ADVERTISEMENT

വൃക്കദാനം ചെയ്യുന്ന വിവരം വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ആദ്യം ഞാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിറമ്മേല്‍ അച്ചന്‍ അതിനോട് യോജിച്ചില്ല. പത്രസമ്മേളനം വിളിച്ചു കൂട്ടി ലോകത്തെ അറിയിക്കണമെന്നു വാദിച്ചു. രണ്ടു കാരണങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. ‘കിഡ്നി ദാനം ചെയ്യാന്‍ ആഗ്രഹമുളള പലരും അതിന് തയാറാവാതെ പിന്‍വാങ്ങുന്നത് ഭയം മൂലമാണ്. വൃക്ക കൊടുത്താലുളള ഭവിഷ്യത്തുകളെക്കുറിച്ചുളള ആശങ്ക അവരെ പിന്നോട്ട് വലിക്കുന്നു. എന്നാല്‍ കൊച്ചൗസേപ്പിനെ പോലെ സഹസ്രകോടികളുടെ ആസ്തിയുളള ഒരാള്‍ അതിന് തയാറായാല്‍ സാധാരണക്കാര്‍ക്കും അത് പ്രചോദനമാവും.’ അത് ശരിയാണെന്ന് എനിക്ക് തോന്നി. അങ്ങനെ പത്രസമ്മേളനത്തിലൂടെത്തന്നെ വിവരം സമൂഹത്തെ അറിയിച്ചു.

ഷീലയുടെ ചോദ്യങ്ങളെ എങ്ങനെ നേരിടുമെന്ന് ഞാന്‍ ആലോചിച്ചു. ഷീല ഉള്‍പ്പെടെ ആരെയും വേദനിപ്പിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. കുടുംബത്തില്‍ ഓരോരുത്തരെയും ഞാന്‍ സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിച്ചു. അതിവൈകാരികത കൊണ്ട് അവര്‍ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി തീരുമാനത്തില്‍ നിന്നു പിന്‍മാറ്റാന്‍ ശ്രമിക്കുമോ എന്നു വരെ ഞാന്‍ ഭയന്നു. ഷീലയെ പൂര്‍ണ്ണമായി ബോധ്യപ്പെടുത്തുക അസാദ്ധ്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ അവളോട് പറഞ്ഞു. ‘ഞാന്‍ നിന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ധൈര്യമായി മുന്നോട്ടു പോകൂ എന്ന ഒരു വാക്കാണ്. നിനക്ക് എന്നിലുളള എല്ലാ ഉത്കണ്ഠകളെയും ഞാന്‍ മാനിക്കുന്നു. എന്നു കരുതി എന്‍റെ തീരുമാനം മാറില്ല’

വൃക്കദാനത്തിനായി ഞാന്‍ മനസ്സില്‍ ഒരു തീയതി കുറിച്ചിട്ടു. അക്കൊല്ലം 27 ഡിസംബറിനാണ് എനിക്ക് 60 വയസ്സ് പുര്‍ത്തിയാവുന്നത്. ആ ദിവസം ഈ നല്ല കാര്യം നടത്തണം. ഏതോ ഒരു നിമിഷത്തെ തോന്നല്‍ എന്ന നിലയില്‍ തമാശയായാണ് ഷീല ആദ്യം അതിനെ കണ്ടത്. എന്നാല്‍ വൃക്കകൊടുക്കുന്നു എന്ന ഉറച്ച തീരുമാനത്തിലെത്തിയെന്നറിഞ്ഞപ്പോള്‍ അവള്‍ ഞെട്ടിത്തരിച്ചു. സര്‍ജറിയുടെ ഫലത്തെക്കുറിച്ചോര്‍ത്ത് അവള്‍ വേദനിച്ചു കൊണ്ടിരുന്നു. ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്‍റെ മക്കളും അവരുടെ ഭാര്യമാരും ഞാന്‍ എന്തിനുളള പുറപ്പാടാണെന്ന് അതിശയിച്ചു. വത്സയുടെ അനുഭവം മുന്നിലുളളതു കൊണ്ടാവും ഒരു പരിധിവരെ പ്രിയ എനിക്ക് അനുകൂലമായി സംസാരിച്ചു. ഒടുവില്‍ അവള്‍ പറഞ്ഞു: ‘ഞാനും ഭാവിയില്‍ ഡോണേറ്റ് ചെയ്യും’

