ADVERTISEMENT

പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞ ചെറുതോണിയിൽ വരുന്ന ഒരാളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. നിസ്സഹായത നിറയുന്ന കണ്ണുകളും ചിരിയുമായി അയാൾ സംസാരിക്കുമ്പോൾ ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നുണ്ടല്ലേ എന്ന് അതിശയം തോന്നും. രാജപ്പനെന്ന 67 കാരന്റെ ജീവിതം നന്ദു കെ.എസ്. എന്ന യുവാവിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ലോകം അറിയുന്നത്. കായലിലെ കുപ്പികൾ പെറുക്കി വിറ്റ് ജീവിക്കുന്ന രാജപ്പന്റെ ജീവിതം സോഷ്യല്‍ ലോകത്തൊരു നൊമ്പരമായി മാറി. ആ ദൃശ്യങ്ങൾ പിറന്ന കഥ നന്ദു പറയുന്നു.

‘‘കൂട്ടുകാരന്റെ വിവാഹ ചിത്രങ്ങൾ എടുക്കാൻ പോയതാണ്. മണിയാപറമ്പിലുള്ള ഒരു പാലത്തിൽനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. പെട്ടെന്നാണ് ആളുകൾ പ്ലാസ്റ്റിക് കുപ്പിയെടുത്ത് പാലത്തിനു താഴേക്ക് എറിയുന്നത് ശ്രദ്ധിച്ചത്. എന്താണ് സംഭവം എന്നറിയാൻ നോക്കിയപ്പോൾ ഒരു അപ്പൂപ്പൻ വള്ളത്തിൽ വരുന്നതും ആ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി എടുക്കുന്നതും കണ്ടു. ഞാൻ പാലത്തിന് മുകളിൽനിന്ന് അദ്ദേഹത്തിന്റെ ഒരു ചിത്രമെടുത്തു. കരയിൽ ചെന്ന് പോയി വള്ളം അടുപ്പിക്കാമോ എന്നു ചോദിച്ചു. സന്തോഷത്തോടു കൂടി അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. മുൻപരിചയമുള്ള ഒരാളെപ്പോലെ സംസാരിക്കാനും തുടങ്ങി. ഒരു പ്രത്യേക ഭംഗിയായിരുന്നു അദ്ദേഹം സംസാരിക്കുന്നതു കാണാന്‍. ഞാനത് ക്യാമറയിൽ പകർത്തി.

രാജപ്പൻ എന്നാണ് പേര്. കൈപ്പുഴമുട്ട് സ്വദേശിയാണ്. കാലിന് ചലനശേഷിയില്ല. കായലിൽ ഒഴുകി നടക്കുന്ന കുപ്പികൾ ശേഖരിച്ച് വിറ്റാണ് ഉപജീവനം. കിലോയ്ക്ക് 12 രൂപയാണ് ലഭിക്കുക. വെള്ളം ഒഴിവാക്കി കുപ്പികൾ തൂക്കി നോക്കുമ്പോൾ ഒരു കിലോ പോലും ഉണ്ടാകില്ല. വലിയ ആശകൾ ഒന്നുമില്ല. കുറെ നാളായി അലട്ടുന്ന രോഗങ്ങൾക്ക്  ശമനം തരുന്ന ചികിത്സ വേണം. ഇനിയുള്ള കാലം ദാരിദ്ര്യം ഇല്ലാതെ ജീവിക്കണം.  

ഇനി എത്രനാൾ വള്ളത്തിൽ പോകാനും കുപ്പികൾ പെറുക്കി ജീവിക്കാനും ആകുമെന്ന് അറിയില്ലല്ലോ. വിഡിയോ എടുക്കുന്നതു കണ്ടപ്പോൾ ഇതു കണ്ട് ആരെങ്കിലും സഹായിക്കാൻ വരുമോ എന്ന് വളരെ നിഷ്കളങ്കമായി അദ്ദേഹം ചോദിച്ചു. വരുമെന്ന് ഞാനും പറഞ്ഞു.

😊😊😊 ഇതിനൊക്കെ എന്താ പറയുക 😍😍 സഹായവും, സ്നേഹവും അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി. അദ്ദേഹത്തിന്റെ അഡ്രസ്സ് നമ്മൾ...

Posted by Nandu Ks on Wednesday, 8 July 2020

ആരും സഹായിക്കാനില്ലാത്ത ആ മനുഷ്യന് എന്തെങ്കിലും സഹായം കിട്ടിക്കേട്ടെ എന്നു കരുതിയാണ് എന്റെ ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചത്. ഒന്നര ലക്ഷത്തോളം പേർ വിഡിയോ കണ്ടു. അന്വേഷിച്ചെത്തിയ പത്രക്കാർക്കും ചാനലുകാർക്കും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പർ കൊടുത്തു. ആ വിഡിയോയിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ നൽകാമായിരുന്നു. പക്ഷേ വേണ്ടെന്നു വച്ചതാണ്. എന്റെ വീട് പണി നടക്കുന്ന സമയം ആണ്. ആ പൈസ ഞാൻ എടുക്കുന്നെന്നേ നാട്ടുകാർ പറയുന്നുള്ളൂ. മാത്രമല്ല എന്നിൽ കൂടിയല്ല, മാധ്യമങ്ങളിൽ കൂടി അദ്ദേഹത്തിന്റെ കഥ ലോകം അറിയണമെന്നാണ് ആഗ്രഹിച്ചത്.

എന്തായാലും രാജപ്പൻ ചേട്ടൻ ഇപ്പോൾ വാർത്തകളിൽ സ്ഥാനം നേടിയിരിക്കുന്നു. സഹായങ്ങളും കിട്ടുമായിരിക്കും. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്.

കോട്ടയം കരിപ്പയിലാണ് എന്റെ വീട്. അബുദാബിയിലെ എൻജിനീയർ ജോലി ഉപേക്ഷിച്ചാണ് ഫൊട്ടോഗ്രഫി തുടങ്ങിയത്. പാഷനൊപ്പം സഞ്ചരിക്കാൻ തീരുമാനിക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങുമ്പോൾ ജീവിതം എങ്ങുമെത്തിയിരുന്നില്ല. അച്ഛനും അമ്മയ്ക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു. വിദേശത്തു ജോലി ചെയ്‌തെങ്കിലും ഒരു ക്യാമറ സ്വന്തമാക്കിയിരുന്നില്ല. കൂട്ടുകാരിൽ നിന്ന് കടം വാങ്ങിയ ക്യാമറയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രൊ മീഡിയ എന്നു പേരിട്ട് സോഷ്യൽ മീഡിയാ പേജും യുട്യൂബും ചാനലും തുടങ്ങിയെങ്കിലും കാര്യമായ പ്രതികരണങ്ങളുണ്ടായില്ല. എല്ലാരും ചെറിയൊരു കുറ്റപ്പെടുത്തലോടെയാണ് എന്നെ നോക്കുന്നത്. എന്നാലും സങ്കടമില്ല. ഇതുപോലുള്ള പച്ചയായ ജീവിതചിത്രങ്ങൾ എടുക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് മനസ്സ് നിറയെ. ഞാന്‍ ഹാപ്പിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com