മയക്കുമരുന്ന് കടത്തിന്റെ ‘ഗോഡ്ഫാദര്‍’ ; അധോലോക നായകൻ മിഗൽ ഏഞ്ചൽ ഫീലിക്സ് ഗല്ലാർഡോയുടെ ജീവിതം

HIGHLIGHTS
  • മെക്സിക്കോ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഡ്രഗ് കാർട്ടലായി ഗ്വാജലഹാര മാറി
  • 1344 ഹെക്ടർ തോട്ടത്തിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നു.
drug-lord-miguel-felix-gallardo-life
SHARE

1985 ഫെബ്രുവരി 9, മെക്സിക്കോയിലെ ഒരു ഹൈവേയ്ക്ക് സമീപം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയില്‍ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മെക്സിക്കോയിൽ പ്രവർത്തിച്ചു വരികയായിരുന്ന അമേരിക്കൻ ഡ്രഗ് എൻഫോർസ്മെന്റ് ഏജന്റ് എൻറിക് കിക്കി കാമറീന, അദ്ദേഹത്തിന്റെ ഡ്രൈവർ എന്നിവരുടേതായിരുന്നു വികൃതമാക്കപ്പെട്ട ആ മൃതദേഹങ്ങൾ. കാണാതായി രണ്ടു ദിവസങ്ങൾക്കുശേഷം ഇവരുടെ മൃതദേഹം കണ്ടെത്തിയത് മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഇല്ലാതാക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. 

അമേരിക്കയിലേയും യൂറോപ്പിലേയും മയക്കുമരുന്ന് വ്യാപാരത്തെ നിയന്ത്രിച്ചിരുന്ന മെക്സിക്കൻ അധോലോക നായകൻ, മയക്കുമരുന്ന് സംഘങ്ങളുടെ ‘ഗോഡ്ഫാദര്‍’ എന്നറിയപ്പെട്ടിരുന്ന മിഗൽ ഏഞ്ചൽ ഫീലിക്സ് ഗല്ലാർഡോയിലാണ് ഇതെല്ലാം അവസാനിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനായി തുടങ്ങി മെക്സിക്കൻ ആധോലോക നായകനായി മാറിയ ആളാണ് മിഗൽ ഏഞ്ചൽ ഫീലിക്സ് ഗല്ലാർഡോ. മയക്കുമരുന്ന് കടത്തിന് ആധുനിക മുഖം നൽകിയ കുറ്റവാളി. ഗോഡ്ഫാദറിന്റെ ജീവിത കഥ....

ഗ്വാഡലഹാര കാർട്ടൽ

മെക്സിക്കോയുടെ പടിഞ്ഞാറുള്ള ജാലിസ്കോയിലെ ഗ്വാഡലഹാര എന്ന സ്ഥലം 1970 കളിലാണ് കുപ്രസിദ്ധമാകുന്നത്. സിനലോവ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഹെറോയിൻ, കഞ്ചാവ് ഉത്പാദകരെ സർക്കാർ ശക്തമായി അടിച്ചമർത്തി. ഇതോടുകൂടി പുതിയ ഒരിടം തേടാൻ മയക്കുമരുന്ന് വ്യാപാരികള്‍ നിർബന്ധിതരായി. ഈ അന്വേഷണം എത്തിച്ചേർന്നത് ഗ്വാഡലഹാരയിലാണ്. 1980കളോടെ അവിടെ ഒരു ഡസനോളം മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. മിഗുവൽ ഏഞ്ചൽ ഫെലിക്സ് ഗല്ലാർഡോ, റാഫേൽ കാരോ ക്വിന്റേറോ, ഏണസ്റ്റോ ഫോൺസെക്ക കാരില്ലോ എന്നിവരടങ്ങിയ സംഘമായിരുന്നു  ഏറ്റവും കരുത്തർ. ഗ്വാഡലഹാരയിലും മെക്സിക്കോയുടെ പല ഭാഗങ്ങളിലുമായി ചിതറിക്കിടന്ന മയക്കുമരുന്ന് വ്യാപാരത്തെ ഒറ്റ കാർട്ടലാക്കി മാറ്റിയത് ഗല്ലാർഡോയുടെ നേതൃത്വ മികവായിരുന്നു.

