sections
MORE

ഷൂട്ടിങ് സെറ്റിൽ ആരംഭിച്ച പ്രണയം, സന്തുഷ്ട വിവാഹജീവിതം; ദർശന ദാസ് മനസ്സ് തുറക്കുന്നു

actress-Darshana-das-on-love-and-life
SHARE

‘പരസ്പരം മനസ് തുറക്കാനുള്ള സ്വാതന്ത്ര്യം, തെറ്റുകൾ ചൂണ്ടിക്കാണിക്കാനും തിരുത്താനമുള്ള മനസ്സ്’ പ്രണയം നിലനിർത്തുന്ന ഘടകമെന്തെന്നു ചോദിച്ചാൽ സംശയമൊന്നുമില്ലാതെ നടി ദർശന ദാസ് മറുപടി നൽകും. 2020ന്റെ തുടക്കത്തിലായിരുന്നു സീരിയലില്‍ അസിസ്റ്റന്റ് ഡയറക്ടറായ അനൂപുമായുള്ള ദര്‍ശനയുടെ വിവാഹം. ഷൂട്ടിങ് സെറ്റില്‍ ആരംഭിച്ച പ്രണയം ഇപ്പോൾ മനോഹരമായ ദാമ്പത്യത്തിലെത്തി നിൽക്കുന്നു.

വിവാഹശേഷം പാലക്കാട് നിന്ന് തൊടുപുഴയിലേക്ക് ചേക്കേറി ഇപ്പോള്‍ ജീവിതം കെട്ടിപ്പടുക്കുകയാണ് പ്രിയ താരം. പ്രണയത്തെയും ദാമ്പത്യത്തേയും ജീവിതത്തേയും കുറിച്ച് ദർശന മനസ്സ് തുറക്കുന്നു. 

സൗഹൃദം പ്രണയത്തിലേക്ക്

‘സുമംഗലി ഭവ’ എന്ന സീരിയലിന്റെ സെറ്റിലാണ് ഞാനും അനൂപും കണ്ടുമുട്ടുന്നത്. അനൂപ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ആദ്യ രണ്ടു മൂന്നു മാസം ഞങ്ങൾ സംസാരിച്ചിട്ടില്ല. ഞാൻ അല്‍പം റിസേർവ്ഡ് ടൈപ്പ് ആയിരുന്നു. പിന്നെ എങ്ങനെയോ ഞങ്ങൾ തമ്മിൽ സൗഹൃദം ഉടലെടുത്തു. നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങൾക്ക് നല്ല പങ്കാളികൾ കൂടിയാകാൻ കഴിയും എന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. 

ഞങ്ങൾ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. പരസ്പരം മനസിലാക്കുന്ന, എന്തും തുറന്നു പറയാനും തെറ്റുകൾ തിരുത്താനും സ്വാതന്ത്ര്യം നൽകുന്ന, അതോടൊപ്പം വ്യക്തിത്വത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ. അതിനാൽ തന്നെ വിവാഹജീവിതത്തിൽ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അതുതന്നെ.

darsana-das-1

അമ്മായിയമ്മ എന്ന ‘അമ്മ’ 

വിവാഹശേഷം അനൂപിന്റെ നാടായ തൊടുപുഴയിലേക്ക് എത്തി. പാലക്കാട് നിന്നും തൊടുപുഴയിലേക്ക് മാനസിക അകലമാണ് കൂടുതൽ അനുഭവപ്പെട്ടത്. ഭക്ഷണ കാര്യത്തിലും മറ്റും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ അനൂപിന്റെ അമ്മയുടെ പിന്തുണ എനിക്ക് കരുത്തായി. എന്റെ അമ്മ എന്നെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നതു പോലെയാണ് അനൂപിന്റെ അമ്മ പെരുമാറിയത്. അങ്ങനെ പാലക്കാട് നിന്ന് തൊടുപുഴയിലേക്കുള്ള ദൂരം കുറഞ്ഞു വന്നു.

പാവം വില്ലത്തി

ആറ് വർഷമായി സീരിയൽ ഇൻഡസ്ട്രിയിൽ വന്നിട്ട്. ഇതിനിടയ്ക്ക് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നെഗറ്റീവ് കഥാപാത്രങ്ങൾ തന്നെയായിരുന്നു. നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് എല്ലാവരും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ എനിക്ക് നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളത്. എനിക്ക് ബുദ്ധിമുട്ട് ‘അയ്യോ പാവം’ കഥാപാത്രങ്ങൾ ചെയ്യാനാണ്. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഞാൻ ഏറെ ആസ്വദിച്ചാണ് ഒരോ കഥാപാത്രവും ചെയ്യുന്നത്. വില്ലത്തി കഥാപാത്രങ്ങൾ മൂലം കരിയറിന്റെ തുടക്കത്തിൽ പ്രേക്ഷകരിൽ നിന്ന് ചീത്ത കേട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം കഥാപാത്രത്തിന്റെ വിജയമായാണ് കരുതുന്നത്.

സൈലന്റ്, റിസേർവ്ഡ്

വില്ലത്തി കഥാപാത്രങ്ങളും ഞാനുമായി സ്വഭാവത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഒരു തരത്തിലും ഞാനുമായി അവയ്ക്ക് ബന്ധമില്ല. കാരണം യഥാർഥ ജീവിതത്തിൽ ഞാൻ വളരെ സൈലന്റും റിസേർവ്ഡും ആണ്. ഞാൻ ആയി എന്റെ പാടായി എന്ന് കരുതുന്ന രീതിയിലുള്ള ഒരാൾ. എന്നെ അടുത്തറിയാവുന്നവർക്ക് അതു നന്നായിട്ട് അറിയാം. പക്ഷേ എന്തു ചെയ്യാൻ നമുക്ക് കിട്ടുന്ന കഥാപാത്രങ്ങൾ അങ്ങനെയുള്ളവയായിപ്പോയി. പിന്നെ അഭിനയത്തെ വിലയിരുത്താനും വിമർശിക്കാനും കുറച്ചു നല്ല സുഹൃത്തുക്കളുണ്ട്. അവരുടെ പിന്തുണയാണ് എനിക്ക് ആത്മവിശ്വാസം നൽകുന്നത്.

darsana-das-3

സൗഹൃദങ്ങൾ

ഞാൻ നേരത്തെ പറഞ്ഞല്ലോ, ഞാൻ ഭയങ്കര റിസർവ്ഡ് ആണ്. പക്ഷേ എനിക്ക് എല്ലാവരോടും വലിയ സ്നേഹം തന്നെയാണ്. ഫോണിലൂടെ വിളിച്ച് സംസാരിക്കാനും മറ്റും മടിയുള്ള ആളാണ്. എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കൾക്ക് എന്റെ ഈ സ്വഭാവം നന്നായിട്ട് അറിയാം. അതുകൊണ്ട് അവർ എന്നെ ഇങ്ങോട്ട് വിളിക്കും. പിന്നെ എന്റെ അമ്മയുടെ പ്രായത്തിലുള്ള കുറച്ചു സുഹൃത്തുക്കളുണ്ട്. കൂടെ അഭിനയിക്കുന്ന കുട്ടികളുടെ അമ്മമാരാണവർ. ഓരോ സീരിയലും കണ്ട് അഭിനയം, വസ്ത്രം തുടങ്ങി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് അവരാണ്.

സ്റ്റൈല്‍ ഫാക്റ്റർ

സ്വന്തമായി വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ ഞാൻ ഏറെ പിന്നിലാണ്. അഭിപ്രായം പറയാനായി  ഒരാൾ എന്റെ കൂടെ വേണം. സീരിയലുകളിലേക്ക് വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങുന്നതിനായി അച്ഛനും അമ്മയുമായിരുന്നു കൂടെ വന്നിരുന്നത്. വിവാഹശേഷം ആ റോൾ ഭർത്താവ് ഏറ്റെടുത്തു. പലപ്പോഴും ആരാധകർ നല്ല അഭിപ്രായം പറയുന്ന വസ്ത്രങ്ങൾക്കും സ്റ്റൈലിനും പിന്നിൽ ഞാൻ മാത്രമല്ല ഉള്ളതെന്നതാണ് വാസ്തവം.

അന്നും ഇന്നും എന്നും സ്ലിം

‘വിവാഹം കഴിഞ്ഞശേഷം പോലും ഈ കുട്ടി വണ്ണം വച്ചില്ലലോ’ എന്നുള്ളത് അമ്മയുടെ സ്ഥിരം പരാതിയാണ്. ഒരു പരിധിയിൽ കൂടുതൽ വണ്ണം വയ്ക്കുന്ന ശരീരമല്ല എന്റേത്. ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഞാൻ കഴിക്കാറുണ്ട്. നോൺ വെജ് ഭക്ഷണത്തോട് വലിയ താല്പര്യമാണ്. എന്നാലും വണ്ണം വയ്ക്കില്ല. ഇനി അൽപം വണ്ണം വച്ചാൽ തന്നെ നന്നായൊന്നു ടെൻഷനടിച്ചാൽ അതു പോകുകയും ചെയ്യും. അല്ലാതെ മെലിഞ്ഞിരിക്കാൻ വർക് ഔട്ടുകൾ ഒന്നും ചെയ്യുന്നില്ല.

കൊറോണക്കാലത്തെ ഷൂട്ടിങ്

ലോക്ഡൗൺ കാലം എന്നെ സംബന്ധിച്ച് വളരെ ബോറിങ് ആയിരുന്നു. ഒന്നും ചെയ്യാതെ ഇരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കുറച്ച് കാലം കുക്കിങ് പരീക്ഷണങ്ങൾ നടത്തി. രണ്ടു മാസമായി ഷൂട്ടിങ് ഉണ്ട് എന്നതാണ് വലിയൊരു ആശ്വാസം. സാമൂഹിക അകലം പാലിച്ചും ആളുകളുടെ എണ്ണം കുറച്ചതും സാനിറ്റൈസർ, മാസ്ക് എന്നിവ നിർബന്ധമാക്കിയാണ് ഇപ്പോൾ ഷൂട്ടിങ്. സാമൂഹ്യ സുരക്ഷയെ മുൻനിർത്തി എല്ലാവരും ഇത്തരം കാര്യങ്ങളോട് പരമാവധി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

English Summary : Actress Darsan Das Love and Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA