ADVERTISEMENT

സന്തോഷവും ദുഃഖവും സുഖവും പ്രയാസങ്ങളും പ്രതീക്ഷയും പ്രത്യാശയുമൊന്നുമില്ലാത്ത ജീവിതങ്ങളില്ല. എല്ലാം മാറിയും മറിഞ്ഞു വരും. ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായാണ് ദാമ്പത്യം മുന്നോട്ടു പോകുന്നത്. എന്നാൽ ചില പിണക്കങ്ങളും വഴക്കുകളുമൊക്കെ കൈവിട്ടു പോകുന്നതും സാധാരണമാണ്. ചില പ്രശ്നങ്ങൾ രൂക്ഷമാവുകയും അത് ദാമ്പത്യം തകരുന്നതിനു വരെ കാരണമാവുകയും ചെയ്യും. അതിനാൽ ദാമ്പത്യത്തിലെ ‘വില്ലന്മാരെ’ കണ്ടെത്തി തൂക്കി പുറത്തെറിയണം. പരിഹരിച്ചില്ലെങ്കിൽ ദാമ്പത്യത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന എട്ട് വില്ലന്മാർ ഇതാ. 

തുല്യതയില്ലാത്ത ചുമതലകള്‍

ദാമ്പത്യത്തില്‍ പങ്കാളികൾക്ക് ഉത്തവാദിത്തങ്ങളും ചുമതലകളും ഉണ്ട്. എന്നാല്‍ ഈ ചുമതലകള്‍ ഏറ്റെടുക്കുന്നത് തുല്യമായിട്ടായിരിക്കില്ല. കാലം മാറിയതോടെ തുല്യതയ്ക്ക് ദാമ്പത്യത്തിൽ വലിയ പ്രാധാന്യമാണുള്ളത്. അതിനാൽ ഉത്തരവാദിത്തങ്ങളിലും തുല്യത ആവശ്യമാണ്. അല്ലാത്തപക്ഷം ദാമ്പത്യത്തിൽ കല്ലുകടി തുടങ്ങും. വൈകാതെ പൊരിഞ്ഞ അടിയില്‍ കലാശിക്കുകയും ചെയ്യും. ചുമതലകള്‍ ഏറ്റെടുത്ത് പരസ്പര ബഹുമാനത്തോടെ ചെയ്യണം. ഒരാൾ മാത്രം എല്ലാം ചുമക്കേണ്ട അവസ്ഥ ഉണ്ടാകരുത്.

വീട്ടു ജോലികള്‍ ഒറ്റയ്ക്ക്

ദാമ്പത്യ ജീവിതത്തിലെ അടുത്ത മറ്റൊരു വലിയ വെല്ലുവിളി ആണ് വീട്ടു ജോലികള്‍. വീട്ടു ജോലി സ്ത്രീകളുടെ ഉത്തരവാദിത്തവും പണം സമ്പാദിക്കൽ പുരുഷന്‍മാരുടെ ചുമതലയുമായി കരുതിയിരുന്ന കാലം മാറി. ജോലിയില്ലാത്ത സ്ത്രീകൾ കുറഞ്ഞു വരികയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ വീട്ടു ജോലികൾ പങ്കിട്ടു ചെയ്യേണ്ടത് അനിവാര്യതയാണ്. അല്ലെങ്കിൽ ദാമ്പത്യത്തിലെ ഒരു പ്രധാന വില്ലനായി ഇതു മാറും.

സമൂഹമാധ്യമം

അതിവേഗമായിരുന്നു സമൂഹമാധ്യമങ്ങളുടെ സ്വാധീനം വളർന്നത്. അതോടെ ദാമ്പത്യത്തിലും കക്ഷി ഇടപെട്ടു തുടങ്ങി. പങ്കാളി സമൂഹമാധ്യമത്തില്‍ ഒരുപാട് സമയം ചെലവഴിക്കുന്നതിന്റെ പേരിലുണ്ടായ വിവാഹമോചനം വാർത്തകളിൽ ഇടം നേടിയിരുന്നു. തനിക്കൊപ്പം ചെലവിടാനോ സംസാരിക്കാനോ സമയം കണ്ടെത്താതെ സമൂഹമാധ്യമങ്ങളിൽ ഒതുങ്ങുന്ന പങ്കാളി  ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്തും. അതിനാൽ ശ്രദ്ധയോടെ ഈ വില്ലനെ നിയന്ത്രിച്ച് നിർത്താം. 

സാമ്പത്തിക ഏകാധിപത്യം

സാമ്പത്തിക പ്രശ്നങ്ങളില്ലാത്തവരില്ല. പണം ദാമ്പത്യത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നിരവധിയാണ്.

വരുമാനം ഒരാൾ മാത്രം ചെലവഴിക്കുന്നതും സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതുമെല്ലാം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ പരസ്പരം ചർച്ച ചെയ്തും തുല്യതയോടും സ്വാതന്ത്ര്യത്തോടും കൂടി പെരുമാറാൻ സാധിക്കണം.

ജോലിയോടുള്ള അമിതാസക്തി

പങ്കാളിയോട് സംസാരിക്കാനോ കുടുംബത്തിനൊപ്പം ചെലവഴിക്കാനോ സമയം കണ്ടെത്താതെ ചിലര്‍ ജോലിയിൽ മുഴുകും. കരിയറിന്റെ വളർച്ച മാത്രമായിരിക്കും സ്വപ്നം. ഇതോടെ ദാമ്പത്യം താളം തെറ്റും. അതിനാല്‍ ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടു പോകാൻ സാധിക്കണം. 

ലഹരി 

‌പങ്കാളിയുടെ ലഹരി ഉപയോഗമാണ് മറ്റൊരു വില്ലന്‍. ലഹരി പതിവാകുന്നതോ അധികമാകുന്നതോ തീര്‍ച്ചയായും ദാമ്പത്യത്തിലെ സന്തോഷത്തെ ബാധിക്കും. കലഹങ്ങൾ പതിവാകും. ശാരീരികമായ അതിക്രമങ്ങളിലേക്ക് വരെ നയിക്കാം. അതുകൊണ്ട് ജീവിതം ഒരു ലഹരിയാക്കി മുന്നോട്ടു പോകാം.

ലൈംഗികത 

ദാമ്പത്യ ജീവിതത്തില്‍ ലൈംഗികതയ്ക്ക് ഉള്ള സ്ഥാനം ചെറുതല്ല. ഒരാള്‍ക്ക് താല്‍പര്യവും മറ്റൊരാള്‍ക്ക് താൽപര്യമില്ലാതെയും വരുമ്പോഴാണ് ലൈംഗികത ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമാകുന്നത്. ഊതിപ്പെരുപ്പിച്ച പൊതുബോധങ്ങളും കാല്‍പ്പനിക സങ്കല്‍പ്പങ്ങളും ഇതോടൊപ്പം വിനയായി മാറുന്നു. പര്സപര ധാരണയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം.

കുട്ടികള്‍ ഒരാളുടേതല്ല

കുട്ടികളെ നോക്കുന്നതിലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലും വീഴ്ച സംഭവിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. മക്കളെ വളർത്തൽ അമ്മമാരുടെ കടമയാണെന്ന ചിന്ത ഇന്നും നിലനിൽക്കുന്നു. വലിയ തർക്കങ്ങൾ ഉണ്ടാകാനും കുടുംബത്തിലാകെ അശാന്തി പടരാനും ഇതു കാരണമാകാം. കൂട്ടായ ഉത്തരവാദിത്തോടെ മക്കളെ മനസ്സിലാക്കി മുന്നോട്ടു പോകാം.

English Summary : The problems which ruin your marriage life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com