ADVERTISEMENT

തൃശൂർ ചേലക്കര സ്വദേശികളായ അമ്മിണിയും മകൾ മെറിന്റയും എന്നും പുലർച്ചെ അഞ്ചു മണിക്ക് എഴുന്നേൽക്കും. ഒരു തട്ടുകട നടത്തുകയാണ് അമ്മിണി. അവിടേയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ഒരുക്കണം. അരി കുതിർക്കലും പച്ചക്കറി അരിയലും പാത്രം കഴുകലുമൊക്കെയായി പിന്നീട് ഒരങ്കമാണ്. എല്ലാം  കഴിയുമ്പോൾ ആറരയാകും. പിന്നെ കുളിച്ച് റെഡിയായി മെറിന്റ കോളജിലേക്ക്. തൃശൂർ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയാണ് മെറിന്റ. രണ്ടു മണിക്ക് കോളജ് വിട്ടാൽ കൂട്ടുകാരോടൊന്ന് വർത്തമാനം പറയാൻ പോലും നിൽക്കാതെ അമ്മയുടെ തട്ടുകടയിലേക്ക് തിരിക്കും. വിശപ്പടക്കാൻ വല്ലതും കഴിക്കാനല്ല, അമ്മയെ സഹായിക്കാനായി പൊറോട്ടയുണ്ടാക്കാനാണ് ഈ തിരക്കിട്ട വരവ്.

അമ്മ കടികൾ ഉണ്ടാക്കുമ്പോൾ പൊറോട്ട, കപ്പ, ഇറച്ചി എന്നിവയുടെ മെനു നോക്കുന്നത് മെറിന്റയാണ്. രാത്രി 11 മണി വരെ തട്ടുകടയിൽ ഡ്യൂട്ടി. പിന്നെ വീട്ടിലേക്ക്. അത്താഴം കഴിഞ്ഞാൽ പഠിക്കാനിരിക്കും. ഉറക്കം വരുന്നതു വരെ പഠനം തുടരും. കഴിഞ്ഞ ഒന്നര വർഷക്കാലമായി മെറിന്റയുടെ ദിനചര്യ ഇങ്ങനെയാണ്. പൊറോട്ടയടിച്ചാണ് വരുമാനം കണ്ടെത്തുന്നത് എന്ന് കോളജിലെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അടുത്തക്കാലം വരെ അറിയില്ലായിരുന്നു. ഇപ്പോൾ ആ രഹസ്യം പരസ്യമായിരിക്കുന്നു. മെറിന്റയുടേയും അമ്മയുടേയും ജീവിത പോരാട്ടത്തിന് പിന്തുണയുമായി നിരവധിപ്പേർ ഇന്ന് ഒപ്പമുണ്ട്. മെറിന്റ ജീവിതം പറയുന്നു. 

അച്ഛന്‍ ഉപേക്ഷിച്ചു പോയി

15 വർഷങ്ങൾക്ക് മുൻപ് അമ്മയെയും എന്നെയും രണ്ടു ചേച്ചിമാരേയും ഉപേക്ഷിച്ച് അച്ഛൻ പോയി. അന്നു മുതൽ തുടങ്ങിയതാണ് അമ്മയുടെ ഒറ്റയാൾ പോരാട്ടം. ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം നേടിത്തരുന്നതിനും ചേച്ചിമാരുടെ വിവാഹത്തിനുമൊക്കെയായി അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അതിന്റെ ഭാഗമായാണ് ഈ തട്ടുകട തുടങ്ങുന്നതു തന്നെ. ഒരു മിനിറ്റ് പോലും അമ്മ വിശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ജീവിതത്തിൽ എത്ര വലിയ തിരിച്ചടികൾ ഉണ്ടായാലും പോരാടി ജയിക്കാൻ അമ്മയിൽ നിന്നാണ് പഠിച്ചത്. 

merind-vijayan-4
മെറിന്റയും അമ്മ അമ്മിണിയും (ഇടത്)

കടം കയറി

‍ഞങ്ങളുടെ വിദ്യാഭ്യാസവും ചേച്ചിമാരുടെ വിവാഹവുമൊക്കെ കഴിഞ്ഞപ്പോൾ സ്വാഭാവികമായും ബാധ്യതകൾ ഉണ്ടായി. പതിയെ അത് എട്ടു ലക്ഷമായി വർധിച്ചു. തട്ടുകടയിൽ നിന്നുമുള്ള വരുമാനമാണ് ഏക ആശ്രയം. രാപകൽ ഇല്ലാതെ അമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണം എന്നു തോന്നി. അങ്ങനെയാണ് ഞാൻ കടയിൽ സഹായിക്കാൻ വന്നു തുടങ്ങിയത്. സഹായത്തിന് ഒരാളെ വയ്ക്കുന്ന കാശ് അമ്മയ്ക്കു ലാഭമാകട്ടെ എന്നാണ് കരുതിയത്.

പൊറോട്ടയടിക്കാൻ 800 രൂപ!

എല്ലാ ചെലവും കഴിഞ്ഞ് ജീവിക്കാനുള്ള കാശ് മാത്രമായിരുന്നു കടയിൽനിന്നു കിട്ടിയിരുന്നത്. ഒരു കൗതുകത്തിനാണ് ഞാൻ പൊറോട്ടയടിക്കാൻ പഠിച്ചത്. എന്നാൽ പഠിച്ചു വന്നപ്പോൾ തോന്നി ഇത് സ്ഥിരമാക്കിക്കൂടെ എന്ന്. പൊറോട്ടയടിക്കാൻ വരുന്ന ചേട്ടന് 800 രൂപയായിരുന്നു കൂലി. അത് ലാഭിക്കാനായാൽ അമ്മയ്ക്ക് വലിയൊരു സഹായമാകുമല്ലോ എന്നു തോന്നി. ആദ്യം പലരും കളിയാക്കി. അപ്പോൾ ചെറിയ വിഷമവും നാണവും ഒക്കെ വന്നു. ‘സ്വന്തം കടയിൽ പൊറോട്ടയടിക്കാൻ എന്തിനാ കണ്ണാ നാണം ?’ എന്ന് അമ്മ ചോദിച്ചതോടെ രണ്ടും കൽപ്പിച്ച് പൊറോട്ടയടി തുടങ്ങി. എന്റെ അമ്മയെ സഹായിക്കാന്‍ ഞാനല്ലാതെ വേറെയാരാണുള്ളത്. ദിവസവും ഏഴു കിലോ മൈദയുടെ പൊറോട്ട അടിക്കും. ഏകദേശമൊരു 150 എണ്ണം.

merinda-vijayan-1

കുഞ്ഞു ഹോട്ടൽ തുടങ്ങണം

തലയ്ക്ക് മീതെ കടമാണ്. താമസിക്കുന്ന വീട് പോലും സ്വന്തമല്ല. എന്നാലും നിലനിൽപ്പിനായി സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ഷീറ്റുകൊണ്ട് മറച്ച ഈ തട്ടുകട ഒരു കൊച്ചു ഹോട്ടലാക്കി മാറ്റണം എന്ന ആഗ്രഹമുണ്ട്. എപ്പോൾ നടക്കും എങ്ങനെ നടക്കും എന്നൊന്നും അറിയില്ല. ആദ്യം എട്ടു ലക്ഷം രൂപയുടെ ലോൺ തിരിച്ചടക്കയ്ക്കണം. അതിനിപ്പോൾ ചെറിയ രീതിയിലെങ്കിലും കച്ചവടം മുന്നോട്ടു പോകണം.

ബാങ്ക് ഉദ്യോഗം സ്വപ്നം

പണ്ടൊക്കെ അമ്മ തോട്ടത്തിൽ റബർ വെട്ടാൻ പോകുമ്പോൾ ഞങ്ങൾ മക്കളും കൂടെ പോകുമായിരുന്നു. അന്നൊക്കെ പലരും  ഞങ്ങളോടും വേഗം റബർ വെട്ട് പഠിച്ചോ എന്നൊക്കെ പറഞ്ഞ് പരിഹസിക്കുമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥയാകണം എന്നാണ് എന്റെ ആഗ്രഹം. ബികോം കഴിഞ്ഞാൽ ബാങ്ക് കോച്ചിങ്ങിന് പോകണം.

merinda-vijayan-2

അമ്മയാണ് യഥാർഥ പോരാളി

അമ്മയുടെ വാക്കുകളാണ് എനിക്ക് എന്നും പ്രചോദനം. അമ്മ പറയുന്ന ഓരോ കാര്യങ്ങളും അമ്മയുടെ ജീവിതത്തിൽ നിന്നുമുള്ളതാണ്. അമ്മയെ നന്നായി നോക്കണം, കിടക്കാൻ സ്വന്തമായൊരു വീട്, ഒരു കൊച്ചു ഹോട്ടൽ, കടബാധ്യത ഇല്ലാത്ത ജീവിതം. അതൊക്കെയാണ് ആഗ്രഹങ്ങൾ. എല്ലാം സാധിക്കണമെങ്കിൽ നന്നായി പഠിച്ച് ജോലി നേടണം എന്ന ഉത്തമ ബോധ്യവുമുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്.

English Summary : Merinda makes 150 parottas to support mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com