ADVERTISEMENT

ഇണക്കങ്ങളും പിണക്കങ്ങളും ആഘോഷങ്ങളും ദുഃഖവുമൊക്കെ ചേർന്നാണു ദാമ്പത്യം ഊഷ്മളമാകുന്നത്. പ്രശ്നങ്ങളില്ലാത്ത ഒരു ബന്ധവുമില്ല. അത് സ്വാഭാവികവുമാണ്. എന്നാൽ അസ്വസ്ഥതകൾ വർധിക്കുകയും ഇതു സംശയമായി മാറുകയും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താനുമുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തെ നശിപ്പിക്കുന്ന ഇത്തരം അരക്ഷിതാവസ്ഥകൾ കണ്ടെത്തി പരിഹരിക്കേണ്ടത് ഒരോരുത്തരുടെയും കടമയാണ്. പങ്കാളിയുടെ അസ്വസ്ഥയ്ക്ക് ഇതു കാരണമാകും. സൂചനകളിലൂടെ അതു മനസ്സിലാക്കാനാവും.

നിങ്ങളെ പിന്തുടരുക

എങ്ങോട്ടും പോകാതെ നിങ്ങളുടെ കൂടെ തന്നെ ഇരിക്കാന്‍ പങ്കാളി ശ്രമിക്കുന്നുണ്ടോ ? എപ്പോഴും പിന്തുടരുന്ന ഒരു പ്രവണത. അങ്ങനെയെങ്കില്‍ നിങ്ങൾ പങ്കാളിയെ ഉപേക്ഷിച്ചു പോകുമോ എന്ന ചിന്ത രൂപപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. മനസ്സു തുറന്നു സംസാരിച്ച്, പങ്കാളി നിങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്നു മനസ്സിലാക്കികൊടുത്താൽ ഒരു പരിധി വരെ ഇത് ഒഴിവാക്കാം.

എല്ലാം അറിയണമെന്ന വാശി

നിങ്ങൾ ഏവിടെ പോകുന്നു ? എന്തു ചെയ്യുന്നു ? ആരെ കാണുന്നു ? ഇത്തരം ചോദ്യങ്ങൾ എപ്പോഴും ചോദിക്കുകയാണെങ്കില്‍ ബന്ധത്തിലെ അരക്ഷിതാവസ്ഥ വ്യക്തമാണ്. സംശയങ്ങളുടെ വലിയൊരു കാർമേഘമാണു ഇടയിലുള്ളത്. പരസ്പരം സംസാരിച്ച് അതിനെ പെയ്തു തീർക്കാൻ അനുവദിക്കണം. 

എന്നെ മാത്രം ശ്രദ്ധിക്കൂ

ഒരു നല്ല ബന്ധത്തിൽ പരസ്പരമുള്ള സ്നേഹവും ശ്രദ്ധയും തീർച്ചയായും ഉണ്ടായിരിക്കും. എന്നാൽ പതിവിലും അധികമായ ശ്രദ്ധയും കരുതലും ആവശ്യപ്പെടുന്നതു പങ്കാളിയിലെ അസ്വസ്ഥതയാണ് വ്യക്തമാക്കുന്നത്. നിങ്ങൾ എത്ര തിരക്കിലായാലും അവർ ശ്രദ്ധ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും. 

പഴയ ബന്ധങ്ങളെ പുകഴ്ത്തൽ.

മുൻപുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചുള്ള സംസാരം ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്. എന്നാൽ ചിലർ അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ പതിവില്ലാതെ പഴയ ബന്ധം ചർച്ചയാക്കും. ആ ബന്ധത്തെ പുകഴ്ത്തി സംസാരിക്കുകയും നിങ്ങളുമായി താരതമ്യപ്പെടുത്തുകയുമാണു ചെയ്യുക. പങ്കാളി അത്ര പോര എന്നു കാണിക്കാനുള്ള വ്യഗ്രതയാണ് ഇത്. എന്തുകൊണ്ടാണു താൻ പോരാ എന്നു തോന്നുന്നതെന്നു ചോദിച്ചു മനസ്സിലാക്കണം. അസംതൃപ്തിക്കു കാരണം കണ്ടെത്തിയാൽ പരിഹാരവും ഉടനെ ലഭിക്കും.

അമിതസ്നേഹം

സ്നേഹവും പരസ്പര വിശ്വാസവും തന്നെയാണ് എല്ലാ ബന്ധത്തിന്റെയും കെട്ടുറപ്പ്. എന്നാൽ അമിതമായ പ്രകടനം അതിനു ആവശ്യമില്ല. പതിവില്ലാതെ അമിതമായി പങ്കാളി സ്നേഹം പ്രകടിപ്പിക്കുന്നു എന്നു തോന്നിയാൽ ബന്ധത്തിലെ അസ്വസ്ഥകൾ മനസ്സിലാക്കാം. നിങ്ങളുടെ സ്നേഹം കുറയുന്നുണ്ടോ എന്നറിയാനുള്ള ഒരു പരിശോധനയാകാനാണു സാധ്യത. അതു മനസ്സിലാക്കി പ്രവർത്തിക്കുക.

തെറ്റു ചെയ്തില്ലെങ്കിലും ക്ഷമ ചോദിക്കുക

തെറ്റു ചെയ്താൽ ക്ഷമ ചോദിക്കുന്നത് നല്ലതാണ്. എന്നാൽ എന്തിനും ഏതിനും ക്ഷമ ചോദിക്കുന്ന പങ്കാളി അത്ര നല്ല സൂചനയല്ല. അവർക്ക് എന്തൊക്കെയോ സംശയങ്ങളും അസ്വസ്ഥതകളുമുണ്ടെന്നു മനസ്സിലാക്കണം. ബന്ധത്തിൽ ആത്മവിശ്വാസവും ബോധ്യവും ഇല്ലാത്തതാണ് ഇതിനു കാരണം. പങ്കാളിയോട് നല്ല രീതിയിൽ പെരുമാറി ഈ ബന്ധം എത്രമാത്രം പ്രാധാനപ്പെട്ടതാണെന്നു മനസ്സിലാക്കി കൊടുക്കുകയാണു വേണ്ടത്.

English Summary : Are you with an insecure partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com