ADVERTISEMENT

ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുവരുന്നു. ഇങ്ങനെ പോയാൽ എന്താവും ലോകത്തിന്റെ അവസ്ഥ ?  കുറച്ചു വർഷം കഴിയുമ്പോൾ എന്താവും എന്റെ അവസ്ഥ ? തൊഴിലില്ലായ് കൂടിവരുന്ന സാഹചര്യത്തിൽ എന്റെ മക്കൾക്കും ജോലി കിട്ടാതിരിക്കുമോ ? സമൂഹത്തിലെ സംഘർഷം കൂടിവരുന്നു. കുറച്ചു കാലം കൂടി കഴിഞ്ഞാൽ നാട്ടിൽ ജീവിക്കാൻ പറ്റാതാകുമോ ? എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാതെ വരുമോ? 

ഭാവിയെ പറ്റിയുള്ള അനവധി ചോദ്യങ്ങൾ എല്ലായ്പ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കും. എന്നാൽ ഈ ചിന്തകള്‍ അമിതമാവുകയും ഉത്കണ്ഠ വർധിക്കുകയും ചെയ്താൽ മാനസികമായി തളർന്നു പോകും. മാനസിക സംഘർഷങ്ങൾ ഉറക്കം കെടുത്തും. മറ്റൊന്നിലും ശ്രദ്ധിക്കാനാവാത്ത അവസ്ഥയിലെത്തും . മനുഷ്യർ എന്നും ഇത്തരം മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ കോവിഡ്-19 സൃഷ്ടിച്ച പ്രത്യേക സാഹചര്യം ഒരുപാടുപേരിൽ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശക്തമാക്കുകയും കടുത്ത മാനസിക സമ്മർദ്ദത്തിലേക്കു നയിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മനസ്സിന്റെ നിയന്ത്രണം കൈവിടുമ്പോഴാണ് മനസ്സിനെ തളർത്താൻ ശേഷിയുള്ള ചില ചോദ്യങ്ങൾ നമ്മൾ ചോദിക്കുന്നത്. പ്രിയപ്പെട്ട ഒരാളിന്റെ വിയോഗം, തന്റെ കുറവുകൾ കാരണം ഏൽക്കേണ്ടി വരുന്ന കളിയാക്കലുകൾ, ചതിക്കപ്പെടൽ, ലക്ഷ്യം നേടാൻ കഴിയാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം ഒരു വ്യക്തിക്ക് മനസ്സിന്റെ നിയന്ത്രണം കൈവിട്ടു പോയേക്കാം. ഈ സാഹചര്യത്തിൽ നമ്മൾ സ്വയം ചോദിക്കുന്ന ചോദ്യങ്ങളെല്ലാം മനസ്സിനെ കൂടുതൽ തളർത്തുന്നവയായിരിക്കും. തനിക്കു ചുറ്റും നടക്കുന്ന ഒന്നിനു മേലെയും നമുക്ക് നിയന്ത്രണമില്ല എന്ന ചിന്തയാണ് ഭാവിയെക്കുറിച്ചുള്ള ആശങ്കകളെ കൂടുതൽ ബലപ്പെടുത്തുന്നത്. ഈ ചിന്തകൾ ഇല്ലാതാക്കാനുള്ള ചില വഴികൾ

1. കടപ്പെട്ടിരിക്കുക- ജീവിതത്തിൽ നമ്മൾ പലതിനോടും കടപ്പെട്ടിരിക്കുന്നില്ലേ? കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ചെറുതെങ്കിലും വരുമാനം നൽകുന്ന ഒരു ജോലി അങ്ങനെ പലതും. ഇതൊന്നുമില്ലെങ്കിലും ശ്വസിക്കാനും ഒരോ നിമിഷവും ഭൂമിയിൽ തുടരുന്നതും നമ്മുടെ ഭാഗ്യമെന്നു വിശ്വസിക്കുക. ഇത്തരം ചില കടപ്പാടുകൾ ഒരു ഡയറിയിൽ കുറിച്ചുവയ്ക്കൂ... പ്രതിസന്ധിഘട്ടത്തിലും തനിക്ക് ജീവൻ ബാക്കിയുണ്ടെന്നും ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും തനിക്ക് എന്തെങ്കിലും ചെയ്തു തീർക്കാനുണ്ടെന്നുമുള്ള തോന്നൽ നിങ്ങൾക്ക് ഊർജം പകരും.

2. പുതിയ അറിവ്, പുതിയ വഴികൾ - ഓരോ ദിവസവും പുതിയ ഒരു അറിവ് നേടാൻ, ഒരു പുതിയ ജോലി പഠിക്കാൻ, ഒരു പുതിയ ഹോബി കണ്ടെത്താൻ കുറച്ച് നേരം ചെലവഴിക്കുക. ഈ പഠിക്കുന്നവയിൽ ഒന്നെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ നമുക്ക് തുണയായി മാറും. ജീവിക്കാൻ പല വഴികളുണ്ടെന്ന ബോധ്യം ഈ പുതിയ അറിവുകൾ ഉണ്ടാക്കും.

3. പോസിറ്റീവ് മനുഷ്യരെ കണ്ടെത്താം - ആകാശം ഇടിഞ്ഞു വീണാലും കുലുങ്ങാത്ത മനുഷ്യരെന്നൊക്കെ നമ്മൾ പറയാറില്ലേ. ഏതു പ്രതിസന്ധി ഘട്ടത്തിലും ശുഭചിന്ത കണ്ടെത്തുന്നവർ. അവർക്കുള്ളിൽ ആശങ്കകളില്ലാഞ്ഞിട്ടല്ല, ആശങ്കകളെ നിർവീര്യമാക്കുന്ന ശുഭചിന്തയാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ഇത്തരം വ്യക്തികളെ പരിചയപ്പെടാനും അവരുമായി സൗഹൃദം സൃഷ്ടിക്കാനും ശ്രമിക്കുക. അവരിൽ നിന്ന് ആ ആത്മവിശ്വാസവും ശുഭചിന്തയുമെല്ലാം നമ്മളിലേക്കും പതിയെ പ്രസരിക്കും.

4. നല്ല മനുഷ്യരാവാം- നല്ല മനുഷ്യർ എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്താണ്? തന്നെക്കാൾ മോശം സാഹചര്യത്തിൽ ജീവിക്കുന്നവരെ കണ്ടെത്തുകയും അവരെ കൈപിടിച്ചുയർത്തുകയും ചെയ്യുന്നവരെ നമുക്ക് ഈ ഗണത്തിൽ പെടുത്താം. സാമൂഹികമായും സാമ്പത്തികമായും അവശതയനുഭവിക്കുന്നവരെ കണ്ടെത്തുകയും അവരെ സഹായിക്കുന്ന സേവനസംഘങ്ങളിൽ പ്രവർത്തിക്കാൻ സമയം കണ്ടെത്തുകയും ചെയ്തുനോക്കൂ. ജീവിതം കൂടുതൽ‍ അർഥപൂർണമാകും.

5. മെഡിറ്റേഷൻ - കുറച്ചു സമയം മനസ്സിനെ ചിന്തകളിൽ നിന്നകറ്റി നമ്മുടെ ശരീരത്തിലേക്കും അതിന്റെ അടിസ്ഥാനമായ ശ്വാസോച്ഛാസത്തിലേക്കും സൂക്ഷ്മം ശ്രദ്ധിക്കുന്ന പ്രക്രിയയാണ് മെഡിറ്റേഷൻ. അമിതമായ ചിന്തകളെ നിയന്ത്രിക്കുന്നതിനൊപ്പം ചെയ്യുന്ന കാര്യങ്ങളിലേക്കു പൂർണശ്രദ്ധ കൊണ്ടുവരാനും മെഡിറ്റേഷൻ നല്ലതാണ്.

English Summary : Feeling Stressed About the Future ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com