മെക്സിക്കോയിൽ മാത്രമല്ല, അമേരിക്കയിലും മയക്കുമരുന്ന് എത്തിക്കാൻ ഗ്വാഡലഹാര കാർട്ടലിന് സാധിച്ചു. ഒപ്പം സർക്കാരിനു തെടാൻ പോലുമാകാത്ത നിലയിലേക്ക് മയക്കുമരുന്ന് വ്യവസായത്തെ വളർത്താനുമായി. ഇതോടെ മയക്കുമരുന്ന് സംഘങ്ങളുടെ ആരാധ്യ പുരുഷനായി ഗല്ലാർഡോ മാറി. അവർ ബഹുമാനത്തോടെ അയാളെ എൽ പാദ്രിനോ (ഗോഡ് ഫാദർ) എന്ന് വിളിക്കാനും തുടങ്ങി.

പൊലീസുകാരൻ മയക്കുമരുന്ന് വ്യാപാരിയാകുന്നു

1946 ൽ മെക്സിക്കോയിലെ സിനലോവയിലാണ് ഗല്ലാർഡോ ജനിക്കുന്നത്. ബിസിനസിൽ ബിരുദം നേടിയശേഷം ഗല്ലാർഡോ ഫെഡറൽ പൊലീസിൽ ചേർന്നു. സിനലോവ ഗവർണർ ലീയോ വോൾഡോ സാഞ്ചസിന്റെ അംഗരക്ഷകനായി നിയമിക്കപ്പെട്ടതോടു കൂടിയാണ് ഗല്ലാർഡോയുടെ ജീവിതം മാറിമറിയുന്നത്. ഈ അവസരം മുതലാക്കി രാഷ്ട്രീയ ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാൻ ഗല്ലാർഡോയ്ക്ക് സാധിച്ചു. തുടർന്ന് റാഫേൽ കാരോ ക്വിന്റേറോ, ഏണസ്റ്റോ ഫോൺസെക്ക കാരില്ലോ എന്നിവരുമായി ചേർന്ന് പെഡ്രോ ഏവിയൽസ് പെരസ് എന്ന് മയക്കുമരുന്നു കടത്തുകാരനു വേണ്ടി ഗല്ലാര്‍ഡോ പ്രവർത്തിക്കാൻ തുടങ്ങി. രാഷ്ട്രീയ–ഉദ്യോഗസ്ഥ ബന്ധങ്ങൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തൽ സുഖമമാക്കി നൽകുക എന്നതായിരുന്നു ഗല്ലാർഡോയുടെ ജോലി. എല്ലാം നന്നായി മുന്നോട്ടു പോയി. എന്നാൽ അപ്രതീക്ഷിതമായി പെഡ്രോ ഏവിയൽസ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. 

ഇതോടെ ക്വിന്റേറോ, കാരില്ലോ എന്നിവരെ ഒപ്പം നിർത്തി ഗല്ലാര്‍ഡോ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. കൊളംബിയൻ മയക്കുമരുന്ന് സംഘങ്ങളുമായി കരാറിലേർപ്പെട്ടും ഗ്വാഡലഹാരയിൽ കാർട്ടലിന്റെ അടിത്തറ ശക്തിപ്പെടുത്തിയും മെക്സിക്കോയിലെ സംഘങ്ങളെ ഏകോപിപ്പിച്ചും ഗല്ലാർഡോ പിടിമുറുക്കി. ബിസിനസ് വൈദഗ്ധ്യവും പൊലീസുകാരന്റെ ശ്രദ്ധയും കുറ്റവാളിയുടെ കൗശലവും  ഉപയോഗിച്ച് എതിരാളികളികളെ അയാൾ നിഷ്പ്രഭമാക്കി. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ പോലും നിയന്ത്രിക്കാൻ പാകത്തില്‍ വളർന്നു. 

മെക്സിക്കോ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഡ്രഗ് കാർട്ടലായി ഗ്വാഡലഹാര മാറി. ശക്തമായ നേതൃത്വവും പദ്ധതികളിലെ കൃത്യതയുമെല്ലാം ചേർന്നതോടെ അമേരിക്കയിലേക്ക് മയക്കുമരുന്ന് ഒഴുകി. അവിടെ നിന്ന് യുറോപ്പിലേക്കും.

കൊക്കെയ്ൻ ബിസിനസിലെ ബിൽഗേറ്റ്സ്

ബിസിനസ് വളർന്നതോടെ ഗല്ലാർഡോയും ഗ്വാഡലഹാര കാർട്ടലും അതിസമ്പന്നരായി. അന്ന് ഫോബ്സ് മാസികയുടെ ലിസ്റ്റിൽ മുന്നിലുണ്ടായിരുന്നു പലരേക്കാളും ആസ്തി ഗ്വാഡലഹാര കാർട്ടലിന് ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി. അൻപതോളം വീടുകളും ഇരുന്നൂറോളം ഫാമുകളും അവർക്ക് ഉണ്ടായിരുന്നു. 1344 ഹെക്ടർ തോട്ടത്തിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നു. ആ തോട്ടത്തിൽനിന്നു മാത്രം ഒരോ വർഷം എട്ടു ബില്യൻ അമേരിക്കന്‍ ഡോളർ ആയിരുന്നു വരുമാനം. കൃഷിയിടത്തിൽ നിരവധി യുവാക്കൾ പണിയെടുത്തു. മെക്സിക്കോയിലും അമേരിക്കയിലും മയക്കുമരുന്ന് എത്തിക്കാനുള്ള ആളുകൾ, ഗുണ്ടാ സംഘങ്ങൾ എന്നിവയെല്ലാം ചേർത്ത് അതിശക്തമായ ഒരു ശൃംഖല രൂപപ്പെടുത്തി.

അപ്രതീക്ഷിത തിരിച്ചടികൾ

ഗല്ലാർഡോയുടെ പ്രവർത്തനങ്ങൾ‌ ഏറ്റവുമധികം ബാധിച്ചത് അമേരിക്കയെ ആയിരുന്നു. ഫ്ലോറിഡയിലൂടെ അമേരിക്കയിലേക്ക് മയക്കുമരുന്ന് ഒഴുകി. ഇതിനെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കൻ സ്പെഷൽ ഏജന്റ് എന്‍റിക് കിക്കി കാമറീനി മെക്സിക്കോയിലെത്തി. ഗ്വാഡലഹാര കാർട്ടലിന്റെ പല രഹസ്യങ്ങളും കാമറീനി ചോർത്തി. കഞ്ചാവ് കൃഷി കണ്ടെത്തുകയും അതിൽ പലതും സൈനികരെ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു. ഒപ്പം ഗല്ലാർഡോയെ സഹായിക്കുന്ന രാഷ്ട്രീയക്കാരിലേക്കും ഉന്നത സർക്കാര്‍ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീങ്ങി. ഇതിലെ അപകടം മനസ്സിലാക്കിയ ഗല്ലാർഡോ കാമറീനിയെ തട്ടിക്കൊണ്ടു പോയി. രണ്ടു ദിവസത്തിനുശേഷം കാമറീനിയുടെയും അയാളുടെ ഡ്രൈവറുടേയും മൃതദേഹം മെക്സിക്കോയിലെ ഒരു ഹൈവേയ്ക്ക് സമീപം പ്രത്യക്ഷപ്പെട്ടു. 

Miguel-Angel-Felix-Gallardo-kiki
(ഇടത്) മിഗൽ ഏഞ്ചൽ ഫീലിക്സ് ഗല്ലാർഡോയെ അറസ്റ്റ് ചെയ്തപ്പോൾ (വലത്) കൊല്ലപ്പെട്ട അമേരിക്കൻ സ്പെഷൽ ഏജന്റ് എന്‍റിക് കിക്കി കാമറീനി

ഉദ്യോഗസ്ഥന്റെ മരണം അമേരിക്കയെ ചൊടിപ്പിച്ചു. തുടർന്ന് കാമറീനയുടെ കൊലപാതകം അന്വേഷിക്കാൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അസോസിയേഷന്റെ വലിയൊരു സംഘത്തെ മെക്സിക്കോയിലേക്ക് അയച്ചു. ഫെലിക്സ് ഗല്ലാർഡോ, കൂട്ടാളികളായ ക്വിന്റേറോ, കാരില്ലോ എന്നിവരെ പ്രതികളാക്കി അവർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഗ്വാഡലഹാരയിലുള്ള ക്വിന്റേറോയുടെ വസതിയിൽ 30 മണിക്കൂർ നീണ്ട പീഡനങ്ങൾക്ക് ഒടുവിലാണ് കാമറീനിയെ കൊന്നതെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ മെക്സിക്കോയ്ക്കു മുകളിൽ അമേരിക്കയുടെ സമ്മർദം ഏറി. തുടർന്ന് ക്വിന്റേറോയും കാരില്ലോയും അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ഗല്ലാർഡോ അപ്പോഴും രാഷ്ട്രീയമായ സുരക്ഷാവലയത്തിലായിരുന്നു. 

എന്നാൽ 1989ൽ ഗല്ലാർഡോ അറസ്റ്റ് ചെയ്യപ്പെട്ടു. മയക്കുമരുന്ന് കടത്തിലൂടെ വലിയൊരു സാമ്രാജ്യം പടുത്തുയർത്തിയ, സർക്കാരുകളെ പോലും നിയന്ത്രിച്ച ആ അധോലോക നായകന്റെ പ്രായം അപ്പോൾ 43 വയസ്സ് ആയിരുന്നു. തട്ടികൊണ്ടുപോകൽ, കൊലപാതകം, കവര്‍ച്ച, കള്ളക്കടത്ത്, വേറെയും ചില കുറ്റങ്ങൾ എല്ലാം ചേർത്ത് 37 വർഷം തടവായിരുന്നു കോടതി വിധിച്ചത്.

അതിസുരക്ഷാ ജയിലിലേക്ക്

എന്നാൽ ജയിലിൽ ഇരുന്നാലും താൻ ഗോഡ്ഫാദർ ആണെന്നു തെളിയിക്കുന്നതായിരുന്നു ഗല്ലാർഡോ പ്രവൃത്തി. ജയിലിൽ ഇരുന്ന് ഫോണിലൂടെ മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങൾ നിയന്ത്രിച്ചു. ജയിലിലെ ഉദ്യോഗസ്ഥലെ സ്വാധീനിച്ച് ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. എന്നാല്‍ ഈ വിവരം പുറത്തായതോടെ 1993ൽ ഗല്ലാർഡോയെ ആൽട്ടിപ്ലാറോയിലുള്ള അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. അധികം സ്ഥലമോ സൗകര്യമോ ഇല്ലാത്ത ഈ ജയിലിൽ 2013 വരെ തുടർന്നു. പിന്നീട് പ്രായാധിക്യം പരിഗണിച്ച് കുറച്ചു കൂടി സൗകര്യമുള്ള ജയിലിലേക്ക് മാറ്റി. ബാക്കി ശിക്ഷ ഒഴിവാക്കണമെന്നു പല തവണ ഗല്ലാർഡോ അപേക്ഷിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. ഇപ്പോൾ 74-ാം വയസ്സിലും ജയിലിൽ തുടരുകയാണ്.

Narcos
‘Narcos: Mexico’ എന്ന് നെറ്റ്ഫ്ലിക്സ് സീരിസിന്റെ പോസ്റ്റർ ∙ Image Credit : Martina Badini / Shutterstock.com

ഇന്നും ചരിത്രത്തിലെ ഏറ്റവും വലിയ അധോലോക നായകരിൽ ഒരാളായാണ് ഗല്ലാർഡോയെ കണക്കാക്കുന്നത്. ഇയാളെ ആരാധ്യപുരുഷനായി കണ്ട് മയക്കുമരുന്ന് കടത്തിന് ഇറങ്ങിത്തിരിച്ചവരുണ്ട്. ഗല്ലാർഡോയുടെ ജീവിതം ആധാരമാക്കി ‘Narcos: Mexico’ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഒരു സീരിസ് പുറത്തിറക്കിയിരുന്നു. ഇത് വൻ വിജയമാവുകയും ചെയ്തു.

English Summary : Story of Narcos drug lord Felix Gallardo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA