ADVERTISEMENT

പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും മുന്നോട്ടു പോകുന്ന ദാമ്പത്യമായിരിക്കും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാവരുടെയും സ്വപ്നം. പക്ഷേ, വിവാഹശേഷം അതെല്ലാം വെറും സ്വപ്നമായി മാറുന്നവര്‍ നിരവധിയാണ്. ഒരിക്കലും യോജിച്ചു പോകാനാവാത്ത അവസ്ഥ. എല്ലാം സഹിച്ചുള്ള ജീവിതം. എല്ലാ അർഥത്തിലും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ വഴിയൊന്നുമില്ല. എന്നാൽ പങ്കാളികളെ തിരഞ്ഞെടുക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനോഹരമായ ഒരു ദാമ്പത്യം സൃഷ്ടിച്ചെടുക്കാം. പരസ്പര ബഹുമാനത്തോടെയുള്ള ദാമ്പത്യം വളർത്താൻ സഹായിക്കും സ്വഭാവത്തിലെ ചില സവിശേഷതകൾ പങ്കാളിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി ദാമ്പത്യത്തിന് തയാറെടുക്കുക. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ചിലത് ഇവയാണ്.

മൂല്യങ്ങളിലെ യോജിപ്പ്

സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവുമൊക്കെയായി നിങ്ങളുടെ ചിന്താരീതികള്‍ക്ക് അനുയോജ്യനാണോ എന്നു പരിശോധിക്കാം. അനുയോജ്യമല്ലെങ്കിൽ കൂടി നിങ്ങളുടെ മൂല്യങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കാനുള്ള കഴിവ് ഉണ്ടാകണം. കാരണം താൽപര്യങ്ങൾ പോലെ എപ്പോൾ വേണെങ്കിലും മാറുന്നതല്ല മൂല്യങ്ങൾ. ഇവ ഒരാളുടെ ജീവിതത്തെയും ചിന്തകളെയുമെല്ലാം ക്രമപ്പെടുത്തുന്നതാണ്. അതിനാൽ തന്നെ മൂല്യങ്ങളിലെ യോജിപ്പ് ജീവിതത്തെ വിജയകരമായി മുന്നോട്ടു നയിക്കും.

സ്വാതന്ത്ര്യം

വ്യക്തി സ്വാതന്ത്ര്യം അനുവദിക്കാത്ത പങ്കാളികൾ ദുഃഖകരമായ ദാമ്പത്യത്തിനു കാരണമാകും. ഒരാൾ മാത്രം എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുകയും മറ്റേയാൾക്ക് സ്വാതന്ത്യം ലഭിക്കുകയും ചെയ്യാത്ത അവസ്ഥ പല ബന്ധങ്ങളിലും സാധാരണമാണ്. സ്നേഹം കൊണ്ടാണ് എന്ന് ആദ്യമൊക്കെ തോന്നുമെങ്കിലും ഇതു പിന്നീട് തലവേദനയായി മാറും. നിങ്ങളുടെ സ്വാതന്ത്ര്യവും സമയവും ബഹുമാനിക്കാൻ സാധിക്കുന്ന സ്വഭാവം ഉള്ളയാൾ ആയിരിക്കണം പങ്കാളി. എന്നാൽ എല്ലാം തന്നിഷ്ടപ്രകാരം ചെയ്യുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ദാമ്പത്യത്തിൽ ഗുണകരമല്ല. ആരോഗ്യകരമായ സ്വാതന്ത്ര്യം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാനും ബന്ധങ്ങൾക്ക് കൂടുതൽ സുതാര്യത നൽകാനുമാണ് സഹായിക്കുക.

വിശ്വാസം

ഏതൊരു ബന്ധവും നിലനിൽക്കുന്നത് വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങളുടെ ജീവിതം പങ്കുവയ്ക്കുമ്പോൾ അതിനെ വിലപ്പെട്ടതായി കാണാൻ പങ്കാളിക്ക് സാധിക്കണം. എല്ലാം തുറന്നു പറയാനാകുന്ന, പ്രതിസന്ധികളിൽ ഒപ്പം നിൽക്കുമെന്ന വിശ്വാസം പരസ്പരം തോന്നണം. ഈ വിശ്വാസം ഇല്ലെങ്കിൽ ബന്ധത്തിൽ നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവും സുരക്ഷിതത്വമില്ലായ്മയും അനുഭവപ്പെടും. അതിനാൽ വിവാഹത്തിനോ, ഒന്നിച്ചുള്ള ജീവിതത്തിനോ മുൻപ് പങ്കാളിയെ വിശ്വസിക്കാം എന്ന് ഉറപ്പാക്കണം.

ആശയസംവാദം 

ബന്ധങ്ങളുടെയും വ്യക്തിത്വത്തിന്റെയും വളർച്ചയ്ക്ക് സഹായകരമാണ് ആശയസംവാദം. എല്ലാം സഹിച്ചോ അംഗീകരിച്ചോ ജീവിക്കുകയല്ല വേണ്ടത്. പരസ്പരം മനസ്സിലാക്കുന്നതാണ് ബന്ധങ്ങളിൽ പ്രധാനം. അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയുക, ആശയങ്ങളിൽ ചർച്ച നടത്തുക എന്നതെല്ലാം ദാമ്പത്യത്തിൽ അനിവാര്യമാണ്. ഊർജവും സ്വസ്ഥതയും ഇല്ലാതാക്കുന്ന കലഹമല്ല ഇത്. പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള അവസരമാണ്. മറ്റുളളവരിലെ ശരി കണ്ടെത്താനും തെറ്റുകള്‍ വേദനിപ്പിക്കാതെ ബോധ്യപ്പെടുത്താനുമുള്ള കഴിവ്. ഇത് ഇല്ലാത്ത പങ്കാളി ദാമ്പത്യം ദുഷ്കരമാക്കും.

English Summary : Important things to consider while choosing a life partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com