത്തിലായിരുന്ന ചൈനയിലേക്ക് വസ്തുക്കൾ കടത്തികൊണ്ട് പോകുന്നുണ്ടായിരുന്നു. അന്നതു നിയന്ത്രിച്ചിരുന്ന സ്റ്റാന്‍ലി ഹോ ഇരുപതുകാരൻ പയ്യൻ, യുദ്ധം അവസാനിച്ചതോടെ മക്കാവു ദ്വീപിൽ വന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തി പല ബിസിനസ്സുകളും നടത്തി. ഒടുവിലയാൾ ചൂതാട്ട രാജാവായി മാറി. 

ലോകമെമ്പാടുമുള്ള ചൂതാട്ട പ്രേമികള്‍ക്ക് ലോകത്തെ ഏറ്റവും വലിയ ഗാംബ്ലിങ് പറുദീസയായിരുന്നു മക്കാവു. ഹോങ്കോങ്ങിന് അടുത്തുള്ള ഈ നഗരവും ഇന്ന് ചൈനയുടെ പ്രത്യേക ഭരണപ്രദേശമാണ്. മക്കാവുന്റെ കഥയില്‍ നിന്ന്, നാലു ‘ഭാര്യ’മാരില്‍ നിന്നായി ‘അംഗീകരിക്കപ്പെട്ട’ 17 കുട്ടികളുള്ള ഹോയുടെ കഥ അടര്‍ത്തി മാറ്റാനാവില്ല. മക്കാവുവിലും മറ്റുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ 15 ബില്ല്യന്‍ ഡോളറോളം വരുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി വേണ്ടപ്പെട്ടവര്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ത്തന്നെ അടി തുടങ്ങുകയും ചെയ്തിരുന്നു. മക്കാവുവിന്റെ വരുമാനത്തിന്റെ 80 ശതമാനവും കസീനോകൾ വഴിയാണ്. 

ദുരിതങ്ങളില്‍ തേടിയെത്തുന്ന ഭാഗ്യം

1921ല്‍ ഹോങ്കോങ്ങിലാണ് ഹോ ജനിച്ചത്. ബ്രിട്ടന്റെ കോളനിയായിരുന്നു ഹോങ്കോങ് അന്ന്. ഹോയുടെ മുത്തശ്ശന്‍ ഡച്ച്-യഹൂദ വംശജനായിരുന്നു. അദ്ദേഹത്തിന് ചൈനീസ് സ്ത്രീയില്‍ ഉണ്ടായതാണ് ഹോയുടെ പിതാവ്. ബിസിനസ് തകര്‍ന്നതോടെ പിതാവ് കുട്ടികളെ പരമ ദാരിദ്ര്യത്തില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. പതിമൂന്നു കുട്ടികളില്‍ ഒമ്പതാമനായിരുന്നു അന്ന് 13 വയസ്സുണ്ടായിരുന്ന ഹോ. പഠിക്കാന്‍ മിടുക്കനല്ലായിരുന്നുവെങ്കിലും, ഹോയ്ക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍, രണ്ടാം ലോക മഹായുദ്ധം തുടങ്ങിയതോടെ പഠനം തടസപ്പെട്ടു. ജപ്പാന്‍ സൈന്യമാണ് ഹോങ്കോങ്ങിന്റെ ഭരണം ഏറ്റെടുത്തത്. അക്കാലത്ത് ഹോ ഒരു വാര്‍ഡനായും ജോലിയെടുത്തിരുന്നു. ജപ്പാന്റെ സൈന്യം തന്നെ വകവരുത്തുമെന്നു ഭയന്ന ഹോ തന്റെ യൂണിഫോം എറിഞ്ഞു കളയുകയായിരുന്നു. യുദ്ധത്തെ തുടര്‍ന്ന് നഗരത്തില്‍ ആയിരക്കണക്കിനാളുകള്‍ പട്ടിണിയിലായി. എന്നാല്‍, ഹോയ്ക്ക് മറ്റു ചില വഴികള്‍ തുറന്നു കിട്ടി.

stanley-ho

അദ്ദേഹത്തിന്റെ ഒരു അങ്കിളായിരുന്നു കോടീശ്വരനായ സര്‍ റോബര്‍ട്ട് ഹോട്ടുങ്. പാശ്ചാത്യര്‍ മാത്രം താമസിച്ചുവന്ന ഹോങ്കോങ്ങിലെ ഒരു പ്രദേശത്തു വസിച്ചുവന്ന അദ്ദേഹം 1940 മുതല്‍, അക്കാലത്ത് പോര്‍ച്ചുഗീസ് കോളനിയായിരുന്ന മക്കാവു ദ്വീപിലേക്കു മാറി താമസിച്ചിരുന്നു. അദ്ദേഹം ഹോയെ മക്കാവുവിലേക്ക് ക്ഷണിച്ചു. കയ്യിലുണ്ടായിരുന്ന 10 ഡോളറോണം മൂല്യമുള്ള പണവുമായി ഹോ മക്കാവുവിലേക്ക് തിരിച്ചു.

പ്രതിസന്ധികളിൽ ധീരതയോടെ

1940 കളില്‍ ചൈനയുടെ കൂടുതല്‍ ഭാഗവും ജപ്പാന്റെ അധീനതയിലായിരുന്നു. മക്കാവുവിന്റെ നിയന്ത്രണമുണ്ടായിരുന്ന പോര്‍ച്ചുഗല്‍ 1944 വരെ യുദ്ധത്തില്‍ പക്ഷം ചേർന്നില്ല. നഗരം നോക്കിനടത്തിയിരുന്നത് പോര്‍ച്ചുഗലിന്റെ ഗവര്‍ണറായിരുന്നു. എന്നാല്‍, മക്കാവുവിനു ചുറ്റുമുള്ള തുറമുഖങ്ങളും കടലുമെല്ലാം ജപ്പാന്റെ നിയന്ത്രണത്തിലുമായിരുന്നു. എന്നു പറഞ്ഞാല്‍, ജപ്പാനോടു സഹകരിക്കാതിരുന്നാല്‍ ഭക്ഷണമടക്കമുള്ള അവശ്യ സാധനങ്ങളുടെ വരവു നിലയ്ക്കും. ചുറ്റും യുദ്ധം നടക്കുന്നുണ്ടെങ്കിലും മക്കാവു ശാന്തമായിരുന്നു. എന്നാല്‍, സാധനങ്ങളുടെ കുറവ് പ്രശ്‌നമായി വരികയായിരുന്നു. കോളനിയുടെ ഭരണം ഗവര്‍ണറുടെയും ഡോക്ടര്‍ പെഡ്രോ ഹോസെ ലോബോയുടെയും കരങ്ങളില്‍ നിക്ഷിപ്തമായിരുന്നു.

ചൈനയില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള അഭയാർഥികള്‍ മക്കാവുവിലേക്ക് എത്തുന്നു എന്നത് സ്ഥിതി വഷളാക്കി. ഇത് കള്ളക്കടത്തിലും കരിഞ്ചന്തയിലും നഗരത്തെ എത്തിച്ചു. ഈ പ്രശ്‌നം പരിഹരിക്കാനായി പോര്‍ച്ചുഗീസുകാരന്‍ ഗവര്‍ണര്‍ മക്കാവു കോ-ഓപ്പറേറ്റീവ് കമ്പനി (സിസിഎം) ഉണ്ടാക്കി. ഈ കമ്പനിയുടെ സെക്രട്ടറി ആകാന്‍ പറ്റുന്ന ഒരാളെ കണ്ടെത്തിത്തരാമോ എന്നു സര്‍ റോബര്‍ട്ട് ഹോട്ടുങ്ങിനോട് ഡോക്ടര്‍ ലോബോ ചോദിച്ചതാണ് ഹോയുടെ രാശി തെളിയാന്‍ കാരണം. അതിനെന്താ, ഹോ അല്ലേ ഉള്ളത് എന്നായി റോബര്‍ട്ട്. യുദ്ധസമയത്ത് മക്കാവുവിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായിരുന്നു സിസിഎം. കോളനിയുടെ അന്ന ദാതാവ് ഈ സംഘടനയായിരുന്നു. സിസിഎമ്മിന്റെ മൂന്നിലൊന്ന് ഡോക്ടര്‍ ലോബോയ്ക്കും മറ്റൊരു മൂന്നിലൊന്ന് മക്കാവുവിലെ ഏറ്റവും ധനികരായ പോര്‍ച്ചുഗീസ് കുടുംബങ്ങള്‍ക്കും ശേഷിച്ച മൂന്നിലൊന്ന് ജാപ്പനീസ് സൈന്യത്തിനും അവകാശപ്പെട്ടതായിരുന്നു. സിസിഎമ്മിന്റെ ചുമതല ഏല്‍ക്കുമ്പോള്‍ ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ ഹോ ബോധവാനായിരുന്നു. ജാപ്പനീസ് സൈന്യത്തിനും മക്കാവുവിനും ഇടയില്‍ നിലനിന്നിരുന്ന കൈമാറ്റക്കച്ചവട (ബാര്‍ട്ടര്‍) സംവിധാനത്തിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. യന്ത്ര സാമഗ്രികളും ഉപകരണങ്ങളും നല്‍കി അരി, പഞ്ചസാര, ബീന്‍സ് തുടങ്ങിയവ വാങ്ങുക എന്നതായിരുന്നു ഹോയുടെ ആദ്യ പണി.

സൂക്ഷിച്ച് മുന്നോട്ട്

മക്കാവു ദ്വീപില്‍ ഉണ്ടാകുന്ന എന്തും ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ വിറ്റോളാൻ സിസിഎം ഹോയ്ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍, ഇതൊരു ഓഫിസ് ജോലിയൊന്നുമല്ലായിരുന്നു. ദിവസവും ബോട്ടില്‍ കയറി പണം സ്വീകരിക്കാനും സാധനങ്ങള്‍ വാങ്ങാനും കറങ്ങലായിരുന്നു പണി. പോര്‍ച്ചുഗീസ് അധികാരികള്‍, ജാപ്പനീസ് സൈന്യം, ട്രയഡ് ഗാങുകള്‍, ചൈനയിലെ വിവിധ വിമതവിഭാഗങ്ങള്‍എന്നിവയ്ക്ക് ഇടയിലായിരുന്നു ഹോയുടെ പ്രവൃത്തിമണ്ഡലം. ഇതിനായി ആദ്യം പോര്‍ച്ചുഗീസ് ഭാഷയും ജാപ്പനീസ് ഭാഷയും പഠിക്കേണ്ടിവന്നു.

ഈ പ്രവർത്തനങ്ങൾ അപകടം നിറഞ്ഞതായിരുന്നു. അരിയും പച്ചക്കറിയും മാവും പഞ്ചസാരയും മറ്റു സാധനങ്ങളുമായി ഫ്രഞ്ച് ഇന്‍ഡോ- ചൈനയ്ക്കും മക്കാവുവിനുമിടയിലുള്ള സഞ്ചാരത്തിനിടയില്‍ അദ്ദേഹത്തിന് കടല്‍ക്കൊള്ളക്കാരെ നേരിടേണ്ടി വരാമായിരുന്നു. അവരുടെ കണ്ണില്‍പ്പെടാതെ കൊണ്ടുവരാമെന്നു വച്ചാല്‍ പോലും, സാധനങ്ങള്‍ കൊള്ളയടിക്കാന്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റ് ഗറിലകളെ എങ്ങനെ പറ്റിക്കാമെന്നതിനെക്കുറിച്ചും മുന്നൊരുക്കം വേണ്ടിയിരുന്നു. 

