ADVERTISEMENT

ലോക്ഡൗണിൽ ഗുലുമാൽ ഓൺലൈനിലെ സെലിബ്രിറ്റി പ്രാങ്കുകളിലൂടെ മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് അനൂപ്. ആമസോൺ കാട്ടിലെ അഹാന കൃഷ്ണകുമാറിന്റെ ഷൂട്ടും ഷംന കാസിമിന്റെ വീടിനടിയിലെ ദിനോസറും വാറ്റ് ചാരായത്തിൽനിന്നുള്ള സാനിറ്റൈസറുമൊന്നും അത്ര പെട്ടെന്ന് കണ്ടവർക്ക് മറക്കാനാവില്ല. താരങ്ങളെ കുരുക്കുന്ന ഐഡിയകളും ചിരിപ്പിക്കുന്ന പേരുകളും പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളുമൊക്കെ ചേർന്ന ടെൻഷൻ ഫ്രീ കോംബോ ആയിരുന്നു അനൂപ് പ്രേക്ഷകർക്ക് നൽകിയത്.

‘എങ്ങനെ ഇതുപോലെ കൗണ്ടറുകൾ പറയുന്നു ? മൃണാൾ മങ്കട, തേഞ്ഞിപ്പാലം സുകു, പ്ലാച്ചിമട ഉദയകുമാർ, ഷംജിത് ഭട്ടാചാര്യ, പ്രിന്റോ മഞ്ഞപ്പ്ര.... ഈ പേരുകളൊക്കെ എവിടെ നിന്നു കിട്ടുന്നു ?’ ഒരോ വിഡിയോയ്ക്കു താഴെ ആവർത്തിക്കുന്ന ഈ ചോദ്യങ്ങൾക്കുള്ള മറുപടിയും തന്റെ ജീവിതവും അനൂപ് മനോരമ ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നു.

പത്തനംത്തിട്ട ജില്ലയിലെ പന്തളം ചേരിക്കൽ ആണ് എന്റെ നാട്. കലാകാരന്മാരാൽ സമ്പന്നമാണ് ഞങ്ങളുടെ ഗ്രാമം. അത്രയേറെ കഴിവുള്ള ഗംഭീര കലാകാരന്മാരാണ് ഓരോരുത്തരും. ചെറുപ്പം മുതലേ എനിക്കു കലാരംഗത്തോട് വലിയ താൽപര്യമുണ്ടായിരുന്നു. വീടിനടുത്തുള്ള നാടക കളരിയില്‍ പങ്കെടുക്കുകയും നാട്ടിലെ സാസ്കാരിക സംഘടനയായ നാട്ടരങ്ങിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം എന്റെ കലാജീവിതത്തിന് കരുത്തായ ഘടകങ്ങളാണ്. നാടകങ്ങളിൽ അഭിനയിക്കുക, നാടകങ്ങൾ എഴുതുക, കലോത്സവങ്ങളിൽ മത്സരിക്കുക....അങ്ങനെ കലയുമായി ചേർന്നു തന്നെയായിരുന്നു ജീവിതം. അവിടെനിന്ന് സിനിമ ലക്ഷ്യമിട്ട് തുടങ്ങിയ ഓട്ടമാണ് ഇപ്പോൾ കൊച്ചിയിൽ എത്തി നിൽക്കുന്നത്.

anoop-gulumal-7

എന്റെ കുട്ടിക്കാലത്ത് തരികിട എന്ന പ്രാങ്ക് ഷോ വളരെ പ്രശസ്തമാണ്. ഞാൻ ഒൻപതാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയമാണ് അത്. പരിപാടി കണ്ട് ഇഷ്ടം തോന്നിയ ഞാൻ ചാനലിലേക്ക് കത്തുകൾ എഴുതുമായിരുന്നു. ഇത്തരം പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുണ്ട്, അവസരം തരണം എന്നെല്ലാമായിരുന്നു എഴുതിയിരുന്നത്. ആ ശ്രമം കുറച്ചുനാൾ തുടർന്നു.

പിന്നെ ഒരു പ്ലസ്ടു കാലഘട്ടത്തിലാണ് വീണ്ടും ശ്രമം ആരംഭിക്കുന്നത്. ദൂരദർശനിലെ കുസൃതിക്കുടുക്ക എന്ന ഷോ ആ സമയത്ത് വളരെ പ്രശസ്തമായിരുന്നു. ഒരു മനോരമ ആഴ്ചപ്പതിപ്പിൽനിന്ന് ആകസ്മികമായി ദൂരദർശൻ കേന്ദ്രത്തിന്റെ നമ്പർ എനിക്ക് ലഭിച്ചു. അതോടെ ദൂരദർശനിലേക്ക് ഫോൺ ചെയ്യാൻ തുടങ്ങി. അങ്ങനെ വിളിച്ചും ദൂരദർശനിൽ പോയുമൊക്കെ ഒടുവിൽ ഞാൻ കുസൃതിക്കുടുക്കയുടെ അവതാരകനായി. പിന്നീട് വിവിധ ചാനലുകളിൽ നിരവധി ഷോകൾ അവതരിപ്പിക്കാൻ അവസരമൊരുങ്ങി.

തരികിടയുടെ പുത്തൻ പതിപ്പായ ഗുലുമാലിൽ ഒരു എപ്പിസോഡ് ചെയ്യാനും അവസരം കിട്ടി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ വീണ്ടും ഗുലുമാലിൽ നിന്നു വിളി വന്നു. അങ്ങനെ ഗുലുമാലിൽ സ്ഥിരമായി. പൃഥ്വിരാജ്, ജയറാമേട്ടൻ, ദിലീപേട്ടൻ, ടൊവീനോ അങ്ങനെ ഒരുപാട് താരങ്ങൾ ഇക്കാലയളവിൽ ഗുലുമാലിന്റെ ഭാഗമായിട്ടുണ്ട്. എല്ലാം മികച്ച അനുഭവങ്ങളായിരുന്നു നൽകിയത്. പിന്നെ ചാനൽ ഷോ നിർത്തിയപ്പോൾ ഞാൻ അത് ഓൺലൈൻ ആയി ചെയ്യാൻ തുടങ്ങി. അതിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായി ഏഴ് എപ്പിസോഡുകൾ യുട്യൂബ് ട്രെൻഡിങ്ങില്‍ സ്ഥാനം പിടിച്ചു.

anoop-gulumal-3

ജഡ്ജിയെ വെട്ടാൻ ഓടിച്ചു

ആളുകളെ കുറേ ഓടിപ്പിച്ചും പേടിപ്പിച്ചും ഇപ്പോൾ പ്രാങ്ക് ചെയ്യാറില്ല. അധികം വേദനിപ്പിക്കാതെ, വളരെ രസകരമായ രീതിയിലുള്ള പ്രാങ്കുകൾക്കായാണ് ശ്രമിക്കുന്നത്. പണ്ടൊരിക്കൽ ക്രേസി ടിവി എന്ന പേരില്‍ ഒരു ചാനലിന് വേണ്ടി പ്രാങ്ക് ഷോ ചെയ്തിരുന്നു. അന്ന് വളരെ രസകമായ സംഭവമുണ്ടായി. ഒരു ദിവസം പ്രൊഡ്യൂസർ വിളിച്ച് വേഗം ഒരു കണ്ടന്റ് ചെയ്യണമെന്നു പറഞ്ഞു. പെട്ടെന്നു പറഞ്ഞതിനാൽ പ്രോപ്പർട്ടീസായി കയ്യിൽ കിട്ടിയ വാളും പരിചയുമൊക്കെ എടുത്ത് ഷൂട്ടിന് പോയി. 

ഒരു ഗുണ്ടയെ മറ്റൊരു ഗുണ്ട വെട്ടാൻ ഓടിക്കുന്ന പ്രാങ്ക് ആണ് അവതരിപ്പിച്ചത്. വഴിയിൽ നടന്നു പോകുന്ന ഒരാളുടെ മുന്നിലും പിന്നിലുമായി ആ ഗുണ്ടകൾ ഓടുക. സ്വാഭാവികമായും ഇതിനിടയിൽ പെടുന്ന ആളും ഭയന്ന് ഓടും. ഷൂട്ട് രസകരമായി അവസാനിച്ചു. ആവശ്യമുള്ള കണ്ടന്റ് കിട്ടി. എന്നാൽ ഷൂട്ട് കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളിൽ ചാനലിന്റെ ഹെഡ് വിളിച്ച് പെട്ടെന്ന് ഓഫിസിലെത്താൻ ആവശ്യപ്പെട്ടു. പേടിച്ച് ഓടിയ ആളുകളിൽ നടക്കാനിറങ്ങിയ ഒരു ജില്ലാ ജഡ്ജിയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിധി പറഞ്ഞ ഏതോ കേസിലെ പ്രതികൾ വെട്ടിക്കൊല്ലാൻ വരുന്നു എന്നു കരുതിയാണ് ജഡ്ജി അന്ന് ഓടിയത്.

അനൂപ്
അനൂപ്

എന്തായാലും അതോടു കൂടി ആ ഷോ നിർത്തി. ഞാൻ അത്തരം പ്രാങ്കുകൾ അവസാനിപ്പിച്ചു. എനിക്ക് മുമ്പ് ആ ഷോ ചെയ്തിരുന്ന ആളെ മാറ്റാനുണ്ടായ കാരണവും അപ്പോഴാണ് അറിഞ്ഞത്. റോഡിലൂടെ പോയ മനുഷ്യാവകാശ കമ്മിഷൻ അംഗത്തിന്റെ മുഖത്ത് വെള്ളം ചീറ്റിച്ചതായിരുന്നു സംഭവം. എന്തായാലും കൂടുതൽ തമാശയോടെ, വ്യത്യസ്തവുമായ രീതിയിൽ പ്രാങ്ക് ചെയ്യാൻ അന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴൊരു മൈൻഡ് ഗെയിം രീതിയാണ് ഗുലുമാൽ ഓൺലൈനിൽ പിന്തുടരുന്നത്.

ഗുലുമാൽ ഓൺലൈൻ

ലോക്ഡൗണിലാണ് ഗുലുമാൽ ഓൺലൈൻ സജീവമാകുന്നത്. സ്ക്രിപ്റ്റ് എഴുതി തയാറാക്കുന്ന ഒരു പരിപാടിയല്ലല്ലോ പ്രാങ്കുകൾ. എതിർഭാഗത്ത് നിൽക്കുന്ന ആൾ എന്തു പറയുന്ന എന്നതിന് അനുസരിച്ച് വേണം മറുപടി നൽകാൻ. സെക്കൻഡുകൾകൊണ്ട് വേണം കൗണ്ടറുകൾ. സത്യത്തില്‍ എപ്പിസോഡുകൾ കണ്ട് പ്രേക്ഷകർ ചിരിക്കുമ്പോഴാണ് അത് തമാശയാകുന്നത്. കമന്റുകള്‍ കാണുമ്പോഴാണ് പ്രേക്ഷകർ കൗണ്ടറുകളെല്ലാം വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാകുന്നത്. അങ്ങനെ ചിന്തിക്കാനും  അതിവേഗം മറുപടി പറയാനുമൊക്കെ എനിക്ക് കഴിവ് തന്ന ദൈവത്തിന് നന്ദി പറയുന്നു. കേരളത്തിലെ ചെറിയൊരു വിഭാഗം ആളുകളിലേക്ക് എത്താനും അവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നു.

anoop-gulumal-9

മൃണാൾ മങ്കട, തേഞ്ഞിപ്പാലം സുകു, പ്ലാച്ചിമട ഉദയകുമാർ

ഗുലുമാലിൽ ഉപയോഗിക്കുന്ന പേരുകളെക്കുറിച്ച് നിരവധി കമന്റുകള്‍ വരാറുണ്ട്. എങ്ങനെയാണ് ഈ പേരുകൾ കിട്ടുന്നതെന്നാണ് ചോദ്യം. അത് സ്വാഭാവികമായി വരുന്നതെന്നേ പറയാൻ പറ്റൂ. പെട്ടെന്ന് ചിന്തിക്കുമ്പോൾ കിട്ടുന്നതാണ് ഓരോന്നും. സത്യത്തിൽ പേരുകൾക്ക് കിട്ടിയ സ്വീകാര്യത ഉത്തരവാദിത്തം കൂട്ടുകയാണ് ചെയ്തത്. ഓരോ എപ്പിസോഡിലും വ്യത്യസ്തമായ പേരുകൾ പ്രേക്ഷകർ പ്രതീക്ഷിക്കാൻ തുടങ്ങി. ഒരു കലാകാരന്റെ നിലനിൽപ്പും വിജയവുമെല്ലാം പ്രേക്ഷകരാണല്ലോ. അതുകൊണ്ട് അവരെ പേരിന്റെ കാര്യത്തിൽ പേലും നിരാശരാക്കരുതെന്ന നിർബന്ധം ഇപ്പോഴുണ്ട്.

anoop-gulumal-2

തളരാതെ പോരാടുക

എന്റെ ലക്ഷ്യങ്ങളിൽ ഞാൻ എത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഒരിക്കലും തോറ്റു പോകും എന്നു ചിന്തിച്ചിട്ടില്ല. പരിശ്രമിച്ചു കൊണ്ടിരിക്കുക. ഒരു ദിവസമെങ്കിലും നേരത്തെ ലക്ഷ്യത്തിലേക്ക് എത്തുക എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരുന്ന സമയത്ത് വരട്ടെ എന്നു കരുതി കാത്തിരിക്കുന്നതിൽ അർഥമില്ല. സിനിമ എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരിക്കുകയാണ്. സഖാവ് എന്ന സിനിമയിൽ അഭിനയിച്ചു. ആഹാ, മെംബർ രമേശൻ എന്നീ സിനിമകൾ പണിപ്പുരയിലാണ്. രണ്ടു സിനിമയിലും മികച്ച വേഷങ്ങളാണ് ലഭിച്ചത്. കൂടുതൽ നല്ല കഥാപാത്രങ്ങളെ സ്വപ്നം കാണുന്നു. ഒരു സിനിമയുടെ തിരക്കഥ എഴുതിയിട്ടുണ്ട്. അത് സിനിമയാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

anoop-gulumal-4

പ്രേക്ഷകരോട്

കമന്റുകളും സന്ദേശങ്ങളുമായി പ്രേക്ഷകരുടെ സ്നേഹം വലിയ അളവിൽ ലഭിക്കുന്നുണ്ട്. പ്രവാസി മലയാളികളാണ് ഷോയുടെ വലിയൊരു വിഭാഗം പ്രേക്ഷകര്‍. എല്ലാവർക്കും മറുപടി കൊടുക്കാൻ സാധിക്കാറില്ല. എല്ലാവരോടും സ്നേഹം അറിയിക്കുന്നു, നന്ദി പറയുന്നു. ഇപ്പോൾ നൽകുന്ന പിന്തുണ തുടർന്നും ഉണ്ടാകണം.

English Summary : Gulumal anchor Anoop about his life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com