ADVERTISEMENT

പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന അച്ഛന്‍ കലമാണ്ഡലം ഹരിദാസിന്റെ ഓർമകൾ നടൻ ശരത് ദാസ് പങ്കുവയ്ക്കുന്നു.

‘‘അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് ഭാവങ്ങൾ എന്റെ മനസ്സിൽ വന്ന് നിറയും. സ്നേഹനിധിയായ അച്ഛൻ, തമാശകളും പറഞ്ഞു കളിച്ചും ചിരിച്ചും നിൽക്കുന്ന അച്ഛൻ.....അങ്ങനെ അങ്ങനെ. അത്രയും തുറന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് എന്താണ് മനസ്സിലുള്ളത് അത് മുഖത്തു നിന്ന് വായിച്ചെടുക്കാം.

ഒരുപാട് കാര്യങ്ങൾ അച്ഛനിൽ നിന്ന് ഞാൻ പഠിച്ചിട്ടുണ്ട്. അതിലേറ്റവും ഞാൻ പ്രാധാനപ്പെട്ടത് വിനയമാണ്. കഥകളിയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സ‍ഞ്ചരിച്ചിട്ടുണ്ട്. മൃണാളിനി സാരാഭായിയുെട ദർപ്പണ ഡാൻസ് അക്കാദമിയിൽ 1970–78 കാലഘട്ടത്തിൽ ആസ്ഥാന ഗായകനായിരുന്നു. പലയിടങ്ങളിലായി നിരവധി ആസ്വാദകരുണ്ട്. പക്ഷേ, വിനയത്തോടെ മാത്രമേ എന്നും എല്ലാവരോടും പെരുമാറിയിട്ടുള്ളൂ. എന്തൊക്കെ ഉണ്ടായാലും ഗുരുകാരണവന്മാരുടെയും മാതാപിതാക്കളുടെയും ഈശ്വരന്റെയും അനുഗ്രഹം എന്നേ അദ്ദേഹം പറയുമായിരുന്നുള്ളൂ. ആ വിനയം എന്റെ കലാ ജീവിതത്തിൽ വലിയ പാഠമായിരുന്നു.

sarsth-das-1
(ഇടത്) കലാമണ്ഡലം ഹരിദാസ്, (വലത്) മോഹൻലാലിനൊപ്പം

ബാല്യകാലത്ത് തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്ന ആളായിരുന്നു അദ്ദേഹം. അതെല്ലാം കഴിവതും ഭംഗിയായി ചെയ്യാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എത്ര തിരക്കുകൾക്കിടയിലും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്താനും അച്ഛന് സാധിച്ചു. തുറന്ന മനസ്സോടെയും പക്വതയോടെയും അദ്ദേഹം തന്റെ ചുമതലകൾ നിർവഹിച്ചു. ഞങ്ങൾ മക്കൾക്ക് അതെല്ലാം വലിയ പാഠമായിരുന്നു. 

sarath-das-321
(ഇടത്) കുടുംബഫോട്ടോ, (വലത്) കലാമണ്ഡലം ഹൈദരാലിയോടൊപ്പം

2005 സെപ്റ്റംബർ 17ന് ആയിരുന്നു അച്ഛൻ ഞങ്ങളെയെല്ലാം വിട്ടു പോയത്. ഇന്നും അദ്ദേഹത്തെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. കഥകളി പ്രോഗ്രാം ഉണ്ടെങ്കിൽ തലേദിവസം അച്ഛൻ വീട്ടിലിരുന്ന് പരിശീലിക്കും. അതെല്ലാം കണ്ടിരിക്കാൻ തന്നെ നല്ല രസമായിരുന്നു. 

ഞാന്‍ അധ്വാനിച്ച് പണമുണ്ടാക്കി കാർ വാങ്ങി അതിൽ അച്ഛനൊപ്പം ഒരുപാട് അമ്പലങ്ങളിൽ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. കഥകളി പ്രോഗ്രാമിന് അച്ഛനെ എന്റെ കാറിൽ കൊണ്ടുപോയി ഇറക്കുന്നതെല്ലാം ഞാൻ സ്വപ്നം കണ്ടിരുന്നു. ഒന്നും സാധിച്ചില്ല. എന്റെ വിവാഹം, കുട്ടികൾ ഇതൊന്നും കാണാൻ അച്ഛൻ ഉണ്ടായില്ല. 

sarath-das-256jpg
ഇടത്) ചിത്തിര നാൾ ബാലരാമവർമ്മ രാജാവിനൊപ്പം, (വലത്) സംഗീതജ്ഞനായ ഭീംസൈൻ ജോഷിക്കൊപ്പം

അച്ഛൻ കൂടെയില്ലെങ്കിലും അദ്ദേഹം പകർന്നു നല്‍കിയ നന്മകൾ ഞങ്ങൾ മക്കളുടെ ജീവിതത്തിലുണ്ട്. അത് എന്റെ മക്കളിലൂടെ തലമുറകളിലേക്ക് കൈമാറണമെന്നാണ് ആഗ്രഹം’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com