ADVERTISEMENT

ശിവദാസ് മട്ടന്നൂർ എന്ന കലാകാരൻ പച്ചക്കറി വിറ്റ് ഉപജീവനം നടത്തുന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ശിവദാസിന്റെ ജീവിതത്തിൽ കലയിലൂടെ അല്ലാതെ ഉപജീവനം തേടേണ്ട സാഹചര്യം ഉണ്ടായത്. എല്ലാവരും നേരിടുന്നതു പോലെ ഒരു പ്രതിസന്ധി താനും നേരിട്ടു. ഇതിലുമേറെ കഷ്ടപ്പെടുന്ന ഒരുപാട് കലാകാരന്മാർ ചുറ്റിലുമുണ്ട് എന്നാണ് ശിവദാസ് ഇതേക്കുറിച്ച് ചോദിച്ചാൽ പറയുക. കലയും ജീവിതവും ഇഴചേർന്ന തന്റെ ശിവദാസ് മട്ടന്നൂർ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

മട്ടന്നൂര്‍ ആണ് സ്വദേശം. അമ്മയും അച്ഛനും നാടകത്തിൽ അഭിനയിക്കുന്നവരായിരുന്നതുകൊണ്ട് ചെറുപ്പം മുതലേ കലയുമായി ബന്ധമുണ്ടായിരുന്നു. എടയന്നൂർ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മിമിക്രി ചെയ്യുന്നത്. സ്കൂളിലെ ചിത്രകലാ അധ്യാപകനായ ദേവൻ മാഷ് ആണ് ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു തന്നത്. അങ്ങനെ മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും തുടങ്ങി. 

മട്ടന്നൂർ കോളജിലെ കലാകാരന്മാർ

മട്ടന്നൂർ കോളജിൽ ചേർന്നതോടെ കൂടുതൽ അവസരങ്ങൾ ലഭിച്ചു. നിരവധി കലാകാരന്മാരുള്ള ഒരു ബാച്ച് ആയിരുന്നു ഞങ്ങളുടേത്. സുമിതാ നായർ, സലീം അഹമ്മദ്, ബാബു വള്ളിത്തോട്, രാജീവ് നമ്പ്യാർ, സുരേഷ്, ഷിബു, ജോയ് തോമസ് എന്നിങ്ങനെ ഇന്നത്തെ പ്രശസ്തരായ പലരും ആ ബാച്ചിലുണ്ടായിരുന്നു. ആറോളം മിമിക്രിക്കാരും ആ ബാച്ചിൽ ഉണ്ടായിരുന്നു. സലീം അഹമ്മദിന്റെ നേതൃത്വത്തിൽ അന്ന് ഞങ്ങൾ ഒരു ട്രൂപ്പ് സെറ്റ് ആക്കി. കോളജ് കഴിഞ്ഞതോടെ ആ ട്രൂപ്പിനെ പ്രഫഷനലാക്കി മാറ്റി. അങ്ങനെ കോളജിൽ പഠിക്കുമ്പോൾ തന്നെ പ്രോഗ്രാമുകള്‍ക്കു പോയി സ്വന്തമായി വരുമാനമുണ്ടാക്കാൻ തുടങ്ങി. അതിനിടയിൽ സലീം എറണാകുളത്തേയ്ക്ക് പോയി അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തനം തുടങ്ങി. പിന്നീട് സലീം രസികരാജ എന്ന പ്രോഗ്രാമിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. ഞാനും രാകേഷും അതിൽ പങ്കെടുക്കുകയും ചെയ്തു.

കലയുടെ കണ്ണൂർ ശൈലി 

അന്ന് ടെലിവിഷൻ പ്രോഗ്രാമുകളിലൊക്കെ കൂടുതലും പങ്കെടുത്തിരുന്നത് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഉള്ളവരായിരുന്നു. ആദ്യമായി കണ്ണൂർ സംസാരശൈലിയുമായി എത്തിയത് പ്രോഗ്രാമിൽ ഞങ്ങൾ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. 

sivadas-mattannur-2

പിന്നീട് കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന പ്രോഗ്രാം ചെയ്തു. അതിന്റെ 100–ാം എപ്പിസോഡിന്റെ ആഘോഷത്തിന് ഞങ്ങളുടെ കണ്ണൂർ ടീമിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. മുഖ്യാഥിതി ആയി എത്തിയ മമ്മൂട്ടി ഞങ്ങളുടെ പ്രകടനവും ശൈലിയും വളരെയധികം അഭിനന്ദിച്ചു. അതിനുശേഷം നിരവധി ചാനലുകളിൽ അവസരം കിട്ടി. കലാഭവനിൽ അഞ്ചു വർഷം ഉണ്ടായിരുന്നു. റാമോജി ഫിലിം സിറ്റിയിൽ 3 വർഷം പ്രവർത്തിച്ചു.

പച്ചക്കറി വിൽപന

കലയായിരുന്നു എന്നും ആഹാരം നൽകിയത്. അംഗീകാരങ്ങളും ജീവിക്കാനാവശ്യമായ പണവും നൽകി. വേറെ ഒന്നിനെയും കുറിച്ച് ചിന്തിച്ചിട്ടേയില്ലായിരുന്നു. പക്ഷേ, അതിന് കോവിഡ് കാലം മാറ്റം വരുത്തി. ജീവിക്കാനായി വേറെ എന്തെങ്കിലും ചെയ്തേ തീരൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അങ്ങനെയാണ് പച്ചക്കറി വിൽപന തുടങ്ങിയത്.

കീഴല്ലൂർ പഞ്ചായത്ത് പരിധിയിൽ ഒരു വണ്ടിയിൽ പച്ചക്കറി കൊണ്ടു പോയി കച്ചവടം ചെയ്തിരുന്നു. കോവിഡ് വ്യാപനത്തോടെ അത് നിർത്തി. കടയിലാണ് ഇപ്പോൾ വിൽപ്പന. വീട്ടിലെ കാര്യങ്ങളെല്ലാം കഴിഞ്ഞു പോകാനുള്ള പൈസ കിട്ടും.

sivadas-mattannur-12

കലാകാരന്മാരുടെ അവസ്ഥ

രണ്ട് പ്രളയങ്ങളും അതിനു പിന്നാലെ വന്ന കോവിഡുമെല്ലാം എല്ലാവരേയും ബാധിച്ചിട്ടുണ്ട്. കലാകാരന്മുടെ അവസ്ഥയും അതുതന്നെ. ഉത്സവങ്ങളുമൊക്കെയായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കലാകാരന്മാരുടെയും നാടക അഭിനേതാക്കളുടെയുമൊക്കെ അവസ്ഥ വളരെ മോശമാണ്. എല്ലാം മാറി പഴയതുപോലെ ആകുമെന്ന് വിശ്വസിക്കാം. ഏതാനും ടിവി പ്രോഗ്രാമുകൾ പുനനരാംരഭിച്ചത് ഒരു ആശ്വാസമാണ്.

സിനിമാ സ്വപ്നങ്ങള്‍

സിനിമയിൽ അഭിനയിച്ചെങ്കിലും ഇതുവരെ ശ്രദ്ധേയമായ വേഷമൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ്. വെള്ളം, ചിരി, മുന്ന, ഹിഗ്വിറ്റ, ചങ്ങായി, മാഹി, സുകേശന് പെണ്ണ് കിട്ടുന്നില്ല എന്നിവയാണ് വരാനുള്ള ചിത്രങ്ങൾ. 

കുടുംബം

ഭാര്യ ജിംന. മൂത്ത മകൻ പിവികെ നാഥ് ഒൻപതാം ക്ലാസിൽ പഠിക്കുന്നു. മകള്‍ ശിവസ്ത്രീ ആറാം ക്ലാസിലാണ്. എല്ലാവരും സുഖമായിരിക്കുന്നു. 

English Summary : Artist Sivadas matannur Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com