പ്രിയയുടെ പിന്‍തുണയായതോടെ ഷീലയുടെ എതിര്‍പ്പിന്‍റെ ശക്തി കുറഞ്ഞു. ഗവേഷണങ്ങളും അന്വേഷണങ്ങളും നടത്തി ഉറച്ചബോധ്യത്തോടെയാണ് ഞാന്‍ ഈ തീരുമാനമെടുത്തതെന്ന് മക്കള്‍ മനസ്സിലാക്കിയിരുന്നു. ഒരുപാട് ആളുകള്‍ വൃക്കദാനം നടത്തുന്നുണ്ടെന്നും അതില്‍ അസാധാരണത്വം ഒന്നുമില്ലെന്നും അവര്‍ക്ക് അറിയാം. ദാതാക്കള്‍ ആരോഗ്യപ്രശ്നം ഒന്നുമില്ലാതെ ജീവിക്കുന്നുമുണ്ട്. ഒരു സഹജീവിയുടെ ജീവന്‍ രക്ഷിച്ച സംതൃപ്തിയോടെയാണ് അവര്‍ ജീവിക്കുന്നത്.

ശാസ്ത്രീയവശങ്ങള്‍ പരിശോധിച്ചു കഴിഞ്ഞപ്പോള്‍ മിഥുനും വൃക്കദാനം അത്ര അപകടകരമല്ലെന്ന് ബോധ്യപ്പെട്ടു. എന്നാലും സ്വന്തം അച്ഛന്‍ ഇത് ചെയ്യുന്നതിനോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. അവരുന്നയിച്ച വാദമുഖം ന്യായമായിരുന്നു. നമ്മുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമാണ് വൃക്ക ആവശ്യമായി വന്നിരുന്നതെങ്കില്‍ തെറ്റില്ലായിരുന്നു. മറിച്ച് ഇപ്പോള്‍ ഇങ്ങനെയൊരു കാര്യം ചെയ്യേണ്ട ആവശ്യമുണ്ടോ?

എതിര്‍ത്താലും ഞാന്‍ അണുവിട പിന്‍മാറില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് അവര്‍ പരമാവധി എന്‍റെ ആഗ്രഹതീവ്രത കുറയ്ക്കാനുളള ശ്രമങ്ങള്‍ നടത്തി. അവര്‍ക്ക് എന്നോടുളള സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു. വേദനയോടെ, ദേഷ്യത്തോടെ, തീവ്രമായി, നിസഹായതയോടെ... അങ്ങനെ പല വിധത്തില്‍ പ്രതികരിച്ചവരുണ്ട്. ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന മട്ടില്‍ ഞാന്‍ മുന്നോട്ടു പോയി.

ഷീല എന്നെക്കുറിച്ച് ഒരുപാട് വേദനിക്കുന്നു എന്ന തിരിച്ചറിവ് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഷീലയുടെ ദുഃഖം എന്നെ വല്ലാതെ തളര്‍ത്തിയെങ്കിലും ഞാനത് പുറമേ ഭാവിച്ചില്ല. അവശേഷിക്കുന്ന വൈദ്യപരിശോധനകള്‍ കൂടി നടത്തി. 

ഇതിനിടയില്‍ മുതിര്‍ന്ന ഒരു ഡോക്ടര്‍ എനിക്ക് മുന്നില്‍ അദ്ദേഹത്തിന്‍റെ സംശയം അവതരിപ്പിച്ചു. ‘ആളുകളെ സഹായിക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ പത്ത് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുളള സാമ്പത്തിക സഹായം ചെയ്താല്‍ പോരേ?’

ഞാന്‍ തിരിച്ചു ചോദിച്ചു: ‘ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന് പകരമാവുമോ അത്?’

ഞാന്‍ വിശദീകരിച്ചു.

‘ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തില്‍ ആത്മാർഥതയും ഉദ്ദേശ്യശുദ്ധിയുമുണ്ട്. പണം നമുക്ക് കൈവന്നതാണ്. നമ്മുടെ സ്വന്തം എന്ന് പറയാനാവില്ല. മറിച്ച് അവയവങ്ങള്‍ നമ്മുടേതു മാത്രമാണ്. അതാണ് ദാനം ചെയ്യേണ്ടത്. അത് നല്‍കി എന്നതുകൊണ്ട് അരുതാത്തതൊന്നും എനിക്ക് സംഭവിക്കില്ല എന്ന ആത്മവിശ്വാസമുണ്ട്. അതൊരു തരം ഉള്‍വിളിയാണ്. മുന്നോട്ട് പോകൂ..മുന്നോട്ട് പോകൂ..എന്ന് ആരോ നമ്മെ പ്രേരിപ്പിക്കും പോലെ..’

അങ്ങനെയൊക്കെ പറഞ്ഞെങ്കിലും വിപരീതമായ വശങ്ങളെക്കുറിച്ചും ഞാന്‍ ബോധവാനായിരുന്നു. എന്‍റെ ഉത്തമവിശ്വാസത്തിനപ്പുറം അരുതാത്തത് എന്തെങ്കിലും സംഭവിച്ചാലും ആ വിഷമം എന്നെ കാര്യമായി ബാധിക്കില്ല. കാരണം എന്‍റെ കുടുംബഭദ്രത തന്നെയാണ്. മക്കളുടെ വിവാഹം കഴിഞ്ഞു, അവര്‍ സ്വന്തം കാലില്‍ നില്‍ക്കാറായി, ബിസിനസും കുടുംബവും സാമ്പത്തികമായി നല്ല നിലയിലെത്തിയിരിക്കുന്നു. ഇനി അർഥവത്തായ എന്തെങ്കിലും ജീവിതത്തില്‍ ചെയ്യണമെന്നാണ് എന്‍റെ ആവശ്യം. ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നപ്പോള്‍ സമാധാനവും സംതൃപ്തിയും തോന്നി. ഉള്ളിന്‍റെയുളളില്‍, സര്‍ജറി ടേബിളില്‍ കിടന്ന് ഞാന്‍ മരിക്കില്ല എന്ന ഉറപ്പും ഉണ്ടായിരുന്നു.

ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന വ്യക്തിയെ സംബന്ധിച്ച്, തീരുമാനം എടുക്കുന്ന നിമിഷം കൊണ്ട് ഇത് സംബന്ധിച്ച എല്ലാ ഭയാശങ്കകളും അവസാനിച്ചു. ആ നിമിഷം മുതല്‍ അയാള്‍ക്ക് ഇത് ഒരു കളി പോലെ രസകരമായ അനുഭവമാണ്. എന്നാല്‍ ആ വ്യക്തിയുടെ പ്രിയപ്പെട്ടവരെ സംബന്ധിച്ച് ആശങ്കകള്‍ ഏറെക്കാലം നീണ്ടുനില്‍ക്കും. ഞങ്ങള്‍ രണ്ടുപേരും മാത്രമുളള സമയങ്ങളില്‍ ഷീല എപ്പോഴും വിഷാദവതിയായി ഇരിക്കും. ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിക്കും. പ്രധാനമായും ഞാന്‍ പറഞ്ഞിരുന്ന കാര്യങ്ങളിതാണ്. 

‘നമുക്ക് മുന്നില്‍ നിലവില്‍ ബാധ്യതകളൊന്നുമില്ല. മാതാപിതാക്കള്‍ മരിച്ചുപോയി. സാമ്പത്തികമായി സുരക്ഷിതരാണ്. മക്കള്‍ സന്തോഷമായി കഴിയുന്നു’

ഇതൊക്കെ കേട്ട് വേദനയോടെ അവള്‍ ചോദിക്കും.: ‘അപ്പോള്‍ എന്‍റെ കാര്യമോ? എന്നെയാര് നോക്കും?’

പല വിധത്തിലും ഞാനവളെ സാന്ത്വനിപ്പിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. ഞാന്‍ ചെയ്യുന്ന പ്രവൃത്തിയുടെ പൂര്‍ണ്ണഫലം വരുമ്പോള്‍ അതിന്‍റെ പ്രസക്തി അവള്‍ക്ക് ബോധ്യപ്പെടും എന്നതിലായിരുന്നു എന്‍റെ സമാധാനം. അറുപതാംപിറന്നാള്‍ അടുക്കുംതോറും എനിക്ക് സന്തോഷം കൂടിക്കൂടി വന്നു.

ലക്ഷ്യപ്രാപ്തിക്ക് സമയമായി എന്ന വിവരം ചിറമ്മേല്‍ അച്ചനെ വിളിച്ച് ഞാന്‍ അറിയിച്ചു. വൃക്ക സ്വീകരിക്കാന്‍ യോജിച്ച ഒരാളെ കണ്ടെത്താനും ആവശ്യപ്പെട്ടു. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരാള്‍ക്ക് കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഒരു കാരണവശാലും സ്വീകര്‍ത്താവ് ഒരു ക്രിസ്ത്യാനിയാവരുതെന്നും ഞാന്‍ നിഷ്കര്‍ഷിച്ചു. ഞാനും അച്ചനും ക്രിസ്ത്യാനികളാണ്. സ്വാഭാവികമായും ഇതൊരു ഇടവക ഇടപാടായി വ്യാഖ്യാനിക്കപ്പെടാം. 

എന്‍റെ പ്രവൃത്തിയില്‍ സ്നേഹത്തിന്‍റെ ഒരു മാറ്റൊലി ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വീകര്‍ത്താവിന്‍റെ വൃക്ക സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ട് പ്രവര്‍ത്തനരഹിതമായതായിരിക്കണമെന്നും ഞാന്‍ അച്ചനോട് സൂചിപ്പിച്ചു. ഞാന്‍ ഇത്രയും ത്യാഗവും വേദനയും സഹിച്ച് ഒരു കാര്യം ചെയ്യുമ്പോള്‍ അത് അര്‍ഹിക്കുന്ന ആള്‍ക്കു തന്നെ ലഭിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനുഷ്യനെ നേരില്‍ കാണണമെന്നു പോലും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നില്ല.

ആരും അറിയാതെ ഒരു സത്കര്‍മം ചെയ്യുക എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍. ഡോക്ടര്‍ അല്ലാതെ മറ്റൊരു വ്യക്തിയും അറിയാതെ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് കൂടുതല്‍ സന്തോഷം ഉണ്ടാകുമായിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതി മറ്റൊന്നായിരുന്നു. കിഡ്നി ഡോണേഴ്സ് ഓര്‍ഗനൈസേഷന് നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ ചിറമ്മേല്‍ അച്ചനായിരുന്നു സ്വീകര്‍ത്താവിനെ കണ്ടെത്താനുളള ചുമതല.

ഒരു ദിവസം അച്ചന്‍ എന്നെ വിളിച്ച് പറഞ്ഞു. ‘കൃത്യം ഒരാളെ കിട്ടിയിട്ടുണ്ട്..’

എനിക്ക് ആളെക്കുറിച്ചൊന്നുമറിയേണ്ടെന്ന് ഞാന്‍ പറഞ്ഞു. അവയവം കൊടുത്ത് അപ്രത്യക്ഷമാവുക എന്ന ചിന്തയായിരുന്നു എന്‍റെ മനസ്സില്‍. സ്വീകരിക്കുന്ന ആളുമായി ഒരു തരത്തിലുളള വ്യക്തിബന്ധവും ഞാന്‍ ആഗ്രഹിച്ചില്ല. ആ സന്ദര്‍ഭത്തിലാണ് അച്ചന്‍ വളരെ വിചിത്രമായ ഒരു ആശയം മുന്നോട്ട് വയ്ക്കുന്നത്. അദ്ദേഹത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു.

സ്വന്തം കിഡ്നി ദാനം ചെയ്ത സന്ദര്‍ഭത്തില്‍ത്തന്നെ വൃക്ക ആവശ്യമുളള ധാരാളം രോഗികളുണ്ടെന്ന് അച്ചന് ബോധ്യമായിരുന്നു. നിസ്സഹായരായ ഈ മനുഷ്യരെ തോല്‍പ്പിച്ചു കളയുന്നത് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയാണ്. വൃക്ക ദാനം ചെയ്യാന്‍ ആളുണ്ടായാല്‍ പോലും നിയമത്തിന്‍റെ പല വിധത്തിലുളള നൂലാമാലകളും കടമ്പകളും ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. വൈദ്യപരിശോധനാച്ചെലവുകള്‍ വേറെ. എല്ലാറ്റിലുമുപരി ആരോഗ്യമുളള വൃക്ക ലഭിക്കണം.

ചിറമ്മേല്‍ അച്ചന്‍റെ ആശയം അതീവപ്രാധാന്യമുളള ഒന്നായി എനിക്ക് തോന്നി. ഒരു ചങ്ങല പോലെ ആളുകള്‍ വൃക്ക ദാനം ചെയ്യുന്ന ഒരു സംഘടനയായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സില്‍. സംസ്ഥാനം ഒട്ടാകെയുളള സുമനസുകള്‍ക്ക് ഇതിന്‍റെ ഭാഗമാകാം. ഈ പദ്ധതി ആരംഭിക്കാനുളള ഏറ്റവും യോജിച്ച സമയം ഇതാണെന്ന് അച്ചന് തോന്നി. സ്വമനസാലേ ഒരു ദാതാവ് ഇതാദ്യമായി വരികയാണ്. സാധാരണഗതിയില്‍  സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം കൊണ്ടാണ് പലരും വൃക്ക ദാനം ചെയ്യുന്നത്. മക്കള്‍ മാതാപിതാക്കള്‍ക്കോ ഭാര്യ ഭര്‍ത്താവിനോ അങ്ങനെ ബന്ധുതയില്‍ നിന്നാണ് സംഭവിക്കുന്നത്. ഇവിടെ മറ്റൊരു കാരണവുമില്ലാതെ ഇങ്ങനെയൊരു കാര്യം ചെയ്യണമെന്ന ആഗ്രഹം മാത്രം മുന്‍നിര്‍ത്തിയാണ് ഞാന്‍ മുന്നോട്ട് വന്നത്.

സംഘടനയില്‍ അംഗമാവുമ്പോള്‍ ഒരു വ്യവസ്ഥയുണ്ട്. ഒരു അന്യവ്യക്തിയില്‍നിന്നു തനിക്ക് യോജിച്ച വൃക്ക സ്വീകരിക്കുന്നയാളുടെ ബന്ധു മറ്റൊരു വ്യക്തിക്ക് നിര്‍ബന്ധമായും തന്‍റെ വൃക്ക നല്‍കണം. അങ്ങനെ ഒരു ചങ്ങല പോലെ പരസ്പരം സാന്ത്വനമാവണം. അതൊരു നല്ല ആശയമായും അര്‍ത്ഥവത്തായ കാര്യമായും എനിക്ക് തോന്നി. ആ ചങ്ങലയില്‍ ആദ്യത്തെ കണ്ണി താങ്കളാവട്ടെയെന്ന് ചിറമ്മേല്‍ അച്ചന്‍ എന്നോട് പറഞ്ഞു. ഇത് ഒന്നും രണ്ടുമായി വളര്‍ന്ന് ലക്ഷക്കണക്കിന് ആളുകളിലൂടെ അവയവദാനത്തിന്‍റെ മഹത്തായ ഒരു പ്രസ്ഥാനമായി മാറുമെന്ന് അച്ചന്‍ സ്വപ്നം കണ്ടു. അവയവദാനത്തെക്കുറിച്ച് ഞാന്‍ നടത്തിയ ഗവേഷണങ്ങളും വത്സയുടെ അനുഭവവും മറ്റും മുന്നിലുള്ളതുകൊണ്ട് നടപ്പിലായാല്‍ ഇതൊരു വലിയ കാര്യമാണെന്ന് എനിക്ക് തോന്നി. 

അടുത്തത്, ഞാന്‍ വൃക്കദാനം ചെയ്യുന്ന കാര്യം ബന്ധുക്കളെ അറിയിക്കണം. ഞാന്‍ നേരിട്ട് പറയാതെ മറ്റാരെങ്കിലും പറഞ്ഞ് അറിഞ്ഞാല്‍ അവര്‍ക്ക് വിഷമം ആവില്ലേ? ഞാന്‍ ഫോണിലുടെ വിവരം എല്ലാവരെയും അറിയിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ ഒത്തുചേര്‍ന്ന സന്ദര്‍ഭത്തില്‍ നേരിട്ടും പറഞ്ഞു. എന്‍റെ രണ്ട് സഹോദരിമാരും കന്യാസ്ത്രീകളാണ്. ഞാന്‍ പെങ്ങള്‍ എന്ന് വിളിക്കുന്ന മൂത്തസഹോദരി സിസ്റ്റര്‍ സുശീല കെനിയയിലെ കാര്‍മ്മല്‍ കോണ്‍വന്‍റിലാണ്. മറ്റൊരു സഹോദരി സിസ്റ്റര്‍ അന്‍സില കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ പ്രിന്‍സിപ്പലാണ്. മറ്റൊരു സഹോദരി അച്ചാമ്മ, സഹോദരന്‍ ജോണ്‍... അങ്ങനെ എല്ലാവരും ഒന്നിച്ചുളള ഒത്തുചേരല്‍ അപൂര്‍വമായേ നടക്കാറുളളൂ. വിദേശത്തുളള സഹോദരങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ എന്‍റെയോ സഹോദരന്‍റെയോ വീട്ടില്‍ കൂടുക പതിവാണ്.

 

വിവരം അറിഞ്ഞപ്പോള്‍ എല്ലാവരും അന്തിച്ചുപോയി. പ്രതീക്ഷിച്ചതു പോലെ എല്ലാവരും ശക്തമായി എതിര്‍ത്തു. ഞാന്‍ എന്‍റെ ഭാഗത്ത് ഒറ്റയ്ക്കും മറുവശത്ത് എന്നെ സ്നേഹിക്കുന്ന സഹോദരങ്ങളും ബന്ധുക്കളും. എന്‍റെ ജീവിതത്തെയും ആരോഗ്യത്തെയും സംബന്ധിച്ച ഭയത്തില്‍നിന്നാണ് അവരുടെ എതിര്‍പ്പുകള്‍. 

സഭയില്‍ അഭിവന്ദ്യമായ സ്ഥാനത്തു നില്‍ക്കുന്ന മൂത്തചേച്ചി ആ സ്ഥാനം പോലും മറന്ന് പൊട്ടിത്തെറിച്ചു. ‘നിനക്കെന്താടാ ഭ്രാന്താണോ?’ എന്നു തന്നെ അവര്‍ ചോദിച്ചു. മറ്റുളളവരോട് പലതും പറഞ്ഞ് രക്ഷപ്പെട്ടിരുന്ന ഞാന്‍ ചേച്ചിയുടെ മുന്നില്‍ തൃപ്തികരമായ ഒരു മറുപടി നല്‍കാനാവാതെ വിഷമിച്ചു.

 

ചേച്ചിയുടെ ഉത്കണ്ഠയുടെ കാരണം എനിക്ക് അറിയാമായിരുന്നു. ഞങ്ങളുടെ ഏറ്റവും ഇളയസഹോദരന്‍ എന്നെപ്പോലെ തന്നെ കൊച്ചിയിലായിരുന്നു താമസം. ഒരു ദിവസം അപ്രതീക്ഷിമായി നെഞ്ചുവേദന അനുഭവപ്പെട്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലം മരിച്ചു. ആ ഷോക്കില്‍നിന്നു ഞങ്ങള്‍ സഹോദരങ്ങള്‍ ഇനിയും വിമുക്തമായിട്ടില്ല. അടുത്ത സഹോദരനു കൂടി അരുതാത്തത് എന്തെങ്കിലും സംഭവിക്കുമോ എന്നതായിരുന്നു ചേച്ചിയുടെ ആശങ്കയ്ക്ക് പ്രധാനകാരണം.

 

ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്നും ആര് എതിര്‍ത്താലും അതില്‍നിന്നു പിന്‍മാറില്ലെന്നും കൂടുതല്‍ സംസാരിച്ചു വന്നപ്പോള്‍ അവര്‍ക്ക് ബോധ്യമായി. ക്രമേണ അവരുടെ പ്രതിരോധത്തിന്‍റെ ശക്തി കുറഞ്ഞു വന്നു. കുറച്ചു ദിവസം കഴിഞ്ഞ് കെനിയയിലേക്ക് മടങ്ങിയ ചേച്ചി എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു.

‘എനിക്ക് ആകെ രണ്ട് അനിയന്‍മാരാണുളളത്. നീ ഇങ്ങനെ തുടങ്ങുകയാണെങ്കില്‍ ഞാന്‍ എങ്ങനെയാണ് സമാധാനത്തോടെ ഈ ദൂരസ്ഥലത്ത് കഴിയുക?’

ഞാന്‍ ഒന്നും മിണ്ടാതെ ചിരിക്കാന്‍ ശ്രമിച്ചു. ചേച്ചിയുടെ ഭയം കുറയ്ക്കാന്‍ എന്നാലാവത് ശ്രമിച്ചെങ്കിലും നടന്നില്ല. ‘പെങ്ങള്‍ ഒരു മുതിര്‍ന്ന കന്യാസ്ത്രീയല്ലേ? കര്‍ത്താവിന്‍റെ മണവാട്ടി. അങ്ങനെയൊരാള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?’

 

ഈ വാക്കുകളില്‍ അവര്‍ വീഴുമെന്ന് എനിക്കുറപ്പായിരുന്നു. ചേച്ചി ദീര്‍ഘനിശ്വാസം എടുത്തിട്ട് ഒരു പിന്‍മാറ്റത്തെക്കുറിച്ച് വീണ്ടും ചോദിച്ചു. ഞാന്‍ എത്ര വിശദീകരിച്ചിട്ടും ചേച്ചിക്ക് മനസ്സിലാവുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു. ‘പെങ്ങള്‍ എന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് ഡോക്ടറോട് ഒന്ന് സംസാരിക്ക്. അപ്പോള്‍ മനസ്സിലാവും’. അതോടെ ചേച്ചി ഒന്നയഞ്ഞു

 

യഥാർഥത്തില്‍ ചേച്ചി ഡോക്ടറെ വിളിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ അടക്കം എല്ലാം തുറന്നു പറഞ്ഞേനെ. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമായിരുന്നു. എന്‍റെ ഭാഗ്യത്തിന് അവര്‍ അദ്ദേഹത്തെ വിളിച്ചില്ല. എന്നാല്‍ കൂടെക്കൂടെ ചേച്ചി എന്നെ വിളിച്ചുകൊണ്ടേയിരുന്നു. ഞാന്‍ സുരക്ഷിതനാണെന്ന് അറിയും വരെ ചേച്ചി കെനിയയില്‍ എത്ര പ്രാർഥനകള്‍ നടത്തിയിട്ടുണ്ടാവുമെന്ന് ദൈവത്തിനൂ മാത്രമേ അറിയാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com