ADVERTISEMENT

തരികിട, ഗുലുമാൽ എന്നൊക്കെ കേൾക്കുമ്പോൾ ഓർമയിലെത്തുന്ന മുഖമാണ് സാബു പ്ലാങ്കവിളയുടേത്. പ്രാങ്ക് ഷോകളിലൂടെ 16 വർഷത്തോളമായി സാബു മലയാളികളെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്നു. വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും എന്നും പ്രേക്ഷകരുടെ കൺമുമ്പിൽ ഇദ്ദേഹം ഉണ്ട്. 

‘ഇത്രയേറെ പ്രോഗ്രാമുകൾ ചെയ്ത നിങ്ങള്‍ പ്രാങ്കുമായി ചെല്ലുമ്പോൾ ആളുകൾ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല ? ഇതെല്ലാം പദ്ധതിയിട്ട് തയ്യാറാക്കുന്നതല്ലേ’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സാബു നേരിടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എല്ലാത്തിനും സാബുവിന്റെ കയ്യിൽ മറുപടികളുണ്ട്. പ്രിയ കലാകാരന്റെ വിശേഷങ്ങളിലൂടെ....

തുടക്കം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സ്വദേശം. അച്ഛൻ സുദർശനൻ പിള്ള ഒരു കലാകാരനായിരുന്നു. തബല, മൃദംഗം, ഹാർമാണിയം, ബുൾബുൾ എന്നീ ഉപകരണങ്ങളിൽ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു. ഞാൻ സ്കൂൾ കാലം മുതലേ കലാരംഗത്ത് സജീവമായിരുന്നു. 10–ാം ക്ലാസിൽ പഠിക്കുമ്പോൾ സുഹൃത്തായ സുരേന്ദ്രനൊപ്പം ചേർന്ന് മാട്ട പോലെ ചെറിയൊരു ട്രൂപ്പ് തുടങ്ങി. പിന്നീട് സുഹൃത്തായ ശ്രീജു നെടുമങ്ങാടിന്റെ സൂപ്പര്‍ മിമിക്സ് എന്ന സമിതിയിലേക്ക് മാറി. തിരുവനന്തപുരം കലാസാഗർ എന്ന സമതിയിലൂടെയാണ് പ്രഫഷനൽ രംഗത്തേയ്ക്ക് എത്തുന്നത്. സർവേശ്വരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ആ സമിതി. സിനിമാ നടന്മാരായ കൃഷ്ണകുട്ടി നായർ, കൊച്ചു പ്രേമൻ എന്നിവരായിരുന്നു സമിതിയ്ക്ക് നേതൃത്വം നൽകിയിരുന്നത്. അവിടെ നിന്ന് സരിഗ, പിന്നീട് മാഗ്നാസ്, തിരുമല ചന്ദ്രന്റെ ഷോഗൺസ്, ജയകുമാർ സരിഗയുടെ കൊച്ചിൻ സെവൻ ആർട്സ്, മാഗ്നറ്റോ, ഹാസ്യകൈരളി എന്നിങ്ങനെ ട്രൂപ്പുകൾ മാറി കൊണ്ടിരുന്നു. നിരവധി പരിപാടികളുണ്ടായിരുന്ന ഒരു കാലഘട്ടമാണത്. രണ്ടും മൂന്നും ഷോകൾ ദിവസവും ഉണ്ടാവും. ഇതിനിടയിൽ ആരോഗ്യ ശ്രീമാൻ ഇട്ടൂപ്പ്, സുഹൃത്ത് മണിക്കുട്ടൻ വെഞ്ഞാറമൂട് മുഖേന ഡിഡി മെഗാ ഷോ എന്നീ ടെലിവിഷൻ പരിപാടികളുടെ ഭാഗമാകാന്‍ അവസരം ലഭിച്ചു. 

തേടിവന്ന ഭാഗ്യം – തരികിട 

തരികിട വളരെയധികം ഹിറ്റായി നിൽക്കുന്ന സമയത്താണ് പ്രദീഷ് എന്ന സുഹൃത്ത് വഴി അതിലേക്ക് അവസരം ലഭിക്കുന്നത്. ഒരു എപ്പിസോഡിൽ അഭിനയിക്കാനാണ് വിളിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ അരുൺ, ഓച്ചിറ സജി എന്നിവരുമായി പോയി അന്നൊരു എപ്പിസോഡ് ചെയ്ത് തിരിച്ച് വന്നു. തരികിട ടിവിയിൽ കാണുമ്പോൾ അത് ചെയ്യണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഒരു എപ്പിസോഡെങ്കിലും അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ അന്ന് തിരിച്ച് വന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ തരികിടയുടെ സംവിധായകൻ സർഗോ വിജയരാജ് എന്നെ വിളിച്ചു. സാബുവിന് ഇത് തുടർന്ന് അവതരിപ്പിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചു. അതോടെ ഞാൻ തരികിടയിലെ സ്ഥിരം സാന്നിധ്യമായി. അങ്ങനെ ആളുകളെ ‘പറ്റിച്ച്’ എന്റെ ജീവിതം മുന്നോട്ടു പോയി. കരിയറിൽ വളരെയധികം മാറ്റങ്ങളുണ്ടായി. ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതെല്ലാം ആ പരിപാടിയിലൂടെയാണ്. അങ്ങനെ വിജയകരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് തരികിട നിർത്താൻ ചാനൽ തീരുമാനിക്കുന്നത്.

തരികിട to ഗുലുമാൽ

വളരെ മികച്ച രീതിയിൽ പോയികൊണ്ടിരുന്ന പരിപാടി നിർത്തേണ്ടിയിരുന്നില്ലെന്ന് അവർക്ക് പിന്നീട് തോന്നി. അതോടെ  സമാനമായ പരിപാടി ആരംഭിക്കാന്‍ തീരുമാനിച്ചു. ഫ്രാന്‍സിസ് ചേട്ടേനും വെള്ളി ബിനുവും കൂടിയാണ് അത് ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ, ബിനു വേറൊരു ഷോയുടെ തിരക്കിലായതു കൊണ്ട് അതിൽ പങ്കെടുക്കാൻ പറ്റാത്ത അവസ്ഥ വന്നു. അവൻ എന്നെ വിളിച്ച് പരിപാടി അവതരിപ്പിക്കാൻ പോകാമോ എന്നു ചോദിച്ചു. സത്യത്തിൽ എനിക്ക് പോകാൻ മാനസികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. നന്നായി പോയി കൊണ്ടിക്കുമ്പോഴാണ് തരികിട നിർത്തുന്നത്. ‘പരിപാടി എന്തേ നിർത്തിയേ’ എന്ന ചോദ്യം ഇക്കാലയളവിൽ എവിടെ പോയാലും ഞാൻ നേരിടേണ്ടി വന്നു. ഉത്തരം പറഞ്ഞ് മടുത്തു. അതുകൊണ്ടു തന്നെ പരിപാടിയിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. പിന്നെ ഒരു കലാകാരനായു കൊണ്ടാകാം ഒരു പരിധിയിൽ കൂടുതൽ എനിക്ക് ഇല്ല എന്നു പറയാനാകാത്തത്. അങ്ങനെ ബിനുവും ഫ്രാൻസിസ് ചേട്ടനും മുഖേന ഞാൻ പരിപാടിയിലേക്ക് തിരച്ചെത്തി. ഗുലുമാൽ എന്ന പേരിലാണ് പ്രോഗ്രാം തുടങ്ങിയത്. ആ പ്രോഗ്രാമും വലിയ ജനപ്രീതി നേടി.

ജീവിതം മുന്നോട്ട്

പിന്നെ ‘അക്കാമ സ്റ്റാലിനും പത്രോസ് ഗാന്ധിയും’ എന്ന സീരിയലില്‍ ഒരു മുഴുനീള വേഷം കിട്ടിയപ്പോഴാണ് ഗുലുമാൽ വിടുന്നത്. 11 വർഷത്തോളം തരികിടയും ഗുലുമാലും അവതരിപ്പിച്ചു. പിന്നീട് പല ചാനലുകളിലായി പ്രോഗ്രാമുകൾ ചെയ്തു. കുറച്ച് വൈകിയെങ്കിലും ഇതിനിടയിൽ ഒരു വിവാഹം കഴിച്ചു. ചാനല്‍ പരിപാടികളുമായി തിരുവനന്തപുരത്തും കൊച്ചിയിലുമായി ജീവിതം മുന്നോട്ടു പോയി. രണ്ടു വർഷം മുൻപാണ് ‘ഹോ മൈ ഗോഡ്’ എന്ന ഷോയിലൂടെ വീണ്ടും പ്രാങ്ക് ചെയ്യാന്‍ തുടങ്ങിയത്. ഗുലുമാൽ വിട്ട അതിന്റെ സംവിധായകൻ പ്രദീപ് മരുതത്തൂരും ഫ്രാൻസിസ് ചേട്ടനുമാണ് പ്രോഗ്രാം തുടങ്ങുന്നുവെന്നു പറഞ്ഞ് വിളിച്ചത്. പരിപാടി നന്നായി മുന്നോട്ടു പോകുന്നു.

