കലഹങ്ങളോട് പറയാം ഗുഡ്ബൈ ; പ്രണയിക്കാം മതിയാവാളോം

prevent-fight-live-long
പ്രതീകാത്മക ചിത്രം
SHARE

വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം വിവാഹിതരായ പലരും പിന്നീട് നിരന്തരം കലഹത്തിലേർപ്പെടുന്നത് കണ്ടിട്ടില്ലേ. ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ മുൻപുണ്ടായിരുന്ന പ്രണയത്തിന്റെ മാധുര്യം കയ്പിന് വഴിമാറുന്നത് എന്തുകൊണ്ടായിരിക്കും‌ ? ചെറിയ പ്രശ്നങ്ങൾ വലിയ പ്രതിസന്ധികളിലേക്കും പതിയെ വേർപിരിയലിലേക്കും നയിക്കുന്നു. മുൻപ് പ്രണയിച്ചിരുന്നവരാണ് തങ്ങളെന്നു വിശ്വസിക്കാൻ പോലും ആ സമയങ്ങളിൽ പലർക്കും സാധിക്കില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ കലഹങ്ങൾ പലതും ഒഴിവാക്കാനും ബന്ധങ്ങൾ ബന്ധനമാകാതെ കാക്കാനും സാധിക്കും.

അതിരുകൾ

അതിരുകൾ എപ്പോളും സ്നേഹത്തെ മാറ്റി നിർത്താറാണ് പതിവ്. എന്നാൽ പങ്കാളികൾക്കിടയിൽ ചില അതിർത്തികൾ നല്ലതാണ്. അതിലൂടെ വ്യക്തി ജീവിതത്തെ കുടംബ ജീവിതവുമായി കലരുന്നത് ഒഴിവാക്കാം. എപ്പോളും ഒരു വിളിക്കപ്പുറം കാതോർക്കണമെന്നൊക്കെയുള്ള പിടിവാശികൾ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും. പങ്കാളിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതിരിക്കാനും ശ്രദ്ധിക്കാം.

തുറന്ന് പറച്ചിൽ

ജീവിതം വളരെ ലളിതമാണ്. അതിനെ എപ്പോൾ സങ്കീർണമായി കാണുന്നുവോ അവിടെ പ്രശ്നങ്ങൾ തുടങ്ങും. പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ മനസ്സിൽവെച്ച് വലുതാക്കി കലഹങ്ങൾ സ്ഥിരമാക്കുന്നു. ഒരു പുഞ്ചിരിയും നല്ല വാക്കുകളും എത്രയോ പ്രശ്നങ്ങളെ ഇല്ലാതാക്കും. തുറന്നു സംസാരിക്കാൻ മടിക്കേണ്ടതില്ല. ആശയവിനിമയം നടന്നാലേ ബന്ധങ്ങൾ ശക്തമാകൂ.

ശാന്തമായ മനസ്സ്

പ്രശ്നങ്ങൾ ജീവിതത്തിൽ സാധാരണമായ കാര്യമാണ്. ഇതിനോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് വ്യത്യാസം. ചെറിയ പ്രശ്നങ്ങളിൽ പോലും നിയന്ത്രണം നഷ്ടപ്പെട്ട് പ്രതികരിക്കുന്നതാണ് കലഹങ്ങളുടെ പ്രധാന കാരണം. പ്രശ്നം വലുതോ ചെറുതോ ആകട്ടെ, സമചിത്തതയോടെ പരിഹാരം കണ്ടെത്തുക. നിങ്ങളുടെ മനസ്സറിഞ്ഞ് പങ്കാളി പ്രവർത്തിച്ചേ തീരുവെന്ന് വാശിപിടിക്കരുത്. 

വെറുപ്പിന്റെ ലോകം

എപ്പോഴും നെഗറ്റീവ് മാത്രം ചിന്തിക്കുന്നത് ബന്ധങ്ങളുടെ ഭാവിക്ക് ദോഷം ചെയ്യും. മോശം കാര്യങ്ങൾ മനസ്സിൽ കൊണ്ടു നടക്കാതെ നല്ലത് ചിന്തിച്ചുകൊണ്ട് മുന്നോട്ടു പോകുക. പഴയ തെറ്റുകൾ വീണ്ടും പറഞ്ഞ് വെറുപ്പ് സൃഷ്ടിക്കരുത്. ഒന്നിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുക. ദാമ്പത്യത്തിൽ ആരും വലുതല്ല, ചെറുതുമല്ല. 

പുതിയ ജീവിതം

വിവാഹശേഷം പങ്കാളികളിലൊരാൾ താമസം മാറേണ്ടിവരാറുണ്ട്. അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷം കൂടുതലായിരിക്കും. അതു മനസ്സിലാക്കി വേണം പെരുമാറാൻ. പുതിയ നാട്ടിലേക്കോ പുതിയ വീട്ടിലേക്കോ വരുന്നത് ഒരാളിൽ സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങൾ പറഞ്ഞറിയിക്കാനാകാത്തതാണ്. ആ സംഘർഷങ്ങൾ ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിൽ കലഹങ്ങൾ പതിവാകും. 

English Summary : prevent fight, love long ; relationship tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA