ADVERTISEMENT

വൃക്കദാനം ചെയ്യാന്‍ തീരുമാനമെടുത്തപ്പോള്‍ ഈ പ്രായത്തില്‍ അത് പ്രായോഗികമല്ലെന്നു പറഞ്ഞ് ഒരു സുഹൃത്ത് നിരുത്സാഹപ്പെടുത്തി. എന്നാല്‍ തോറ്റ് പിന്‍വാങ്ങാന്‍ ഞാന്‍ സന്നദ്ധനായിരുന്നില്ല. എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും വൃക്കദാനം എന്ന ആശയത്തില്‍നിന്നു ഞാന്‍ പിന്നാക്കം പോയില്ല. കൂടുതല്‍ വ്യക്തത ലഭിക്കാനായി കാത്തിരുന്നു. റോട്ടറി ക്ലബ് ഇടയ്ക്കിടെ പല വിഷയങ്ങളില്‍ ആധികാരികമായി സംസാരിക്കുന്ന ചിലരെ ക്ഷണിക്കും. അതിലൊരാളായിരുന്നു ഷേണായി. അവയവദാനത്തിന്‍റെ പ്രചാരകനായിരുന്നു അദ്ദേഹം. തേടിയ വളളി കാലില്‍ ചുറ്റി എന്നതു പോലെ ഞാന്‍ കാത്തിരുന്നയാള്‍ എന്‍റെ മുന്നില്‍ത്തന്നെ വന്നുപെട്ടു. മനസ്സില്‍ കുമിഞ്ഞുകൂടിയ സന്ദേഹങ്ങള്‍ക്കുള്ള ഉത്തരങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ പ്രഭാഷണം.

 

എന്നെപ്പോലൊരാള്‍ ഈ പ്രായത്തില്‍ വൃക്ക ദാനം ചെയ്യുന്നത് ശരിയാവുമോ? ഇതുപോലെ ചിന്തിക്കുന്ന മറ്റാളുകള്‍ ഉണ്ടാവുമോ? പ്രായത്തിന്‍റെ പേരില്‍ എന്നെ ഒഴിവാക്കുമോ? ഇതില്‍ അപകടസാദ്ധ്യതയുണ്ടോ? ഞാന്‍ മരിച്ചു പോകുമോ? എന്‍റെ എല്ലാ സംശയങ്ങള്‍ക്കും അദ്ദേഹം കൃത്യവും വ്യക്തവുമായ ഉത്തരം തന്നു. അവയവദാനം ആഗ്രഹിക്കുന്ന വ്യക്തി ആദ്യമായി ചെയ്യേണ്ടത് ഒരു അപേക്ഷാഫോം പൂരിപ്പിച്ചു കൊടുക്കുകയെന്നതാണ്. അതിന് കുടുംബാംഗങ്ങളുടെ സമ്മതവും വേണം. ഇത് സംബന്ധിച്ച് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്ത് ഭിത്തിയില്‍ തൂക്കണം. കാണുന്നവര്‍ക്കും ഇക്കാര്യത്തില്‍ താത്പര്യം ജനിപ്പിക്കാന്‍ ഈ പ്രവൃത്തിയിലുടെ സാധിക്കും. ഷേണായിയുടെ പ്രഭാഷണം കേട്ട ശേഷം മനസ്സില്‍ ആഹ്ളാദത്തിന്‍റെ തിരയിളക്കം ഉണ്ടായി. പ്രായം ഇക്കാര്യത്തില്‍ ഒരു ഘടകമാണോയെന്ന് അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി. 

 

‘എന്‍റെ അറിവില്‍ ആരോഗ്യവാനായ ഒരാള്‍ക്ക് 65, 70 വയസ്സു വരെ കിഡ്നി ദാനം ചെയ്യാന്‍ സാധിക്കും’

വൃക്കദാനം ചെയ്യാനുളള പ്രായപരിധിയെ സംബന്ധിച്ച് ഞാന്‍ വീണ്ടുംവീണ്ടും ചോദിച്ച് ഉറപ്പിക്കുന്നത് ഒപ്പമുള്ളവര്‍ ശ്രദ്ധിച്ചു. അവരില്‍ ചിലര്‍ക്ക് എന്‍റെ ആഗ്രഹത്തെക്കുറിച്ച് ചെറിയ സൂചന ലഭിച്ചിരുന്നു. രണ്ട് ഡോക്ടര്‍മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ചോദിച്ചു: ‘നിങ്ങള്‍ കിഡ്നി ഡോണറുടെ പ്രായത്തെക്കുറിച്ച് ചോദിക്കുന്നത് കേട്ടു. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാനുളള പരിപാടിയാണോ?’

ഞാന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. വിവാദങ്ങള്‍ക്ക് വഴിമരുന്നിടേണ്ട എന്നു കരുതി ഒഴുക്കന്‍ മട്ടില്‍ വിഷയം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. 

പക്ഷേ എന്‍റെ മനസ്സ് എന്നോട് ചോദിച്ചു: ഒരു അവയവം ദാനം ചെയ്യാന്‍ ഇതിനേക്കാള്‍ അനുയോജ്യമായ സമയം വേറെ എപ്പോഴാണ്? ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍? 

വത്സ മരിച്ചിട്ട് ഇപ്പോള്‍ ഏതാനും മാസങ്ങള്‍ പിന്നിട്ടു. ജീവിതത്തിലും ബിസിനസിലും ഒരുപാടു കാര്യങ്ങള്‍ മുന്നില്‍ വന്നു നില്‍ക്കുന്നു. സ്റ്റബിലൈസര്‍, ഇന്‍വര്‍ട്ടര്‍, ഫാന്‍, തീംപാര്‍ക്ക്.. എല്ലാം അതീവലാഭകരമായി പോകുന്ന സമയം. അപ്പന്‍റെ പേരിലുള്ള ട്രസ്റ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. ഷീലയുടെ വസ്ത്രവ്യാപാരവും നല്ല രീതിയില്‍ നടക്കുന്നു. മക്കളാണ് വിഗാര്‍ഡും വണ്ടര്‍ലായും നോക്കിയിരുന്നത്. ഇനി എന്‍റെ ഇഷ്ടത്തിനൊത്ത ഒരു തീരുമാനമെടുക്കാന്‍ മുന്നില്‍ മറ്റു തടസങ്ങളൊന്നുമില്ല.

 

അരുണും പ്രിയയും ബെംഗളൂരുവിലും ഇളയമകന്‍ മിഥുനും ജ്യോത്സ്നയും കൊച്ചിയിലും താമസം. വീട്ടിലും കുടുംബസദസ്സുകളിലും വൃക്കദാനത്തെക്കുറിച്ച് ഞാന്‍ പറയാതായി. ഞാന്‍ ആഗ്രഹത്തില്‍നിന്നു പിന്‍വാങ്ങിയെന്ന് സ്വാഭാവികമായും എല്ലാവരും കരുതി. വൃക്കദാനം എന്ന തീരുമാനം ഉറപ്പിക്കും വരെ അതിനെക്കുറിച്ചുളള സൂക്ഷ്മവിശദാംശങ്ങള്‍ അറിയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സെക്രട്ടറിയുടെ സഹായത്തോടെ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് എല്ലാ വിവരങ്ങളും ശേഖരിച്ചു. അയാള്‍ എനിക്ക് അയച്ചു തന്ന ഇമെയില്‍ സന്ദേശങ്ങളില്‍ ഫയല്‍ നെയിമായി ചേര്‍ത്തിരുന്നത് കിഡ്നി എന്ന വാക്കായിരുന്നു. വൃക്ക മാറ്റി വയ്ക്കല്‍, വൃക്ക ദാനം ചെയ്യുന്നത്, വൃക്ക സ്വീകരിക്കുന്നത്...ഇത് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ മെയിലുകള്‍ കൊണ്ട് എന്‍റെ ഇന്‍ബോക്സിന് ശ്വാസം മുട്ടി. ഓഫിസിലുളള ആരെങ്കിലും ഇതിന്‍റെ പ്രിന്‍റ്ഔട്ട് എടുത്തു തരും. ഒഴിവു സമയത്ത് ഞാനത് വായിച്ചു നോക്കും.

 

ഒരു അവയവം നമ്മുടെ ശരീരത്തില്‍നിന്ന് എടുക്കുന്നു. അത് അപരിചിതനായ മറ്റൊരാളുടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്നു. അപൂര്‍വമായ അത്തരം അറിവുകള്‍ രസകരമായ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നതായി എനിക്ക് തോന്നി. അവയവദാനത്തിന്‍റെ സാദ്ധ്യതകളെക്കുറിച്ച് ആദ്യം തിരിച്ചറിഞ്ഞത് രണ്ടാം ലോകമഹായുദ്ധ കാലത്താണ്. വൃക്കയില്‍ വെടിയുണ്ടകളുമായെത്തിയ പട്ടാളക്കാര്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ പരുക്കേറ്റ കിഡ്നി മാറ്റി കൊടുക്കും. എന്നിട്ടും അവര്‍ ദശകങ്ങളോളം ആരോഗ്യത്തോടെ ജീവിച്ചു. ഈ അനുഭവമാണ് വൃക്കദാനത്തിന്‍റെ സാദ്ധ്യത വൈദ്യശാസ്ത്രത്തെ ബോധ്യപ്പെടുത്തിയത്.

 

പിന്നീട് രണ്ട് വൃക്കയുള്ളവരില്‍നിന്ന് ഒരെണ്ണമെടുത്ത് ആവശ്യക്കാരിലേക്ക് മാറ്റി വയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ധൈര്യം കിട്ടി. ഈ പരീക്ഷണം ആദ്യമായി നടത്തിയത് രണ്ട് ഇരട്ടകളിലായിരുന്നു. അത് വിജയകരമായിരുന്നു. ഇന്ത്യയില്‍ സര്‍ജിക്കല്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ചരകന്‍ ആണെന്ന് പലരും പറയുന്നു. നമ്മുടെ ഈ ആശയം വിദേശികള്‍ പിന്നീട് ഏറ്റെടുക്കുകയായിരുന്നു.

ഒരു കാര്യം ഭംഗിയായി ചെയ്യണമെന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആഴത്തില്‍ അറിഞ്ഞിരിക്കണം. ഓരോ ചുവട് വയ്ക്കും മുന്‍പ് പല ഡോക്ടര്‍മാരുടെ ഉപദേശം തേടി അതീവശ്രദ്ധയോടെയാണ് മുന്നോട്ടു പോയത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരറിവും എന്നില്‍ വിരസത ജനിപ്പിച്ചില്ല. ചില ഡോക്ടര്‍മാര്‍ മണിക്കൂറുകളോളം അവരുടെ സമയം എനിക്കായി ചെലവഴിച്ചു. വളരെ വിശദമായി ഇതിനെക്കുറിച്ച് സംസാരിച്ചു.

 

ആധുനിക വൈദ്യശാസ്ത്രം ചരിത്രത്തിലാദ്യമായി പരീക്ഷണാർഥം വൃക്കയും കരളും മാറ്റി വച്ചത് നായ്ക്കളിലാണ്. എന്‍റെ സെക്രട്ടറി എടുത്തു തന്ന പ്രിന്റൗട്ടുകള്‍ പ്രകാരം 1950 ല്‍ മുംബൈയിലെ കിങ് എഡ്വേര്‍ഡ് സെവന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ.പി.കെ.സെന്നും സംഘവുമാണ് ഈ പരീക്ഷണം നടത്തിയത്. അന്ന് ഞാന്‍ ജനിച്ചിട്ടേയുളളു. ഈ പ്രിന്‍റൗട്ടുകള്‍ വീട്ടില്‍ കൊണ്ടുപോയി രാത്രി അത്താഴത്തിന് ശേഷം സൂക്ഷ്മമായി വായിച്ച് പഠിക്കും. ബോംബെയിലെ ഇതേ ഹോസ്പിറ്റലിലാണ് ആദ്യത്തെ മനുഷ്യവൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നത്. അത് 1965 ലാണ്. അന്ന് എനിക്ക് 15 വയസ്സ്. തൊട്ടടുത്ത വര്‍ഷം വാരണസിയില്‍ ഒരു സര്‍ജറി കൂടി നടന്നു. ഈ സര്‍ജറിയുടെ ഫലം അറിയാനുള്ള അത്യാകാംക്ഷ കൊണ്ട് എന്‍റെ ഹൃദയം വീര്‍പ്പുമുട്ടി.

ആദ്യത്തെ മനുഷ്യന്‍ ശസ്ത്രക്രിയ കഴിഞ്ഞ് 11-ാം ദിവസം മരിച്ചു. രണ്ടാമത്തെയാള്‍ 3-ാം പക്കം മരിച്ചു. സ്വീകര്‍ത്താക്കളെല്ലാം മൃതദേഹങ്ങളില്‍ നിന്നാണ് അവയവം സ്വീകരിച്ചത്. വിജയിച്ചതിന്‍റെയും പരാജയപ്പെട്ടതിന്‍റെയും കൃത്യമായ കണക്കുകള്‍ക്കായി എന്‍റെ അടുത്ത ശ്രമം.

 

എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ നടന്ന ട്രാന്‍സ്പ്ലാന്‍റേഷന്‍റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ഒരു കാര്യം വ്യക്തമായി. ആദ്യത്തെ അവസ്ഥയില്‍ നിന്ന് വിഭിന്നമായി ക്രമാനുസൃതമായ പുരോഗതിയാണ് ഉണ്ടായിട്ടുളളത്. ഒട്ടും പിന്നോട്ട് പോയിട്ടില്ല. പില്‍ക്കാലത്ത് സര്‍ജറി കഴിഞ്ഞ് പിറ്റേന്ന് വീട്ടില്‍ വരാനും രണ്ടാഴ്ച കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയുന്ന അവസ്ഥയിലെത്തി.

ഇന്‍റര്‍നാഷനല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി പ്രസിദ്ധീകരിക്കുന്ന കിഡ്നി ഇന്‍റര്‍നാഷനല്‍ എന്ന ജേണലില്‍ നിന്ന് ലഭിച്ച വിവരപ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം 3200 വൃക്കമാറ്റിവയ്ക്കലേ നടക്കുന്നുളളു. കണക്ക് എത്രത്തോളം കൃത്യമാണെന്ന് നമുക്കറിയില്ല. മറ്റൊരു കണക്ക് പരിശോധിച്ചപ്പോള്‍ ഇന്ത്യയില്‍ ഒരു വര്‍ഷം കുറഞ്ഞത് ഒന്നരലക്ഷം കിഡ്നികള്‍ ആവശ്യമുളളതായി കണ്ടു. സാധാരണഗതിയില്‍ ദാതാവും സ്വീകര്‍ത്താവും തമ്മില്‍ വൈകാരികമായ ഒരു അടുപ്പം ഉളളപ്പോള്‍ മാത്രമേ വൃക്കമാറ്റിവയ്ക്കല്‍ നടക്കുന്നുളളു. ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കും കൊടുക്കും. രക്ഷകര്‍ത്താക്കള്‍ മക്കള്‍ക്ക് കൊടുക്കും. 

 

എന്‍റെ നാട്ടിലുളള ഒരാള്‍ തന്‍റെ വൃക്ക കുടുംബസുഹൃത്തിന്‍റെ മകള്‍ക്ക് കൊടുത്തു. ആ കുട്ടിയുടെ രക്ഷിതാക്കളുടെ കിഡ്നി യോജിക്കാതെ വന്ന ഘട്ടത്തിലാണ് ഇത് വേണ്ടി വന്നത്. അവിടെ സംഭവിച്ചത് ആ കുട്ടിയോടുളള സഹതാപവും മാനസികമായ അടുപ്പവും കൊണ്ടാണ്. എന്നാല്‍ എന്നെ ഏത് വികാരമാണ് ഇതിലേക്ക് അടുപ്പിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു  മാസം കഴിഞ്ഞ് സുഹൃത്തായ നെഫ്രോളജിസ്റ്റിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഡോക്ടര്‍ എന്നെ വഴക്ക് പറഞ്ഞു. ഇങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ കിഡ്നി വാങ്ങിക്കൊടുക്കുകയോ ആശുപത്രിയിലേക്ക് ഒരു ഡയാലിസിസ് മെഷീന്‍ വാങ്ങിക്കൊടുക്കുകയോ ചെയ്താല്‍ പോരേ? എല്ലാം കൂടി ഒരു അഞ്ചുലക്ഷം രൂപയില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ അർഥമില്ലെന്ന് എനിക്ക് തോന്നി. 

 

ആയിടയ്ക്ക് ഞാനൊരു പത്രവാര്‍ത്ത വായിക്കാനിടയായി. ഫാദര്‍ ഡേവിസ് ചിറമ്മേല്‍ അദ്ദേഹത്തിന്‍റെ വൃക്കദാനം ചെയ്ത വിവരം അങ്ങനെയാണ് അറിയുന്നത്. വൃക്ക വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത ഒരു പാവപ്പെട്ട ഇലക്ട്രീഷ്യന് കഴിഞ്ഞ വര്‍ഷം ഫാദര്‍ തന്‍റെ വൃക്ക ദാനം ചെയ്തു. 

ചിറമ്മേല്‍ അച്ചന്‍റെ ഗ്രാമത്തില്‍ ജീവിച്ചിരുന്ന ആളാണ് സാധുവായ ആ ഇലക്ട്രീഷ്യന്‍. വൃക്കയ്ക്ക് കുഴപ്പം ബാധിച്ചതറിഞ്ഞപ്പോള്‍ ആ ഗ്രാമം ഒന്നടങ്കം സങ്കടത്തിലായി. നാട്ടിലെ യുവാക്കള്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പണം ശേഖരിക്കാനുളള പ്രവര്‍ത്തനം തുടങ്ങി. അതിന്‍റെ നേതൃസ്ഥാനത്ത് ചിറമ്മേല്‍ അച്ചനായിരുന്നു. അവര്‍ 3 ലക്ഷം രൂപ വരെ സംഘടിപ്പിച്ചു. ഈ തുക ശസ്ത്രക്രിയക്ക് പര്യാപ്തമായിരുന്നില്ല. അഞ്ചു ലക്ഷം കൂടി ഉണ്ടെങ്കിലേ ദൗത്യം പൂര്‍ണ്ണമാവു. അതുപോലൊരു ഗ്രാമത്തില്‍നിന്ന് അത്രയും തുക പിരിച്ചുണ്ടാക്കുക പ്രായോഗികമായിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ നടന്ന ഒരു കമ്മിറ്റി മീറ്റിങ്ങില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എഴുന്നേറ്റു നിന്ന് അച്ചന്‍ പറഞ്ഞു: ‘ഇതാണ് സാഹചര്യമെങ്കില്‍ വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണ്’

അങ്ങനെ 48-ാം വയസ്സില്‍ അച്ചന്‍ മരണാസന്നനായ ഒരാളെ ജിവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ചില ചെറിയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത എങ്ങനെയോ എന്‍റെ കൈകളിലെത്തി.

 

ഞാന്‍ അച്ചനെ ഫോണില്‍ വിളിച്ച് എന്‍റെ ആഗ്രഹം സൂചിപ്പിച്ചിട്ട് പറഞ്ഞു: ‘അഭിനന്ദനങ്ങള്‍. സത്യത്തില്‍ എനിക്ക് അച്ചനോട് അസൂയ തോന്നുന്നു’.

അച്ചന്‍ ഒന്നമ്പരന്നു. മൂന്ന് ദിവസം കഴിഞ്ഞ് അച്ചന്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നു. ഇക്കാര്യത്തില്‍ ഞാന്‍ സീരിയസാണോ എന്നറിയുകയായിരുന്നു ലക്ഷ്യം. ആ സമയത്ത് ഷീല മോനെയും കുടുംബത്തെയും കാണാന്‍ ബെംഗളൂരുവില്‍ പോയിരിക്കുകയായിരുന്നു. അച്ചന് ചില സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അറിവില്‍ ഇത്രയും വിജയിയായ ഒരു സംരംഭകനും ഇങ്ങനെയൊരു കാര്യം ചെയ്തിട്ടില്ല. 

തുറന്ന് സംസാരിച്ചപ്പോള്‍ അച്ചന്‍റെ സന്ദേഹങ്ങള്‍ മാഞ്ഞു. നല്ലൊരു ഡോക്ടറെ നിര്‍ദ്ദേശിക്കാന്‍ ഞാന്‍ അച്ചനോട് അഭ്യർഥിച്ചു.

അവസാനം അച്ചന് എന്‍റെ ഉദ്ദേശ്യശുദ്ധി ബോധ്യമായി. ഷീല ഈ തീരുമാനത്തിനൊപ്പം നില്‍ക്കുമോ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. വൃക്കദാനത്തിന് സന്നദ്ധരായ 90% പേരും പിന്‍തിരിയാന്‍ കാരണം അവരുടെ ജീവിതപങ്കാളികളാണെന്ന് അച്ചന് അറിയാമായിരുന്നു.

എന്നെപ്പോലെ പലരും ഇക്കാര്യം പറഞ്ഞ് അച്ചനെ വിളിച്ചിട്ടുണ്ട്. അച്ചന്‍ നേരില്‍ ചെല്ലുമ്പോഴേക്കും അവര്‍ തീരുമാനം മാറ്റിയിട്ടുണ്ടാവും. എന്‍റെ കാര്യത്തിലും ഇത് തന്നെ സംഭവിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്.

 

ഞാന്‍ എത്രത്തോളം ഗൗരവത്തിലാണെന്ന് ബോധ്യപ്പെടുത്താന്‍ അച്ചനെ വീണ്ടും വീട്ടിലേക്ക് ക്ഷണിച്ചു. രണ്ടാമത്തെ കൂടിക്കാഴ്ചയിലാണ് അച്ചന്‍ ഷീലയെ കാണുന്നത്. ഞങ്ങള്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആശങ്കയോടെ ഷീലയെ നോക്കി. അദ്ദേഹം അവരോട് സംസാരിച്ചു. ഷീല അത്രകണ്ട് എതിര്‍ക്കുന്നില്ലെന്ന് കണ്ടതും അച്ചന്‍ കൂടുതല്‍ വിശദീകരിക്കാന്‍ തുടങ്ങി. വൃക്ക ദാനം ചെയ്തിട്ടും താന്‍ ഇപ്പോഴും ഊര്‍ജ്ജസ്വലനായി, ആരോഗ്യപ്രശ്നങ്ങളില്ലാതെ ജീവിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ വൃക്ക ദാനം ചെയ്തശേഷമാണ് ഞാന്‍ കൂടുതല്‍ ആക്ടീവായത്’. അച്ചന്‍ കൂട്ടിച്ചേര്‍ത്തു. ജറുസലമില്‍ പോയതും നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും കിഡ്നി ഫെഡറേഷന്‍ രൂപീകരിച്ച് അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായതും അദ്ദേഹം സൂചിപ്പിച്ചു. അങ്ങനെ ഭയപ്പെടാനൊന്നുമില്ലെന്ന് അച്ചന്‍ ഷീലയെ ബോധ്യപ്പെടുത്തി.

 

ഇത്രയൊക്കെ കേട്ടിട്ടും ഷീലയുടെ മുഖം തെളിഞ്ഞില്ല. ഒട്ടും സന്തോഷമില്ലാത്ത അവസ്ഥയിലായിരുന്നു അവള്‍. ഏതൊരു ഭാര്യയെയും പോലെ ഭര്‍ത്താവിന്‍റെ കാര്യത്തിലുളള ഉത്കണ്ഠ എന്‍റെ കാര്യത്തില്‍ ഷീലയ്ക്കുമുളളതായി ഞാന്‍ മനസ്സിലാക്കി.

ഫാദര്‍ ചിറമ്മേല്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ. എബി ഏബ്രഹാമിന്‍റെ പേര് നിര്‍ദ്ദേശിച്ചു. ഡോക്ടര്‍ ചെറുപ്പക്കാരനായതു കൊണ്ട് എന്നെപ്പോലെ ഒരു 60 കാരനെ ദാതാവായി പരിഗണിക്കാനുളള ധൈര്യം കാട്ടുമെന്ന് ഞാന്‍ വിശ്വസിച്ചു. വെളളൂര്‍ മെഡിക്കല്‍ കോളജിലെ നെഫ്രോളജിസ്റ്റായിരുന്നു അദ്ദേഹം. 1100 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. ജോര്‍ജിന്‍റെ ശിഷ്യനായിരുന്നു എബി ഏബ്രഹാം. ആ ടീമിനോടു തന്നെ എനിക്ക് ആരാധന തോന്നി.

എവിടെയാണോ വൃക്ക ഇരിക്കുന്നത് ആ സ്ഥലം തുറന്നാണ് സാധാരണഗതിയില്‍ ശസ്ത്രക്രിയ ചെയ്യുക. ഡോ.എബി ലാപ്രോസ്കോപ്പിക് സര്‍ജറിയില്‍ സ്പെഷലൈസ് ചെയ്ത ആളായതിനാല്‍ അപകടസാദ്ധ്യത കുറഞ്ഞതും വേദനാരഹിതവുമാണെന്നത് എനിക്ക് ധൈര്യം പകര്‍ന്നു. അച്ചന്‍റെ വൃക്ക മാറ്റി വച്ചതും ഡോ.എബിയായിരുന്നു. എനിക്കു വേണ്ടി ഡോ. എബിയോട് സംസാരിക്കാന്‍ ഞാന്‍ അച്ചനോട് അഭ്യർഥിച്ചു. നിരവധി ടെസ്റ്റുകള്‍ ആവശ്യമുണ്ടെന്ന് മനസ്സിലായി. വൃക്ക നല്‍കിയ ശേഷവും നമ്മുടെ ശാരീരിക നില ഭദ്രമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

അച്ചന്‍ പീന്നീട് എല്ലാ ദിവസവും വിളിച്ച് ഇതേക്കുറിച്ച് സംസാരിക്കും. ഷീല അപ്പോഴും ഇതുമായി പൊരുത്തപ്പെട്ടിരുന്നില്ല. സ്വന്തം ആകുലതകള്‍ അവര്‍ പങ്കു വച്ചു കൊണ്ടേയിരുന്നു. പരിശോധനകള്‍ ആദ്യം നടക്കട്ടെയെന്നു പറഞ്ഞ് ഞാന്‍ അവളുടെ ചോദ്യങ്ങളെ അവഗണിച്ചു.

ചോദ്യങ്ങള്‍ കൂടി വന്നപ്പോള്‍ പരിശോധിക്കുന്നതിന് എന്താണ് കുഴപ്പം എന്ന വാദമുഖം കൊണ്ട് നേരിട്ടു. അവളുടെ ഉളളിലെ തീയണയ്ക്കാനാണ് ഞാന്‍ ശ്രമിച്ചത്.

തുടരും....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com