പ്രേക്ഷകരെ പറ്റിക്കില്ല

പ്രാങ്ക് ഷോ ചെയ്യുമ്പോൾ ഇതൊരു അഡ്ജസ്റ്റ്മെന്റ് ആണ് എന്ന ആരോപണമാണ് പ്രധാനമായും നേരിടേണ്ടി വരിക. ആദ്യ കാലത്ത് പലരും നേരിട്ടു കാണുമ്പോൾ ഇക്കാര്യം ചോദിക്കാറുണ്ട്. ഇപ്പോൾ പിന്നെ യുട്യൂബിൽ കമന്റുകളായാണ് വരുന്നത്. എത്ര പ്ലാൻ െചയ്ത് അഭിനയിച്ചാലും അതിന് ഒരുപരിധിയിൽ കൂടുൽ ഒറിജിനാലിറ്റി വരുത്താൻ ആർക്കും സാധിക്കില്ല. റിയാലിറ്റി തന്നെയേ റിയാലിറ്റി ആകൂ.

പിന്നെ ഇത്തരം സംശയങ്ങൾക്ക് മറ്റു കാരണങ്ങളുണ്ട്. ഇത്രയേറെ വർഷങ്ങളായിട്ട് പരിപാടി അവതരിപ്പിക്കുന്ന നിങ്ങളെ കണ്ടിട്ട് തിരിച്ചറിയാത്ത ആളുകളോ എന്ന അദ്ഭുതമാണ് ചിലർക്ക്. ഇവിടെ അപ്രതീക്ഷിതമായാണ് ആളുകൾ പറ്റിക്കപ്പെടുന്നത്. മറ്റൊരു കാര്യത്തിനായി എന്നു പറഞ്ഞ് വിളിക്കുകയോ, അങ്ങനെ പോകുന്നവരെയോ ആണ് പ്രാങ്ക് ചെയ്യുന്നത്. അതുകൊണ്ടാണ് ആളുകൾക്ക് പലപ്പോഴും ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കാത്തത്. അവരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി ഒരു സംഭവമാണ് നടക്കുന്നത്. അവിടെ പലരും പകച്ചു പോകുന്നു. അവർക്ക് സംശയം തോന്നാൻ ഒരു 10 മിനിറ്റെങ്കിലും എടുക്കും. ആ സമയം കൊണ്ട് നമുക്ക് വേണ്ടത് ലഭിച്ചിരിക്കും. ആളുകളെ പറ്റിക്കുന്നുണ്ട്, പക്ഷേ ഒരിക്കലും പ്രേക്ഷകരെ പറ്റിക്കില്ല. പ്രേക്ഷകരില്ലെങ്കിൽ കലാകാരന്മാരില്ല എന്ന ബോധ്യം എന്നും നമുക്കുണ്ട്.

മറ്റൊരു കാര്യം പലതും ചീറ്റിപോകുന്നുണ്ട് എന്നതാണ്. രൂപം മാറിയാലും ശബ്ദം വെച്ച് നമ്മളെ തിരിച്ചറിയുന്നവരുണ്ട്. വിചാരിച്ചതു പോലെ പ്രതികരണങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ട്. അതൊന്നും ഷോയില്‍ കാണിക്കാറില്ല എന്നു മാത്രം. എല്ലാം വിജയിക്കുന്നുവെന്ന് തോന്നുമ്പോഴാണ് അഡ്ജസ്റ്റ്മെന്റ് ആണെന്ന് പലരും സംശയിക്കുന്നത്. പലതും അടി കിട്ടുന്ന സാഹചര്യത്തിലൊക്കെ എത്തിയിട്ടുണ്ട്. ഞാൻ പരമാവധി ഒഴിഞ്ഞ് മാറും. ഫ്രാൻസിസ് ചേട്ടന് പലപ്പോഴായി അടി കിട്ടിയിട്ടുണ്ട്.

പിന്നെ എത്ര നല്ല എപ്പിസോഡ് ചെയ്താലും മോശം മാത്രം കമന്റ് ചെയ്യുന്നവരുമുണ്ട്. നമ്മൾ അതൊന്നും കാര്യമാക്കാറില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു, എന്ത് ചിന്തിക്കുന്നു എന്നു നോക്കിയിരുന്നാൽ നമുക്കൊരിക്കലും മുന്നോട്ടു പോകാനാവില്ല. പരമാവധി കഷ്ടപ്പെട്ട് ഓരോ എപ്പിസോഡും നന്നാക്കാൻ ശ്രമിക്കും. അത് മാത്രമല്ലേ നമുക്ക് ചെയ്യാനാവൂ. 

ഫ്രാൻസിസ് ചേട്ടൻ

കോസ്റ്റ്യൂമർ, മേക്കപ് ആർടിസ്റ്റ്, ആർട് ഡയറക്ടർ അങ്ങനെ പല രൂപത്തിൽ ഫ്രാൻസിസ് ചേട്ടൻ തരികിടയുടെ തുടക്കം മുതൽ ഒപ്പമുണ്ട്. ഗുലുമാൽ മുതൽ ഹോ മൈ ഗോഡ് എന്നീ പരിപാടികളുടെ ഒരു 95 ശതമാനം എപ്പിസോഡിന്റെയും ആശയം ഫ്രാൻസിസ് ചേട്ടന്റേതാണ്. ഇത്രയും വർഷങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ രൂപപ്പെട്ട കെമിസ്ട്രി പ്രോഗ്രാമുകളുടെ വിജയത്തിലെ ഒരു പ്രധാന ഘടകമാണ് എന്നും ഞാൻ വിശ്വസിക്കുന്നു. തിരക്കഥ എഴുതിയൊന്നുമല്ലല്ലോ പ്രാങ്ക് ചെയ്യുന്നത്. ഒരു ആശയത്തിൽ നിന്ന് തുടങ്ങി സാഹചര്യങ്ങൾക്കനുസരിച്ച് ഡയലോഗ് പറഞ്ഞ് മുന്നോട്ടു കൊണ്ടു പോകുന്നതാണ് രീതി. അവിടെ ആ കെമിസ്ട്രിക്ക് വലിയ പ്രാധാന്യമുണ്ട്. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതിന് അരമണിക്കൂറിന്റെ ആയുസ്സ് ഉണ്ടാകാറുള്ളൂ. 

സ്വപ്നങ്ങൾ

എനിക്കങ്ങനെ വലിയ സ്വപ്നങ്ങളൊന്നുമില്ല. ഇങ്ങനെയൊക്കെ അങ്ങു പോയാൽ മതി. ഒന്നും പ്രതീക്ഷിക്കാതെയാണ് കലാരംഗത്തേക്ക് വന്നത്. നിരവധി വേദികളിൽ പ്രകടനം നടത്താനായി. ടിവി ഷോകളുടെ ഭാഗമായി. കല കൊണ്ടു മാത്രം ഇത്രയും നാൾ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു. പ്രേക്ഷകരുടെ സ്നേഹം ലഭിച്ചു. ഒരു കലാകാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാൻ സംതൃപ്തനാണ്. ഇത്ര ചെറിയ ജീവിതത്തില്‍ ഇതൊക്കെയല്ലേ വേണ്ടൂ. വരുന്നതു വരട്ടെ. വലിയ സ്വപ്നങ്ങൾ വച്ചു പുലർത്തി അതൊന്നും സാധിക്കാതെ വരുമ്പോൾ വേദനിക്കേണ്ട ആവശ്യമില്ലല്ലോ. ഇന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ സാധിക്കുന്നു. അത് തന്നെ ധാരാളം.

കുടുംബം

ഭാര്യ ആശ. മകൻ ബദരീനാഥ് രണ്ടാം ക്ലാസിൽ പഠിക്കുന്നു. അമ്മ വസന്ത, സഹോദരി സരിത ടീച്ചറാണ്. മരുമക്കൾ കാശിനാഥ്, കൈലാസ്നാഥ്. 

English Summary : Artist Sabu Plankavila Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com