stanley-ho-2

ഈ സമയത്ത് മക്കാവുവിലെ ഇന്ധനലഭ്യത വഷളായി. അപ്പോഴാണ് ഹോ ഒരു മണ്ണെണ്ണ ഫാക്ടറി തുടങ്ങുന്നത്. യുദ്ധം അവസാനിക്കാറായ സമയത്ത്, ജപ്പാന്‍ മക്കാവുവിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നു കരുതിയ അമേരിക്ക മക്കാവുവിന്റെ ഗ്യാസ് ടെര്‍മിനല്‍ ബോംബിട്ടു തകര്‍ത്തു. ഹോയുടേതു കൂടാതെ മക്കാവുവില്‍ ഉണ്ടായിരുന്ന ഏക ഇന്ധന സ്രോതസ് ഇതായിരുന്നു. ഇതോടെ ഹോ തന്റെ മണ്ണെണ്ണ വില്‍പനയിലൂടെ വന്‍ സമ്പത്തു നേടന്‍ തുടങ്ങി. 

യുദ്ധത്തിനു ശേഷം ജപ്പാന്‍കാരുമായി സഹകരിച്ചു എന്ന വിമര്‍ശനം ഹോയെ കാത്തിരിപ്പുണ്ടായിരുന്നു. ചൈനീസ് നാഷനലിസ്റ്റ് ഗവണ്‍മെന്റാണ് സിസിഎം ജപ്പാനുമായി നടത്തിയ ഇടപാടുകളില്‍ പ്രശ്‌നം കണ്ടത്. ചൈനീസ് ഉദ്യോഗസ്ഥര്‍ ഹോയെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോര്‍ച്ചുഗീസ് കൊളോണിയല്‍ പൊലീസ് ഈ ശ്രമം വിഫലമാക്കി. 1945 അവസാനമാകുമ്പോഴേക്ക് മക്കാവുവിന്റെ ഭരണത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഒഴിച്ചു കൂടാനാകാത്ത ഒരാളാണ് ഹോ എന്ന് പോര്‍ച്ചുഗീസ് അധികാരികള്‍ കരുതി. ജപ്പാന്‍കാരോട് സഹകരിച്ചത് എന്തിനാണ് എന്ന ചോദ്യത്തിനും ഹോയ്ക്ക് ഉത്തരമുണ്ടായിരുന്നു – താൻ പോര്‍ച്ചുഗീസ് ഗവണ്‍മെന്റി്‌ന്റെ ഉത്തരവു നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ മക്കാവുവാസികള്‍ വിശന്നു മരിച്ചേനെ.

യുദ്ധാനന്തര മക്കാവുവില്‍ ഹോയുടെ തേരോട്ടം

മക്കാവുവിന്റെ അനൗദ്യോഗിക ഉടമ ആയി അറിയപ്പെട്ടിരുന്ന പോര്‍ച്ചുഗീസുകാരന്‍ ഡോക്ടര്‍ ലോബോയുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിക്കാന്‍ ഹോയ്ക്ക് ആയി. 1942 ല്‍ ധനിക പോര്‍ച്ചുഗീസ് കുടുംബത്തില്‍നിന്ന് തന്റെ ആദ്യ വിവാഹം നടത്തിയതും അദ്ദേഹത്തിന് ഗുണമായി. വെറും 24 ാമത്തെ വയസ്സില്‍ അദ്ദേഹം ശതകോടീശ്വരനായി. കൂടാതെ, സ്ഥലത്തെ പ്രധാന അരിവ്യാപാരിയും കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടറും മണ്ണെണ്ണ വ്യാപാരിയുമായി ഹോ മാറിയിരുന്നു. 

ജപ്പാന്‍ 1945 ല്‍ കീഴടങ്ങുന്ന സമയത്ത് ഹോ, ഹോങ്കോങ്ങിലെത്തി തന്ത്രപരമായ ചില നിക്ഷേപങ്ങള്‍ നടത്തി. ഒരു ബോട്ട് വാങ്ങി ഇരു നഗരങ്ങള്‍ക്കുമിടയില്‍ കടത്തു തുടങ്ങുന്നത് അത്തരത്തിലൊന്നായിരുന്നു. പണം, പദവി, നിര്‍ണ്ണായക പദവികളിലെല്ലാം ഇത്തരം പല അനുകൂല സാഹചര്യങ്ങളും മുതലാക്കിയാണ് ഹോ തന്റെ തേരോട്ടം നടത്തിയത്. 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മക്കാവു ദ്വീപിലേക്ക് യൂറോപ്യൻമാരുടെയും ചൈനക്കാരുടെയും വരവ് കൂടിയത് ഹോയുടെ ബിസിനസ് ജീവിതത്തിലും പ്രതിഫലിച്ചു. ഇതിനെത്തുടർന്ന് 1960കളിൽ മക്കാവു ദ്വീപിൽടൂറിസം ലക്ഷ്യമിട്ട് കാസിനോകൾ തുടങ്ങാൻ കരാറായി. ഈ കാസിനോകളാണ് സ്റ്റാൻലി ഹോയെ അതിസമ്പന്നനാക്കിയത്. മക്കാവുവിന്റെ നികുതി വരുമാനത്തിന്റെ എൺപത് ശതമാനത്തോളം വന്നു കൊണ്ടിരുന്നത് സ്റ്റാൻലി ഹോയോടെ എസ്.ജെ. എം ഹോൾഡീങ്സിൽ നിന്നായിരുന്നു. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന ഫോർബ്സ് മാഗസിന്റെ പട്ടം സ്റ്റാൻലി ഹോയോടെ പേരിലായത് ഇതുകൊണ്ടെക്കെ കൂടിയായിരുന്നു.

നാലു പതിറ്റാണ്ടു കാലത്തേക്ക് മുടിചൂടാ മന്നന്‍

മക്കാവു വളരുന്നതിന് അനുസരിച്ച് ചൂതാട്ടത്തിനുള്ള സ്ഥലങ്ങളും ഹോ വളര്‍ത്തിക്കൊണ്ടുവന്നു. ചൈനയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കേണ്ടത് തന്റെ നിലനില്‍പിന്റെ ആവശ്യമാണെന്നു മനസ്സിലാക്കിയ ഹോ, അതീവ ശ്രദ്ധാപൂര്‍വം അതും ചെയ്തു. മക്കാവു 2002 ല്‍ അമേരിക്കന്‍ കസീനോ നടത്തിപ്പുകാര്‍ക്കായി തുറന്നു കൊടുക്കുന്നതുവരെ ഹോയുടെ കമ്പനിക്കായിരുന്നു സമ്പൂര്‍ണ ആധിപത്യം. ഇതാണ് ചൂതാട്ടത്തിന്റെ മഹാരാജാവ് എന്ന പട്ടം ഹോയ്ക്ക് ലഭിക്കാനിടയാക്കിയത്. മക്കാവുവില്‍ മാത്രമുള്ള 20 കസീനോകള്‍ കൂടാതെ, ഹോങ്കോങ്ങിലും പോര്‍ച്ചുഗലിലും  കൊറിയയിലും കസീനോകള്‍ തുടങ്ങി. 

2009 ല്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരുന്നു. ആ വര്‍ഷം അദ്ദേഹത്തിന് ഒരു വീഴ്ചയിൽ തലച്ചോറിന് ക്ഷതമേല്‍ക്കുകയും ബിസിനസ് രംഗത്തുനിന്നു പിന്‍വാങ്ങുകയും ചെയ്തു. ലോകത്തെ ഏറ്റവും ലാഭകരമായി നടന്നുവന്ന കസീനോകളുടെ നടത്തിപ്പുകാരന്‍ ആയിരുന്നെങ്കിലും അദ്ദേഹം പണം വച്ചുള്ള കളികളില്‍ ഏര്‍പ്പെട്ടില്ല. തന്റെ അടുത്ത ബന്ധുക്കളെ ചൂതാട്ടത്തിലേര്‍പ്പെടരുത് എന്ന് വിലക്കുകയും ചെയ്തിരുന്നു. 

നാലു ഭാര്യമാരും 17 മക്കളും

ഹോയുടെ ബിസിനസ് വളരുന്നതിനൊപ്പം കുടുംബവും വികസിച്ചു കൊണ്ടിരുന്നു. നാല് ഭാര്യമാരിലായി പതിനേഴ് മക്കളാണ് ഉള്ളത്. കോടീശ്വര കുടുംബത്തിലെ അംഗമായിരുന്ന ക്ലമന്റീനയെ 1942ലാണ് ഹോ വിവാഹം കഴിക്കുന്നത്. ഇതിൽ നാലു മക്കളാണ് ഉണ്ടായിരുന്നത്. പിന്നീട് ഒരു കാർ ആക്സിഡന്റിൽ ക്ലമന്റീന കോമസ്റ്റേജിലായതോടെ ഹോ മറ്റ് പല സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് ലുസീനയ എന്ന യുവതി രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് വരുന്നത്. 

stanley-ho-3

ആദ്യ ഭാര്യ ക്ലമന്റീനയെ ശുശ്രൂഷിക്കാൻ വന്ന നഴ്സ് ചാനാണ് ഹോയുടെ മുന്നാം ഭാര്യ. മൂന്നു മക്കളുള്ള ഈ ബന്ധത്തിനു ശേഷമാണ് ഡാൻസറായ ഇപ്പോഴത്തെ ഭാര്യ ലിയൊങിനെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിക്കുമ്പോൾ ലിയോങും സ്റ്റാൻലി ഹോ യും തമ്മിൽ നാല്പത് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.  ഹോ അംഗീകരിച്ച ബന്ധങ്ങളും മക്കളുമാണിത്. ഇതൊന്നും കൂടാതെ വേറെ സ്ത്രീകളുമായുള്ള ബന്ധത്തിലും മക്കളുള്ളതായി കഥകളുണ്ട്. എന്തായാലും ലുസീനയിൽ ജനിച്ച 56 കാരിയായ മകൾ പാൻസി ഹോയാണ് അച്ഛന്റെ ചൂതാട്ട സാമ്രാജ്യത്തെ ഇനി നയിക്കുക.

മക്കാവുവിന്റെ വളർച്ച, ഹോയുടെയും

ചെറിയൊരു മത്സ്യബന്ധന ദ്വീപെന്ന നിലയില്‍നിന്ന് ഇപ്പോഴത്തെ കൂറ്റന്‍ നഗരത്തിലേക്ക് മക്കാവു പടര്‍ന്നു പന്തലിച്ചപ്പോള്‍ അതില്‍ ഹോയ്ക്കുള്ള പങ്ക് ആര്‍ക്കും അടര്‍ത്തി മാറ്റാനാവില്ല. അദ്ദേഹത്തെപ്പറ്റി പല ജീവചരിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. എല്ലാം തന്നെ നിറംപിടിച്ച വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നിരവധി വിവാദങ്ങളും അദ്ദേഹത്തെ ചൂഴ്ന്നു നില്‍ക്കുന്നു. പക്ഷേ പല സാധാരണക്കാര്‍ക്കും പ്രചോദകവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ചൈനീസ് മാധ്യമങ്ങള്‍ അനുശോചിച്ചത്, ‘ദേശസ്‌നേഹിയായ ഒരു ബിസിനസുകാരന്റെ വിയോഗം’ എന്നു പറഞ്ഞാണ് എന്നത് ചൈനയുമായി അവസാനകാലത്ത് എത്ര ആഴത്തിലുള്ള ബന്ധമായിരുന്നു അദ്ദഹത്തിനുണ്ടായിരുന്നതെന്നു വെളിവാക്കുന്നു.

English Summary : Story of gambling king stanley Ho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com