എന്തിനാണ് രണ്ടു വൃക്ക? മറ്റൊരാളെ സഹായിക്കാൻ

kochouseph-chittilappilly-life-story-part-4
SHARE

അങ്ങനെ ഡോ.എബി ഏബ്രഹാമിനെ കാണേണ്ട ദിവസം വന്നു. ഞാന്‍ സീരിയസാണോയെന്ന് ഡോ.എബി ചോദിച്ചു. ഞാന്‍ അതെയെന്ന് പറഞ്ഞു. വൃക്ക എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് മാറ്റി വയ്ക്കുന്നതെങ്ങനെയെന്നും ഡോക്ടര്‍ വിശദീകരിച്ചു. മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാന്‍ ഒരു വൃക്കയുടെ മൂന്നിലൊന്ന് മതിയെന്ന് ഡോക്ടര്‍ പറഞ്ഞു.

അതേസമയം രണ്ടു വൃക്കയും പ്രവര്‍ത്തനരഹിതമായ വ്യക്തികളില്‍ വൃക്കമാറ്റിവയ്ക്കല്‍ ആവശ്യമായി വരും. ഒരെണ്ണം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതുതന്നെ ധാരാളമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഞാന്‍ ചിന്തിച്ചു. പിന്നെന്തുകൊണ്ടാണ് മനുഷ്യന് രണ്ട് കിഡ്നിയെന്ന്. കണ്ണും കാതും കാലും കൈകളും രണ്ട് വീതമുണ്ടല്ലോ? നമ്മുടെ നിലനില്‍പ്പിന് ഒരെണ്ണം തന്നെ ധാരാളം. ഒരുപക്ഷേ ഒരെണ്ണം പ്രവര്‍ത്തനരഹിതമായാലും മറ്റൊന്ന് ഉപയോഗിക്കാമല്ലോ? 

ജീവിതശൈലി കൊണ്ട് നമ്മള്‍ ഒരെണ്ണം കേട് വരുമ്പോള്‍ പകരം ഉപയോഗിക്കാനായി ഒരെണ്ണം കൂടി വേണ്ടി വരും. ഇത് മുന്‍കൂട്ടി കണ്ടാവാം ഒരെണ്ണം അധികമായി ലഭിച്ചത്. അതേസമയം മറ്റൊരാളെ സഹായിക്കാനായി ശരീരം നമുക്ക് നല്‍കുന്ന ഒരവസരമായി ഞാനിതിനെ കാണുന്നു.

വൃക്കദാനത്തിലേക്ക് കടക്കും മുന്‍പ് പ്രാഥമികമായി ചില പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ഡോ.എബി പറഞ്ഞു. പ്രാഥമിക പരിശോധനകളില്‍ വിജയിക്കുകയാണെങ്കില്‍ കുറച്ച് ടെസ്റ്റുകള്‍ കൂടി വേണം. ബിരുദപരീക്ഷയ്ക്ക് ഇരിക്കുന്ന പോലുളള മാനസികാവസ്ഥയായിരുന്നു ആ സമയത്ത്. രക്തത്തിന്‍റെയും മുത്രത്തിന്‍റെയും സാംപിളുകള്‍ ടെസ്റ്റ് ചെയ്തു കൊണ്ടാണ് പരിശോധനകള്‍ ആരംഭിച്ചത്. ഒരുപാട് ദൂരമുളള ഒരു യാത്രയുടെ തുടക്കം മാത്രമായിരുന്നു അതെന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു.

ഡോ.എബി എനിക്ക് ലാപ്രോസ്കോപ്പിക് സര്‍ജറിയെക്കുറിച്ച് വിശദീകരിച്ചു തന്നു. ഈ സങ്കേതത്തിലുടെ വലിയ ബുദ്ധിമുട്ടുകളില്ലാതെ വൃക്ക എടുത്തു മാറ്റാം.

കുറച്ചുനാള്‍ ആശുപത്രിയില്‍ താമസിച്ചാല്‍ മതിയാവും. ലാപ്രോസ്കോപ്പിയുടെ ഏകദേശരീതി ഇപ്രകാരമാണ്. സര്‍ജന്‍ രണ്ടര ഇഞ്ച് വീതിയുളള ഒരു കീറല്‍ പൊക്കിളിന് അടുത്തുണ്ടാക്കും. ഓരോ ഉപകരണങ്ങള്‍ കടത്താനായി നാല് സുഷിരങ്ങള്‍ ഉണ്ടാക്കും. ലാപ്രോസ്കോപ്പിനുളളില്‍ ഒരു ക്യാമറയുണ്ട്. അതിന്‍റെ വിഡിയോ മോണിറ്ററിലുടെ ശരീരത്തിനകം മുഴുവന്‍ കാണാം. ഈ വിഡിയോ കണ്ടിട്ടാണ് ഒരു കത്രികയുടെ സഹായത്തോടെ സര്‍ജന്‍മാര്‍ വൃക്ക മുറിച്ചു മാറ്റുന്നത്. അത് കഴിഞ്ഞ് രക്തക്കുഴലില്‍ ഒരു ക്ലിപ്പിടും. തുടര്‍ന്ന് ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ആ മുറിവിലുടെ പുറത്തെടുക്കും ഇതെല്ലാം മെഷീനാണ് ചെയ്യുന്നത്.

പരമ്പരാഗതമായ തുറന്നുളള സര്‍ജറിയില്‍ പത്തിഞ്ച് നീളത്തില്‍ ആഴത്തിലുളള മുറിവാണ് ഉണ്ടാക്കുന്നത്. ഉദരപാളികളിലുടെ മുറിക്കുന്നതുകൊണ്ട് കരിയാന്‍ സമയമെടുക്കും. സ്റ്റിച്ചും കാര്യങ്ങളുമൊക്കെയായി പാട് ദീര്‍ഘകാലം അവശേഷിക്കും. ലാപ്രോസ്കോപ്പിക്ക് ടെക്നിക്ക് തെരഞ്ഞെടുക്കുന്ന ദാതാക്കള്‍ക്ക് 27 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വേദനസംഹാരിയേ ആവശ്യമുളളു. പരമ്പരാഗത ശസ്ത്രക്രിയയില്‍ 60 മണിക്കുര്‍ നില്‍ക്കുന്ന പെയിന്‍കില്ലര്‍ ആവശ്യമായി വരും.

വൃക്കദാനത്തിന് മുന്‍പുളള ടെസ്റ്റുകള്‍ക്കായി ഞാന്‍ വീണ്ടും ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ എത്തി. പരിശോധനകള്‍ക്കായി ഞാന്‍ ക്യൂവില്‍ നില്‍ക്കുന്നതും ബില്ല് അടയ്ക്കുന്നതും മറ്റും കണ്ട് ആളുകള്‍ അദ്ഭുതപ്പെട്ടു.

അവിടത്തെ ഡോക്ടേഴ്സില്‍ പലരും എന്‍റെ സുഹൃത്തുക്കളാണ്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, സൈക്യാട്രി എന്നിങ്ങനെ നാല് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും ക്ലിയറന്‍സ് കിട്ടണമെന്ന് ഡോ.എബി പറഞ്ഞു.

ഞാന്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ നില്‍ക്കുമ്പോള്‍ സുന്ദരിയായ ഒരു നഴ്സ് എന്നെ നോക്കി വിടര്‍ന്നു ചിരിച്ചു. അവര്‍ക്ക് എന്നോട് ഒരു പ്രത്യേക മമതയുളളതായി  തോന്നി. പരിചയപ്പെട്ട് സംസാരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു: ‘ഒരിക്കല്‍ ഞാന്‍ സാറിന്‍റെ കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ട്..’

ആശുപത്രിയില്‍ ആരും തിരിച്ചറിയരുതെന്ന ആഗ്രഹമുണ്ടായിരുന്നു എനിക്ക്. എന്നിരുന്നാലും പരിചയമുളള ഒരാളെ കണ്ടെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു ഞാന്‍. വന്നകാര്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഞാന്‍ അവരോട് പറഞ്ഞു: ‘എന്‍റെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ല. പതിവ് ചെക്കപ്പിന്‍റെ ഭാഗമായി വന്നതാണ്’.

തത്കാലം ഒന്നും ആരും അറിയരുതെന്ന ചിന്തയായിരുന്നു മനസ്സില്‍. പക്ഷേ ആശുപത്രികള്‍ വലിയ ഒരു ലോകമാണല്ലോ? ആരെ എപ്പോള്‍ അവിടെവച്ച് കണ്ടുമുട്ടുമെന്ന് പറയാനാവില്ല. പരിശോധനകളുടെ ദിനങ്ങള്‍ എളുപ്പമായിരുന്നില്ല. ഒരു കൂട്ടം ടെസ്റ്റ് കഴിഞ്ഞ് എല്ലാം തീര്‍ന്നു എന്ന് കരുതിയിരിക്കുമ്പോള്‍ അടുത്ത പരിശോധനകള്‍ വരും. പല ദിവസങ്ങളിലും രോഗികളുടെ ബന്ധുക്കള്‍ക്കൊപ്പം ബില്ലടയ്ക്കാന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. മിക്കവാറും ആരെങ്കിലും എന്നെ തിരിച്ചറിയും. അപ്പോള്‍ ഞാന്‍ അസ്വസ്ഥനാവും. ഓരോ ടെസ്റ്റിനും ഒരുപാട് മണിക്കുര്‍ ചെലവഴിക്കേണ്ടി വരും.

വീട്ടില്‍ ഒരുപാട് സമയം തനിച്ച് ചെലവഴിക്കുന്ന വ്യക്തിയാണ് ഞാന്‍. ആശുപത്രിയില്‍ അപരിചിതര്‍ക്കിടയിലെ താമസം പലപ്പോഴും എന്നെ മറ്റൊരു മാനസികാവസ്ഥയിലേക്ക് തളളിവിട്ടു. ചിലപ്പോള്‍ ഹോസ്പിറ്റല്‍ മുറിയില്‍ നിന്നിറങ്ങി വീട്ടിലേക്കു പോകാന്‍ തോന്നിയിട്ടുണ്ട്. വീട്ടിലെ എന്‍റെ കട്ടിലില്‍ ഇരുന്ന് പുസ്തകം വായിച്ചുകൊണ്ടിരിക്കാന്‍ പലപ്പോഴും കൊതി തോന്നി. ഓഫിസിലെ എന്‍റെ ചെയറിലിരുന്ന് കമ്പനിയുടെ വളര്‍ച്ച കണ്ട് ആസ്വദിക്കാന്‍ തോന്നി.

ആശുപത്രിയില്‍ ചെലവഴിക്കുന്ന സമയം കൊണ്ട് ക്രിയാത്മകമായ മറ്റെന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം. പക്ഷേ എനിക്ക് മുന്നില്‍ വേറെ വഴിയില്ല. കാരണം ഞാനിത് സ്വയം തിരഞ്ഞെടുത്തതാണ്. എനിക്ക് ഇതിലൂടെ കടന്നു പോകാതെ നിവൃത്തിയില്ല. സംഗതി തൊന്തരവായെങ്കിലും തീരുമാനത്തില്‍ ഉറച്ചു നിന്നു. ഈ പരിശോധനകളും കാത്തിരിക്കുന്ന ഫലങ്ങളും എന്നെ എവിടെ എത്തിക്കും എന്നതായിരുന്നു അടുത്ത ആകാംക്ഷ.

ഒരു ദിവസം അപ്രതീക്ഷിതമായി ഒരു പുതിയ ടെസ്റ്റിനു വേണ്ടി വിളിച്ചു. എന്‍റെ യൂറിന്‍ 24 മണിക്കൂര്‍ മോണിട്ടര്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു അഞ്ച് ലീറ്റര്‍ കാനില്‍ യൂറിന്‍ ശേഖരിച്ച് ലാബില്‍ കൊണ്ടുപോയി കൊടുക്കണം. ലാബില്‍ പോയി കാന്‍ വാങ്ങണം. ഇതൊക്കെ ബുദ്ധിമുട്ടായി തോന്നി. ഈ വലിയ കാനും പിടിച്ച് ഞാന്‍ നില്‍ക്കുന്നത് മറ്റാരും കാണരുതെന്ന് ആഗ്രഹിച്ചു. ഫാര്‍മസിയില്‍ നില്‍ക്കുന്ന പയ്യനോട് കാന്‍ പുറമേ കാണാതെ സൂക്ഷിക്കാന്‍ ഒരു കൂട് ചോദിച്ചു. ഹോസ്പിറ്റലിന് പുറത്തു വന്നപ്പോള്‍ ആരെങ്കിലും എന്നെ തിരിച്ചറിയുന്നുണ്ടോ എന്ന ഭയം തോന്നി. പിന്നീട് എത്രയും വേഗം വീട്ടിലെത്തണമെന്ന ചിന്തയായി. ഞാന്‍ കാനുമായി വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് ഓഫിസിലെത്തി. പ്ലാസ്റ്റിക് ബോട്ടിലില്‍ ഓരോ തവണയും യൂറിന്‍ എടുത്ത് കാനില്‍ ശേഖരിക്കും. 24 മണിക്കുര്‍ കൊണ്ട് 3 ലീറ്റര്‍ എടുത്ത് പിറ്റേദിവസം ഹോസ്പിറ്റലില്‍ എത്തിച്ചു. ഇതേ യജ്ഞം വീണ്ടും തുടര്‍ന്നു. അപ്പോഴും എല്ലാവരില്‍ നിന്നും മറച്ചു വച്ചു. ഇതില്‍ എന്തിത്ര പ്രയാസപ്പെടാനിരിക്കുന്നുവെന്ന് തോന്നാം. എന്നാല്‍ എനിക്കിനിയും ആളുകളില്‍ നിന്ന് ഒരു ചോദ്യവും നേരിടാന്‍ വയ്യ.

ചില പരിശോധനകള്‍ക്ക് പല കുറി പോവേണ്ടി വന്നു. റിസൽറ്റ് കലക്ട് ചെയ്യാനായി വീണ്ടും ചില ദിവസങ്ങളില്‍ വരേണ്ടി വന്നു. ഡോക്ടര്‍മാരുടെ കണ്‍സൽറ്റേഷന്‍ കൂടി വേണ്ടതു കൊണ്ട് ഞാന്‍ നേരില്‍ ചെല്ലാതെ പറ്റില്ല. എത്ര ബുദ്ധിമുട്ടായാലും മറ്റാരെയും ഇതിലേക്ക് വലിച്ചിഴക്കരുതെന്ന് എനിക്കുണ്ടായിരുന്നു. മിക്കസമയത്തും ഡോക്ടര്‍മാരുടെ വാതിലുകള്‍ക്ക് മുന്നില്‍ രോഗികളുടെ നീണ്ടനിര കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാനും അവരിലൊരാളായി നില്‍ക്കുമ്പോള്‍ എന്നെ തിരിച്ചറിയുന്നവര്‍ തുറിച്ചു നോക്കും. എന്ത് പറ്റി, എന്താ കുഴപ്പം എന്ന് ആശങ്കയോടെ അവര്‍ തിരക്കും. സാധിക്കുമ്പോഴൊക്കെ ഡോക്ടര്‍ അധികസമയം കാത്തു നില്‍ക്കാന്‍ സമ്മതിക്കാതെ നഴ്സിനെ വിട്ട് എന്നെ അകത്തേക്ക് ക്ഷണിക്കും. കാരണം ഞാന്‍ ഒരു ദൗത്യത്തിന്‍റെ ഭാഗമായി വന്നതാണെന്ന് അദ്ദേഹത്തിന് അറിയാമല്ലോ.

എന്‍റെ യഥാർഥ ആഗമനോദ്ദേശം ഡോ.എബി ഒഴികെ മറ്റാര്‍ക്കും അറിയാമായിരുന്നില്ല. ചില ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും ‘എന്താ സര്‍ കുഴപ്പം’ എന്ന ചോദ്യം എന്നില്‍ അസ്വസ്ഥതയുണ്ടാക്കി. ഇന്നത്തെ കാലത്ത് ഓര്‍ക്കാപ്പുറത്ത് ഓരോരോ രോഗങ്ങള്‍ വന്നുപെടുന്നതു കൊണ്ട് എന്‍റെ ആരോഗ്യനില സ്വയം തിരിച്ചറിയാനാണ് ഈ പരിശോധനകളെന്ന് അവരോടൊക്കെ ഞാന്‍ പറഞ്ഞു. എന്നാല്‍ കുറച്ച് സമയം കഴിയുന്നതോടെ പരിശോധനകളൊന്നും അതിനു വേണ്ടി മാത്രമല്ലെന്ന് അവര്‍ മനസ്സിലാക്കും. അപ്പോള്‍ അവര്‍ അതിന്‍റെ യഥാർഥകാരണം തിരക്കും. ഉത്തരം ഞാനൊരു പുഞ്ചിരിയില്‍ ഒതുക്കും. 

ശരിയായ മറുപടി കിട്ടും വരെ ഡോക്ടര്‍മാര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരില്‍ പലരും എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനായി. പരിശോധനാഫലം വരുമ്പോള്‍ ദാതാവാകാന്‍ എനിക്ക് അയോഗ്യത കല്‍പിക്കുമോ എന്നതായിരുന്നു പ്രധാന ഉത്കണ്ഠ. 

ഒരു ദിവസം ഡോ.എബി എന്നെ വിളിച്ച് എല്ലാ പരിശോധനകളിലും വിജയിച്ചതായി അറിയിച്ചു. ബിരുദപരീക്ഷയില്‍ ഒന്നാമനാകുന്ന സന്തോഷമായിരുന്നു അപ്പോള്‍. ആ ആനന്ദം അധികം നീണ്ടു നിന്നില്ല. തുടര്‍ന്ന് ഡോ. എബി പറഞ്ഞു.: ‘താങ്കള്‍ ഒരു 60 വയസുകാരനും പബ്ലിക്ക് ഫിഗറുമായ സ്ഥിതിക്ക് ഓരോ നീക്കവും കരുതലോടെ വേണം. അതുകൊണ്ട് കുറച്ച് കൂടി ടെസ്റ്റുകള്‍ നടത്തി ഡബിള്‍ ഇന്‍ഷ്വര്‍ ചെയ്യണം.’ 

ഇനിയും ടെസ്റ്റുകള്‍ എന്ന്  കേട്ടപ്പോള്‍ വല്ലാത്ത കയ്പ് തോന്നി. പക്ഷേ ആ കയ്പ് വിഴുങ്ങാതെ നിവൃത്തിയില്ല. ഈ ടെസ്റ്റ് ഒന്നും പോരാതെ പുറത്തുളള ഏജന്‍സികളില്‍ നിന്നു വീണ്ടും ചില പരിശോധനകള്‍ കൂടി നടത്തേണ്ടതായി വന്നു. രണ്ട് വൃക്കകളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഒരു മാസം കൊണ്ട് കുറഞ്ഞത് പന്ത്രണ്ട് തവണയെങ്കിലും ഞാന്‍ ആശുപത്രി സന്ദര്‍ശിച്ചു. വീട്ടില്‍ തിരികെയെത്തി ഡയറിയില്‍ ഓരോ സന്ദര്‍ശനത്തെക്കുറിച്ചും കുറിച്ചു വച്ചു.

അടുത്തയാഴ്ച വീണ്ടും പരിശോധനകള്‍ തുടങ്ങി. ലുര്‍ദ്ദ് ഹോസ്പിറ്റലിനോട് ചേര്‍ന്നുളള ഒരു സ്കാനിങ് സെന്‍ററിലാണ് പോയത്. എന്‍റെ രണ്ട് വൃക്കകളും ആരോഗ്യകരമായ അവസ്ഥയിലാണെന്നും അവര്‍ രണ്ടുപേരും ജോലികള്‍ ഒരുപോലെ പങ്ക് വച്ചാണ് ചെയ്യുന്നതെന്നും മനസ്സിലായി. ഒരെണ്ണമെങ്കിലും ദുര്‍ബലമായിരുന്നെങ്കില്‍ എന്നെ ഒഴിവാക്കിയേനേ. അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്നോര്‍ത്ത് ഞാന്‍ ആശങ്കയിലായിരുന്നു. 

വീണ്ടും ആശുപത്രിയില്‍ ചെന്നു. അന്ന് അവിടെ ചുമതലയിലുണ്ടായിരുന്ന ഫിസിഷ്യന്‍, ഇരുകിഡ്നികളും പ്രവര്‍ത്തനക്ഷമമാണെന്നും വിഷമിക്കാനൊന്നുമില്ലെന്നും അറിയിച്ചിട്ട് ഈ തീരുമാനത്തില്‍ അഭിനന്ദിച്ചു. എന്‍റെ മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു. ഒരു പരീക്ഷ കൂടി വിജയിച്ചു എന്ന തോന്നല്‍.

ഹോസ്പിറ്റലില്‍ സൈക്യാട്രിസ്റ്റിനെ കാണേണ്ട ദിവസം എത്തി. ദാതാവ് സൈക്യാട്രിസ്റ്റിനെ കൂടി കണ്ടിരിക്കണം എന്ന കാര്യം പറയാന്‍ ഡോ.എബിക്ക് ചെറിയൊരു മടിയുണ്ടായിരുന്നു. വൈദ്യശാസ്ത്രം ഇത്തരം കാര്യങ്ങളില്‍ ശഠിക്കുന്നതിന് അതിന്‍റോയ കാരണങ്ങളുണ്ട്. ഒരാള്‍ തന്‍റെ വൃക്ക നല്‍കുക എന്ന തീരുമാനം സ്വമനസ്സാലെയും പുര്‍ണ്ണബോധത്തോടും ബോധ്യത്തോടും എടുത്ത തീരുമാനമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടണം. നമ്മുടെ നാട്ടില്‍ ഒരാള്‍ മനോരോഗവിദഗ്ധനെ സന്ദര്‍ശിച്ചു എന്നറിഞ്ഞാല്‍ തന്നെ ആ വ്യക്തിയുടെ പ്രതിച്ഛായയെ അത് ബാധിക്കും. ഒരുപക്ഷേ അതുകൊണ്ടൊക്കെയാവാം മനോരോഗവിദഗ്ധനെ കാണുന്ന കാര്യം പറഞ്ഞപ്പോള്‍ ഡോ.എബിക്ക് ഒരു സങ്കോചമുണ്ടായത്. എല്ലാ വിഭാഗത്തില്‍ പെട്ട ഡോക്ടര്‍മാരും ഒപ്പിട്ട ഫയല്‍ ഹാജരാക്കിയെങ്കിലേ വൃക്കദാനം സാധ്യാമാവൂ. അതിനുളള പരിശോധന എന്തു തന്നെയായാലും എനിക്ക് പ്രശ്നമില്ല. 

ഇങ്ങനെയൊരു തീരുമാനം എടുക്കാനുളള കാരണങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഞാന്‍ എന്നെക്കൊണ്ടാവും വിധം കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം ചില പൊലീസ് ഉദ്യോഗസ്ഥർ കുറ്റവാളികളെ ചോദ്യം ചെയ്യും പോലെ എന്നെ ചോദ്യം ചെയ്തു കൊണ്ടേയിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ ഇതൊരു പതിവ് രീതിയാണെന്ന് എനിക്ക് മനസ്സിലായി. 

മനോരോഗവിദഗ്ധന്‍ എന്‍റെ അടുത്തു വന്നിരുന്നിട്ട് ചോദിച്ചു.: ‘താങ്കള്‍ക്ക് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ?’

എനിക്ക് ചെറുതായി ചിരി വന്നു. അത് എത്ര ശ്രമിച്ചിട്ടും പിടിച്ചു നിര്‍ത്താന്‍ പറ്റിയില്ല. ചിരി ഉറക്കെയായി.

‘പ്രശ്നമൊന്നുമില്ലാത്തതാണ് എന്‍റെ പ്രശ്നം..’

സൈക്യാട്രിസ്റ്റ് എന്‍റെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കി. എന്തെങ്കിലും കുഴപ്പം കണ്ടുപിടിക്കാനുളള ശ്രമമാണ് അതെന്ന് എനിക്കു തോന്നി. ഒരു നിമിഷം ഇതെല്ലാം അവസാനിപ്പിച്ചാലോ എന്നു വരെ തോന്നി. ചില കാര്യങ്ങളില്‍ നമ്മള്‍ മടുത്തു പോകുന്നത് മനുഷ്യസഹജമാണ്. എങ്കിലും ഞാന്‍ എന്‍റെ മനസ്സിനെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവന്നു. ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഏതായാലും ഇത്രയും ദൂരം എത്തിയില്ലേ? ഇനി ഫൈനല്‍ റിസൽറ്റ് കിട്ടാന്‍ കുറച്ച് ദിവസത്തെ കാര്യമേയുളളു.  

തൊട്ടടുത്ത ദിവസം ഓഫിസിലിരുന്ന് ബിസിനസ് സംബന്ധമായ കടലാസുകള്‍ പരിശോധിക്കുന്ന സമയത്ത് ഡോ.എബി എന്നെ വിളിച്ചു. 

‘ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സര്‍. ഔപചാരികമായി ഞാന്‍ ആ വിവരം അറിയിക്കുകയാണ്. കിഡ്നി ദാനം ചെയ്യാന്‍ താങ്കള്‍ ഫിസിക്കലി ഫിറ്റാണ്.’ അത് ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളിലൊന്നായി എനിക്ക് തോന്നി. ഇനി ഞാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് എന്‍റെ വൃക്ക ദാനം ചെയ്യാം. എന്തുകൊണ്ടോ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA