മനസ്സ് വായിക്കുന്നതെങ്ങനെ ? പ്രേതമുണ്ടോ ? ; മെന്റലിസ്റ്റ് നിപിൻ നിരവത്ത് വെളിപ്പെടുത്തുന്നു

mentalist-nipin-niravath-about-mentalism-and-superstitions
SHARE

‘മെന്റലിസം’ – മലയാളികൾക്കിടയിൽ ഈ വാക്ക് ശ്രദ്ധ നേടിയിട്ട് ചുരുങ്ങിയ വർഷങ്ങളേ ആയിട്ടുള്ളൂ. മാജിക്കിനെ കയ്യടക്കത്തോടെയുള്ള പ്രകടനം, കൺകെട്ടു വിദ്യ എന്നിങ്ങനെ ഉൾകൊള്ളാൻ തയാറാകുമ്പോഴും മെന്റലിസം ഇന്നും നമുക്ക് വലിയൊരു ചോദ്യമാണ്. മെന്റലിസത്തിൽ ആളുകളെ പിടിച്ചിരുത്തുന്ന ഘടകം മറ്റാരാളുടെ മനസ്സു വായിക്കാൻ സാധിക്കുന്നു എന്നതാണ്. മറ്റുള്ളവരുടെ മനസ്സിൽ എന്താണെന്ന് അറിയുകയെന്നത് നിരവധിപ്പേർ ആഗ്രഹിക്കുന്ന ഒരു സൂപ്പർ പവർ ആണ്. അതുകൊണ്ടു തന്നെ മെന്റലിസ്റ്റുകളെ അദ്ഭുത സിദ്ധിയുള്ളവരും ദുർമന്ത്രവാദികളുമൊക്കെയായി കാണാനാണ് പലർക്കുമിഷ്ടം. 

ചിലരുടെ മനസ്സു നിറയെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. എങ്ങനെ മനസ്സ് വായിക്കാൻ സാധിക്കുന്നു ? ഈ പ്രകടനങ്ങൾ ഒരു തരം അഡ്ജസ്റ്റമെന്റല്ലേ ? ബ്ലാക് മാജിക് ആണോ ? അദ്ഭുത സിദ്ധിയുണ്ടോ ? ..... എന്നിങ്ങനെ നീളുന്നു ആ ചോദ്യങ്ങൾ. അത്തരം സംശയങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകുകയാണ് മെന്റലിസത്തെ കേരളീയ സമൂഹത്തിന് സുപരിചിതമാക്കിയ പ്രമുഖ മെന്റലിസ്റ്റ് നിപിൻ നിരവത്ത്. വേദികളിലും ടെലിവിഷൻ ഷോകളിലുമായി നിപിന്റെ പ്രകടനങ്ങൾ കണ്ട് അദ്ഭുതപ്പെട്ടവരാണ് മലയാളികൾ. മെന്റലിസത്തെ കൂടുതൽ നിഗൂഢമാക്കിയതും ഇത്തരം വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ്. നിപിൻ നിരവത്ത് മനസ്സ് തുറക്കുന്നു.

എന്താണ് മെന്റലിസം ? എങ്ങനെയാണ് അതിനെ നിർവചിക്കുക ?

മെന്റലിസം ഒരു കലയാണ്. അതിൽ അതീന്ദ്രിയജ്ഞാനമോ, അമാനുഷിക ശക്തികളോ ഇല്ല. ഒരാളുടെ മനസ്സിന്റെ അകത്ത് പോയി അയാൾ സൂക്ഷിച്ചിരിക്കുന്ന വിവരം എടുക്കാൻ ഒരു സാങ്കേതിക വിദ്യയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അപ്പോൾ മെന്റലിസ്റ്റുകൾ ഇത് എങ്ങനെ ചെയ്യുന്നു എന്നതാണ് ആളുകളെ അദ്ഭുതപ്പെടുത്തുന്നത്. ആ വിവരം അവരിൽ നിന്നു തന്നെയാണ് നമുക്ക് ലഭിക്കുന്നത്. പക്ഷേ, അറിഞ്ഞുകൊണ്ടല്ല അവർ ആ വിവരം നൽകുന്നത് എന്നുമാത്രം. ആ ഇൻഫർമേഷൻ ലഭിക്കാന്‍ ഒരുപാട് വഴികളുണ്ട്. വെർബലും നോൺ വെർബലുമായാണ് നമ്മൾ ആശയവിനിമയം നടത്തുന്നത്. അതിൽ കൂടുതലും നോൺവെർബൽ കമ്യൂണിക്കേഷനാണ്. മുഖഭാവങ്ങൾ, ആംഗ്യങ്ങൾ, ശരീരഭാഷ ഇതൊക്കെയാണ് നോൺവെർബൽ കമ്യൂണിക്കേഷനിൽ ഉൾപ്പെടുന്നത്. ഇതില്‍ നിന്നാണ് നമുക്ക് വേണ്ട വിവരങ്ങള്‍ ലഭിക്കുന്നത്. സൈക്കോളജി, സജഷൻ, ഇൻഫ്ലൂവൻസ്, ഷോമാൻഷിപ്പ്, മാജിക് ഇതിന്റെയെല്ലാം ഒരു കോംബിനേഷൻ ആണ് മെന്റലിസം എന്ന കല.

nipin-niravath-9

എങ്ങനെയാണ് ഈ രംഗത്തേക്കു വരുന്നത് ?

കോട്ടയം ജില്ലയിലെ ഏന്തയാർ ആണ് എന്റെ നാട്. 1987ലാണ് അപ്പന്‍ എന്നെ ഒരു മാജിക് ഷോയ്ക്ക് കൂട്ടികൊണ്ടു പോകുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായി കണ്ട കലാരൂപമായിരുന്നു അത്. ഞാൻ രണ്ടിലോ മൂന്നിലോ ആണ് അന്നു പഠിക്കുന്നത്. മാജിക് ഷോ കണ്ട് അദ്ഭുതപ്പെട്ടാണ് തിരിച്ചെത്തുന്നത്. അതിനുശേഷം വെറുതെ ഒരോന്നൊക്കെ ചെയ്തു നോക്കുമായിരുന്നു.

പിന്നീട് ബാലരമ വരുത്താൻ തുടങ്ങിയതാണ് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായതെന്നു പറയാം. ബാലരമയിൽ മാജിക് പഠിക്കാം എന്നു പറഞ്ഞ് ചെറിയ ട്രിക്കുകൾ ഉണ്ടാകും. അങ്ങനെ അതെല്ലാം ചെയ്തു നോക്കും. എന്നാൽ ഈ ട്രിക്കുകളിലൊന്നും ഞാൻ സംതൃപ്തനായിരുന്നില്ല. സ്റ്റേജില്‍ കണ്ടതു പോലെയുള്ള അദ്ഭുതങ്ങൾ ചെയ്യാനാണ് ആഗ്രഹിച്ചത്. മാജിക് പുസ്തകങ്ങൾ വാങ്ങിയും ചെയ്തു നോക്കിയുമെല്ലാമാണ് ‍മാജിക് പഠിച്ചെടുത്തത്.

മാജിക്കിൽ നിന്ന് മെന്റലിസത്തിലേക്കുള്ള വഴിമാറ്റം ?

എല്ലാവരും ചെയ്യുന്ന മാജിക് ഒന്നു തന്നെയാണ്. വേഷവിധാനത്തിലും ശബ്ദത്തിലുമൊക്കെയുള്ള മാറ്റമൊഴിച്ചാൽ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല. ഞാനും ഇത് തന്നെ ചെയ്യുന്നു എന്ന തോന്നൽ മടുപ്പായി മാറി. ഡിഷ് ഉണ്ടായിരുന്ന കാലത്ത് ഹോം ടിവി എന്ന ഒരു യൂറോപ്യൻ ചാനൽ ലഭിച്ചിരുന്നു. അതിനകത്താണ് ഞാൻ ഹിപ്പ്നോട്ടിസവും മെന്റലിസവുമൊക്കെ കാണുന്നത്. കയ്യടിക്കുമ്പോൾ ആളുകൾ ഉറങ്ങുന്നു, അവരുടെ മനസിലുള്ള കാര്യങ്ങൾ പറയുന്നു. അതൊക്കെ കണ്ടപ്പോൾ കൂടുതൽ അറിയണമെന്നു തോന്നി.  ഗൂഗിളോ വിക്കിപീഡിയയോ ഒന്നുമുള്ള കാലഘട്ടമല്ലല്ലോ അത്. അധ്യാപകരോട് ചോദിച്ചാൽ അവർക്കും അറിയണമെന്നില്ല. ഇന്ത്യയിൽ അന്നൊന്നും ഇത്തരം സംഭവങ്ങൾ കേട്ടുകേൾവി പോലുമില്ല. എന്തായാലും അന്നു തോന്നിയ അഭിനിവേശം ഇതു പഠിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് തുടക്കിമിട്ടു. അങ്ങനെ അമേരിക്ക വരെ യാത്ര ചെയ്തു. അവിടെ വർക്‌ഷോപ്പുകളിൽ പങ്കെടുത്തു. അങ്ങനെയൊക്കെയാണ് മെന്റലിസം പഠിച്ചത്.

nipin-niravath-7

ഒരു കലാരൂപമെന്നതിനുമപ്പുറം മെന്റലിസത്തിന് സാധ്യതകളുണ്ടോ ? കുറ്റാന്വേഷണത്തിന് പൊലീസുകാരെ സഹായിക്കുന്നതു പോലുള്ള കാര്യങ്ങൾ ?

മെന്റലിസ്റ്റിന് കുറ്റാന്വേഷണം നടത്താനാകും എന്നു പറയുന്നത് തെറ്റാണ്. നമുക്ക് മൈക്രോ എക്സ്പ്രഷനിലും ശരീരഭാഷയിലുമുള്ള അറിവുകൾ പൊലീസുകാരുമായി പങ്കുവയ്ക്കാനാവും. അത് അവർക്ക് ചിലപ്പോൾ ഉപയോഗപ്പെട്ടേക്കാം. അവരുടെ സംശയങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചേക്കാം. അതിന് 100 ശതമാനം ഉറപ്പോ, നിയമപരമായി സാധ്യതയോ ഒന്നുമില്ല. അതായത് മെന്റലിസ്റ്റ് ആയതുകൊണ്ട് എല്ലാം മനസ്സിലാക്കാനോ, കുറ്റാന്വേഷണം നടത്താനോ ഒന്നും പറ്റില്ല. ഒരു പ്രഫഷനൽ ഹെൽപ് ചെയ്യാനാകും, അങ്ങനെ ചെയിതിട്ടുമുണ്ട്. 

ഏതൊരു വ്യക്തിയുടേയും മനസ്സ് വായിക്കാൻ സാധിക്കുമോ ?

മനസ്സ് അല്ല ചിന്തകളാണ് വായിക്കുന്നത്. ആരുടേത് വേണമെങ്കിലും വായിക്കാം. പക്ഷേ അവർ സഹകരിക്കണമെന്നു മാത്രം. എന്റെ മനസ് വായിക്കാൻ ഞാൻ സമ്മതിക്കില്ല എന്നു ഉറപ്പിച്ചിരിക്കുന്ന ഒരാളുടെ ചിന്തകൾ വായിക്കാൻ സാധിക്കില്ല. ഇതൊരു കലാരൂപമാണെന്നു ഞാൻ പറഞ്ഞല്ലോ. അവിടെ കലാരൂപത്തിന്റെ ഭാഗമാകുന്നയാളുടെ പൂർണ സഹകരണം കൂടിയേ തീരൂ. നമ്മൾ നൽകുന്ന നിർദേശങ്ങള്‍ അയാൾ അനുസരിക്കണം. അല്ലാതെ മുന്‍വിധിയോടു കൂടിയാണ് സമീപനമെങ്കിൽ അവിടെ കലയ്ക്കും ആസ്വാദനത്തിനുമുള്ള സാധ്യതയില്ല.

nipin-niravath-6

മെന്റലിസം ബ്ലാക് മാജിക്കെന്നും മന്ത്രവാദമെന്നും വിശ്വസിക്കുന്നവർ ഇന്നുമുണ്ടല്ലോ ?

ലൂമിയർ സഹോദരന്മാർ ആദ്യമായി സിനിമ പ്രദർശിപ്പിച്ചപ്പോൾ അതില്‍ തീവണ്ടി വരുന്ന ഒരു രംഗം കണ്ട് ആളുകൾ തീയറ്ററിൽ നിന്ന് ഇറങ്ങി ഓടിയെന്നാണ് ചരിത്രം. ഇത് യാഥാർഥ്യമാണെന്നാണ് ആദ്യമായി കണ്ടവർ വിചാരിച്ചത്. മാജിക് എന്ന കലയും അങ്ങനെ തന്നെയായിരുന്നു. മാജിക്കിനെ ഒരു കാലത്ത് മന്ത്രവാദവമായിട്ടായിരുന്നു ആളുകൾ കണ്ടിരുന്നത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് അതൊരു മനോഹരമായ കലയായി അംഗീകാരം നേടുന്നത്. അന്ന് അമാനുഷികനായി ആളുകൾ കരുതിയിരുന്ന മജീഷ്യനെ ഇന്നൊരു കലാകാരനായാണ് പരിഗണിക്കുന്നത്.

സൈക്കോളജി പോലും നമ്മുടെ നാട്ടിൽ അംഗീകാരം നേടുന്നത് മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ്. മനസ്സിന്റെ പ്രശ്നങ്ങളാണ് ആ അവസ്ഥയ്ക്ക് കാരണമെന്നാണു സിനിമ പറഞ്ഞു വയ്ക്കുന്നത്. പക്ഷേ, അതൊന്നും വിശ്വസിക്കാത്തവർ ഇന്നും ധാരാളമുണ്ട്. അതുപോലെ മെന്റലിസ്റ്റുകളെ അമാനുഷികരായും പ്രേതങ്ങളോട് സംസാരിക്കാൻ കഴിവുള്ളവരായും കാണുന്നവര്‍ നിരവധിയാണ്.

nipin-niravath-3

പ്രേതത്തെ ഒഴിപ്പിക്കാന്‍ ആളുകൾ വിളിക്കാറുണ്ടോ ?

തീര്‍ച്ചയായും.‘മകൾക്ക് ഒരു ബാധയുണ്ട്. പല മന്ത്രവാദികളുടെ അടുത്തേക്കും കൊണ്ടു പോയി. ഒന്നും നടന്നില്ല. പിന്നെ യുട്യൂബിലൊക്കെ നോക്കിയപ്പോഴാണ് സാറിനെ കുറിച്ച് അറിയുന്നത്. സാർ വിചാരിച്ചാൽ തീർച്ചയായും പറ്റും’ – എന്നൊക്കെ പറഞ്ഞ് ചില മാതാപിതാക്കൾ വിളിക്കാറുണ്ട്. 

ഒരു ദിവസം വിളിച്ചത് ഒരു പെൺകുട്ടിയാണ്. ബെംഗളൂരുവിൽ നിന്നാണെന്നും അവരുടെ റൂമിൽ പ്രേതത്തിന്റെ സാന്നിധ്യം ഉണ്ടെന്നും പറഞ്ഞു. പൈസ ഒന്നും പ്രശ്നമില്ല, എങ്ങനെയെങ്കിലും ഒരു വണ്ടി വിളിച്ച് അവിടേക്ക് വരണം. അല്ലെങ്കിൽ ഞാൻ മരിച്ചു പോകും എന്നൊക്കെയായിരുന്നു ആ കുട്ടി പറയുന്നുണ്ടായിരുന്നത്. സംസാരത്തിൽ നിന്ന് നമുക്കവരുടെ പ്രശ്നത്തിന്റെ തീവ്രത മനസ്സിലാക്കാനാവും. സ്കീസോഫ്രീനിയ, ബൈ പോളാർ ഡിസോഡർ, ബൈ പോളാർ പേർസനാലിറ്റി ഡിസോഡർ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളാകും ഇത്. ഇക്കാര്യം മനസ്സിലാക്കി കൃത്യമായ സഹായം നൽകുകയാണ് ചെയ്യാറുള്ളത്. 

പക്ഷേ, പലരും അതിൽ തൃപ്തരല്ല എന്നതാണ് ഏറ്റവുമധികം ഞെട്ടിക്കുന്നത്. കാരണം അന്ധവിശ്വാസങ്ങളാണ് കൂടുതൽ ശക്തിയോടെ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. മരിച്ച അമ്മ ഉയിർത്തെഴുന്നേല്‍ക്കും എന്നു വിശ്വസിച്ച് മൃതദേഹം സൂക്ഷിച്ചുവച്ച വിദ്യാസമ്പന്നയായ മകളുടെ കഥ അടുത്തിടെ പുറത്തുവന്നത് ഇതിന്റെ വലിയൊരു തെളിവാണ്. 

nipin-niravath-10

സഹായം നൽകാറുണ്ട് എന്നു പറഞ്ഞല്ലോ. ചികിത്സയാണോ ഉദ്ദേശിച്ചത് ?

അല്ല. വിളിക്കുന്നവരോട് സംസാരിക്കുമ്പോൾ എന്ത് അസുഖമാണെന്നു ലക്ഷണങ്ങളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും. അതിനുശേഷം അവരെ അനുയോജ്യരായ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുമായി ബന്ധപ്പെടുകയാണ് ചെയ്യാറുള്ളത്. നേരത്തെ പറഞ്ഞതു പോലെ ഒരു പ്രഫഷണൽ ഹെൽപ് ആണിതും. മെന്റലിസ്റ്റ് ഒരു ചികിത്സകനല്ല. നമ്മുടെ കലയുമായി ബന്ധപ്പെട്ട് ഇതിനെക്കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്തിട്ടുണ്ട് എന്നു മാത്രം. ആ അറിവ് പങ്കുവയ്ക്കുന്നു, ശരിയായ ചികിത്സ ലഭിക്കാനുള്ള മാർഗം പറഞ്ഞു കൊടുക്കുന്നു.

പ്രേതങ്ങളോട് എങ്ങനെ സംസാരിക്കാമെന്നാണ് ആളുകളുടെ മറ്റൊരു പ്രധാന സംശയം ?

ഒരുപാട് തവണ കേട്ടിട്ടുള്ളതും മറുപടി നൽകിയിട്ടുള്ളതുമായ ഒരു ചോദ്യമാണിത്. പ്രേതം, ആത്മാവ് എന്നിങ്ങനെ ഒന്നും തന്നെയില്ല. ഒരാൾ മരിച്ചാലും അവരെക്കുറിച്ചുള്ള ഓർമകൾ നമ്മോടൊപ്പം നിലകൊള്ളുന്നു എന്നു മാത്രം. ആത്മാവ് ഇല്ലാത്തതുകൊണ്ട് അതിനോട് സംസാരിക്കാനും സാധ്യമല്ല. 

മെന്റലിസത്തിലും കള്ളനാണയങ്ങളുണ്ടാവില്ലേ ? 

തീർച്ചയായും ഉണ്ടാകും. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ‘മനസ്സിൽ ഒരു നമ്പർ വിചാരിക്കുക, അതിനോട് ഒന്നു കൂട്ടുക, അതിൽ നിന്ന് രണ്ട് കുറയ്ക്കുക’ എന്നു പറഞ്ഞ് നമ്മൾ ചില കളികൾ കളിക്കും. ഇതു പോലെയുള്ള സംഭവങ്ങളുമായി എത്തിയിട്ട് അത് മെന്റലിസമാണ് എന്നു പറയുന്നവരുണ്ട്. കൂടുതലും കൊച്ചു പിള്ളേരാണ്. സൈക്കോളജി പോലുള്ള കാര്യങ്ങളിലൊക്കെ വർഷങ്ങളുടെ പഠനവും അറിവുമൊക്കെ നേടിയശേഷമാണ് മെന്റലിസ്റ്റ് എന്ന ടൈറ്റിലൊക്കെ സ്വീകരിക്കേണ്ടത്. എന്നാൽ അതിനും മുൻപ് മെന്റലിസ്റ്റ് എന്ന് േപരിനോടു ചേർക്കുന്നതൊന്നും ശരിയാണ് എന്നു ഞാൻ വിശ്വസിക്കുന്നില്ല. ആർട് എന്ന നിലയിൽ മാജിക്കിൽ പണ്ടു മുതലേ മെന്റലിസമുണ്ട്. എന്നാൽ അത് മാത്രമല്ല മെന്റലിസം. കൂടുതൽ ആഴവും വിശാലവുമായ ഒരു മേഖലയാണിത്.

nipin-niravath-8

അതുപോലെ മെന്റലിസം എന്നു പറഞ്ഞ് ആളുകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികളുടെ വിഡിയോകളും അടുത്തിടെ പ്രചരിച്ചിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ഒരിക്കലും മെന്റലിസത്തെ ഉപയോഗിക്കാൻ പാടില്ല. കല ആസ്വദിക്കാനും സന്തോഷിക്കാനും വേണ്ടിയുള്ളതാണ്. 

മെന്റലിസം പഠിക്കാൻ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

ഇത് പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ നിലവിൽ ഇന്ത്യയിലില്ല എന്നാണ് എന്റെ അറിവ്. വിദേശ രാജ്യങ്ങളിൽ പഠിക്കാനുള്ള സംവിധാനങ്ങളുണ്ട്. പിന്നെ ഏതെങ്കിലും ഒരു സ്ഥലത്തു നിന്ന് മാത്രമായി പഠിക്കാൻ സാധിക്കുന്ന ഒന്നല്ല ഇത്. പരിശീലിനത്തിലൂടെയാണ് അറിവുകൾ നേടേണ്ടത്. കാണുമ്പോഴുള്ള ആകാംക്ഷയേക്കാൾ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സാണ് ആവശ്യം. കേരളത്തില്‍ മെന്റലിസം അറിയപ്പെട്ടു തുടങ്ങിയിട്ട് എട്ടു വർഷത്തോളമേ ആയിട്ടുള്ളൂ. എന്നാൽ 18 വർഷത്തോളം ഞാൻ ഇതിനു പുറകെയായിരുന്നു. ഇപ്പോഴും പഠനവും പരിശീലനവും തുടരുകയാണ്. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ കല.

എല്ലാ മേഖലയിലും ഒരു അതികായൻ ഉണ്ടായിരിക്കുമല്ലോ, മെന്റലിസത്തിൽ അതാരാണ് ?

‘കിങ് ഓഫ് മെന്റലിസം’ എന്നു വിളിക്ക് ഏറ്റവും യോഗ്യതയുള്ള ആളാണ് ഡെറൻ ബ്രൗൺ എന്ന ഇംഗ്ലിഷുകാരൻ. അദ്ദേഹം ചെയ്ത ഒരു പ്രൊജക്ടിനു സമാനമായ സംഭവങ്ങളാണ് ആണ് ട്രാൻസ് എന്ന ഫഹദ് ഫാസിലിന്റെ സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. എട്ടു വർഷം മുൻപായിരുന്നു അദ്ദേഹം ആ പ്രൊജക് ചെയ്തത്. അങ്ങനെ പലതും ഡെറൻ ബ്രൗൺ ചെയ്തിട്ടുണ്ട്.

nipin-niravath-2
ഡെറൻ ബ്രൗണും നിപിൻ നിരാവത്തും

അമേരിക്കയിൽവച്ച് ‍‍‍‍‍ഡെരൺ ബ്രൗണിനെ കാണാൻ സാധിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. അദ്ദേഹവുമായി സംസാരിക്കാനും ഷോ കാണാനുമൊക്കെ അന്ന് സാധിച്ചിരുന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ആസ്വാദന തലത്തിൽ മലയാളികളുടെ സമീപനം എങ്ങനെ വ്യത്യാസപ്പെടുന്നു ?

16 രാജ്യങ്ങളിലാണ് ഇതുവരെ യാത്ര ചെയ്തത്. ഓരോ രാജ്യത്തുള്ളവരുടെയും ആസ്വാദന നിലവാരം വ്യത്യസ്തമാണ്. ഒരിക്കൽ ആഫ്രിക്കയിൽ നിന്നുള്ള ഒരു ഗ്രൂപ്പിനു വേണ്ടി പ്രകടനം നടത്തി. അവർ പരിപാടി ആസ്വദിക്കുന്നതു കണ്ടപ്പോൾ എന്നെ മണ്ടനാക്കുകയാണോ എന്നാണ് തോന്നിയത്. കാരണം ചെറിയ കാര്യങ്ങൾ പോലും ഗംഭീരമായാണ് അവർ ആസ്വദിക്കുന്നത്. ഒരോ രാജ്യക്കാരുടേയും എക്സ്പ്രഷൻ ലെവൽ വ്യത്യസ്തമാണ്. സത്യത്തിൽ ഏറ്റവും കുറവ് എക്സ്പ്രസ് ചെയ്യുന്നവർ മലയാളികളാണ്. കയ്യടിക്കാൻ പറഞ്ഞാലേ കയ്യടിക്കൂ. അധികം അഭിനന്ദനങ്ങളില്ല. വിദേശത്തുള്ള വേദികളിൽ കല ആസ്വദിക്കാൻ വേണ്ടി മാത്രം വരുന്നവരാണ്. ആ സമയത്ത് മൊബൈലൊന്നും ഉപയോഗിക്കില്ല. അങ്ങനയെുള്ള പ്രേക്ഷകർ ആവുമ്പോൾ കലാകാരനിലും കൂടുതൽ ഊർജം നിറയും.

മെന്റലിസം അറിയുന്നതു കൊണ്ട് വ്യക്തി ജീവിതത്തിൽ നേട്ടങ്ങളോ കോട്ടങ്ങളോ ഉണ്ടോ ? ഭാര്യയ്ക്കോ സുഹൃത്തുക്കൾക്കോ ഒരു നുണ പോലും പറയാൻ പറ്റില്ലല്ലോ ?

ജീവിതത്തിൽ കള്ളം പറയാത്ത ആരുമുണ്ടാവില്ലല്ലോ. അതൊക്കെ ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ മറികടക്കണം. സ്വകാര്യ ജീവിതത്തിലൊക്കെ കടന്നു കയറിയാല്‍ നമ്മൾ ഒരു ദുഷ്ടകഥാപാത്രമാകില്ലേ. അതിനൊന്നും ഒരിക്കലും നിൽക്കാറില്ല. മെന്റലിസത്തിന് ഒരു എന്റർടെയ്ൻമെന്റ് ഉദ്ദേശം മാത്രമേയുള്ളൂ. കുടുംബജീവിതം ഒക്കെ സാധാരണ പോലയാണ്. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി അങ്ങനെ പോകുന്നു. 

nipin-niravath-1

രണ്ട് മെന്റലിസ്റ്റുകളാണ് കണ്ട് മുട്ടുന്നതെങ്കിലോ ? കള്ളം പറയാനേ പറ്റില്ലല്ലോ ?

നമ്മൾ ജെനുവിൻ ആയി ഇരുന്നാൽ അങ്ങനെയൊരു പ്രശ്നമില്ലല്ലോ. രണ്ടു മെന്റലിസ്റ്റുകൾ തമ്മിൽ കണ്ടുമുട്ടിയാൽ ആത്മാർഥമായി സംസാരിക്കാനും പ്രകടിപ്പിക്കാനുമോ സാധ്യതയുള്ളൂ. പുതിയ പ്രൊജക്ടുകളെയും ഷോകളെയും അനുഭവങ്ങളെയും കുറിച്ചാവും കൂടുതലും സംസാരിക്കുക.

മെന്റലിസ്റ്റിന്റെ കോവിഡ് കാലം എങ്ങനെയാണ് കടന്നുപോകുന്നത് ?

ഒരു കലാകാരന്റെ കോവിഡ് കാലം എങ്ങനെയെന്ന ചോദ്യമായിരിക്കും കൂടുതൽ ഉചിതം. ഏറ്റവും കൂടുതൽ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവരാണ് കലാകാരന്മാർ. എല്ലാ ഷോകളും ഉപേക്ഷിച്ചല്ലോ. ഏറ്റവും അവസാനം പഴയ രീതിയിലേക്ക് തിരിച്ചെത്തുന്നതും കലാ മേഖലയായിരിക്കും. കലാകാരന്മാർ ആവശ്യമുള്ള പണമൊക്കെ സമ്പാദിച്ചിട്ടിട്ടുണ്ട്, അതുകൊണ്ട് പ്രതിസന്ധിയൊന്നുമില്ല എന്നു ചിന്തിക്കുന്നവർ നിരവധിയാണ്. എന്നാൽ വർഷത്തിൽ ആകെ ലഭിക്കുന്നത് 30 ഷോയൊക്കെ ആകും. 365 ദിവസം ജോലിയെടുക്കുന്ന ആളുടെ വരുമാനം പോലും ഉണ്ടാകില്ല. അതാണ് യഥാർഥ അവസ്ഥ. 

കുറേ പേർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. പകുതി ശബളം എങ്കിലും കിട്ടുന്നുണ്ടല്ലോ. എന്നാൽ കലാകാരന്റെ കാര്യത്തിൽ അതിനുള്ള സാധ്യത പോലുമില്ല. പ്രളയകാലം മുതല്‍ കലാമേഖല കടുത്ത പ്രതിസന്ധിയിലാണ്. കലാകാരന്മാരായ പല സുഹൃത്തുക്കളും ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. വേദികളുണ്ടെങ്കിലേ കലാകാരനും പ്രേക്ഷകരുമുള്ളൂ. 

nipin-niravath-4

ആരോഗ്യമേഖലയിലുള്ളവർക്കു വേണ്ടി ഓൺൈലനിലൂടെ ചെറിയ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നു മനസ്സിലാക്കിയാണ് അതു ചെയ്തത്. കലകാരനെന്ന നിലയിലുള്ള ഒരു കടമയായിരുന്നു ആ പ്രവൃത്തി.

കൊച്ചിയിലാണ് ഇപ്പോൾ താമസിക്കുന്നത്. കൂടുതല്‍ വായിച്ചും പുതിയ ഷോയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയും പരിശീലിച്ചുമാണ് ഞാൻ ഈ കാലം ഉപയോഗപ്പെടുത്തിയത്. പിന്നെ ഒരു യുട്യൂബ് ചാനലുണ്ട്. അതില്‍ മോട്ടിവേഷനൽ വിഡിയോകള്‍ ചെയ്യുന്നുണ്ട്. അങ്ങനെയാണ് കോവിഡ് കാലം കടന്നു പോകുന്നത്. എല്ലാം പഴയുപോലെയാകുന്നതും പ്രതീക്ഷിച്ച് മുന്നോട്ട് യാത്ര ചെയ്യുന്നു.

English Summry : Mentalist nipin Niravath Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA