ADVERTISEMENT

ശസ്ത്രക്രിയയ്ക്കുളള തീയതി അടുത്തു. ടെന്‍ഷനുണ്ടോയെന്ന് സുഹൃത്തുക്കള്‍ വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. എന്നെ സംബന്ധിച്ച് ഒരു കാര്യവും ആലോചിച്ച് ടെന്‍ഷനടിക്കുന്ന രീതിയില്ല. പൂര്‍ണ്ണമായ മനസ്സോടെ ഞാന്‍ എടുക്കുന്ന ഏത് തീരുമാനത്തിലും ഉറച്ചുനില്‍ക്കും. അത് ശരിയാണോ തെറ്റാണോ വിജയിക്കുമോ പരാജയപ്പെടുമോ എന്നതൊന്നും വിഷയമല്ല. നീണ്ടു നിന്ന പോരാട്ടത്തിന്‍റെ വിജയം കുറിക്കുന്ന മാജിക്ക് ഡേറ്റാണ് എന്നെ സംബന്ധിച്ച് ഫെബ്രുവരി 23. 

സര്‍ജറി ടേബിളില്‍ വച്ച് എന്‍റെ ഉത്കണ്ഠ കൂടുമോയെന്ന് ചില ഡോക്ടര്‍മാര്‍ക്ക് ഭയമുണ്ടായിരുന്നു. അതിന് വിപരീതമായി എനിക്ക് ത്രില്ലാണ് തോന്നിയത്. 

ഡോക്ടര്‍മാരുടെ നല്ല മനസ്സ് കൊണ്ടായിരിക്കും അവസാന നിമിഷവും അവര്‍ എന്നോട് ചോദിച്ചു: ‘തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ? എങ്കില്‍ അത് തുറന്നു പറയാനുളള അവസരം ഇപ്പോഴുമുണ്ട്.’

ജീവന്‍ വെടിയേണ്ടി വന്നാലും ഇക്കാര്യത്തില്‍ വേറൊരു വാക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഷീലയെ നിശ്ശബ്ദയാക്കാന്‍ ഉപയോഗിച്ച തന്ത്രം തന്നെ ഇവരോടും എടുത്തു: ‘സംസ്ഥാനത്ത് മുഴുവന്‍ പേരും അറിഞ്ഞ ഒരു തീരുമാനത്തില്‍നിന്നു പിന്‍മാറുന്നതിലും ഭേദം ഞാന്‍ ആത്മഹത്യ ചെയ്യുന്നതാണ്’

എന്‍റെ വൃക്കദാനത്തെക്കുറിച്ച് ചില സുഹൃത്തുക്കള്‍ മെനഞ്ഞ തമാശയെക്കുറിച്ച് ഞാന്‍ അവരോട് സൂചിപ്പിച്ചു: ‘ഇവന്‍ മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ പത്രോസ് ചോദിക്കും. നിന്‍റെ ശരീരം പൂര്‍ണ്ണമല്ലല്ലോ? ഒരു വൃക്ക കേരളത്തിലെവിടെയോ ജീവിച്ചിരിക്കുന്നതായി കാണുന്നുണ്ടല്ലോ? അതുകൊണ്ട് ഈ കവാടത്തിനരികില്‍ കാത്തിരിക്കൂ..’ അത്തരം തമാശകള്‍ കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു.

ഒരു ദിവസം ഞാന്‍ ഡോ.എബിയുടെ മുറിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എല്ലാ സര്‍ജറിയിലും റിസ്ക്കുണ്ട്. എപ്പോഴും 50% എന്നതാണ് കണക്ക്’

ആ സത്യം ദഹിക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. അനുജന്‍റെ തലപൊട്ടിയ ചോര കണ്ട് തലചുറ്റിയ ആളാണ് ഇപ്പോള്‍ അവയവം മുറിച്ചു മാറ്റാന്‍ പോകുന്നത്. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഹോസ്പിറ്റലില്‍ കയറുന്നത് വാസക്ടമി നടത്താന്‍ വേണ്ടിയാണ്. രണ്ടുമണിക്കൂറിന്‍റെ കാര്യമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതുപോലും എനിക്ക് പേടിയായിരുന്നു ഒരു കാലത്ത്. അന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിച്ചപ്പോള്‍ സര്‍ജറിയെക്കുറിച്ച് വലിയ ആശങ്കയായിരുന്നു. ഇപ്പോള്‍ അതെല്ലാം ഒരു തമാശയായിരിക്കുന്നു.

ഏറ്റവും ഒടുവില്‍ ഹോസ്പിറ്റലില്‍ കയറിയ സംഭവവും വിചിത്രമാണ്. ഏഴു വര്‍ഷം മുന്‍പാണത്. ഒരു ദിവസം ഓഫിസിലിരിക്കുമ്പോള്‍ പെട്ടെന്ന് എനിക്ക് സംസാരിക്കാനുളള ശേഷി നഷ്ടപ്പെട്ടു. വല്ലാതെ ഭയപ്പെടുത്തുന്ന ഒരനുഭവമായിരുന്നു അത്. സംസാരിക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. ഞാന്‍ ബസര്‍ ബട്ടണില്‍ വിരലമര്‍ത്തി. ആരൊക്കെയോ ക്യാബിനിലേക്ക് കയറി വന്നു. ആംഗ്യഭാഷയിലുടെ ഞാന്‍ എന്‍റെ അവസ്ഥ അവരെ ബോധ്യപ്പെടുത്തി. അവര്‍ ഉടനടി എന്നെ ആശുപത്രിയിലെത്തിച്ചു. ആ അവസ്ഥയിലും മാര്‍ഗമധ്യേ എനിക്ക് നേരിയ തമാശ തോന്നി. എങ്ങനെയാണ് ഒരു മനുഷ്യന് പൊടുന്നനെ സംസാരശേഷി നഷ്ടപ്പെടുന്നത്?

ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം അവര്‍ പറഞ്ഞു. ഒന്നോ രണ്ടോ സെക്കന്‍ഡ് സമയത്തേക്ക് സംഭവിച്ച നേരിയ രക്തം കട്ടപിടിക്കലാണ് കാരണം. ശരീരം തന്നെ ഈ കട്ടപിടിക്കല്‍ അലിയിച്ചു കളയുകയും ചെയ്യുമത്രേ. ഓരോരോ അദ്ഭുതങ്ങള്‍...!

ഇപ്പോള്‍ ഒരു വലിയ ശസ്ത്രക്രിയയുടെ അടുത്ത് എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ ശാന്തനായിരിക്കേണ്ടതുണ്ട്. ആ സന്ദര്‍ഭത്തെ ഭയത്തോടെയല്ല, ആകാംക്ഷയോടെയാണ് ഞാന്‍ നേരിട്ടത്. ഏറെക്കാലമായി ഞാന്‍ മനസ്സില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനായി കാത്തിരുന്ന കാര്യമാണത്. അവസാന നിമിഷം വൃക്ക സ്വീകരിക്കേണ്ടയാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ സര്‍ജറി മാറ്റിവയ്ക്കേണ്ടി വന്നു. അത് മാത്രമായിരുന്നു എന്‍റെ ഏകഭയം. 

ഞാന്‍ ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെട്ട് സ്വീകര്‍ത്താവ് സുഖപ്പെട്ടുവോ എന്ന് അന്വേഷിച്ചു കൊണ്ടേയിരുന്നു. വളരെ വേഗം ജോയ് സുഖപ്പെട്ടു. അയാള്‍ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ജോയിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ അവര്‍ ആവശ്യമായ വൈറ്റമിനുകള്‍ നല്‍കിക്കൊണ്ടേയിരുന്നു.  വൃക്കരോഗം  മൂലം ക്ഷീണിതനായിരുന്ന ജോയി കൂടുതല്‍ ആരോഗ്യവാനായി കാണപ്പെട്ടു. വത്സയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജോയ് നല്ല ആരോഗ്യവാനായിത്തന്നെ തോന്നിച്ചു. രോഗത്തിന്‍റെ മുര്‍ദ്ധന്യാവസ്ഥയില്‍ പോലും ജോയ് ഡോക്ടറെ കാണാനായി പാലായില്‍നിന്നു കൊച്ചിയിലേക്ക് ബസില്‍ തനിച്ച് യാത്ര ചെയ്തിരുന്നു.

വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരാഴ്ചമുന്‍പ് ചില ടെസ്റ്റുകള്‍ക്കായി ജോയിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ആ ദിവസങ്ങളില്‍ സര്‍ജറിക്ക് നേതൃത്വം നല്‍കേണ്ട ഡോക്ടറും ഞാനും തമ്മില്‍ ദിവസം രണ്ട്നേരം ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. നെഫ്രോളജിസ്റ്റ് ഡോ. ആല്‍ബിയുമായും സര്‍ജന്‍ ഡോ.ജോര്‍ജുമായും ഞാന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരാള്‍ വൃക്കദാനം ചെയ്യാനുളള സമ്മതം അറിയിക്കുന്നതോടെ നെഫ്രോളജിസ്റ്റിന്‍റെ റോള്‍ അവസാനിക്കുന്നു. പിന്നീട് കാര്യങ്ങള്‍ ഏറ്റെടുക്കുന്നത് സര്‍ജനും അനസ്തറ്റിസ്റ്റും ചേര്‍ന്നാണ്. സര്‍ജറിക്ക് ഒരാഴ്ച മുന്‍പ് എന്‍റെ അഭ്യുദയകാംക്ഷികള്‍ എന്നോട് സംസാരിച്ചു. എനിക്ക് ഏതെങ്കിലും വിധത്തില്‍ മനംമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയുകയായിരുന്നു അവരുടെ ലക്ഷ്യം.  

ആശുപത്രിയില്‍ ആരും സന്ദര്‍ശിക്കാന്‍ വരുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. സര്‍ജറിക്ക് പോകും മുന്‍പ് ഷീലയുടെയും എന്‍റെയും സഹോദരങ്ങള്‍ വന്നു കണ്ടു. പതിവു പെരുമാറ്റത്തിലൂടെ എല്ലാവരിലും ഉന്മേഷം നിറയ്ക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സര്‍ജറിക്ക് ഒരാഴ്ച മുന്‍പ് അരുണും കുടുംബവും ബെംഗളൂരുവില്‍നിന്ന് വന്നു.സര്‍ജറിക്ക് മുന്‍പ് അവര്‍ തിരിച്ചു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം ആരവ് എന്നെ കണ്ടാല്‍ ആ നിമിഷം അവനൊപ്പം കളിക്കാന്‍ ആവശ്യപ്പെടും. ആശുപത്രി കിടക്കയില്‍ കിടക്കുന്ന എന്നെ കണ്ടാല്‍ അവന്‍ വിഷമിക്കും. അത് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബത്തെ തിരിച്ച്  ബെംഗളൂരുവില്‍ കൊണ്ടാക്കിയിട്ട് സര്‍ജറിക്ക് ഏതാനും ദിവസം മുന്‍പ് അരുണ്‍ വീണ്ടും വന്നു. മിഥുന്‍ കൊച്ചിയില്‍ തന്നെ താമസിക്കുന്നതു കൊണ്ട് അവന്‍ സര്‍ജറിയുടെ അന്ന് ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു.

സര്‍ജറിക്ക് ഒരു ദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 22 ന് ഉച്ചഭക്ഷണത്തിന് ശേഷം ഞാനും ഷീലയും കൂടി കാറില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ രണ്ടുപേരും ഓരോ സ്യൂട്ട്കേസും കരുതിയിരുന്നു. വളരെ വലിപ്പമുളള, വിശാലമായ ഒരു എക്സിക്യൂട്ടീവ് റൂം ഞങ്ങള്‍ക്ക് ലഭിച്ചു.

ഒരു ഘോഷയാത്ര പോലെ നഴ്സുമാര്‍ വന്നു കൊണ്ടിരുന്നു. രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് മുതല്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. അവര്‍ വളരെ സൗമ്യമായി സംസാരിച്ചുകൊണ്ട് തങ്ങളുടെ കടമകള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നു. ആ അന്തരീക്ഷത്തില്‍ എല്ലാം ഒരു കളിതമാശ പോലെയാണ് എനിക്ക് തോന്നിയത്. ഗൗരവമേറിയ, അതീവസങ്കീര്‍ണ്ണമായ ഒരു ദൗത്യം നിറവേറപ്പെടാനുളളതായി ഒരു ഘട്ടത്തിലും എനിക്ക് അനുഭവപ്പെട്ടില്ല. 

മലയാള മനോരമയില്‍നിന്ന് ഒരു റിപ്പോര്‍ട്ടറും ഫൊട്ടോഗ്രഫറും വന്ന് എന്‍റെയും ജോയിയുടെയും ഒരുമിച്ചുളള ഫോട്ടോ എടുക്കാനുളള അനുവാദം ചോദിച്ചു.

ആ രാത്രി നന്നായി ഉറങ്ങുന്നതിനുളള ഒരു ഗുളിക കഴിക്കാന്‍ ഡോ.ആല്‍ബി ആവശ്യപ്പെട്ടു.അതിന്‍റെ ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം അത് നിര്‍ദേശിച്ചു. ‘താങ്കള്‍ അപരിചിതമായ അന്തരീക്ഷത്തിലാണ് ഇന്ന് രാത്രി ഉറങ്ങേണ്ടത്. ചുറ്റുമുള്ള ആളുകളും പരിചയമില്ലാത്തവരാണ്. ചിലപ്പോള്‍ താങ്കള്‍ പോലുമറിയാതെ താങ്കള്‍ ടെന്‍ഷനായെന്ന് വരാം. ഇടയ്ക്കിടെ മരുന്നുകള്‍ തരാനും ഡ്രിപ്പ് തരാനും മറ്റും നഴ്സുമാര്‍ കയറി വരുന്നതു കൊണ്ടും ഉറക്കം തടസപ്പെടാം. ഇത് ഒരു മേജര്‍ സര്‍ജറിയാണ്.’ 

അനസ്തെറ്റിസ്റ്റ് പറഞ്ഞത് എനിക്ക് വ്യക്തമായി ഓര്‍മയുണ്ട്. സര്‍ജറിക്ക് ശേഷം എനിക്ക് അനായാസമായി നടന്നു പോകാനൊന്നും അനുവദിക്കില്ല. ഒരു ദിവസം ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. അത് അത്ര സന്തോഷകരമായി എനിക്ക് തോന്നിയില്ല. വളരെ ലഘുവായി വൃക്ക കൊടുത്തിട്ട് വീട്ടില്‍ വന്നു വിശ്രമിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇതില്‍ നിന്നെല്ലാം ഇടവേളയിട്ട് ഗൃഹാന്തരീക്ഷത്തിന്‍റെ സ്വാസ്ഥ്യത്തില്‍ കഴിയാനുളള കൊതി. അത് നടക്കുന്ന കാര്യമല്ലെന്ന് മനസ്സിലായതോടെ ആ ആഗ്രഹവും ഉപേക്ഷിച്ചു.

സര്‍ജറിക്ക് മുന്‍പ് ദാതാവ് ഒരു ദിവസം ഐസിയുവില്‍ കിടന്നേ തീരൂ. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം എനിക്ക് കുടിക്കാനായി ദ്രവരൂപത്തില്‍ ചിലത് തന്നു. വിചിത്രമായ രുചിയായിരുന്നു അതിന്. സര്‍ജറിക്ക് മുന്‍പുളള ഒരു വിരേചകൗഷധമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ജറിക്ക് വിധേയനാവുന്ന വ്യക്തിയുടെ കുടല്‍ഭാഗങ്ങള്‍ വൃത്തിയാക്കാനുളളതാണ് അത്. ശസ്ത്രക്രിയ നടക്കുന്ന സന്ദര്‍ഭത്തില്‍ വിസര്‍ജ്ജനത്വര ഒഴിവാക്കാനും മറ്റും സഹായിക്കും. ചിലര്‍ക്ക് ആ സമയത്ത് ഓക്കാനം ഉണ്ടാകാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഛര്‍ദ്ദി ശ്വാസകോശത്തിലേക്ക് കടന്ന് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാനിടയുണ്ട്. അതുപോലെ ഉറക്കഗുളികകള്‍ കഴിച്ച് സര്‍ജറിയുടെ തലേരാത്രി ആഴത്തിലുളള ഉറക്കം ലഭിക്കുകയാണെങ്കില്‍ ശസ്ത്രക്രിയാ സമയത്ത് അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കും. 

ഹോസ്പിറ്റല്‍ മുറിയില്‍ എന്‍റെ കിടക്കയ്ക്ക് അരികിലിരുന്ന ഷീല അതീവദുഃഖിതയായിരുന്നു. തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവിനെ ഹോസ്പിറ്റല്‍ ട്രോളിയില്‍ സര്‍ജറി റൂമിലേക്ക് കൊണ്ടുപോകുമ്പോള്‍ എന്താവും സംഭവിക്കുക എന്ന ആശങ്ക അവളുടെ മുഖത്തുനിന്നു ഞാന്‍ വായിച്ചു. ഷീല ശരിക്കും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. അവള്‍ വളരെ ക്ഷീണിതയായി കാണപ്പെട്ടു. എനിക്കറിയാം എന്നെ ഓര്‍ത്ത് ഒരുപാട് ഉറക്കമില്ലാത്ത രാത്രികളിലൂടെ അവള്‍ കടന്നു പോയിട്ടുണ്ട്. ഷീലയുടെ കണ്ണിന് താഴെയുളള കറുത്തവൃത്തങ്ങള്‍ അത് വിളിച്ചു പറയുന്നുണ്ട്.

ഷീല ഒരുപാട് സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന, വളരെ സെന്‍റിമെന്‍റലായ വ്യക്തിയാണ്. യൗവനകാലം മുതല്‍ അവളുടെ പ്രകൃതം അങ്ങനെയായിരുന്നു. എന്നെ പോലെ ഒരു പരുക്കനൊപ്പം ജീവിതം പങ്കിട്ടതോടെയാവാം കുറച്ചെങ്കിലും അവളുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. ഇപ്പോഴുളള ഷീല രൂപപ്പെട്ടത് അങ്ങനെയാണ്. എന്‍റെ സ്വയംപര്യാപ്തത, നിശ്ചയദാര്‍ഢ്യം, ആത്മവിശ്വാസം, ഇച്ഛാശക്തി എല്ലാം അവളെ ഉരച്ച് പരുവപ്പെടുത്തിയിട്ടുണ്ട്. സമ്മതത്തോടെയോ അല്ലാതെയോ അവള്‍ എപ്പോഴൂം എന്നോടൊപ്പം നിന്നു. അരുതാത്തത് എന്തെങ്കിലും എനിക്ക് സംഭവിച്ചാല്‍ ഏറ്റവും വലിയ നഷ്ടം അവള്‍ക്കായിരിക്കും. ആ സമയത്ത് എനിക്ക് അവളോട് അതിരു കവിഞ്ഞ സ്നേഹം തോന്നി.

ഞങ്ങള്‍ ആശുപത്രിയിലേക്ക് പുറപ്പെടുന്നതിന്‍റെ തലേരാത്രിയില്‍ ഷീല നിറകണ്ണുകളോടെ പ്രാർഥിക്കുന്നത് ഞാന്‍ കണ്ടതാണ്. ഞാന്‍ അവളെ കെട്ടിപ്പിടിച്ച് സമാധാനമായിരിക്കാന്‍ പറഞ്ഞു. ‘ഞാന്‍ തിരിച്ചു വരും’ ഞാന്‍ അവളുടെ കാതില്‍ മന്ത്രിച്ചു. അപ്പോഴാണ് അവളുടെ കണ്ണുകളില്‍ ആ പഴയ തിളക്കം കുറച്ചെങ്കിലും തിരിച്ചുകിട്ടിയത്. എനിക്ക് പ്രതീക്ഷിക്കാന്‍ മാത്രമേ കഴിയൂ. അവള്‍ വിശ്വസിക്കുന്ന പ്രപഞ്ചശക്തിയില്‍നിന്ന് കുറച്ച് ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

ആശുപത്രിയില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. ഒരു നഴ്സ് വന്ന് എനിക്ക് ഉറക്കഗുളികകള്‍ തന്നു. രണ്ട് മണിക്കൂറിനു ശേഷം അത് എന്നില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞ് ഒരു മെയില്‍ നഴ്സ് വന്ന് എന്‍റെ ശരീരത്തിലെ രോമങ്ങള്‍ ഷേവ് ചെയ്യാന്‍ തുടങ്ങി. അതിന് ശേഷം ഞാന്‍ സമാധാനമായി ഉറങ്ങി.

വെളുപ്പിന് അഞ്ചുമണിക്ക് ഒരു നഴ്സ് വന്ന് ഡ്രിപ്പ്ബാഗ് നിറച്ചു. ഞാന്‍ ഉണര്‍ന്നത് 6 മണിക്കാണ്. ഷീല അപ്പോഴേക്കും ഉണര്‍ന്ന് കഴിഞ്ഞിരുന്നു. അവള്‍ ആ രാത്രി ഉറങ്ങിയിട്ടുണ്ടാവുമെന്ന് എനിക്കുറപ്പില്ല. 7 മണിയായപ്പോള്‍ എനിക്ക് അല്‍പം ബ്ലാക്ക് ടീ കിട്ടി. അല്‍പസമയം കഴിഞ്ഞ് ഒരാള്‍ വന്ന് എന്‍റെ ശരീരത്തിലെ ഊര്‍ജ്ജ നില നിലനിര്‍ത്താനായി ഐവി ഫ്ളൂയിഡ് നല്‍കി. സര്‍ജറിക്ക് മുന്‍പ് മറ്റൊന്നും കഴിക്കാന്‍ അനുവാദമില്ല. 8 മണിക്ക് എന്നെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റുമെന്ന് അവര്‍ അറിയിച്ചു. മിഥുന്‍, അരുണ്‍, ജോഷ്ന... എല്ലാവരും ആ സമയത്ത് മുറിയിലേക്ക് വന്നു. അവരെ കണ്ടത് നന്നായെന്ന് എനിക്ക് തോന്നി. ആകെ വിഷമിച്ചിരിക്കുന്ന ഷീലയ്ക്ക് അല്‍പം ആശ്വാസമാകുമല്ലോ? ആ സമയത്തൊക്കെ ഞാന്‍ ഷീലയുടെ കാര്യമോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു. ഇതിപ്പോള്‍ അവള്‍ക്ക് തന്‍റെ ആശങ്കകള്‍ പങ്കിടാനെങ്കിലും ആളുണ്ടല്ലോ.

സര്‍ജറിയെ സംബന്ധിച്ച് എനിക്ക് യാതൊരു ടെന്‍ഷനും ഉണ്ടായില്ല. മറിച്ച് ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം യാഥാർഥ്യമാകുന്നതിലുള്ള സന്തോഷമായിരുന്നു മനസ്സില്‍. അതിരാവിലെ എനിക്ക് നല്‍കിയ ഡ്രിപ്പില്‍ ഉറങ്ങാനുളള ചെറിയ ഡോസിലുളള മരുന്ന് കൂടി ഡോക്ടേഴ്സ് ഉള്‍പ്പെടുത്തിയിരുന്നു. 

7.45 ആയപ്പോഴേക്കും ഒരു സംഘം നഴ്സുമാര്‍ എന്‍റെ മുറിയിലേക്ക് വന്നു. ധരിക്കാനായി പച്ചനിറമുളള വസ്ത്രങ്ങള്‍ തന്നു. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ ശരീരത്തിലുണ്ടായിരുന്ന മുഴൂവന്‍ വസ്ത്രങ്ങളും നീക്കം ചെയ്തു. മോതിരങ്ങളും മാലയും കണ്ണടയും മറ്റും ഷീലയെ ഏല്‍പ്പിച്ചു. ഒരു സ്ട്രെച്ചര്‍ ട്രോളിയിലേക്ക് കുറച്ചു പേര്‍ ചേര്‍ന്ന് എന്നെ കിടത്തി. ഷീലയും മക്കളും എന്നെത്തന്നെ നോക്കിക്കൊണ്ട് നിന്നു. ആ സമയത്ത് ഓപ്പറേഷന്‍ തിയറ്ററിലേക്ക് എനിക്ക് അനായാസം നടന്നു കയറാവുന്നതേയുളളൂ. പക്ഷേ അറ്റന്‍ഡര്‍മാരും നഴ്സുമാരും അത് അനുവദിക്കുന്നില്ല. ഞങ്ങള്‍ എട്ടാംനിലയിലും ഓപ്പറേഷന്‍ തിയറ്റര്‍ താഴത്തെ നിലയിലുമാണ്. എന്നെ സ്ട്രെച്ചറില്‍ ഒരു ലിഫ്റ്റിലേക്ക് കൊണ്ടുപോയി. അവിടെനിന്നു പല ഇടനാഴികള്‍ പിന്നിട്ട് ഓപ്പറേഷന്‍ തിയറ്റര്‍ എന്ന ബോര്‍ഡ് പതിച്ച ഒരു മുറിക്ക് മുന്നിലെത്തി. അവിടെ വരെ പ്രിയപ്പെട്ടവര്‍ക്ക് എന്നെ അനുഗമിക്കാന്‍ അനുവാദമുണ്ടായിരുന്നു.

കണ്ണീരില്‍ കുതിര്‍ന്ന് നില്‍ക്കുന്ന ഷീലയെ ഞാന്‍ ഒന്ന് നോക്കി. അവളോട് എന്തു പറയണമെന്ന് സത്യത്തില്‍ എനിക്കറിയില്ലായിരുന്നു. ജോസ്നയും അരുണും മിഥുനും അവരെക്കൊണ്ടാകും വിധം ഷീലയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നോട് ഗുഡ്ബൈ പറയാനുളള കരുത്ത് അവര്‍ക്കുണ്ടോയെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞാന്‍ പ്രിയപ്പെട്ടവര്‍ക്ക് നേരെ കൈവീശി. ആശുപത്രിജീവനക്കാരിലാരോ ട്രോളി ഓപ്പറേഷന്‍ തിയറ്ററിലേക്ക് തള്ളിക്കയറ്റി. യൂണിഫോം ധരിച്ച ധാരാളംപേര്‍ തിയറ്ററിനുളളിലുണ്ടായിരുന്നു. അവരില്‍ ചിലര്‍ ചേര്‍ന്ന് എന്നെ മറ്റൊരു സ്ട്രെച്ചറിലേക്ക് ഇരുത്തി. ഇതിനിടയില്‍ തിയറ്ററിന്‍റെ കതക് അടയ്ക്കപ്പെട്ടു. എന്‍റെ ഭാര്യയും മക്കളും ദൃശ്യപരിധിക്ക് പുറത്തായി.   

ഇപ്പോള്‍ എനിക്ക് ഓപ്പറഷന്‍ തീയറ്റര്‍ പൂര്‍ണ്ണമായും വ്യക്തമായും കാണാം. എന്നെ പ്രവേശിപ്പിച്ചയുടനെ തന്നെ അനസ്തേറ്റിസ്റ്റ് അടുത്തു വന്ന് ഉളളംകൈ എന്‍റെ നെറ്റിത്തടത്തിലേക്ക് ചേര്‍ത്തു വച്ച് അതീവസൗമ്യമായി ചോദിച്ചു. ‘റെഡിയല്ലേ?’

ഞാന്‍ സമ്മതഭാവത്തില്‍ തലയാട്ടി. അദ്ദേഹത്തിന്‍റെ സഹായികള്‍ സിറിഞ്ചുകള്‍ കൈമാറി. അദ്ദേഹം അത് എന്‍റെ ഇടത് കയ്യിലേക്ക് ചേര്‍ത്തു വച്ച് ഇന്‍ജക്ട് ചെയ്തു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ അവ്യക്തമായി കേട്ടു. ‘പേടിക്കേണ്ട..ഞങ്ങള്‍ നിങ്ങളെ നന്നായി നോക്കിക്കൊള്ളാം’.

തുടര്‍ന്ന് ആ വലിയ വെളുത്തവിളക്കുകള്‍ തെളിഞ്ഞു. പച്ചവസ്ത്രങ്ങള്‍ ധരിച്ച എട്ടോ ഒന്‍പതോ പേര്‍ എനിക്ക്  ചുറ്റും അണിനിരന്നു. അവരുടെ മുഖത്ത് വെളുത്ത സര്‍ജിക്കല്‍ മാസ്ക് ഉണ്ടായിരുന്നു. എന്നെ തന്നെ ഉറ്റുനോക്കുന്ന അവരുടെ കണ്ണുകള്‍ മാത്രം എനിക്ക് കാണാം. അതു കഴിഞ്ഞ് കാഴ്ചകള്‍ മങ്ങി എല്ലാം അവ്യക്തമായി തുടങ്ങി. ബോധമണ്ഡലം എന്നില്‍നിന്നു മെല്ലെ വഴുതി പോകും പോലെ... 

മുന്‍പിലേക്ക് വരാന്‍ പോകുന്നത് എത്രമാത്രം വലിയ കത്തിയായിരിക്കുമെന്ന് ഞാന്‍ അദ്ഭുതത്തോടെ ഓര്‍ത്തു. ഞാന്‍ എന്‍റെ പ്രിയപ്പെട്ട ഭാര്യയെക്കുറിച്ച് ഓര്‍ത്തു. ഞാന്‍ എന്നോട് തന്നെ സ്വയം പറഞ്ഞു. ‘സമാധാനമായിരിക്കൂ..ശാന്തമായിരിക്കൂ.. എല്ലാം നന്നായി വരും’.

2011 ഫെബ്രുവരി 23 നായിരുന്നു അത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com